This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോംബാല്‍ബായ്, എന്‍ഗാര്‍ത്ത (1918-75)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടോംബാല്‍ബായ്, എന്‍ഗാര്‍ത്ത (1918-75)

Tombalbaye,Ngartha

ഛാഡ് റിപ്പബ്ലിക്കിന്റെ പ്രഥമ പ്രസിഡന്റ് (1960-75). ബദയ ഗ്രാമത്തിലെ ഒരു പ്രൊട്ടസ്റ്റന്റ് കുടുംബത്തില്‍ ഇദ്ദേഹം 1918 ജൂണ്‍ 15-ന് ജനിച്ചു. ഫ്രാങ്കോയിസ് ടോംബാല്‍ബായ് എന്നായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യപേര്. പേരിന് ആഫ്രിക്കന്‍ ചായ്വ് നല്‍കാനായി ഇദ്ദേഹം പിന്നീട് (1963) എന്‍ഗാര്‍ത്ത ടോംബാല്‍ബായ് എന്ന് മാറ്റി. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം സ്കൂള്‍ അധ്യാപകനായി ജോലി നോക്കുകയും വ്യാപാരത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. പിന്നീട് രാഷ്ട്രീയത്തിലും ട്രേഡ് യൂണിയന്‍ രംഗത്തും പ്രവര്‍ത്തിച്ചുതുടങ്ങിയ ഇദ്ദേഹം ഒരു തൊഴിലാളി സംഘടന (Syndicat Autonome du Tchad)യുടെ പ്രസിഡന്റായി ഉയര്‍ന്നു. തുടര്‍ന്ന് PPT (Parti Progressiste Tchadien) എന്ന രാഷ്ട്രീയ കക്ഷിയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു തുടങ്ങി. ആധുനിക ഛാഡിലെ ആദ്യകാല രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്ന ഗബ്രിയേല്‍ ലിസെത്തെയുടെ സഹായിയായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.‌‌

ഫ്രഞ്ച് ഭരണകാലത്ത് ഇദ്ദേഹം പല ഔദ്യോഗിക സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഛാഡിലെ ടെറിട്ടോറിയല്‍ അസംബ്ലിയില്‍ 1952-ലും 57-ലും അംഗമായി. ഇതേസമയം തന്നെ ഇദ്ദേഹം ഫ്രഞ്ച് ഇക്വറ്റോറിയല്‍ ആഫ്രിക്കയുടെ ഗ്രാന്‍ഡ് കൗണ്‍സിലിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1959-60-ല്‍ ഛാഡിലെ പ്രധാനമന്ത്രി ആയി നിയമിതനായി. 1960 ആഗ.-ല്‍ ഛാഡ് സ്വതന്ത്രമായതോടെ എന്‍ഗാര്‍ത്ത റിപ്പബ്ലിക്കിന്റെ പ്രഥമ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഛാഡിലെ വികസനമില്ലായ്മയും മുസ്ലിം കലാപങ്ങളും ഇദ്ദേഹത്തിന്റെ ഭരണകാലത്ത് പലവിധ ബുദ്ധിമുട്ടുകളുമുണ്ടാക്കിയിരുന്നു. 1965-ല്‍ ഇദ്ദേഹത്തിനെതിരെ തുറന്ന കലാപമുണ്ടായി. വിമതരുമായി 1971-ല്‍ ഒത്തുതീര്‍പ്പിലെത്തിയെങ്കിലും കലാപം വീണ്ടും തുടരുകയും ഒരു സൈനിക അട്ടിമറിയിലൂടെ ഇദ്ദേഹം 1975 ഏ. 13-ന് കൊല്ലപ്പെടുകയും ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍