This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൊറൊജ (വൈ മിറെറ്റ്) എഡ്വര്‍ഡൊ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടൊറൊജ (വൈ മിറെറ്റ്) എഡ്വര്‍ഡൊ (1899 - 1961)

Torroja(Y)Miret)Eduard

കോണ്‍ക്രീറ്റ് ഷെല്‍ സംവിധാനത്തിന്റെ ഉപജ്ഞാതാവായ സ്പാനിഷ് എന്‍ജിനീയറും വാസ്തുശില്പിയും. സ്പെയിനിലെ മാഡ്രിഡില്‍ 1899 ആഗ. 27-ന് ജനിച്ചു. 1923-ല്‍ ബിരുദമെടുത്തശേഷം ആദ്യം കോണ്‍ട്രാക്റ്ററായി പണി ആരംഭിച്ച ടൊറൊജ 1927-ല്‍ കണ്‍സള്‍റ്റിങ് എന്‍ജിനീയറായി. ഷെല്‍ രൂപത്തില്‍ കോണ്‍ക്രീറ്റ് കൊണ്ട് ഇദ്ദേഹം നിര്‍മിച്ച (1933) പ്രഥമ വാസ്തുശില്പമാണ് അള്‍ജിസിറാസിലെ 'മേല്‍ക്കൂരയുള്ള വ്യാപാരസ്ഥലം' (covered market). സറുയേലയിലെ (മാഡ്രിഡ്) കുതിരപ്പന്തയ പാതയും സ്പ് ര്‍സ് ഹാളും (1935) ഇദ്ദേഹത്തിന്റെ പ്രശസ്തങ്ങളായ ഷെല്‍ സംവിധാനങ്ങളാണ്. ഇവ കൂടാതെ മാഡ്രിഡിലെ ജലസംഭരണി (1936), സമോറയിലെ എസ്ലായിലെ പാലം (1940), ബാര്‍സിലോണയിലെ 'ല കോര്‍റ്റ്സിലെ' സോക്കര്‍ സ്റ്റേഡിയം, കാരകസിലെ തെച്ചിറ ക്ലബ്, എന്നിവയും ഇദ്ദേഹം നിര്‍മിച്ചവയാണ്. തികഞ്ഞ ഭാവനയോടെ വാസ്തുശില്പം നിര്‍മിക്കുന്നതില്‍ ടൊറൊജ പ്രകടിപ്പിച്ച വൈഭവത്തിന് ഉദാഹരണങ്ങളാണ് സെരല്ലൊ, പോണ്‍ട് ദെ സുയെര്‍ട്ട് പള്ളികള്‍. 1951-ല്‍ 'ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് സിമെന്റ്' എന്ന സ്ഥാപനത്തിന് ടൊറൊജ രൂപം നല്‍കി. മാഡ്രിഡില്‍ 1961 ജൂണ്‍ 15-ന് മരിക്കും വരെ ഇതിന്റെ ഡയറക്ടര്‍ പദവി അലങ്കരിച്ചതും ടൊറൊജ തന്നെയാണ്.

1958-ല്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ച ഫിലോസഫി ഒഫ് സ്ട്രക്ചേഴ്സും, ദ് സ്ട്രക്ചേഴ്സ് ഒഫ് എഡ്വര്‍ഡൊ ടൊറൊജ: അന്‍ ഓട്ടോബയോഗ്രഫി ഒഫ് എന്‍ജിനീയറിങ് അക്കംപ്ലിഷ്മെന്റ് എന്നിവ, വാസ്തുശില്പ എന്‍ജിനീയറിങ് രീതികളെ വിശദമാക്കുന്ന വിശിഷ്ട പഠന ഗ്രന്ഥങ്ങളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍