This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൈസന്‍, മൈക്ക് (1966- )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടൈസന്‍, മൈക്ക് (1966- )

Tyson,Mike

അമേരിക്കക്കാരനായ ബോക്സിങ് ചാമ്പ്യന്‍. ബ്രൂക്ക്ലിനിലെ ഒരു ആഫ്രിക്കന്‍-അമേരിക്കന്‍ കുടുംബത്തില്‍ ജനിച്ച ടൈസന്‍ പതിനെട്ടാമത്തെ വയസ്സില്‍ ബോക്സിങ് ചാമ്പ്യനായി ചരിത്രം സൃഷ്ടിച്ചു. 1985-ല്‍ പ്രൊഫഷണല്‍ ബോക്സറായി രംഗത്തുവന്ന ഇദ്ദേഹത്തിന്റെ ജീവിതം എന്നും വിവാദ കലുഷിതമായിരുന്നു. നിയന്ത്രണാതീതമായി രോഷം കൊള്ളാറുള്ള ടൈസന് പല തിരിച്ചടികളും നേരിടേണ്ടിവന്നു. അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് ടൈസന്‍ ഏറെക്കാലം ബോക്സിങ് രംഗത്ത് ഒന്നാമനായി നിലകൊണ്ടു.

1985-90 കാലയളവില്‍ പങ്കെടുത്ത എല്ലാ മത്സരങ്ങളിലും ടൈസന്‍ അനായാസേന വിജയം നേടി. 1986-ല്‍ ലോക ഹെവിവെയിറ്റ് ചാമ്പ്യനായി. 1988-ല്‍ ചലച്ചിത്രതാരമായ റോബിന്‍ ഗിവന്‍സിനെ വിവാഹം ചെയ്തുവെങ്കിലും 89-ല്‍ അവര്‍ വേര്‍പിരിഞ്ഞു. 1992-ല്‍ ഒരു മാനഭംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ടൈസന്‍ ജയിലില്‍ നിന്നു പുറത്തുവന്നത് ഇസ്ലാം മതം സ്വീകരിച്ചുകൊണ്ടാണ്. 1996-ല്‍ വീണ്ടും ചാമ്പ്യന്‍പദവി നേടി. 1997-ല്‍ ഇവാന്‍ഡര്‍ ഹോളിഫീല്‍ഡുമായുള്ള മത്സരത്തില്‍ പരാജയപ്പെടുകയും എതിരാളിയുടെ ചെവി കടിച്ചു മുറിക്കുകയും ചെയ്തു. ഈ സംഭവത്തോടെ ബോക്സിങ് മേഖലയില്‍ നിന്നു ടൈസന്‍ പുറത്താക്കപ്പെട്ടു. പതിനെട്ടു മാസക്കാലത്തെ മാനസിക ചികിത്സക്കുശേഷം ബോക്സിങ് കമ്മിഷന്റെ അനുമതിയോടെ വീണ്ടും രംഗപ്രവേശം ചെയ്ത ടൈസന്‍ വിജയത്തിന്റെ പാത പിന്തുടര്‍ന്നു. എങ്കിലും 1999-ല്‍ കുറ്റാരോപണത്തെത്തുടര്‍ന്നു വീണ്ടും ജയിലിലായി.

മൈക്ക് ടൈസന്‍

ബോക്സിങ് രംഗത്ത് 53 മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ടൈസന്‍ 49 മത്സരങ്ങളിലും വിജയിക്കുകയുണ്ടായി. 2002 ജൂണില്‍ നടന്ന ലോക ഹെവി വെയിറ്റ് ബോക്സിങ് മത്സരത്തില്‍ ബ്രിട്ടന്റെ ലെനക്സ് ലൂയിസ് ടൈസനെ പരാജയപ്പെടുത്തി.

'അയണ്‍ മൈക്ക്' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ടൈസനെക്കുറിച്ച് ഭാര്യ പറഞ്ഞത് ശ്രദ്ധേയമാണ്: അപകടകരമായ എന്തോ ചിലത് അദ്ദേഹത്തിലുണ്ട്'. ചേരിയില്‍ ജനിച്ച് ദുരിതാനുഭവങ്ങളിലൂടെ വളര്‍ന്ന ടൈസന്റെ രോഷം മുഴുവന്‍ ബോക്സിങ്ങിലേക്ക് തിരിച്ചുവിടുകയാണുണ്ടായതെന്ന അഭിപ്രായത്തിനും പ്രസക്തിയുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍