This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൈലോപോഡ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടൈലോപോഡ

Tylopoda

അയവിറക്കു മൃഗങ്ങള്‍ ഉള്‍പ്പെടുന്ന ആര്‍ട്ടിയോഡാക്ടില (Artiodactyla) സസ്തനി ഗോത്രത്തിന്റെ ഉപഗോത്രം. ഒട്ടകങ്ങളും ലാമ(Llama)കളും മാത്രമാണ് ടൈലോപോഡയിലെ ഇന്ന് ജീവിച്ചിരിക്കുന്ന അംഗങ്ങള്‍.

ഏഷ്യയിലെയും വ. ആഫ്രിക്കയിലെയും മരുഭൂമികളിലും വരണ്ട പ്രദേശങ്ങളിലുമാണ് ഒട്ടകങ്ങളുള്ളത്; തെ. അമേരിക്കയിലെ ഉയരംകൂടിയ പ്രദേശങ്ങളില്‍ ലാമയും. ആസ്റ്റ്രേലിയയിലും അന്റാര്‍ട്ടിക്കയിലും ഒട്ടകങ്ങള്‍ കാണപ്പെടുന്നില്ല.

പ്ലീസ്റ്റോസീന്‍ കാലഘട്ടം വരെ വ. അമേരിക്കയില്‍ മാത്രമേ ഈ ഉപഗോത്രത്തിലെ അംഗങ്ങളുണ്ടായിരുന്നുള്ളു എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇവിടെനിന്ന് ഏതാണ്ട് പതിനായിരം വര്‍ഷങ്ങള്‍ക്കുമുമ്പു മാത്രമാണ് ഇവ അപ്രത്യക്ഷമായതെന്നു കരുതുന്നു.

ഓഷധികളും പച്ചപ്പുല്ലും ധാരാളമായി ഭക്ഷിക്കുന്ന ഇവയുടെ ആമാശയം വിവിധ അറകളുള്ളതും അയവിറക്കുന്നതിന് അനുയോജ്യമായതുമാണ്. നാരുകള്‍ ധാരാളമടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ വളരെ വേഗം ദഹിക്കാന്‍ അയവിറക്കല്‍ സഹായിക്കുന്നു. ഇവയുടെ പല്ലുകളില്‍ ദന്തമുനകള്‍ക്കു പകരം വരമ്പുകളും ഉയര്‍ന്ന ശിഖരങ്ങളും (മകുടങ്ങളും) ഉണ്ടായിരിക്കും. ഈ ഉപഗോത്രത്തിലെ അംഗങ്ങളുടെ കാലുകള്‍ നീളമേറിയവയാണ്. ആദ്യകാല സസ്തനികളുടെ കാലുകളില്‍ അഞ്ചു വിരലുകളുണ്ടായിരുന്നു. ഇതില്‍നിന്നും വ്യത്യസ്തമായി ടൈലോപോഡുകളുടെ കാലുകളില്‍ രണ്ടു വിരലുകള്‍ മാത്രമേ കാണപ്പെടുന്നുള്ളു. ഈ വിരലുകള്‍ കര്‍മനിര്‍വഹണത്തിനനുയോജ്യമാംവിധം രൂപാന്തരപ്പെട്ടവയായിരിക്കണം. നോ: ആര്‍ട്ടിയോഡാക്ടില; ഒട്ടകം; ലാമ.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%88%E0%B4%B2%E0%B5%8B%E0%B4%AA%E0%B5%8B%E0%B4%A1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍