This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൈറ്റാനിയം വ്യവസായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടൈറ്റാനിയം വ്യവസായം

Titanium Industry

ടൈറ്റാനിയം എന്ന ലോഹം അസംസ്കൃത പദാര്‍ഥമായുപയോഗിക്കുന്ന വ്യവസായം. ആഗോള ലോഹസമ്പത്തില്‍ അലൂമിനിയം, ഇരുമ്പ്, മഗ്നീഷ്യം എന്നിവ കഴിഞ്ഞാല്‍ നാലാം സ്ഥാനമാണ് ടൈറ്റാനിയത്തിനുള്ളത്. വാണിജ്യപ്രാധാന്യമുള്ളതും ടൈറ്റാനിയം സമ്പുഷ്ടവുമായ അയിരുകളില്‍ പ്രധാനപ്പെട്ടവ ഇല്‍മനൈറ്റും റൂട്ടൈലുമാണ്. അവയുടെ പ്രധാന ഉറവിടങ്ങളാകട്ടെ മാഗ്നറ്റൈറ്റ് മോണോക്ളൈഡും സിര്‍ക്കോണും കലര്‍ന്ന കടല്‍ത്തീര പ്രദേശങ്ങളാണ്. ഇന്ത്യ, ബ്രസീല്‍, ആസ്റ്റ്രേലിയ എന്നീ രാജ്യങ്ങളിലാണ് വാണിജ്യപരമായി ചൂഷണം ചെയ്യാവുന്ന തോതില്‍ ടൈറ്റാനിയം കലര്‍ന്ന അയിരുകള്‍ കാണപ്പെടുന്നത്. ടൈറ്റാനിയം വേര്‍തിരിച്ചെടുക്കുന്നതില്‍ നേരിട്ട ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ഈ ലോഹം രംഗപ്രവേശം ചെയ്യാന്‍ കുറെ കാലതാമസം നേരിട്ടു. ഇതിലേക്കുള്ള വാണിജ്യ പ്രക്രിയ വികസിപ്പിച്ചെടുത്തത് അമേരിക്കന്‍ ഐക്യനാട്ടിലെ ബ്യൂറോ ഓഫ് ബെന്‍സിലെ വിദഗ്ധനായ ഡബ്ള്യൂ. ജെ. ക്രോള്‍ ആണ്. ടൈറ്റാനിയം സ്പോഞ്ചിനെ ഇന്‍ഗോട്ട് രൂപത്തില്‍ മാറ്റിയെടുത്ത് ഈ ലോഹത്തെ പ്രാദേശികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ കഴിയുമെന്ന് അദ്ദേഹത്തിന് തെളിയിക്കുവാന്‍ കഴിഞ്ഞു.

കൊല്ലം ജില്ലയില്‍പ്പെട്ട കടല്‍ത്തീരങ്ങളില്‍ കണ്ടുവരുന്ന 'ക്യൂ'ഗ്രേഡ് മണല്‍

ഇന്ത്യയ്ക്കു ടൈറ്റാനിയം അയിരിന്റെ സമൃദ്ധമായ പ്രകൃതിദത്ത ശേഖരം ഉണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കാണപ്പെടുന്ന ടൈറ്റാനിയം സമ്പുഷ്ടമായ മണലുകളില്‍ ഏറ്റവും

മെച്ചപ്പെട്ടത് കൊല്ലം ജില്ലയില്‍പ്പെട്ട കടല്‍ത്തീരങ്ങളില്‍ കണ്ടുവരുന്ന 'ക്യൂ' ഗ്രേഡ് മണലാണ്. ഇതില്‍ നിന്നും 60 ശതമാനത്തിലധികം ടൈറ്റാനിയം ലോഹം സംസ്കരിച്ചു കിട്ടുന്നു. ഗോവ, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒറീസ്സാ എന്നീ സംസ്ഥാനങ്ങളിലെ കടല്‍ത്തീര മണലിലും ഈ അയിര് കാണപ്പെടുന്നുണ്ടെങ്കിലും അത് കേരളത്തിലെ കൊല്ലം തീരപ്രദേശത്തുനിന്നും ലഭിക്കുന്ന അയിരിനോളം മേന്മയുള്ളതല്ല.

ഇല്‍മനൈറ്റ് അടങ്ങിയ, കറുത്തു തിളങ്ങുന്ന ലോഹമണല്‍ കേരളത്തിലെ ചവറ തുടങ്ങിയ തീരപ്രദേശങ്ങളില്‍ സുലഭമായി കാണപ്പെടുന്നു. ഈ മണല്‍ ശേഖരിച്ച് രാസപ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമാക്കി ടൈറ്റാനിയം ഡൈഓക്സൈഡ് ഉത്പാദിപ്പിക്കുന്നു. ഇതു കൂടാതെ തമിഴ്നാട്ടിലെ മണവാളക്കുറിച്ചിയിലുള്ള മണല്‍ കൊണ്ടുവന്നും സംസ്കരിച്ചിരുന്നു. ലോകത്തിലെ മൊത്തം വാര്‍ഷിക ഉത്പാദനമായ 24 ലക്ഷം ടണ്‍ ടൈറ്റാനിയം ഡൈഓക്സൈഡിന്റെ മൂന്നില്‍ രണ്ടു ഭാഗവും പാരമ്പര്യ സള്‍ഫൈറ്റ് പ്രക്രിയയിലൂടെയാണ് നിര്‍മിക്കപ്പെടുന്നത്. തിരുവനന്തപുരത്തെ കൊച്ചു വേളിയില്‍ സ്ഥാപിച്ചിട്ടുള്ള ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്റ്റ്സ് എന്ന കമ്പനിയും ഈ മാര്‍ഗം ഉപയോഗിച്ചാണ് ടൈറ്റാനിയം ഡൈഓക്സൈഡ് ഉത്പാദിപ്പിക്കുന്നത്. പ്രതിദിനം 300 ടണ്‍ ടൈറ്റാനിയം ഡൈഓക്സൈഡ് ഉത്പാദിപ്പിക്കുന്ന ഇംഗ്ളണ്ടിലെ ഗ്രിംസ്ബി ഫാക്ടറിയിലും ഈ പ്രക്രിയ വഴിയാണ് ടൈറ്റാനിയം ഡൈ ഓക്സൈഡ് ലഭ്യമാക്കുന്നത്. വളരെ കൂടുതല്‍ ദ്രവ്യമാലിന്യങ്ങള്‍ പുറന്തള്ളുന്നു എന്നത് ഈ പ്രക്രിയയുടെ ഒരു പ്രധാന ന്യൂനതയാണ്. നോ: ടൈറ്റാനിയം; ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്റ്റ്സ് ലിമിറ്റഡ്.

(എസ്. കൃഷ്ണയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍