This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൈറ്റാനിക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടൈറ്റാനിക്

Titanic

ഒരു പ്രസിദ്ധ ഹോളിവുഡ് ചലച്ചിത്രം. 1997-ല്‍ നിര്‍മിച്ച ഈ ചലച്ചിത്രത്തിന് പതിനൊന്ന് ഓസ്കാര്‍ അവാര്‍ഡുകള്‍ ലഭിക്കുകയുണ്ടായി. 1959-ലെ 'ബെന്‍ഹര്‍' എന്ന ചിത്രത്തിനുശേഷം മറ്റൊരു ചിത്രത്തിനും ഇത്രത്തോളം അവാര്‍ഡുകള്‍ ലഭിച്ചിട്ടില്ല.സൗത്താംടണില്‍നിന്ന് 1912 ഏപ്രില്‍ 10-ന് 2000-ലധികം യാത്രക്കാരെയും കൊണ്ട് പുറപ്പെട്ട ലക്ഷ്വറി കപ്പലായ ടൈറ്റാനിക് 15-ാം തീയതി ഒരു മഞ്ഞുമലയില്‍ തട്ടിത്തകരുകയും ആയിരത്തി അഞ്ഞൂറിലധികംപേര്‍ അതിദാരുണമാംവിധം മരിക്കുകയും ചെയ്ത സംഭവമാണ് ഈ ചലച്ചിത്രത്തിനാധാരം.
ടൈറ്റാനിക് ചലച്ചിത്രത്തില്‍ നിന്ന് ഒരു രംഗം

ജെയിംസ് കാമറോണ്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ നിര്‍മാണച്ചെലവ് അന്നുവരെയുള്ള മറ്റൊരു ചിത്രത്തിനുംവേണ്ടി വന്നിട്ടില്ല. മൈ ഹാര്‍ട്ട് വില്‍ ഗോ ഓണ്‍ എന്ന് ആരംഭിക്കുന്നതും സെലിന്‍ ഡിയോണ്‍ ആലപിച്ചതുമായ പ്രേമഗാനം ഹിറ്റ് ഗാനങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തി. ഈ ചിത്രത്തിലെ നായകനായി അഭിനയിച്ച ലിയനാഡോ ഡി കാപ്രിയോ നായികയായ കേത് വിന്‍സ്ലറ്റ് എന്നിവര്‍ മുന്‍നിരക്കാരായിരുന്നില്ലെങ്കിലും ഈ ചിത്രത്തിന്റെ വന്‍വിജയത്തോടെ അവര്‍ സൂപ്പര്‍താരങ്ങളായി മാറി.കംപ്യൂട്ടര്‍ സാങ്കേതിക വിദ്യയും മറ്റും ഉപയോഗപ്പെടുത്തിയാണ് 'ടൈറ്റാനിക്കി'ന്റെ സെറ്റ് രൂപപ്പെടുത്തിയത്. ചരിത്രത്തോട് നീതി പുലര്‍ത്താനും ഏറെ ശ്രദ്ധിച്ചിരിക്കുന്നു. സമൂഹത്തിലെ ഉന്നതരും ദരിദ്രരും തമ്മിലുള്ള അകല്‍ച്ച പല രംഗങ്ങളിലും ഹൃദയാവര്‍ജകമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. കപ്പല്‍ മുങ്ങുമ്പോള്‍ ഉന്നതരെ മാത്രം രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും തുടര്‍ന്നുള്ള സംഘര്‍ഷവും മറ്റും ഇതിനുദാഹരണമാണ്.

അനശ്വരമായ ഒരു പ്രേമകഥ എന്ന നിലയിലും 'ടൈറ്റാനിക്' ജനഹൃദയങ്ങളില്‍ സ്ഥാനം നേടി. ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചലച്ചിത്രവും 'ടൈറ്റാനിക്' ആണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍