This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൈറ്റന്‍ റോക്കറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടൈറ്റന്‍ റോക്കറ്റ്

Titan rocket

ഒരിനം യു.എസ്. നിര്‍മിത റോക്കറ്റുകള്‍. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ICBM) രൂപത്തിലാണ് ഇവ ആദ്യമായി നിര്‍മിക്കപ്പെട്ടതെങ്കിലും പിന്നീട് ബഹിരാകാശ വാഹനങ്ങളെ വിക്ഷേപിക്കാനുള്ള റോക്കറ്റുകളായും ഉപയോഗിക്കപ്പെട്ടു.

യു.എസ്. വ്യോമസേനയ്ക്കുവേണ്ടി മാര്‍ട്ടിന്‍ കമ്പനിയാണ് (ഇന്നത്തെ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ കോര്‍പ്പറേഷന്‍) ടൈറ്റന്‍ ക നിര്‍മിച്ചത്. 1950-കളുടെ അവസാനത്തില്‍ പുറത്തിറങ്ങിയ ഇതില്‍ മണ്ണെണ്ണയും ദ്രവ ഓക്സിജനും ആണ് ഇന്ധനമായി ഉപയോഗിച്ചിരുന്നത്. 8000 കി.മീ. ദൂരെയുള്ള അന്നത്തെ സോവിയറ്റ് യൂണിയനിലെ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് നാല് മെഗാ ടണ്‍ ശേഷിയുള്ള ആണവ പടക്കോപ്പുകള്‍ എത്തിക്കാന്‍ ടൈറ്റന്‍ Iന് കഴിയുമായിരുന്നു.

1965-ഓടുകൂടി ഒമ്പത് മെഗാ ടണ്‍ ശേഷിയുള്ള ടൈറ്റന്‍ II നിര്‍മിക്കപ്പെട്ടു. റോക്കറ്റിനുള്ളില്‍ ശേഖരിച്ചു വച്ചിട്ടുള്ളതും സ്വയം പ്രോജ്വലിക്കാന്‍ പ്രാപ്തിയുള്ളതുമായ ഹൈപ്പര്‍ ഗോലിക് ഇന്ധനമായിരുന്നു (ഉദാഹരണം: ദ്രാവകരൂപത്തിലുള്ള ഹൈഡ്രസിന്‍; നൈട്രജന്‍ ടെട്രോക്സൈഡ്) ഇവയില്‍ നോദനം സൃഷ്ടിച്ചിരുന്നത്. യു.എസ്സിലെ പശ്ചിമ-മധ്യ ഭാഗങ്ങളില്‍ അവിടവിടെയായിട്ടുള്ള സൈനിക താവളങ്ങളില്‍ സൂക്ഷിച്ചിരുന്ന ടൈറ്റന്‍ II യു.എസ്. കരസേനയുടെ പ്രധാന ആണവ ആയുധമായിരുന്നു. ക്രമേണ കൂടുതല്‍ ശേഷിയുള്ളതും ഖര ഇന്ധനം ഉപയോഗിക്കാവുന്നതുമായ ICBM - മുകള്‍ നിര്‍മിക്കപ്പെട്ടതോടെ ഇവ നീക്കം ചെയ്യപ്പെട്ടു. 1987-ഓടെ അവസാന ടൈറ്റന്‍ II ഉം നിര്‍വീര്യമാക്കപ്പെട്ടു. പക്ഷേ, ജെമിനി ബഹിരാകാശ വാഹനം വിക്ഷേപിക്കാനും നാസ, ടൈറ്റന്‍ II, ഉപയോഗിച്ചിരുന്നു.

ടൈറ്റന്‍ II നെ അടിസ്ഥാനമാക്കി നിര്‍മിക്കപ്പെട്ട ബഹിരാകാശ വിക്ഷേപിണികളാണ് ടൈറ്റന്‍ III ഇനത്തില്‍പ്പെട്ടവ. കൂടുതല്‍ പ്രണോദം ലഭിക്കാനായി ടൈറ്റന്‍ III-ല്‍, ഖര രൂപത്തിലുള്ള നോദകാരികള്‍ അടങ്ങിയ രണ്ട് 'സ്ട്രാപ്പ്' ഓണ്‍ ബൂസ്റ്ററുകള്‍ കൂടി ഉപയോഗിച്ചിരുന്നു. മാത്രമല്ല ഇതിന്റെ രണ്ടാം ഘട്ടത്തിനു മുകളിലായി, ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ സൗകര്യമായ തരത്തില്‍, വ്യത്യസ്ത രീതിയിലുള്ള വിവിധ ഘട്ടങ്ങളും (upper stages) ക്രമീകരിച്ചിരുന്നു. ഇവയില്‍ വച്ചേറ്റവും വിജയകരമായവ 1970 കളില്‍ വൈക്കിങ്, വോയേജര്‍, ഹീലിയോസ എന്നീ ബഹിരാകാശ വാഹനങ്ങള്‍ വിക്ഷേപിക്കാനുപയോഗിച്ച ടൈറ്റന്‍ III-E / സെന്റോര്‍ ഇനമാണ്.

1980 കളുടെ അവസാനത്തോടെ ടൈറ്റന്‍ III ല്‍ നിന്ന് ടൈറ്റന്‍ IV വികസിപ്പിച്ചെടുത്തു. സ്പേസ് ഷട്ടില്‍ പോലുള്ളവയില്‍ കൊണ്ടുപോയിരുന്ന പേലോഡുകള്‍ വിക്ഷേപിക്കാന്‍ വേണ്ടി നിര്‍മിക്കപ്പെട്ട ഇവയ്ക്ക് ടൈറ്റന്‍ III നെ അപേക്ഷിച്ച് വലുപ്പവും ശേഷിയും കൂടുതലായിരുന്നു. ഇവയിലും ഖര-നോദകാരിയുള്ള രണ്ട് സ്ട്രാപ്പ്-ഓണ്‍ ബൂസ്റ്ററുകളും സെന്റോര്‍ പോലുള്ള ഘട്ടങ്ങളും ഉണ്ട്. ഏകദേശം 70 മീറ്ററോളം നീളം വരുന്ന ടൈറ്റന്‍ IV യു.എസ്. പ്രയോജനപ്പെടുത്തിയിരുന്ന ഏറ്റവും വലിയ വിക്ഷേപിണി വാഹനമായിരുന്നു. ധാരാളം സൈനിക, സിവിലിയന്‍ ഉപഗ്രഹങ്ങളെ വിക്ഷേപിക്കാനും ടൈറ്റന്‍ IV പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍