This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൈബീറിയസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടൈബീറിയസ്

Tiberias

വടക്കുകിഴക്കന്‍ ഇസ്രയേലിലെ ഒരു തടാകവും അതിന്റെ കരയില്‍ സ്ഥിതിചെയ്യുന്ന നഗരവും.

1. ഒരു ശുദ്ധജലതടാകം. ജോര്‍ദാന്‍ നദി ഈ തടാകത്തിലൂടെ ഒഴുകിപ്പോകുന്നു. പേരയ്ക്കയുടെ ആകൃതിയോടു സാദൃശ്യമുള്ള ഈ തടാകത്തിന് പരമാവധി 23 കി.മീ. നീളവും 13 കി.മീ. വീതിയും, 46 മീ. ആഴവുമുണ്ട്. വിസ്തീര്‍ണം: 166 ച.കി.മീ. ക്രിസ്തുദേവന്റെയും അനുയായികളുടെയും ജീവിതവുമായി ബന്ധപ്പെട്ടാണ് ഈ തടാകം വളരെ വിശ്രുതമായിത്തീര്‍ന്നിട്ടുള്ളത്. ബൈബിളില്‍ കിന്നേരെത്ത് (sea of chinnereth), കിന്നേരോത്ത് (chinneroth), ഗെന്നേസര്‍ (gennesar) ഗെന്നേസരെത് തടാകം (lake of gennesarat), ഗലീലി കടല്‍ തുടങ്ങിയ പല പേരുകളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ജലാശയം ടൈബീറിയസ് ആകാനാണ് സാധ്യത എന്നു വിശ്വാസികള്‍ കരുതിപ്പോരുന്നു.

മെഡിറ്ററേനിയന്‍ കടല്‍ നിരപ്പില്‍ നിന്ന് ഏതാണ്ട് 207 മീ. താഴെയായാണ് ടൈബീറിയസ് തടാകത്തിന്റെ സ്ഥാനം. ഗ്രേറ്റ് റിഫ്റ്റ് വാലിയടെ ഭാഗമായാണ് ഈ തടാകത്തിന്റെ അടിത്തട്ട് രൂപം കൊണ്ടിട്ടുള്ളത്. വളരെ മുമ്പുള്ള ഏതോ ഭൗമ കാലഘട്ടത്തില്‍ ഒരു വലിയ ഉള്‍നാടന്‍ സമുദ്രഭാഗമായിരുന്നു ടൈബീറിയസ് എന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. ഇസ്രയേലിലെ ഹൂലാചതുപ്പ് മുതല്‍ ചാവുകടലിന് 64 കി.മീ. തെക്കുള്ള പ്രദേശംവരെയായിരുന്നു ഇതിന്റെ സ്ഥാനം. കി. തെ. പ.യും കുത്തനെയുള്ള ചരിവുകളും വ.വ. പ.യും സമതലങ്ങളും അതിരിടുന്ന ഒരു തീരം തടാകത്തിനു ചുറ്റുമുണ്ട്. തണുത്ത് സ്വച്ഛമായതാണ് തടാകജലം. പലതരത്തില്‍പ്പെട്ട മത്സ്യങ്ങള്‍ ഇതിലുണ്ടെങ്കിലും വാണിജ്യാടിസ്ഥാനത്തില്‍ പിടിച്ചെടുക്കുന്നത് 'മത്തി'വര്‍ഗത്തില്‍പ്പെട്ടവയും തിലോപ്പിയയും മാത്രമാണ്. കടല്‍കാക്ക, ഗ്രീബ്, പെലിക്കന്‍ തുടങ്ങിയ നിരവധി പക്ഷികളും ചിറ്റക്കൊഞ്ച്, ബീച്ച് ഫ്ളീ തുടങ്ങിയ ക്രസ്റ്റേഷ്യനുകളും, കടലിലും കരയിലും കഴിയുന്ന ആമകളും ഈ തടാകതീരത്ത് സുലഭമാണ്.

ടൈബീറിയസ് തടാകതീരവും അടുത്ത പ്രദേശങ്ങളും മുമ്പ് ജനസാന്ദ്രമായിരുന്നു. അന്ന് ഏഷ്യാമൈനറിലെ മിക്ക വാണിജ്യപാതകളും ഒന്നു ചേര്‍ന്നിരുന്നതും ഈ തടാകതീരത്തുതന്നെയായിരുന്നു. ഒരു മത്സ്യബന്ധനകേന്ദ്രംകൂടിയായിരുന്ന ടൈബീറിയസ് തടാകത്തിന്റെ ചുറ്റുമായി 9 നഗരങ്ങള്‍ അക്കാലത്തു വികാസം പ്രാപിച്ചിരുന്നു. (നോ: ഗലീലീ കടല്‍.)

2. ഉത്തര ഇസ്രയേലിലെ ഒരു നഗരം. ഹൈഫയ്ക്ക് (Haifa) സു. 48 കി.മീ. കിഴക്കുമാറി ടൈബീറിയസ് തടാകത്തിന്റെ പടിഞ്ഞാറന്‍ കരയില്‍ സ്ഥിതിചെയ്യുന്നു. കിന്നേരെത്ത് ഉപജില്ലയുടെ ആസ്ഥാനമാണ് ഈ നഗരം.

എ.ഡി. ഇരുപതോടടുപ്പിച്ചാണ് ടൈബീറിയസ് നഗരം സ്ഥാപിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. ഹെറോദ് ആന്റിപസ് സ്ഥാപിച്ച ഈ നഗരത്തിന് റോമാചക്രവര്‍ത്തിയായിരുന്ന ടൈബീരിയസിന്റെ പേര് നല്‍കപ്പെട്ടു. 1099-ല്‍ കുരിശുപടയാളികള്‍ ഈ നഗരം പിടിച്ചെടുത്തു. 1837-ലെ ഭൂകമ്പം നഗരത്തിന് വന്‍ നാശനഷ്ടങ്ങളുണ്ടാക്കി. പിന്നീട് നഗരം പുനര്‍നിര്‍മിക്കപ്പെട്ടു. അറബ്-ഇസ്രയേലി യുദ്ധത്തില്‍ നഗരത്തിലുണ്ടായിരുന്ന അറബി ജനതയെ തുരത്തിയിട്ട് ജൂതന്മാര്‍ ഇവിടെ വാസമുറപ്പിച്ചു (1948).

യഹൂദമതവിശ്വാസികള്‍ തങ്ങളുടെ പുണ്യനഗരങ്ങളിലൊന്നായിട്ടാണ് ടൈബീറിയസിനെ കണക്കാക്കുന്നത്. ബൈബിള്‍ കാലഘട്ടം മുതല്‍ മധ്യകാലഘട്ടംവരെ ഈ നഗരം ഒരു ജൂത-മത പഠനകേന്ദ്രമായിരുന്നു. എ.ഡി. 70-ല്‍ യറുശലേം ദേവാലയം നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് നിരവധി ജൂതപണ്ഡിത-പുരോഹിതന്മാര്‍ നഗരത്തില്‍ വാസമുറപ്പിച്ചിരുന്നു. ജൂതതത്ത്വചിന്തകനും ഭിഷഗ്വരനുമായിരുന്ന മയ്മോനൈഡ്സിന്റെ ശവകുടീരവും ഒട്ടനവധി പുരാതന ജൂതദേവാലയങ്ങളും ഇവിടെയുണ്ട്.

ഒരു പ്രധാന മഞ്ഞുകാല വിനോദസങ്കേതമാണ് ടൈബീറിയസ്. ഒരു മുഖ്യ വാണിജ്യകേന്ദ്രവും കൂടിയാണിത്. ഇവിടത്തെ ചൂടു നീരുറവകള്‍ ഏറെ പ്രശസ്തിയാര്‍ജിച്ചവയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍