This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൈഡല്‍ പവര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടൈഡല്‍ പവര്‍

Tidal power

വേലിയേറ്റത്തിലും വേലിയിറക്കത്തിലും ഉണ്ടാകുന്ന സമുദ്രജല പ്രവാഹം പ്രയോജനപ്പെടുത്തി ടര്‍ബൈനുകളെ പ്രവര്‍ത്തിപ്പിച്ച് ഉത്പാദിപ്പിക്കുന്ന വൈദ്യുതി. 20-ാം ശ.-ത്തിന്റെ ആദ്യ പകുതിയില്‍ത്തന്നെ ഇതിനുള്ള സിദ്ധാന്തങ്ങള്‍ ആവിഷ്ക്കരിക്കപ്പെട്ടു കഴിഞ്ഞിരുന്നുവെങ്കിലും അവയെ അടിസ്ഥാനമാക്കി, ഒരു പ്രഥമ ടൈഡല്‍ പവര്‍ പ്ലാന്റ് ആദ്യമായി നിര്‍മിച്ചത് ഫ്രഞ്ച് എന്‍ജിനീയര്‍മാരാണ്. ബ്രിറ്റനിയിലെ (ഉത്തര പശ്ചിമ ഫ്രാന്‍സ്) സെയിന്റ്-മാലൊ കടലിടുക്കില്‍ 1961-71 കാലത്ത് അവര്‍ റന്‍സ് പവര്‍ പ്ലാന്റിന് രൂപം നല്‍കി. 320 മെഗാവാട്ട് ഉത്പാദനശേഷിയുള്ള പവര്‍ യുണിറ്റുകള്‍ അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. തുടര്‍ന്ന് റഷ്യ, കാനഡ, ഇംഗ്ലണ്ട്, ചൈന എന്നിവിടങ്ങളിലും ഇത്തരം പവര്‍ പ്ളാന്റുകള്‍ സ്ഥാപിക്കപ്പെട്ടു.

ചെറിയ അണക്കെട്ടും സമുദ്ര ജലം കെട്ടിനിറുത്താനുള്ള ടൈഡല്‍ ബേസിനും ഉള്‍പ്പെട്ട ടൈഡല്‍ പവര്‍ പ്ളാന്റിലെ പ്രധാന ഉപകരണം അവയിലെ പ്രതിക്രമ്യ (reversible) ടര്‍ബൈനുകളാണ്. നിശ്ചലമെങ്കിലും ചലിപ്പിക്കാവുന്ന ബ്ലേഡിങ് സംവിധാനമുള്ള പ്രസ്തുത ടര്‍ബൈനുകള്‍ക്ക് വേലിയേറ്റത്തിലും വേലിയിറക്കത്തിലും വിപരീത ദിശകളിലേക്ക് ഒഴുകുന്ന ജലപ്രവാഹത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നു. വേലിയേറ്റ സമയത്ത് സമുദ്രത്തില്‍ നിന്ന് ടൈഡല്‍ ബേസിന്റെ ഉള്ളിലേക്ക് അണക്കെട്ടിലെ ചീപ്പുകളിലൂടെ (sluice) ജലം പ്രവേശിക്കുന്നു. ടര്‍ബൈന്‍ ബ്ലേഡിങ് ക്രമീകരണം ഈ പ്രവാഹത്തില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. വേലിയേറ്റം തീരുന്നതോടെ അണക്കെട്ടിലെ ചീപ്പുകള്‍ അടച്ച് ശേഷിക്കുന്ന ജലം ബേസിനില്‍ കെട്ടിനിറുത്തുന്നു. തുടര്‍ന്ന് ടര്‍ബൈനുകളിലെ ബ്ളേഡിങ് സംവിധാനത്തെ അവ നേരത്തെ ഭ്രമണം ചെയ്തതിനു വിപരീത രീതിയില്‍ ഭ്രമണം ചെയ്യാന്‍ പാകത്തില്‍ ക്രമീകരിക്കുന്നു. വേലിയിറക്കം മൂലം സമുദ്ര ജലനിരപ്പ് ആവശ്യമുള്ളത്ര താഴ്ന്നു കഴിഞ്ഞാല്‍ അണക്കെട്ടിലെ ചീപ്പുകള്‍ തുറന്ന് ബേസിനില്‍ സംഭരിച്ചിരിക്കുന്ന ജലം തിരികെ സമുദ്രത്തിലേക്ക് കടത്തിവിടുന്നു. ഈ പ്രവാഹവും ടര്‍ബൈനുകളെ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുവാന്‍ സഹായകമാകുന്നു.

ഇടവിട്ടിടവിട്ടുള്ള വൈദ്യുതി ഉത്പാദനം, ഋതുഭേദങ്ങള്‍ക്കനുസൃതമായി വൈദ്യുതോത്പാദനത്തിലനുഭവപ്പെടുന്ന ഏറ്റക്കുറച്ചിലുകള്‍ തുടങ്ങിയവയാണ് ഇവയുടെ പ്രധാന പോരായ്മകള്‍. പ്ലാന്റിനു സമീപത്തുള്ള സമുദ്ര ജല സമ്പത്ത് നശിക്കാനും പലപ്പോഴും ഇത്തരം പ്ലാന്റുകള്‍ കാരണമാകാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍