This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൈഗര്‍ നിശാശലഭം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടൈഗര്‍ നിശാശലഭം

Tiger moth

ലെപിഡോപ്റ്റെറ (Lepidoptera) ശലഭഗോത്രത്തിലെ ആര്‍ക്റ്റിഡേ (Arctiidae) കുടുംബത്തിന്റെ ഉപകുടുംബമായ ആര്‍ക്റ്റിനേ (Arctiinae)യില്‍ ഉള്‍പ്പെടുന്ന ശലഭങ്ങളുടെ പൊതുനാമം. ആഗോളവ്യാപകത്വമുള്ള ഈ ശലഭങ്ങള്‍ക്ക് തടിച്ച ശരീരവും വര്‍ണാഭമായ ചിറകുകളുമാണുള്ളത്. തെ. അമേരിക്കയില്‍ മാത്രം ഇവയുടെ 125-ലധികം സ്പീഷീസുണ്ട്.

ടൈഗര്‍ നിശാശലഭങ്ങളുടെ ചിറകുകള്‍ക്ക് ഓറഞ്ചും കറുപ്പും നിറങ്ങളാണുള്ളത്. വെളുത്തനിറമുള്ള ചിറകില്‍ കറുത്ത പൊട്ടുകളോ അടയാളങ്ങളോ വരകളോ ഉള്ള ചില അപൂര്‍വ ഇനങ്ങളും കാണുന്നു. ഇത്തരം ശലഭങ്ങളധികവും സാധാരണ വലുപ്പം മാത്രമുള്ളവയാണ്. ചിറകുകള്‍ക്ക് 25-75 മി.മീ. വിസ്താരമുണ്ടായിരിക്കും.

അപാന്റെസിസ്-ടൈഗര്‍ നിശാശലഭം

ശലഭങ്ങളുടെ പുഴുവിന്റെ ശരീരം നീളം കൂടിയ രോമം കൊണ്ട് ആവൃതമായിരിക്കും. മറ്റു ചിലയിനം പുഴുക്കളിലെ രോമങ്ങള്‍പോലെ ഇതിന്റെ രോമങ്ങള്‍ തുളച്ചു കയറാനോ കുത്താനോ ഉപയോഗപ്പെടുത്തുന്നവയല്ല. ടൈഗര്‍ നിശാശലഭങ്ങളുടെ പുഴുക്കളെ സ്പര്‍ശിക്കുന്നത് അപകടകരമല്ല. സമാധിയിലെത്തുന്നതിനുമുമ്പ് പുഴുക്കള്‍ വദനഭാഗങ്ങളുടെ സഹായത്താല്‍ ഈ രോമങ്ങളെ നീക്കി, സില്‍ക്കിനോടൊപ്പം കൊക്കൂണ്‍ നിര്‍മിക്കാനുപകരിക്കുന്നു. പുഴുക്കളധികവും വന്യ ഓഷധികള്‍ ഭക്ഷിച്ചു ജീവിക്കുന്നവയാണ്. വനവൃക്ഷങ്ങളുടേയും പഴവര്‍ഗസസ്യങ്ങളുടേയും ഇലകള്‍ ഭക്ഷിച്ചു ജീവിക്കുന്നവയും വിരളമല്ല. വ. അമേരിക്കയില്‍ സാധാരണ കാണപ്പെടുന്നത് അപാന്റെസിസ് (Apantesis) ജീനസ്സില്‍പ്പെടുന്ന ടൈഗര്‍ നിശാശലഭങ്ങളാണ്. ഇവയുടെ ചിറകുകള്‍ കറുപ്പില്‍ ഓറഞ്ചോ മഞ്ഞയോ നിറത്തിലുള്ള വരകളോ പുള്ളികളോ ഉള്ളവയായിരിക്കും. ഇംഗ്ലണ്ടില്‍ കാണപ്പെടുന്ന ഇസബെല്ലാ ടൈഗര്‍ നിശാശലഭങ്ങളുടെ പുഴുക്കള്‍ക്ക് ചുവപ്പും കറുപ്പും രോമങ്ങള്‍ കാണപ്പെടുന്നു. നോ: ചിത്രശലഭങ്ങളും നിശാശലഭങ്ങളും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍