This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൈഗര്‍ ഓര്‍ക്കിഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടൈഗര്‍ ഓര്‍ക്കിഡ്

Tiger Orchid

ഓര്‍ക്കിഡേസി (Orchidaceae) സസ്യകുടുംബത്തിലെ ഏറ്റവും വലുപ്പം കൂടിയ ഓര്‍ക്കിഡ് സസ്യം. ശാസ്ത്രനാമം : ഗ്രമാറ്റോഫില്ലം സ്പീഷിയോസം (Grammatophyllum speciosum). 'ഓര്‍ക്കിഡ് കുടുംബത്തിലെ ഭീമന്‍' എന്ന് ഗിന്നസ് ബുക്കില്‍ വിശേഷിപ്പിച്ചിരിക്കുന്ന ഈ സസ്യം 'ഓര്‍ക്കിഡുകളുടെ രാജ്ഞി' എന്നും അറിയപ്പെടുന്നു. പുഷ്പങ്ങളില്‍ കാണപ്പെടുന്ന 'കടുവാ പുള്ളി'കളാണ് ടൈഗര്‍ ഓര്‍ക്കിഡ് എന്ന പേരിനു നിദാനം.

ടൈഗര്‍ ഓര്‍ക്കിഡിന്റെ പുഷ്പമഞ്ജരി

മഡഗാസ്ക്കര്‍, ഫിലിപ്പീന്‍സ്, ന്യൂഗിനിയ, മലേഷ്യ തുടങ്ങിയ സ്ഥലങ്ങളിലെ തീരപ്രദേശവനങ്ങളിലും നദീതടങ്ങളിലുമുള്ള വന്‍മരപ്പൊത്തുകളിലാണ് ഈ ഓര്‍ക്കിഡ് ധാരാളമായി വളരുന്നത്. 1825-ല്‍ കാള്‍ ബ്ളൂം (Carl Blume) എന്ന ഡച്ച് ശാസ്ത്രകാരന്‍ ജാവയിലെ ബോഗോര്‍ (Bogor) കാടുകളിലാണ് ടൈഗര്‍ ഓര്‍ക്കിഡിനെ കണ്ടെത്തിയത്. ഇതിനു ശേഷമാണ് മ്യാന്‍മര്‍, തായ്ലണ്ട്, ലാവോസ്, സുമാത്ര, ബോര്‍ണിയോ എന്നിവിടങ്ങളില്‍ ഈ സസ്യങ്ങള്‍ വളരുന്നതായി മനസ്സിലാക്കാന്‍ കഴിഞ്ഞത്. ടൈഗര്‍ ഓര്‍ക്കിഡിന്റെ നീളം കൂടി, കനം കുറഞ്ഞ കപടകന്ദ (psuedobulb)ത്തില്‍ നിന്ന് അനേകം വേരുകളും ഇലകളുമുണ്ടാകുന്നു. ഇലകള്‍ നീളവും കനവും കൂടിയതാണ്. ഇലയുടെ കക്ഷ്യങ്ങളില്‍നിന്ന് രണ്ടു മീറ്ററോളം നീളമുള്ള പുഷ്പമഞ്ജരിയുണ്ടാകുന്നു. ഒരു പൂങ്കുലയില്‍ 75-100 പുഷ്പങ്ങളുണ്ടാകും. സ്പൈഡര്‍ ഓര്‍ക്കിഡിന്റെ പുഷ്പങ്ങളേക്കാള്‍ വലുപ്പംകൂടിയ പുഷ്പങ്ങളാണിവ. പുഷ്പങ്ങളുടെ ഞെടുപ്പ് (ഞെട്ട്) നീളം കൂടിയതാണ്. ബാഹ്യദളങ്ങളും ദളങ്ങളും മൂന്നെണ്ണം വീതമായിരിക്കും. കടുംമഞ്ഞയോ വെണ്ണനിറമോ ഉള്ള ദളങ്ങളില്‍ കടും ഓറഞ്ചു കലര്‍ന്ന കാവിനിറത്തിലോ കടും കാവി നിറത്തിലോ ഉള്ള പുള്ളികളുണ്ടായിരിക്കും. പുഷ്പങ്ങള്‍ക്ക് ഹൃദ്യമായ സുഗന്ധമുണ്ട്. പുഷ്പകാലം ഒന്നരമാസത്തോളം വരും.

കപടകന്ദം മുറിച്ചുനട്ടാണ് പ്രജനനം നടത്തുന്നത്. ഉഷ്ണമേഖലാകാലാവസ്ഥയില്‍ എവിടെയും ഇത് അനായാസം വളരും. അസാമാന്യ വലുപ്പമെത്തുന്ന ഈ ചെടി തദനുസൃതമായ വന്‍ ചട്ടികളിലോ മരപ്പാത്രങ്ങളിലോ വളര്‍ത്തണം. ഇന്ത്യയില്‍ ഇവ ഓര്‍ക്കിഡേറിയങ്ങളില്‍ വളര്‍ത്തപ്പെടുന്നു. 16 വര്‍ഷമായി കേരളത്തിലെ പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ വളര്‍ത്തുന്ന ടൈഗര്‍ ഓര്‍ക്കിഡ് രണ്ടു പ്രാവശ്യം മാത്രമേ പുഷ്പിച്ചിട്ടുള്ളു. ടൈഗര്‍ ഓര്‍ക്കിഡിന്റെ വര്‍ഗഗുണങ്ങളോടു സാമ്യമുള്ള സിംബീഡിയം ഇനവുമായി സങ്കരം നടത്തി പുതിയ ഇനത്തെ വികസിപ്പിച്ചെടുക്കാനുളള ഗവേഷണങ്ങള്‍ പാലോട് ഗവേഷണകേന്ദ്രത്തില്‍ നടന്നുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍