This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൈക്കോ ബ്രാഹെ (1546-1601)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടൈക്കോ ബ്രാഹെ (1546-1601)

Tycho Brahe

പ്രായോഗിക നിരീക്ഷണങ്ങള്‍ക്ക് ജ്യോതിശ്ശാസ്ത്രത്തില്‍ അടിസ്ഥാനപരമായ പ്രാമുഖ്യം കല്പിച്ച ഡാനിഷ് ശാസ്ത്രജ്ഞന്‍. ഭൗമാന്തരീക്ഷത്തില്‍ പ്രകാശ രശ്മികള്‍ക്കു വരുന്ന അപഭ്രംശം (refraction) കണക്കിലെടുത്ത് ജ്യോതിശ്ശാസ്ത്ര ഉപകരണങ്ങളിലൂടെ സംഭവിക്കാവുന്ന പിശകുകള്‍ ഇദ്ദേഹം തിരുത്തി. ഇദ്ദേഹത്തിന്റെ ഗ്രഹവിവരക്കണക്കുകളാണ് പില്ക്കാലത്ത് ഗ്രഹനിയമങ്ങള്‍ ആവിഷ്ക്കരിക്കാന്‍ ജര്‍മന്‍ ജ്യോതിശ്ശാസ്ത്രജ്ഞനായ കെപ്ലറെ (Kepler) സഹായിച്ചത്.

കോപ്പര്‍നിക്കസ്സിന്റെ അടുത്ത തലമുറക്കാരനായ ടൈക്കോ ബ്രാഹെ 1546-ല്‍ ഡെന്മാര്‍ക്കിലെ ഒരു സമ്പന്ന കുടുംബത്തിലാണ് ജനിച്ചത്. ബാല്യകാലത്തെ നക്ഷത്രനിരീക്ഷണ ശീലമായിരുന്നു മുതിര്‍ന്നപ്പോള്‍ ടൈക്കോയെ ജ്യോതിശ്ശാസ്ത്ര ഗവേഷണങ്ങളിലേക്കു നയിച്ചത്. ഡെന്മാര്‍ക്കിലെ രാജാവായ ഫ്രെഡറിക് രണ്ടാമന്‍ ശാസ്ത്രജ്ഞരെ പ്രോത്സാഹിപ്പിക്കുന്നതില്‍ തത്പരനായിരുന്നു. ഫ്രെഡറിക്കിന്റെ സഹായം സ്വീകരിച്ച് 1576-ല്‍ ടൈക്കോ കോപ്പന്‍ഹേഗന്‍ നഗരത്തിനു സമീപമുള്ള ഹ്വെന്‍ ദ്വീപിലെ യുറാനിബോര്‍ഗില്‍ ഒരു വാന നിരീക്ഷണകേന്ദ്രം സ്ഥാപിച്ചു. ഗ്രഹങ്ങളെ സംബന്ധിച്ച നിരീക്ഷണപഠനങ്ങളില്‍ 20 കൊല്ലം മുഴുകിയ ഇദ്ദേഹം അന്നുവരെ അറിയാമായിരുന്ന എല്ലാ ഗ്രഹങ്ങളെക്കുറിച്ചുമുള്ള നിരീക്ഷണ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. രാജാവിന്റെ മരണത്തോടെ പിന്‍ഗാമികളില്‍നിന്നു സഹകരണം കിട്ടാതെയായപ്പോള്‍ ഇദ്ദേഹം യുറാനിബോര്‍ഗിലെ നിരീക്ഷണകേന്ദ്രം വിടാന്‍ നിര്‍ബന്ധിതനായി. തുടര്‍ന്ന് ടൈക്കോ മധ്യയൂറോപ്പിലെ പ്രാഗ് നഗരത്തിലെത്തുകയും ആസ്ട്രിയന്‍ ചക്രവര്‍ത്തിയായ റുഡോള്‍ഫ് രണ്ടാമന്റെ സംരക്ഷണയിലാകുകയും ചെയ്തു. ജ്യോതിഷത്തില്‍ വലിയ കമ്പമുണ്ടായിരുന്ന റുഡോള്‍ഫ്, ടൈക്കോയെ ഒരു ജ്യോതിഷ വിശാരദനായി കാണാനാണ് ആഗ്രഹിച്ചത്. എങ്കിലും ജ്യോതിശ്ശാസ്ത്ര ഗവേഷണങ്ങള്‍ തുടരാന്‍ അദ്ദേഹം തടസ്സമൊന്നും പറഞ്ഞില്ല. ടൈക്കോയെ സഹായിക്കാന്‍ ചക്രവര്‍ത്തി കെപ്ലറെ പ്രാഗില്‍ വരുത്തുകയും ചെയ്തു.

സൗരയൂഥത്തില്‍ സൂര്യന്റെ കേന്ദ്രസ്ഥാനത്തെ സംബന്ധിച്ച കോപ്പര്‍നിക്കസ്സിന്റെ സിദ്ധാന്തം ടൈക്കോയെ സ്വാധീനിച്ചിരുന്നില്ല. എന്നാല്‍ കോപ്പര്‍നിക്കസ്സിന്റെ സിദ്ധാന്തത്തില്‍ തികച്ചും വിശ്വസിച്ചിരുന്ന കെപ്ലറുമായുള്ള സഹവാസം ടൈക്കോയെ തന്റെ തെറ്റായ അഭ്യൂഹങ്ങള്‍ മാറ്റുവാന്‍ സഹായിച്ചു. ടൈക്കോ നല്ലൊരു ആകാശ നിരീക്ഷകനായിരുന്നു. എന്നാല്‍ ഗണിതസിദ്ധികള്‍ ഇദ്ദേഹത്തിന് കുറവായിരുന്നു. നേരെ മറിച്ചായിരുന്നു കെപ്ലര്‍. അദ്ദേഹം മോശപ്പെട്ട നിരീക്ഷകനായിരുന്നെങ്കിലും നല്ലൊരു ഗണിത ഗവേഷകനായിരുന്നു. അവര്‍ തങ്ങളുടെ കഴിവുകള്‍ മനസ്സിലാക്കുകയും പരസ്പരം ബഹുമാനിക്കുകയും ചെയ്തിരുന്നു. എങ്കിലും യുറാനിബോര്‍ഗിലെ പഴയ നിരീക്ഷണകേന്ദ്രത്തില്‍ നിന്നു പിരിയേണ്ടി വന്നതിലുള്ള അസംതൃപ്തി ടൈക്കോയെ പിന്‍തുടര്‍ന്നു. 1601-ല്‍ കെപ്ലര്‍ പ്രാഗിലെത്തി അധികം കഴിയുന്നതിനു മുമ്പ് ടൈക്കോ അന്തരിച്ചു.

കൃത്യമായ ജ്യോതിശ്ശാസ്ത്ര നിരീക്ഷണങ്ങളില്‍ ആദ്യമായി വ്യാപൃതനായ ശാസ്ത്രജ്ഞനെന്ന നിലയില്‍ ടൈക്കോ ബ്രാഹെയുടെ ഗവേഷണ ഫലങ്ങള്‍ സ്തുത്യര്‍ഹങ്ങളാണ്. നക്ഷത്രപ്പട്ടികയില്‍ 'കാസിയോപ്പിയ' (Cassiopeia) നക്ഷത്രസമൂഹത്തിലെ പുതിയൊരു നക്ഷത്രത്തെ ചേര്‍ക്കുക വഴി ടൈക്കോ അക്കാലത്ത് ഏറെ പ്രസിദ്ധി നേടി.

(പ്രൊ. കെ. ജയചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍