This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൈംസ്, ദ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടൈംസ്, ദ്

Times, The

ദ് ടൈംസ് - ദിനപത്രം

ഗ്രേറ്റ് ബ്രിട്ടനിലെ ഏറെ പഴക്കംചെന്നതും ജനപ്രീതിയാര്‍ജിച്ചിട്ടുള്ളതുമായ ദിനപത്രം. ദ് ഗാര്‍ഡിയന്‍, ദ് ഡെയ്ലി ടെലഗ്രാഫ് എന്നീ പത്രങ്ങളോടൊപ്പം ഇതിനെ 'ബിഗ് ത്രീ' എന്ന് വിശേഷിപ്പിക്കുന്നു. 1785 ജനു. 1-ന് ജോണ്‍ വാള്‍ട്ടര്‍ സ്ഥാപിച്ച ഡെയ്ലി യൂണിവേഴ്സല്‍ രജിസ്റ്റര്‍ ആണ്, 1788 ജനു. 1-നുശേഷം ദ് ടൈംസ് (The Times) എന്ന ഇപ്പോഴത്തെ പേരില്‍ അറിയപ്പെടുന്നത്. 1848-നുശേഷം ഈ പ്രസിദ്ധീകരണത്തിന് ബ്രിട്ടന്റെ ദേശീയ പത്രമെന്ന അംഗീകാരം ലഭിച്ചു. തോമസ് ബാണ്‍സിന്റെ പത്രാധിപത്യത്തില്‍ (1817-41) ദ് ടൈംസ് സ്വതന്ത്ര വീക്ഷണമുള്ള ഒരു പത്രമായിത്തീര്‍ന്നു. 1800-കളുടെ മധ്യത്തോടെ ഇത് കൂടുതല്‍ ജനപ്രീതി നേടുകയും സര്‍ക്കുലേഷന്‍ 1815-ല്‍ 5000 ആയിരുന്നത് 1850-ല്‍ 40,000 ആയി വര്‍ധിക്കുകയും ചെയ്തു. 1822-ല്‍ സണ്‍ഡേ ടൈംസ് എന്ന ആഴ്ചപ്പതിപ്പും ഇതിനോടൊപ്പം പ്രസിദ്ധീകരിച്ചു തുടങ്ങി. 1841-നുശേഷം 46 വര്‍ഷം പത്രാധിപസ്ഥാനം വഹിച്ച ജോണ്‍ ടി. ഡിലാനേ ആണ് ഈ പത്രത്തിന്റെ ആധുനികവല്‍ക്കരണത്തില്‍ ഗണ്യമായ പങ്കുവഹിച്ചത്. ആല്‍ഫ്രഡ് ഹാംസ്വര്‍ത്ത് എന്ന പത്രപ്രമുഖന്‍ ഈ പത്രം വിലയ്ക്കു വാങ്ങിയതോടെ ഇതിന് സാമ്പത്തിക സുരക്ഷിതത്വം കൈവന്നു. എങ്കിലും 1906-22 കാലയളവിലും പില്ക്കാലത്തും ഇതിന്റെ യശസ്സിന് വളരെയേറെ മങ്ങലേറ്റിരുന്നു. അന്‍പതുകളുടെ ആരംഭം മുതല്‍ ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ (ബി.ബി.സി.) ഡയറക്ടര്‍ ജനറലായിരുന്ന സര്‍ വില്യം ഹേലി ഇതിന്റെ പത്രാധിപരായി ചേര്‍ന്നു (1952-67). അതോടെ ഇത് മെച്ചപ്പെട്ട ഒരു പത്രമാണെന്ന അംഗീകാരം വീണ്ടും നേടിയെടുത്തു. 1966-ല്‍ പരസ്യങ്ങള്‍ക്കുപകരം പ്രധാന ന്യൂസ് ഇനങ്ങള്‍ പത്രത്തിന്റെ ആദ്യപേജില്‍ത്തന്നെ അച്ചടിക്കാന്‍ തുടങ്ങി. ഇക്കാലത്ത് ആധുനിക ടൈപ്പ് സെറ്റിംഗും പ്രിന്റിംഗ് യന്ത്രങ്ങളും ഉപയോഗിക്കാനും കഴിഞ്ഞു. 1978-79-ല്‍ തൊഴിലാളികളുടെ പണിമുടക്കുകാരണം പത്രം പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ക്കൂടിയും അതിന്റെ യശസ്സിന് കോട്ടംതട്ടിയിരുന്നില്ല. ദിനപത്രത്തോടൊപ്പം അതിന്റെ സഹപ്രസിദ്ധീകരണമായ സണ്‍ഡേ ടൈംസും ഈ പ്രതിസന്ധിയെ അതിജീവിച്ചു. 1981-ല്‍ ഈ രണ്ടു പത്രങ്ങളും റൂപ്പര്‍ട്ട് മര്‍ഡോക്ക് എന്ന ആസ്റ്റ്രേലിയന്‍ മാധ്യമ കുത്തക വിലയ്ക്കുവാങ്ങി. പിന്നീട് പത്രത്തിന്റെ പ്രചാരം ഏതാണ്ട് 5 ലക്ഷം കോപ്പികളായി വര്‍ധിച്ചു (2002). ലിറ്ററ്റി സപ്ലിമെന്റ്, എഡ്യൂക്കേഷണല്‍ സപ്ലിമെന്റ്, ടൈംസ് ഇന്‍ഡക്സ് എന്നിവ ദ് ടൈംസിന്റെ സഹപ്രസിദ്ധീകരണങ്ങളാണ്.

(എസ്. കൃഷ്ണയ്യര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%88%E0%B4%82%E0%B4%B8%E0%B5%8D,_%E0%B4%A6%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍