This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടേപ്പസ്ട്രി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടേപ്പസ്ട്രി

Tapestry

ഒരു അലങ്കാരകലാവസ്തു. ചുമരുകളില്‍ ഞാത്തിയിട്ട് അലങ്കരിക്കുന്നതിനും മേശവിരികളായും മറ്റും ഉപയോഗിക്കുന്നതിനുമായി നെയ്തുണ്ടാക്കുന്ന ചിത്രകംബളങ്ങളാണ് ടേപ്പസ്ട്രികള്‍. എംബ്രോയ്ഡറിയില്‍ നിന്നും, രാജസ്ഥാനിലും മറ്റും പ്രചാരത്തിലിരിക്കുന്ന കിടക്കവിരികള്‍, ചവിട്ടുപായകള്‍ എന്നിവയില്‍നിന്നും വ്യത്യസ്തമാണിത്. നെയ്തുതയ്യാറാക്കിയ ഒരു തുണിയില്‍ പിന്നീട് നടത്തുന്ന തുന്നല്‍വേലയാണ് എംബ്രോയ്ഡറി. രാജസ്ഥാന്‍ കിടക്കവിരികളില്‍ പലതരം നൂലുകള്‍ കൂട്ടിക്കെട്ടുന്ന സമ്പ്രദായം ഉണ്ടെന്നതാണ് വ്യത്യാസം. ടേപ്പസ്ട്രി നിയതവര്‍ണത്തിലുള്ള പാവുനൂലിന്മേല്‍ വ്യത്യസ്ത നിറങ്ങളിലുള്ള ഊട്നൂല്‍ നെയ്താണുണ്ടാക്കുന്നത്. ലളിതമായ ജ്യാമിതീയരൂപങ്ങള്‍ മുതല്‍ ഉദാത്തങ്ങളായ ചിത്രകലാമാതൃതകള്‍ വരെ ചിത്രകംബളസൃഷ്ടിയില്‍ (ടേപ്പസ്ട്രിയില്‍) ഉണ്ട്. ചിത്രകലയോടെന്നതിനെക്കാള്‍ അലങ്കാരകലയോടാണ് ഇതിന് അടുപ്പം. ചിത്രങ്ങളായി ചരിത്രമുഹൂര്‍ത്തങ്ങളും മറ്റും രേഖപ്പെടുത്തിവയ്ക്കുക എന്നൊരു ധര്‍മം കൂടി ടേപ്പസ്ട്രിക്കുണ്ട്. ഇവ കേടുകൂടാതെ ചുരുട്ടിയെടുത്ത് ചിത്രങ്ങളെക്കാളേറെ അനായാസേന മറ്റൊരിടത്തേക്ക് കൊണ്ടുപോകാവുന്നതാണ്. ഈ പ്രത്യേകത കാരണം അധിനിവേശഘട്ടങ്ങളില്‍ ചക്രവര്‍ത്തിമാര്‍ക്ക് പുതിയ താമസസ്ഥലങ്ങളിലേക്ക് നീങ്ങുമ്പോള്‍ അവിടത്തെ മുറികള്‍ അലങ്കരിക്കുന്നതിനായി ഇവയും കൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നു.

അപ്പോസ്തലന്മാരുടെ പ്രവര്‍ത്തികള്‍ എന്ന റാഫോലിന്റെ രചനയെ ആധാരമാക്കിയുള്ള ടേപ്പസ്ട്രിയില്‍ നിന്നൊരു ഭാഗം.ബ്രസ്സല്‍സ് 1515-19

നെയ്ത്തിന്റെ ആവിര്‍ഭാവകാലത്തോളം തന്നെ ചിത്രകംബളസൃഷ്ടിയുടെ ചരിത്രത്തിനും പഴക്കം കാണുന്നു. എങ്കിലും ലഭ്യമായിട്ടുളള ഏറ്റവും പഴയ മാതൃക ക്രി.പി. 1483-നും 1411-നും ഇടയ്ക്കുള്ളതാണെന്നുപറയാം. ലിനന്‍ നൂലുകള്‍കൊണ്ടുണ്ടാക്കിയിട്ടുള്ളവയാണിവ. ഈജിപ്തിലെ തുട്മോസ് നാലാമന്റെ ശവകുടീരത്തില്‍നിന്നുമാണ് അവ (മൂന്നെണ്ണം) കണ്ടെടുത്തിട്ടുള്ളത്. അവയില്‍ താമരപ്പൂക്കളുടെയും പാപ്പിറസ് പൂക്കളുടെയും ആഭരണങ്ങളുടെയും ചിത്രനിരകളാണുള്ളത്. ഇതിനുമുമ്പ് സു. ബി.സി. 3000-ത്തിലേതെന്നു കരുതപ്പെടുന്ന ഒരു ടേപ്പസ്ട്രിയും ഈജിപ്തില്‍ ബനിവാസന്റെ ശവകുടീരത്തില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്ന് പറയപ്പെടുന്നു.

പൊതുവേ കമ്പിളിനൂലുകൊണ്ടാണ് ടേപ്പസ്ട്രി നിര്‍മിക്കുന്നത്. ലിനന്‍ നൂലുകൊണ്ടുള്ള രചനകളും ആദ്യകാലത്ത് ധാരാളമായുണ്ടായിരുന്നു. കൂടുതല്‍ മോടിക്കും ആകര്‍ഷണീയതയ്ക്കും വേണ്ടി സ്വര്‍ണനൂലുകളും വെള്ളിനൂലുകളും ഉപയോഗിക്കുന്ന രീതിയും വ്യാപകമായിരുന്നു. ഇത് ഉത്ക്കൃഷ്ടങ്ങളായ ഒട്ടനവധി രചനകളുടെ നാശത്തിന് കാരണമായി. സ്വര്‍ണവും വെള്ളിയും അപഹരിക്കുന്നതിനായി അവ വ്യാപകമായി നശിപ്പിക്കപ്പെട്ടതാണ് പ്രധാന കാരണം.

ചൈനീസ് ടേപ്പസ്ട്രി എന്ന പരമ്പരയില്‍ ഒരെണ്ണം,ടൂറിന്‍ 18-ാം ശ

ഒരു ചിത്രകംബളത്തിന്റെ നിര്‍മാണത്തില്‍ പൊതുവേ മൂന്നു ഘട്ടങ്ങളുണ്ടെന്നു പറയാം. ആദ്യത്തേത് രൂപരേഖ (ഡിസൈന്‍) ഉണ്ടാക്കുക എന്നതാണ്. അതിനായി തയ്യാറാക്കുന്ന ഡിസൈന്‍ 'കാര്‍ട്ടൂണ്‍' എന്നറിയപ്പെടുന്നു. നാടോടി ചിത്രകാരന്മാര്‍ മുതല്‍ റാഫെലിനെപ്പോലുള്ള വിശ്വവിശ്രുതചിത്രകാരന്മാര്‍ വരെ ഈ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഡിസൈന്‍ തയ്യാറായിക്കഴിഞ്ഞാല്‍ പിന്നെ ആവശ്യമുള്ള ചായങ്ങള്‍ മുക്കി ഊടും പാവും ശരിയാക്കുന്നു. പിന്നീട് രൂപരേഖ അനുസരിച്ച് നെയ്യുന്നു. ആദ്യകാല ചിത്രകംബളങ്ങളില്‍ ചുവപ്പ്, മഞ്ഞ, പച്ച, നീല, തവിട്ട് തുടങ്ങിയ ഏതാനും നിറങ്ങളേ ഉപയോഗിച്ചുകണ്ടിട്ടുള്ളൂ. എന്നാല്‍ പില്ക്കാലത്ത് പതിനാലായിരത്തോളം വര്‍ണങ്ങള്‍ ഇതിനായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. നെയ്യുന്നത് കൈകൊണ്ടും കാലുകൊണ്ടും പ്രവര്‍ത്തിപ്പിക്കുന്ന നാടന്‍ തറികളിലാണ്. ഇരു രീതികളും സാങ്കേതികമായി വിഭിന്നങ്ങളാണെങ്കിലും പൂര്‍ത്തിയായ മാതൃകകള്‍ ഏതാണ്ട് ഒരുപോലെ തന്നെയായിരിക്കും. നെയ്ത്തുകാരന്റെ കണ്ണുകളും കരങ്ങളുമാണ്, ഇവയുടെ നിര്‍മാണത്തിലെ ഏറ്റവും നിര്‍ണായകമായ കര്‍മം നിര്‍വഹിക്കുന്നത്. എങ്കിലും ടേപ്പസ്ട്രികള്‍ നെയ്ത്തുകാരുടെ പേരിലല്ല പൊതുവേ അറിയപ്പെടുന്നത്. ഒന്നിലധികം പേര്‍ ഒരേ ടേപ്പസ്ട്രിയുടെ സൃഷ്ടിയില്‍ നെയ്ത്തു ജോലി ചെയ്യേണ്ടിവരുന്നതുകൊണ്ടാവാം ഈ സ്ഥിതിയുണ്ടായിട്ടുള്ളത്. ഇന്ന് വിഖ്യാതമായ ടേപ്പസ്ട്രികളെല്ലാം അവയുണ്ടാക്കിച്ച രാജാക്കന്മാരുടെയോ പ്രഭുക്കന്മാരുടെയോ പേരുകളിലോ അവയുടെ ഡിസൈനര്‍മാരുടെ പേരുകളിലോ ആണ് അറിയപ്പെടുന്നത്. ചിത്രകംബളങ്ങളുടെ ചരിത്രം ഈജിപ്തിലാണ് ആരംഭിക്കുന്നതെങ്കിലും ഹീബ്രുജനതയും ഗ്രീക്കുകാരും റോമാക്കാരും ചീനക്കാരും ബകാകളുമെല്ലാം പ്രാചീന ടേപ്പസ്ട്രിരംഗത്തെ അതികായ ന്മാരാണ്. യൂറോപ്പില്‍ ക്രി. പി. 11-ാം ശ.-ത്തിലാണ് ടേപ്പസ്ട്രി വ്യാപകമായത്. എന്നാല്‍ ദക്ഷിണ യൂറോപ്പില്‍ 8-ാം ശ. മുതല്‍ അറബികള്‍ ചിത്രകംബള നിര്‍മാണം നടത്തിയിരുന്നു എന്ന് ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

6-7-ാം ശ.-ത്തിലേതെന്നു കരുതപ്പെടുന്ന ഒരു ടേപ്പസ്ട്രി

മധ്യകാലത്താണ് ചിത്രകംബളങ്ങള്‍ വ്യാപകമായി നിര്‍മിക്കപ്പെട്ടത്. പ്രൗഢിയുടെയും ആഡംബരത്തിന്റെയും ചിഹ്നങ്ങളായി അക്കാലത്ത് കൊട്ടാരച്ചുമരുകളിലും പ്രഭുമന്ദിരങ്ങളിലും ടേപ്പസ്ട്രികള്‍ ഞാത്തിയിടപ്പെട്ടു. അവ ഗൃഹോപകരണങ്ങള്‍ക്ക് വിരികളാക്കപ്പെട്ടു. സവിശേഷ ആചാരവേളകളില്‍ ചിത്രകംബളങ്ങള്‍ തൂക്കുന്ന രീതിയും അക്കാലത്ത് നിലവില്‍ വന്നിരുന്നു.

കേവല ജ്യാമിതീയ രൂപങ്ങളുടെ ചിത്രണം എന്നതില്‍ നിന്ന് ചിത്രകലയുടെ ഒട്ടുമിക്ക ശൈലികളുടെയും സ്വാംശീകരണം എന്ന നിലയിലേക്ക് ഈ അലങ്കാരകല വളര്‍ന്നുകൊണ്ടിരുന്നു. എങ്കിലും പൊതുവേ ഇവയിലുണ്ടായിരുന്ന പ്രതിപാദ്യവിഷയം മൂന്നിനങ്ങളില്‍പ്പെട്ടവയാണ് - മതപരം, പുരാവൃത്തപരം, രാജകീയം. ഗോഥിക് കാലഘട്ടത്തില്‍ ബൈബിള്‍ ദൃശ്യങ്ങളുടെ ആവിഷ്കരണത്തിനായിരുന്നു പ്രാമുഖ്യം ലഭിച്ചിരുന്നത്. ശേബാ രാജ്ഞിയുടെ കഥയും ക്രിസ്തുവിന്റെ ജ്ഞാനസ്നാനവുമെല്ലാം ഇക്കാലത്ത് അതിമനോഹരമായി ചിത്രകംബളങ്ങളില്‍ ആലേഖനം ചെയ്തു കാണുന്നുണ്ട്. ബൈസാന്റിന്‍ - സസ്സാനിയന്‍ ശൈലിയിലുള്ള നിരവധി ടേപ്പസ്ട്രികള്‍ ആദ്യകാല മാതൃകകളില്‍പ്പെടുന്നു. സെന്റ്ജെറിയോന്‍ പള്ളിയിലുണ്ടായിരുന്ന ഇത്തരം ഒരെണ്ണം ഇപ്പോള്‍ ലണ്ടനിലെയും ജര്‍മനിയിലെയും മ്യൂസിയങ്ങളില്‍ ശകലിതാവസ്ഥയില്‍ സൂക്ഷിച്ചിരിക്കുന്നു. സു. 1200-ലേതാണ് ഇതെന്നു കരുതപ്പെടുന്നു. ഗാര്‍ഹികരംഗത്ത് ഉപയോഗിക്കപ്പെട്ടിരുന്ന ചെറിയതരം ചിത്രകംബളങ്ങള്‍ 'വെര്‍ഡ്യൂറേഴ്സ്' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പൂക്കള്‍കൊണ്ടലങ്കൃതമായ 'മില്ലി - ഫ്ള്യൂയേഴ്സ്' എന്ന ഒരു ശൈലി എല്ലായിടത്തും അക്കാലത്ത് നിലനിന്നിരുന്നു.

മുന്തിരിത്തോട്ടത്തിലെ വിളവെടുപ്പ്-ഒരു ഗോഥിക് ടേപ്പസ്ട്രി

മധ്യകാല ടേപ്പസ്ട്രിയില്‍ ഒരു കുതിച്ചുചാട്ടം സംഭവിച്ചത് പാരീസിലാണ്. അക്കാലത്ത് ചാള്‍സ് അഞ്ചാമന്‍ (ക്രി.പി. 1364) തന്റെ സഹോദരന്മാരായ ബെറി, ബര്‍ഗന്‍ഡി എന്നിവരോടൊപ്പം ഈ കലയുടെ ഉന്നമനത്തിനായി ഏറെ ശ്രമിക്കുകയുണ്ടായി. ഈ ഘട്ടത്തിലാണ് എക്കാലത്തെയും വലിയ ചിത്രകംബള നെയ്ത്തുകാരനായ നിക്കോളാസ് ബതെലി തന്റെ രചനകള്‍ക്ക് നവരൂപം നല്‍കിയത്. അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധരചന 'അപ്പോകാലിപ്സ് ഒഫ് ആങ്കേര്‍സ്' ആണ്. ഇതിന് 152 മീ. നീളമുണ്ട്. ഏഴു വലിയ ഭാഗങ്ങളാണ് ഇതിലുള്ളത്. ഓരോ ഭാഗത്തിനും രണ്ടു തട്ടുകളിലായാണ് ചിത്രങ്ങള്‍ ചേര്‍ത്തിട്ടുള്ളത്. 1375-നും 1379-നും ഇടയ്ക്കാണ് ഇതിന്റെ രചന. ഴാങ് ഡിബോന്‍ഡോള്‍ എന്ന ആസ്ഥാനചിത്രകാരനാണ് ഇതിന്റെ ഡിസൈനര്‍. ബതൈലിയുടെ മറ്റൊരു പ്രശസ്തമായ രചന 'ദി നയന്‍ വര്‍ത്തീസ്' ആണ്. ഇത് ഒരേ സമയം ബൈബിള്‍ കഥാപാത്രങ്ങളുടെയും ചരിത്രനായകന്മാരുടെയും സമകാലികപ്രമാണിമാരുടെയും ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്.

ചിത്രകംബളങ്ങളുടെ ചരിത്രത്തില്‍ ഏറെ ശ്രദ്ധേയമായി നില്‍ക്കുന്ന ഒരിടമാണ് അറാസ്. യൂറോപ്യന്‍ ടേപ്പസ്ട്രിയുടെ ആസ്ഥാനം തന്നെയായിരുന്നു 13-14 ശ.-ങ്ങളില്‍ ഇവിടം. എങ്കിലും ഇവിടത്തെ രചനകളില്‍ ഇന്നവശേഷിക്കുന്നത് ഏതാനും എണ്ണം മാത്രമാണ്. അക്കൂട്ടത്തില്‍ ഏറ്റവും മികച്ചത് ടൂര്‍ണായി പള്ളിയിലുളള 'ദ് സ്റ്റോറി ഒഫ് സെന്റ് പിയറ്റ് ആന്‍ഡ് എല്യൂതെറെ' ആണെന്നു കരുതുന്നു. 1402-ലേതാണ് ഈ രചന. ടൂര്‍ണായിയിലെ 'ദ് നൈറ്റ് ഒഫ് ദ് സ്വാന്‍', 'ദ് സ്റ്റോറി ഒഫ് അലക്സാണ്ടര്‍' എന്നിവയും മികച്ച രചനകളാണ്. 16-ാം ശ.-ത്തില്‍ ബ്രസ്സല്‍സ് ആയിരുന്നു ടേപ്പസ്ട്രി രംഗത്ത് ഗണ്യമായ മുന്നേറ്റം നടത്തിയത്. ഇക്കാലത്ത് ബ്രസ്സല്‍സിലെ പല നഗരങ്ങളില്‍ നിന്നും യൂറോപ്പിലേക്ക് ചിത്രകംബളങ്ങള്‍ കയറ്റുമതി ചെയ്തിരുന്നു. സാധാരണ ജനങ്ങളുടെ ജീവിതദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ശ്രമം ഇക്കാലത്തെ ഒരു പ്രത്യേകതയാണ്. രാജാക്കന്മാരുടെ യുദ്ധവിജയങ്ങള്‍ ടേപ്പസ്ട്രിയാക്കുക എന്നൊരു ശൈലിയും ഇക്കാലത്ത് നിലവില്‍ വന്നിരുന്നു.

വില്യം മോറീസ് ഡിസൈന്‍ ചെയ്ത കമ്പിളിടേപ്പസ്ട്രി-ഇംഗ്ലണ്ട്

ഇറ്റലിയിലുണ്ടായ സാംസ്കാരിക നവോത്ഥാനം ചിത്രകംബളരംഗത്തെയും ഗണ്യമായി സ്വാധീനിക്കാനിടയായി. ഒരു 'നവോത്ഥാന ടേപ്പസ്ട്രി ശൈലി' തന്നെ ഇക്കാലത്ത് ഉടലെടുക്കുകയുണ്ടായി. പോപ്പ് ലിയോ പത്താമന്റെ നിര്‍ദേശാനുസരണം സൃഷ്ടിച്ച 'അപ്പോസ്തലന്മാരുടെ പ്രവൃത്തികള്‍' എന്ന ടേപ്പസ്ട്രിയാണ് ഈ ശൈലിയുടെ മികച്ച മാതൃക. പീറ്റര്‍ വാന്‍ എയ്ത്സ്റ്റ് എന്നയാള്‍ ബ്രസ്സല്‍സിലെ വിഖ്യാത നെയ്തുകാരായ വില്‍ഹെം പന്നെമാക്കര്‍, ഫ്രാന്‍സ് ഗ്യൂബൈല്‍സ് എന്നിവരോടൊപ്പം ചേര്‍ന്നാണ് ഇതു നിര്‍മിച്ചത്. തിരക്കു തോന്നിപ്പിക്കുന്ന ഗോഥിക്ശൈലിയില്‍ നിന്നുള്ള വഴിമാറ്റമാണ് ഇതിലൂടെ പ്രകടമായ ശൈലീപരിണാമം. വിശ്രുത ചിത്രകാരനായ റാഫേലായിരുന്നു ഇതിന്റെ കാര്‍ട്ടൂണുകള്‍ രചിച്ചത്.

17-ാം ശ.-ത്തില്‍ ബറോക് ശൈലിയിലുള്ള ചിത്രകംബളങ്ങള്‍ വ്യാപകമായി. ഇക്കാലത്തെ രചനകളില്‍ മുഖ്യമായവ 'ദ് സ്റ്റോറി ഒഫ് അചിലിസ്' 'ദ് സ്റ്റോറി ഒഫ് ഓര്‍ലിയന്‍ ആന്‍ഡ് സെനോബിയ' എന്നിവയാണ്. ഇക്കാലത്തെ മുഖ്യ കലാകാരന്മാര്‍ ജാന്‍ റെയ്സ്, മാര്‍ട്ടിന്‍ റെയ്ം ബൗസ് എന്നിവരും ലെനിയേഴ്സ് കുടുംബാംഗങ്ങളുമായിരുന്നു.

18-ാം ശ.-ത്തില്‍ 'ടെനിയേഴ്സ് ടേപ്പസ്ട്രി' എന്നൊരു ശൈലി തന്നെ നിലവില്‍ വന്നു. പ്രസിദ്ധ ചിത്രകാരനായ ഡേവിഡ് ടെനിയേഴ്സ് രണ്ടാമന്റെ കാര്‍ട്ടൂണുകളെ അവലംബിച്ചുണ്ടാക്കിയ ചിത്രകംബളപരമ്പരകളാണ് ഇവ. അവയിലേറെയും ഗ്രാമീണദൃശ്യങ്ങളായിരുന്നു അവതരിപ്പിച്ചിരുന്നത്. പതിനെട്ടാം ശതകത്തിലെ പ്രസിദ്ധ രചനകള്‍ ഓര്‍ഡിയുടെ ദ് ന്യൂ ഇന്ത്യന്‍ ഹന്‍ഡ്സ് (1727), കണ്‍ട്രി പ്ലഷേഴ്സ് (1730), വില്ലേജ് ഫെസ്റ്റിവല്‍സ് (1736) എന്നിവയാണ്.

ഒരു കമ്പിളി ടേപ്പസ്ട്രി

19-ാം ശ.-ത്തില്‍ ടേപ്പസ്ട്രിരംഗത്ത് ഗോബ്ളിന്‍സ് ആയിരുന്നു ഏറെ ശ്രദ്ധേയനായത്. 20-ാം ശ.-ത്തില്‍ ഴാങ് ലുര്‍കാറ്റിന്റെ സാന്നിധ്യം ഈ രംഗത്ത് പുതിയൊരു ചൈതന്യം സൃഷ്ടിച്ചു. 20-ാം ശ.-ത്തില്‍ ടേപ്പസ്ട്രി രംഗത്തുണ്ടായ ഒരു മുന്നേറ്റം ഫ്രാന്‍സില്‍ 'അസ്സോസിയേഷന്‍ ഒഫ് ടേപ്പസ്ട്രി കാര്‍ട്ടൂണ്‍ പെയിന്റേഴ്സ്' സ്ഥാപിതമായതാണ്. ലൂര്‍കാറ്റിന്റെ നേതൃത്വത്തില്‍ 1945-ലാണ് ഇത് സ്ഥാപിതമായത്. '46-ല്‍ കിട്ടാവുന്നത്ര ചിത്രകംബളങ്ങള്‍ സമാഹരിച്ച് ഇവര്‍ നടത്തിയ പ്രദര്‍ശനവും ശില്പശാലയുമാണ് മറ്റൊരു ചരിത്രപ്രസിദ്ധമായ സംഭവം.

ചുമരിലൊട്ടിക്കാവുന്ന തരം അലങ്കാരക്കടലാസുകളുടെയും മറ്റും വരവോടെ 'വലിയ വില നല്‍കേണ്ടുന്ന' ഈ കലാരൂപത്തിന്റെ തിളക്കം നഷ്ടപ്പെട്ടതുടങ്ങി എങ്കിലും തറികളില്‍ പിറക്കുന്ന ഈ ചിത്രകല ഇന്നും പാരമ്പര്യത്തിന്റെ അമൂല്യമായ ഈടുവയ്പുകളിലൊന്നായി കരുതപ്പെടുകയും നാമമാത്രമായെങ്കിലും സംരക്ഷിക്കപ്പെട്ടുപോരുകയും ചെയ്യുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍