This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടേണര്‍, ജെ. എം. ഡബ്ളിയു (1775-1851)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടേണര്‍, ജെ. എം. ഡബ്ളിയു (1775-1851)

Turner,J.M.W

ഇംഗ്ലീഷ് ചിത്രകാരന്‍. പൂര്‍ണനാമം ജോസഫ് മലോഡ് വില്യം ടേണര്‍ എന്നാണ്. പ്രകൃതിദൃശ്യാവിഷ്കരണത്തില്‍ ഏറ്റവും പ്രശസ്തി നേടിയ ചിത്രകാരനാണിദ്ദേഹം. ഇംഗ്ലണ്ടിലെ റോയല്‍ അക്കാദമി സ്കൂളില്‍ വിദ്യാര്‍ഥിയായിരുന്ന ടേണര്‍ പതിനഞ്ചാമത്തെ വയസ്സിലാണ് ഒരു വാട്ടര്‍ കളര്‍ ചിത്രം അക്കാദമിയില്‍ പ്രദര്‍ശിപ്പിച്ചത്. നാലു വര്‍ഷക്കാലം അക്കാദമിയില്‍ പരിശീലനം നേടിയ ടേണര്‍ അക്കാലത്തുതന്നെ തോമസ് മാള്‍ട്ടന്‍ എന്ന വാട്ടര്‍ കളര്‍ സ്പെഷ്യലിസ്റ്റിന്റെ ശിഷ്യനുമായിരുന്നു.

1792 മുതല്‍ ടേണര്‍ പല പ്രദേശങ്ങളും സന്ദര്‍ശിച്ച് പ്രകൃതിദൃശ്യങ്ങള്‍ ക്യാന്‍വാസില്‍ പകര്‍ത്തി. സമകാലികനായ ഗിര്‍ടിന്റെ ചിത്രങ്ങളെക്കാള്‍ മിഴിവേറിയ രചനകളായിരുന്നു ടേണറുടേത്. വാട്ടര്‍കളറില്‍ രചന ആരംഭിച്ച ടേണര്‍ 1796-ല്‍ ആദ്യത്തെ ഓയില്‍ പെയിന്റിങ്ങായ 'ഫിഷര്‍മെന്‍ അറ്റ് സീ' അക്കാദമിയില്‍ പ്രദര്‍ശിപ്പിച്ചു. പതിനേഴാം നൂറ്റാണ്ടിലെ ഡച്ച് മറൈന്‍ ചിത്രരചനയെ അനുസ്മരിപ്പിക്കുന്ന ഒരു സൃഷ്ടിയായിരുന്നു ഇത്.

'സ്നോ സ്റ്റോം'-ടേണറുടെ എണ്ണച്ചായ ചിത്രം

1799-ല്‍ റോയല്‍ അക്കാദമിയിലെ അസ്സോസിയേറ്റായി ടേണര്‍ തിരഞ്ഞെടുക്കപ്പെട്ടു. 1802-ല്‍ ഏറ്റവും ചെറുപ്പക്കാരനായ അക്കാദമിഷ്യനായും മാറി. കഠിനയത്നത്തിലൂടെ ടേണര്‍ സമ്പന്നനും പ്രശസ്തനുമായി. പില്‍ക്കാലത്ത് ഡച്ച് സ്വാധീനത്തില്‍നിന്നു മുക്തനായ ടേണര്‍ ക്ളോഡിന്റെയും വില്‍സന്റെയും പാത പിന്തുടര്‍ന്നു. പ്രകൃതിദൃശ്യചിത്രരചനയില്‍ പുതിയൊരു സങ്കേതംതന്നെ ഉരുത്തിരിച്ചെടുക്കാന്‍ ടേണര്‍ക്കുകഴിഞ്ഞു. ഇദ്ദേഹത്തിന്റെ പ്രസിദ്ധചിത്രമായ 'ഷിപ്റെക്ക്' പോലെയുള്ള രചനകളില്‍ റൊമാന്റിക് ഭാവമാണ് മുന്തി നില്‍ക്കുന്നത്.

ഇംഗ്ലണ്ടും ഫ്രാന്‍സുമായുള്ള യുദ്ധത്തിന്റെ ഇടവേളയില്‍ മറ്റു ചില ചിത്രകാരന്മാരുമായി ടേണര്‍ പാരിസ് സന്ദര്‍ശിക്കുകയുണ്ടായി. നെപ്പോളിയന്‍ പിടിച്ചെടുത്ത ചിത്രങ്ങളുടെ പ്രദര്‍ശനം അവര്‍ കണ്ടു. പിന്നീട് സ്വിറ്റ്സര്‍ലന്റിലേക്കുപോയ ടേണര്‍ ബെല്‍ജിയം, ഹോളണ്ട് തുടങ്ങിയ പ്രദേശങ്ങളും സന്ദര്‍ശിച്ചു. മറ്റൊരു ചിത്രകാരനായ കോണ്‍സ്റ്റബിള്‍ പരിചയമുള്ള പ്രദേശങ്ങള്‍ ചിത്രരചനയ്ക്കു വിഷയമാക്കിയപ്പോള്‍ ടേണര്‍ യാത്രാവേളയില്‍ കണ്ട പല ദൃശ്യങ്ങളും ക്യാന്‍വാസില്‍ പകര്‍ത്തി. സ്വിറ്റ്സര്‍ലന്റിലെ മലനിരകളും തടാകങ്ങളും വെനീസിന്റെ നിഗൂഢ സൌന്ദര്യവും അദ്ദേഹത്തെ ഏറെ ആകര്‍ഷിച്ചു. യാത്രാവേളയില്‍ പെന്‍സില്‍ സ്കെച്ചുകളെടുത്ത് പിന്നീട് ചിത്രരചനയ്ക്ക് ഉപയോഗപ്പെടുത്തുന്ന പതിവ് ടേണര്‍ക്കുണ്ടായിരുന്നു. പ്രകൃതിയെന്നപോലെ ചരിത്രവും സാഹിത്യവും അദ്ദേഹത്തിനു പ്രചോദനം നല്‍കി. ചിത്രങ്ങള്‍ക്ക് അനുബന്ധമായി കവിതകള്‍ കുറിക്കുന്ന രീതിയും അദ്ദേഹത്തിനുണ്ടായിരുന്നു.

ടേണറുടെ സുപ്രസിദ്ധ രചനയായ 'സ്നോ സ്റ്റോം' പല നിരൂപകരുടെയും വിമര്‍ശനത്തിനു വിധേയമായെങ്കിലും ആസ്വാദകരെ ഏറെ ആകര്‍ഷിക്കുകയാണുണ്ടായത്. സസെക്സിലുള്ള ടേണറുടെ സ്റ്റുഡിയോവില്‍ ഇപ്പോഴും അനേകം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പ്രസിദ്ധ കലാനിരൂപകനായ ജോണ്‍ റസ്കിന്റെ മോഡേണ്‍ പെയ്ന്റേഴ്സ് (1843) എന്ന ഗ്രന്ഥത്തില്‍ ടേണറുടെ ചിത്രരചനകളെ വളരെ പുകഴ്ത്തിയിരിക്കുന്നു. മരണശേഷം ടേണറുടെ മൂന്നൂറോളം ചിത്രങ്ങളും പത്തൊന്‍പതിനായിരം മറ്റു രചനകളും നാഷണല്‍ ഗ്യാലറി ഏറ്റെടുത്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍