This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടേംഗ്, മുഹമ്മദ് യൂസുഫ് (1935-)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടേംഗ്, മുഹമ്മദ് യൂസുഫ് (1935-)

Taing,Mohammad Yusuf

കശ്മീരി സാഹിത്യവിമര്‍ശകന്‍. പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലും പ്രസിദ്ധന്‍. ഉര്‍ദുവിലും ഇംഗ്ലീഷിലും ഒരുപോലെ എഴുതാറുണ്ട്. 'ഷോപിയാനി'ലെ ഒരിടത്തരം പഴവര്‍ഗവ്യാപാരകുടുംബത്തില്‍ ജനിച്ചു. ജന്മനാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ജമ്മു-കാശ്മീര്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദമെടുത്തു.

1950-കളില്‍ ശ്രീനഗറില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ജഹാനിനവ് എന്ന ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിട്ടാണ് ടേംഗ് സാഹിത്യ-പത്രപ്രവര്‍ത്തന ജീവിതമാരംഭിച്ചത്. ആയിന ആഴ്ചപ്പതിപ്പിന്റെ പത്രാധിപസമിതിയിലുമംഗവുമായി. അഫ്താബ്, ജമീന്ദാര്‍, ഹക്കീക്കത്ത് തുടങ്ങിയ അക്കാലത്തെ ചില ദിനപത്രങ്ങളിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1958-ല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ച ടേംഗ്, തമീര്‍ മാസികയുടെ അസിസ്റ്റന്റ് എഡിറ്റര്‍, എഡിറ്റര്‍ എന്നീ നിലകളില്‍ (1958-60) പ്രവര്‍ത്തിച്ചു. അനന്തരം അനന്തനാഗിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി (1960). പിന്നീട് ജമ്മു-കാശ്മീര്‍ സാംസ്കാരിക അക്കാദമിയുടെ പ്രസിദ്ധീകരണമായ ഷീറാസ (ദ്വൈമാസിക)യുടെ പത്രാധിപരായി (1962). തുടര്‍ന്ന് സംസ്ഥാന സാംസ്കാരിക അക്കാദമിയുടെ ഡെപ്യൂട്ടി സെക്രട്ടറിയായും സെക്രട്ടറിയായും നിയമിതനായി. സെക്രട്ടറി പദവിയോടൊപ്പം തന്നെ സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ ഡയറക്ടര്‍ ജനറലായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചില ഇടവേളകളില്‍ സംസ്ഥാന ഇന്‍ഫര്‍മേഷന്റെയും പുരാവസ്തു-പുരാരേഖ വകുപ്പുകളുടെയും ഡയറക്ടര്‍ പദവിയും അലങ്കരിച്ചിട്ടുണ്ട്.

സമാഹര്‍ത്താവ് എന്ന നിലയിലാണ് മുഹമ്മദ് യൂസുഫ് ടേംഗ് കൂടുതല്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. കശ്മീരി ജൂബാന്‍ ഔര്‍ ശായിരി (മൂന്നു വാല്യങ്ങള്‍). ഹീ മാല്‍, ഗുല്‍ റോസ്, വലിയുല്ലാഹ് മാറ്റോ, കുലിയാത്തി മക്ബൂല്‍, കുലിയാത്തി റസൂല്‍ മീര്‍, കാശ്മീര്‍ മേം ഉര്‍ദു (മൂന്നു വാല്യങ്ങള്‍), കുലിയാത്തി മെഹ്ജൂര്‍, പര്‍ബത് ഔര്‍ പന്‍ഘട്ട്, യി ചു സണ്‍ വത്തന്‍ എന്നിവ ഇദ്ദേഹം സമ്പാദനം ചെയ്ത ഗ്രന്ഥങ്ങളാണ്. സാഹിത്യ വിമര്‍ശനം, ഭാഷാശാസ്ത്രം. ചരിത്രം, സാഹിത്യഗവേഷണം, പുരാതത്ത്വം, വാസ്തുവിദ്യ, സാംസ്കാരിക പാരമ്പര്യം, എഴുത്ത് ശൈലി, ശിലാശാസനങ്ങള്‍, ചിത്രരചന, സസ്യമൃഗജാലങ്ങള്‍ തുടങ്ങിയവയെ അടിസ്ഥാനമാക്കി ഇംഗ്ലീഷ്, ഉര്‍ദു, കശ്മീരി ഭാഷകളില്‍ നിരവധി ലേഖനങ്ങള്‍ ടേംഗ് എഴുതിയിട്ടുണ്ട്. ഇവയില്‍നിന്ന് ഇദ്ദേഹംതന്നെ തിരഞ്ഞെടുത്തു സമാഹരിച്ചവയില്‍ തലാശ് (കശ്മീരി), ഷിനഖത്ത് (ഉര്‍ദു), മൊഹ്ജര്‍ ഷെനാസി എന്നീ ഗ്രന്ഥങ്ങള്‍ പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു.

മുഹമ്മദ് യൂസുഫ് ടേംഗ് സമ്പാദനം നടത്തിയ ആതിശ്-എ-ഛിനാര്‍ (ഷെയിഖ് മുഹമ്മദ് അബ്ദുല്ലയുടെ ജീവചരിത്രപഠനം) 1988-ലെ സാഹിത്യ അക്കാദമി അവാര്‍ഡിനര്‍ഹമായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍