This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെസ്റന്‍ ദ ബോര്‍ ലിയോണ്‍ ഫിലിപ്പ് (1855

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെസ്റന്‍ ദ ബോര്‍ ലിയോണ് ഫിലിപ്പ്(1855-1913)

Teisserence De Bort Leon Philippe

ഫ്രഞ്ച് അന്തരീക്ഷ ശാസ്ത്രജ്ഞന്‍. അന്തരീക്ഷത്തിലെ സ്റ്റ്രാറ്റോസ്ഫീയര്‍ മേഖല കണ്ടെത്തിയതാണ് ഇദ്ദേഹത്തിന്റെ മികച്ച സംഭാവനയായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. അന്തരീക്ഷ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ബലൂണുകള്‍ ഉപയോഗിച്ചു തുടങ്ങിയതും ടെസ്റന്‍ ആയിരുന്നു.

1855 ന. 5-ന് പാരീസിലായിരുന്നു ടെസ്റന്‍ ദ ബോറിന്റെ ജനനം. 1880-ല്‍ പാരീസിലെ സെന്‍ട്രല്‍ ബ്യൂറോ ഒഫ് മീറ്റിയറോളജിയിലെ അന്തരീക്ഷ പഠനവിഭാഗത്തില്‍ ടെസ്റന്‍ ചേര്‍ന്നു. ആഗോളമര്‍ദ വിതരണത്തെക്കുറിച്ച് ഇദ്ദേഹം പഠനങ്ങള്‍ നടത്തിയത് ഇവിടെവച്ചാണ്. ഭൂവിജ്ഞാനീയത്തെക്കുറിച്ചും, ഭൂകാന്തികതയെക്കുറിച്ചും പഠിക്കുക എന്ന ലക്ഷ്യത്തോടെ 1883, 1885, 1887 വര്‍ഷങ്ങളില്‍ ഇദ്ദേഹം ഉത്തര ആഫ്രിക്കയില്‍ പര്യവേക്ഷണയാത്ര നടത്തി. 400 മീ. ഉയരത്തില്‍ കാണുന്ന അന്തരീക്ഷ മര്‍ദവിതരണത്തെക്കുറിച്ചു ചില പ്രധാന ചാര്‍ട്ടുകള്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചത് ഇക്കാലത്തായിരുന്നു. പിന്നീട് ബ്യൂറോയില്‍ നിന്നും രാജിവച്ച ടെസ്റന്‍ സ്വന്തമായി ഒരു സ്വകാര്യ കാലാവസ്ഥാനിരീക്ഷണകേന്ദ്രം ട്രേപ്പസില്‍ സ്ഥാപിച്ചു (1896). മേഘങ്ങളെക്കുറിച്ച് നടന്ന ഒരു ആഗോളപഠനത്തിലും (1896-97) ടെസ്റന്‍ പങ്കെടുത്തിരുന്നു.

അന്തരീക്ഷ താപനില 11-13 കി.മീറ്റര്‍ ഉയരം വരെ മാത്രമേ ഉയരത്തിനാനുപാതികമായി കുറയുന്നുള്ളുവെന്ന് ഇദ്ദേഹം കണ്ടെത്തി (1906). അതിനുശേഷം വരുന്ന മേഖലയിലെ താപനിലയില്‍ മാറ്റമൊന്നും വരുന്നില്ല എന്നതും ഇദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഈ മേഖലയ്ക്ക് ഇദ്ദേഹം സ്റ്റ്രാറ്റോസ്ഫീയര്‍ എന്നു നാമകരണം ചെയ്യുകയും ഈ മേഖലയുടെ രാസഘടനയെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു. റോയല്‍ മീറ്റിയറോളജിക്കല്‍ സൊസൈറ്റി 1908-ല്‍ ഇദ്ദേഹത്തെ 'സിമണ്‍സ് സ്വര്‍ണമെഡല്‍' നല്‍കി ആദരിച്ചു. 1913 ജനു. 2-ന് കേയ്ന്‍സില്‍ വച്ച് ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍