This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെല്ലര്‍, എഡ്വേര്‍ഡ് (1908 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെല്ലര്‍, എഡ്വേര്‍ഡ് (1908 - )

Teller,Edward

അമേരിക്കന്‍ ഭൗതികശാസ്ര്തജ്ഞന്‍. രണ്ടാം ലോകയുദ്ധകാലത്ത് മാന്‍ഹട്ടന്‍ പ്രോജക്റ്റില്‍ പ്രവര്‍ത്തിച്ച് ആദ്യ അണ്വായുധ ഹൈഡ്രജന്‍ ബോംബ് നിര്‍മിച്ചു. ഹൈഡ്രജന്‍ ബോംബിന്റെ പിതാവ്' എന്ന പേരിലാണ് ടെല്ലര്‍ കൂടുതല്‍ പ്രഖ്യാതനായിത്തീര്‍ന്നിട്ടുള്ളത്.

ടെല്ലര്‍ 1908 ജനു.15-ന് ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ജനിച്ചു. ജര്‍മനിയിലെ വിദ്യാഭ്യാസത്തിനുശേഷം 1930-ല്‍ ലീപ്സിഗ് സര്‍വകലാശാലയില്‍നിന്ന് പിഎച്ച്.ഡി. ബിരുദം നേടി. 1941-ല്‍ യു.എസ്.പൗരത്വം സ്വീകരിച്ച ടെല്ലര്‍ ഗോട്ടിങ്ഗെന്‍, വാഷിങ്ടന്‍, കൊളംബിയ, ഷിക്കാഗോ, കാലിഫോര്‍ണിയ എന്നീ സര്‍വകലാശാലകളിലും ലോസ് അലമോസ് സയന്റിഫിക് ലബോറട്ടറി, ലോറന്റ്സ് ലിവര്‍മോര്‍ ലബോറട്ടറി എന്നിവിടങ്ങളിലും ഔദ്യോഗിക സേവനമനുഷ്ഠിച്ചു.

എഡ്വേര്‍ഡ് ടെല്ലര്‍

ആദ്യ ഹൈഡ്രജന്‍ ബോംബിന്റെ നിര്‍മിതിക്കുവേണ്ട തത്ത്വം വികസിപ്പിച്ചെടുത്തതാണ് (1949-51) ടെല്ലറിന്റെ അറിയപ്പെടുന്ന സംഭാവന. പില്ക്കാലത്ത്, സമാധാനാവശ്യങ്ങള്‍ക്കായി അണ്വായുധശേഷി ഉപയോഗിക്കാനുള്ള പഠനങ്ങള്‍ക്ക് ഇദ്ദേഹം തുടക്കമിടുകയും റിയാക്റ്ററുകളുടെ സുരക്ഷാ സംവിധാനങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുകയും ചെയ്തു. അറ്റോമിക് എനര്‍ജി കമ്മിഷന്റെ റിയാക്റ്റര്‍ സേഫ്ഗാര്‍ഡ് കമ്മിറ്റിയുടെ ആദ്യത്തെ അധ്യക്ഷനായിരുന്നു ടെല്ലര്‍. ഖരാവസ്ഥാഭൌതികം, ന്യൂക്ലിയര്‍ പ്രതിപ്രവര്‍ത്തനങ്ങള്‍, തന്മാത്രാഘടന, ന്യൂക്ലിയര്‍ അനുനാദനം, ബീറ്റാ റേഡിയോ ആക്റ്റീവത, കോസ്മിക വികിരണങ്ങള്‍, കോസ്മോളജി എന്നീ മേഖലകളിലെല്ലാം ഇദ്ദേഹം പഠനങ്ങള്‍ നടത്തി. ക്വാണ്ടം മെക്കാനിക്സ്, ഭൌതിക രസതന്ത്രം, ന്യൂക്ളിയര്‍ ഭൗതികം എന്നീ വ്യത്യസ്തശാഖകളിലായി ഹൈസന്‍ബര്‍ഗ്, നീല്‍സ് ബോര്‍, ഓപ്പണ്‍ഹൈമര്‍, ജോര്‍ജ് ഗാമോ, ഫെര്‍മി, ഗോള്‍ഡ്ഹാമര്‍ മോറിസ് എന്നീ പ്രസിദ്ധ ശാസ്ര്തജ്ഞരോടൊപ്പം പ്രവര്‍ത്തിക്കാനും ടെല്ലര്‍ക്കു കഴിഞ്ഞു.

1948-ല്‍ നാഷണല്‍ അക്കാദമി ഒഫ് സയന്‍സസിലേക്കും 54-ല്‍ അമേരിക്കന്‍ അക്കാദമി ഒഫ് ആര്‍ട്ട്സ് ആന്‍ഡ് സയന്‍സസിലേക്കും ടെല്ലര്‍ തിരഞ്ഞെടുക്കപ്പെട്ടു. 1962-ല്‍ എന്റിക്കോ ഫെര്‍മി അവാര്‍ഡിനും 75-ല്‍ ഹാര്‍വി പ്രൈസിനും ഇദ്ദേഹം അര്‍ഹനായി.

ദ് സ്റ്റ്രക്ചര്‍ ഒഫ് മാറ്റര്‍, ദ് ലെഗസി ഒഫ് ഹിരോഷിമ, ദ് റിലക്റ്റന്റ് റവലൂഷനറി, ദ് കണ്‍സ്ട്രക്റ്റീവ് യൂസസ് ഒഫ് ന്യൂക്ളിയര്‍ എക്സ്പ്ളോസീവ്സ്, ഔവര്‍ ന്യൂക്ളിയര്‍ ഫ്യൂച്ചര്‍ എന്നീ ഗ്രന്ഥങ്ങളുടെ രചനയില്‍ ടെല്ലര്‍ മുഖ്യ പങ്കാളിയായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍