This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെലിമെട്രി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെലിമെട്രി

Telemetry

മര്‍ദം, വേഗത, വിദ്യുത് ധാര, താപനില, വോള്‍ട്ടത എന്നീ ഭൗതിക സ്വഭാവവിശേഷങ്ങളേയോ മറ്റുതരം ഡേറ്റയെയോ സ്രോതസ്സില്‍ നിന്നകലെയുള്ള ഒരു സ്ഥലത്ത് മാപനം ചെയ്ത് പ്രദര്‍ശിപ്പിക്കുന്നതിനെ സംബന്ധിച്ചുള്ള എന്‍ജിനീയറിങ് ശാഖ. ടെലിമീറ്ററിങ് എന്നും ഇത് അറിയപ്പെടുന്നു. ഉദാഹരണമായി, സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ബഹിരാകാശ വാഹനത്തിലെ താപനില അളന്ന് തിട്ടപ്പെടുത്തി, ആ ഡേറ്റയെ ഗ്രൗണ്ട്സ്റ്റേഷനിലേക്ക് റേഡിയൊ പ്രസരണം വഴി വിനിമയം നടത്തി അവിടെയുള്ള മീറ്ററുകളിലോ, ഡിസ്പ്ളേ പാനലുകളിലോ പ്രദര്‍ശിപ്പിക്കുന്നു. അതുപോലെ ഒരു പവര്‍ സ്റ്റേഷനിലുള്ള ബോയിലര്‍ പ്ലാന്റ്, ടര്‍ബൈനുകള്‍, ജനറേറ്ററുകള്‍, ട്രാന്‍സ്ഫോര്‍മറുകള്‍ എന്നിവയുടെ പ്രവര്‍ത്തന സവിശേഷതകള്‍ കണ്‍ട്രോള്‍റൂമിലെ മീറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു. ന്യൂക്ലിയര്‍ റിയാക്റ്ററിന്റെ കോറിലെ പ്രതിക്രിയാ ക്ഷമതയെക്കുറിച്ചുള്ള വിവരങ്ങളും മാപന മീറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നു. ഇത്തരത്തിലുള്ള എല്ലാവിധ റിമോട്ട് മീറ്ററിങ്ങും ടെലിമെട്രിയില്‍പ്പെടും. സ്രോതസ്സും മാപന മീറ്ററും തമ്മിലുള്ള അകലം ഏതാനും മീറ്ററുകള്‍ മുതല്‍ ദശ ലക്ഷം മീറ്ററുകള്‍ വരെ ആകാം.

ടെലിമെട്രിയില്‍ പ്രധാനമായി മൂന്ന് നടപടി ക്രമങ്ങളുണ്ട്. ഒന്ന്, നിര്‍ദിഷ്ട ഭൌതിക വേരിയബിള്‍ അഥവാ ചരത്തിനെ അളക്കുവാനുള്ള ഒരു സിഗ്നല്‍ ജനിപ്പിക്കുക. ഈ സിഗ്നല്‍ വൈദ്യുത രീതിയിലോ മറ്റു തരത്തിലോ ആകാം; അത് സംപ്രേഷണത്തിനനുയോജ്യമായതായിരിക്കണം എന്നു മാത്രം. രണ്ട്, മാപനത്തിലൂടെ ലഭിച്ച വിവരത്തെ മാപന ഡിസ്പ്ളേ സ്ഥിതിചെയ്യുന്ന സ്ഥലത്തിലേക്ക് പ്രേഷണം ചെയ്യുക. മൂന്ന്, ലഭിച്ച ഡേറ്റയെ പ്രദര്‍ശനയോഗ്യമാക്കാനായി രൂപാന്തരപ്പെടുത്തുക; ആവശ്യമെങ്കില്‍ അതിനെ രേഖപ്പെടുത്തി സൂക്ഷിക്കുകയോ വീണ്ടും ഡേറ്റാ പ്രോസസ്സിങ്ങ് രീതികള്‍ക്ക് വിധേയമാക്കുകയോ ചെയ്യാം.

ഡേറ്റയെ ഏതു രീതിയിലാണോ പ്രേഷണം ചെയ്യുന്നത് അതിന്റെ അടിസ്ഥാനത്തിലാണ് പൊതുവേ ടെലിമെട്രി രീതികളെ തരംതിരിക്കുന്നത്. ഇത് പ്രധാനമായും മൂന്നു വിധത്തിലുണ്ട്. യാന്ത്രിക ടെലിമെട്രി, വൈദ്യുത ടെലിമെട്രി, റേഡിയൊ ടെലിമെട്രി.

1. യാന്ത്രിക ടെലിമെട്രി. ഡേറ്റ മാപനം ചെയ്യുന്ന സ്ഥലവും അത് പ്രദര്‍ശിപ്പിക്കുന്ന സ്ഥലവും തമ്മില്‍ യാന്ത്രിക കപ്ളിങ്ങ് മൂലം ബന്ധിപ്പിക്കുന്നു. സ്രോതസ്സും ഡിസ്പ്ളേ സ്ഥലവും തമ്മിലുള്ള ദൂരം ഏതാനും വാര മാത്രമാണെങ്കില്‍ ഷാഫ്റ്റുകളും ഗിയര്‍ ട്രെയിനുകളുമുപയോഗിച്ചാണ് ഈ കപ്ലിങ്ങ് സൃഷ്ടിക്കുന്നത്. എന്നാല്‍ അകലം കൂടുതലാണെങ്കില്‍ ഹൈഡ്രോളിക്ക്/ന്യൂമാറ്റിക്ക് ആയ തരത്തിലുള്ള ദ്രവ കപ്ലിങ്ങാണുപയോഗിക്കുന്നത്; എങ്കിലും സ്രോതസ്സും ഡിസ്പ്ളേ സ്ഥലവും തമ്മിലുള്ള അകലം 200-300 മീറ്ററോളമാണ് അഭികാമ്യം.

യാന്ത്രിക മാധ്യമത്തിലെ ഉയര്‍ന്ന ക്ഷീണനം (attenuation), സിഗ്നലിന്റെ കുറഞ്ഞ പ്രേഷണ വേഗത, സരളവും ദക്ഷതയേറിയതുമായ യാന്ത്രിക പ്രവര്‍ധകങ്ങള്‍ (amplifiers) നിര്‍മ്മിക്കുന്നതിനുള്ള വൈഷമ്യം, പ്രേഷണ പാതയിലുടനീളം വ്യാപിച്ചു കിടക്കുന്നതും ഇടമുറിയാത്തതുമായ ഒരു യാന്ത്രിക കപ്ളീങ്ങ് മീഡിയത്തിന്റെ ആവശ്യകത എന്നിവയാണ് യാന്ത്രിക ടെലിമെട്രിയിലെ പരിമിതികളായി കണക്കാക്കപ്പെടുന്നത്.

2. വൈദ്യുത ടെലിമെട്രി. ഇവിടെ ഡേറ്റ സംപ്രേഷണം ചെയ്യുന്നത് വൈദ്യുത സിഗ്നലിലെ വോള്‍ട്ടതയുടെ അഥവാ ധാരയുടെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങളുടെ രീതിയിലാണ്.

വൈദ്യുത പവര്‍ സിസ്റ്റം, തീവണ്ടിപ്പാതകള്‍ എന്നിവയുടെ വികാസത്തോടെ 19-ാം ശ. -ത്തിന്റെ അവസാന കാലത്താണ് വൈദ്യുത ടെലിമെട്രി വ്യാപകമായത്. ആദ്യകാലത്ത് വൈദ്യുത വിതരണ സംവിധാനത്തെ നിയന്ത്രിക്കാനാണിത് ഉപയോഗിച്ചിരുന്നത്. ഉദാഹരണത്തിന് വൈദ്യുതോല്‍പാദന ശൃംഖലയിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ സ്ഥിതിചെയ്യുന്ന ജനറേറ്ററുകള്‍ക്ക് അനുഭവപ്പെടുന്ന ലോഡ് എത്രയാണെന്ന വിവരം ഒരു കേന്ദ്രത്തില്‍ ശേഖരിച്ച് അതിന്റെ അടിസ്ഥാനത്തില്‍ ശൃംഖലയിലുടനീളം അനുയോജ്യമായ രീതിയില്‍ വൈദ്യുത ലോഡിനെ ക്രമപ്പെടുത്തിയിരുന്നത് വൈദ്യുത ടെലിമെട്രിയിലൂടെയായിരുന്നു. ഇന്നത്തെ ആധുനിക വിതരണ സംവിധാനത്തില്‍, ലോഡിനെക്കുറിച്ചുള്ള ഡേറ്റയെ ആദ്യമായി അനുയോജ്യമായ രീതിയില്‍ രൂപാന്തരപ്പെടുത്തിയ ശേഷം, സംവിധാനത്തിലെ കേന്ദ്രത്തിലേക്ക് പ്രേഷണം ചെയ്യുന്നു. അവിടെ ഒരു ഡിജിറ്റല്‍ കംപ്യൂട്ടറിന് ഉപയോഗിക്കത്തക്ക രീതിയില്‍ ആ ഡേറ്റയെ വീണ്ടും മാറ്റിയെടുക്കുന്നു. അതിനുശേഷം ഡേറ്റയുടെ അടിസ്ഥാനത്തില്‍ സംവിധാനത്തെ മൊത്തമായി നിയന്ത്രിക്കുന്നത് പ്രസ്തുത കംപ്യൂട്ടര്‍ അഥവാ കംപ്യൂട്ടര്‍ നെറ്റ് വര്‍ക്ക് ആയിരിക്കും. ഇതു കൂടാതെ ഇന്ന് എണ്ണ നിര്‍മാണത്തില്‍ പൈപ്പുലൈനുകളിലൂടെയുള്ള എണ്ണ പ്രവാഹത്തിന്റെ ക്രമീകരണം, കെമിക്കല്‍ പ്രോസസ്സ് പ്ലാ‌ന്റുകളുടെ നിയന്ത്രണം, തുടങ്ങി നിരവധി മേഖലകളില്‍ വൈദ്യുത ടെലിമെട്രി ഉപയോഗിക്കപ്പെടുന്നുണ്ട്.

വൈദ്യുത ടെലിമെട്രിയില്‍ പ്രധാനമായി നാലു തരം സംവിധാനങ്ങള്‍ ഉപയോഗിക്കാറുണ്ട്.

i.വോള്‍ട്ടതാ - പ്രതിതുലന സംവിധാനം (voltage-balance system). മാപനം ചെയ്യേണ്ട ചരത്തിന് ആനുപാതികമായി ഒരു പ്രത്യേക വോള്‍ട്ടത ഉത്പാദിപ്പിക്കപ്പെടുന്നു. തന്മൂലം, ലൈന്‍ ധാരയെ പൂജ്യമായി നിലനിറുത്താന്‍ വേണ്ടി, മാപന സ്ഥലത്തുത്പാദിപ്പിക്കുന്നതിന് നേര്‍ വിപരീത ധ്രുവതയുള്ള ഒരു വോള്‍ട്ടത, സംവിധാനത്തിലെ സ്വീകരണ ഉപകരണങ്ങള്‍ ഉത്പാദിപ്പിക്കുന്നു.

ii.ധാര-പ്രതിതുലന സംവിധാനം (current-balance system). ഇതില്‍ ടെലിമീറ്റര്‍ ചെയ്യേണ്ട ചരത്തെ സൃഷ്ടിക്കുന്ന ബലത്തെ, പ്രതിതുലനം ചെയ്യാന്‍ അവശ്യമുള്ള ആര്‍മെച്ചര്‍ ബലം ഉത്പാദിപ്പിക്കാന്‍ വേണ്ടിവരുന്നത്ര വൈദ്യുത ധാര, സിസ്റ്റം ലൈനിലൂടെ, സ്വീകരണ - ഉപകരണങ്ങള്‍, കടത്തി വിടുന്നു.

ഈ രണ്ടു- സംവിധാനങ്ങളും സരള ഘടനയുള്ളവയാണ്. എന്നാല്‍ പ്രേഷണ നഷ്ടം, വിദ്യുത് രവം , കേബിള്‍ നീളം കൂടുംതോറും ഉയര്‍ന്നു വരുന്ന പ്രതികരണ സമയം എന്നിവ കാരണം സ്രോതസ്സും പ്രോസസ്സിങ്ങ് കേന്ദ്രവും തമ്മിലുള്ള ദൂരം ഒരു പരിധിയിലധികം വര്‍ധിപ്പിക്കാനാവില്ല. ഇവ കൂടാതെ സിസ്റ്റത്തിന്റെ സൂക്ഷ്മതയെ സ്വാധീനിക്കുന്ന മറ്റൊരു ഘടകം പ്രതിതുലനത്തിന്റെ കൃത്യതയാണ്.

iii.പള്‍സ് സംവിധാനം (pulse system). ഒരു വിദ്യുത് 'പള്‍സ് ട്രെയിനിലെ' പള്‍സുകളുടെ എണ്ണം, ആയാമം (amplitude), 'സ്പേസിങ്ങ്' എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ വ്യതിയാനങ്ങള്‍ എന്ന മട്ടിലാണ് ഇവിടെ വിവരം പ്രേഷണം ചെയ്യപ്പെടുന്നത്. റിസീവറില്‍ എത്തുന്ന ഓരോ പള്‍സും ഒരു സോളിനോയിഡിനെ അല്ലെങ്കില്‍ ഒരു മോട്ടോറിനെ പ്രവര്‍ത്തിപ്പിച്ച് ഔട്ട്പുട്ടിനെ ഒരു യൂണിറ്റ് (mechanical division) മുന്നോട്ട് ചലിപ്പിക്കുന്നു. പരിപഥ പരാമീറ്ററുകള്‍ക്ക് സിസ്റ്റത്തിന്റെ കൃത്യതയില്‍ ഉള്ള സ്വാധീനം കുറയ്ക്കുന്നതാണീ രീതി.

iv.ആവൃത്തി സിസ്റ്റം (frequency system). ഒരു ഇലക്ട്രോണിക് ദോലകത്തിന്റെ ഔട്ട്പുട്ടിന്റെ ആവൃത്തിയെ അല്ലെങ്കില്‍ ആയാമത്തെ മോഡുലനം ചെയ്താണ് ഇവിടെ 'വിവരം' പ്രേഷണം ചെയ്യപ്പെടുന്നത്.

പ്രതിതുലന രീതിയെ അപേക്ഷിച്ച് പള്‍സ്/ആവൃത്തി സിസ്റ്റങ്ങളുടെ സൂക്ഷ്മത ഉയര്‍ന്ന തോതിലുള്ളതാണ്. ഇവ രണ്ടിലും മള്‍ട്ടിപ്ളക്സിങ് സാധ്യമാണ്; പ്രതികരണ നിരക്കും ഇവയില്‍ ഉയര്‍ന്നതാണ്.

ടെലിവിഷന്‍ ടെലിമെട്രിയില്‍ (ടെലിവിഷന്‍ ചിത്രത്തിന്റെ രൂപത്തില്‍ വിവരം പ്രേഷണം ചെയ്യുന്ന രീതി) വ്യത്യസ്ത ആയാമങ്ങളുള്ള പള്‍സുകളായി ചിത്രത്തേയും, ഒരു ആവൃത്തി സിസ്റ്റത്തിലൂടെ ശബ്ദത്തെയും പ്രേഷണം ചെയ്യുന്നു.

3. റേഡിയൊ ടെലിമെട്രി (radio telemetry). വിദ്യുത്കാന്തിക വികിരണത്തെയാണ് ഇവിടെ പ്രേഷണ മാധ്യമമായി സ്വീകരിച്ചിരിക്കുന്നത്. 1930-ഓടെ ജര്‍മനിയിലാണിത് ആദ്യം പ്രയോജനപ്പെടുത്തിയത്. അന്ന് ഗ്രൌണ്ട് സ്റ്റേഷനിലേക്ക് കാലാവസ്ഥനിരീക്ഷണ ബലൂണുകളിലെ ഡേറ്റ, ടെലിമീറ്റര്‍ ചെയ്തത്, റേഡിയൊ ടെലിമെട്രിയിലൂടെയാണ്. പിന്നീട് 1930-തുകളില്‍ വിമാനങ്ങളിലേയും ഡ്രോണുകളിലേയും ഡേറ്റ ടെലിമീറ്റര്‍ ചെയ്യാനും ഈ രീതി പ്രയോജനപ്പെടുത്തി. ഇന്ന് മിസൈല്‍ സാങ്കേതിക വിദ്യയുടെയും ബഹിരാകാശ സാങ്കേതിക വിദ്യയുടെയും ഒരവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു റേഡിയൊ ടെലിമെട്രി. ആളുകളില്ലാത്ത ബഹിരാകാശ വാഹനങ്ങള്‍, കൃത്രിമ ഉപഗ്രഹങ്ങള്‍ എന്നിവ ഉപയോഗിച്ച് പരിസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ (താപനില, വായുവിന്റെ സാന്ദ്രത, വികിരണ സാന്ദ്രത, വളരെ സൂക്ഷ്മമായ വാനശിലകള്‍ (micrometeorites) മൂലമുള്ള ഉരസല്‍), വാഹനങ്ങളുടെ വിവരങ്ങള്‍ (വിരൂപണം, താപനില, കമ്പനം), എന്നിവയെല്ലാം ഇന്ന് റേഡിയൊ ടെലിമെട്രിയിലൂടെ ലഭ്യമാകുന്നു.

വളരെ സങ്കീര്‍ണമായൊരു മേഖലയാണിത്. മിസൈല്‍ സാങ്കേതിക വിദ്യയില്‍ റേഡിയൊ ടെലിമെട്രി ഉപയോഗിക്കുമ്പോള്‍ 30- ഓ അതിലധികമോ ചരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഒരേ സമയം നല്‍കാനാകണം; വളരെ സരളവും ഒതുങ്ങിയതും, ഭാരം കുറഞ്ഞതും, ചെലവു കുറഞ്ഞതുമായ ഒരു ട്രാന്‍സ്മിറ്ററിലൂടെ വളരെ സൂക്ഷ്മതയോടെ ഡേറ്റ പ്രേഷണവും ചെയ്യണം. വിവരം പ്രേഷണം ചെയ്യാന്‍ ഏതു രീതിയിലുള്ള മള്‍ട്ടിപ്ളെക്സിങ്ങാണോ സ്വീകരിക്കുന്നത് (ആവൃത്തിയിലോ സമയത്തിലോ രണ്ടിലുമോ ഇത് സാധ്യമാണ്) അതിന്റെ അടിസ്ഥാനത്തില്‍ റേഡിയൊ ടെലിമെട്രിയെ രണ്ടായി വര്‍ഗീകരിക്കാം. ഇന്ന് പൊതുവേ സ്വീകരിക്കാറുള്ള രീതിയാണ് PAM-FM-FM (pulse amplitude modulation-frequency modulation) സിസ്റ്റം. ഇതിന് മൂന്ന് മോഡുലേഷന്‍ ഘട്ടങ്ങളുണ്ട്. എല്ലാ വിവര ചാനലുകളും വൈഡ്-ബാന്‍ഡോ നാരോ- ബാന്‍ഡോ ആണെങ്കില്‍ രണ്ട് മോഡുലേഷന്‍ ഘട്ടങ്ങള്‍ മതിയാകും (യഥാക്രമം FM-FM,PAM-FM). അവസാന ഘട്ടത്തില്‍ FM -നുപകരം AM -ഓ PM-ഓ ഉപയോഗിക്കാവുന്നതാണ്. PAM നുപകരം PDM/PPM/PCM (pluse duration modulation/pulse position modulation /pluse code modulation) എന്നിവയിലൊന്നുപയോഗിക്കാം.

വിവര സിഗ്നലുകളുടെ മള്‍ട്ടിപ്ളെക്സിങ് സൗകര്യവും, റേഡിയൊ ആവൃത്തി ബാന്‍ഡിലേക്ക് രൂപപ്പെടുത്താമെന്നതും, റേഡിയൊ ടെലിമെട്രിയില്‍ ആവശ്യാനുസരണം വ്യത്യസ്ത രീതിയിലുള്ള മോഡുലന രീതികള്‍ സ്വീകരിക്കാന്‍ നമ്മെ സഹായിക്കുന്നു.

ആവശ്യമായ ബാന്‍ഡ്വിഡ്ത്ത്, ത്രെഷോള്‍ഡ് (റിസീവറിലെ സിഗ്നല്‍ സ്ട്രെല്‍തിന്റെ, ഏറ്റവും താഴ്ന്ന പരിധി), വിവര ദക്ഷത, ക്രോസ്ട്ടാക്, രേഖീയ ട്രാന്‍സ്മിറ്ററുകള്‍ നിര്‍മിക്കുന്നതിനുള്ള പ്രയാസം, ട്രാന്‍സ്മിറ്ററിന്റെ പ്രവര്‍ത്തനത്തില്‍ ഷോക്ക്, കമ്പനം എന്നിവയ്ക്കുള്ള സ്വാധീനത്തിന്റെ അളവ്, അനുവദനീയമായ സിസ്റ്റം സങ്കീര്‍ണത, ഫെക്സിബിളിറ്റി, എന്നിവയുടെ അടിസ്ഥാനത്തിലാണ് മള്‍ട്ടിപ്ളെക്സിങ്, മോഡുലന രീതികള്‍ തിരഞ്ഞെടുക്കുന്നത്.

ഇല്കട്രോണിക് വാര്‍ത്താവിനിമയ ഉപകരണങ്ങളോട് സാദൃശ്യമുള്ളവയാണിവയിലെ ഉപകരണ സംവിധാനമെങ്കിലും ചില സുപ്രധാന വ്യതിയാനങ്ങള്‍ ഇവിടെ പ്രസ്താവ്യമാണ്.

i.കമ്യൂട്ടേറ്റര്‍. റിസീവറില്‍ ഒരു കമ്യൂട്ടേറ്ററോ ടൈം ഫില്‍റ്ററോ കൂടിയേ തീരൂ. ടൈം-മള്‍ട്ടി പ്ലക്സിങ് ചാനലുകളെ വേര്‍തിരിക്കാനാണിത്. ട്രാന്‍സ്മിറ്ററിലേയും, റിസീവറിലേയും കമ്യൂട്ടേറ്ററുകളെ സമകാലികമാക്കാന്‍ (synchronize) പള്‍സിന്റെ ആവൃത്തിയെത്തന്നെ ഉപയോഗിക്കാം; അല്ലെങ്കില്‍ ഇതിനായി ഒരു ചാനലിലൂടെ ഒരു സമകാലിക സിഗ്നല്‍ തന്നെ പ്രേഷണം ചെയ്യാം.

ii.സബ്ക്യാരിയര്‍ ദോലകങ്ങളും മോഡുലകങ്ങളും (modulator). ഒരു സബ്ക്യാരിയര്‍ മോഡുലകത്തെ വൈദ്യുത സിഗ്നല്‍ ഉപയോഗിച്ചും രണ്ടാമത്തേതിനെ വിവര സിഗ്നല്‍ ഉപയോഗിച്ചും ആവൃത്തി മോഡുലനം ചെയ്യുന്നു.

iii.ട്രാന്‍സ്മിറ്റര്‍, റിസീവര്‍. ഊര്‍ജോപഭോഗ നിരക്കും ഭാരവും കുറഞ്ഞ ഉപകരണങ്ങളാണ് എയര്‍-ടു-ഗ്രൗണ്ട് സിസ്റ്റങ്ങളില്‍ പ്രയോജനപ്പെടുത്തുന്നത്.

iv.ഡീമോഡുലേറ്ററുകള്‍. എത്രമാത്രം സൂക്ഷ്മതയോടെ ഡീമോഡുലേറ്ററുകള്‍ നിര്‍മിക്കാം എന്നതിന്റെ അടിസ്ഥാനത്തിലാണ് മോഡുലന, മള്‍ട്ടിപ്ളെക്സിങ് രീതികള്‍ സ്വീകരിക്കുന്നത്. നോ: സാംപിള്‍ഡ് - ഡേറ്റ കണ്‍ട്രോള്‍ സിസ്റ്റം; സെര്‍വൊമെക്കാനിസം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍