This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെലിപ്രോസസ്സിങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെലിപ്രോസസ്സിങ്

Teleprocessing

കംപ്യൂട്ടറുകള്‍ തമ്മില്‍ ഓണ്‍ലൈന്‍ രീതിയില്‍ നടത്തുന്ന വിവരകൈമാറ്റ സംവിധാനം. വാര്‍ത്താവിനിമയ ലൈനുകള്‍ വഴി ഡേറ്റ കൈമാറിയാണ് ഇത് സാധ്യമാക്കുന്നത്.

I. ഡേറ്റാ പ്രേഷണം. പ്രധാനമായി ഡിജിറ്റല്‍, അനലോഗ്, ബേസ്ബാന്‍ഡ്, ബ്രോഡ്ബാന്‍ഡ് എന്നിങ്ങനെ നാല് രീതിയിലാണ് ഡേറ്റ കൈമാറ്റം ചെയ്യപ്പെടുന്നത്.

ഡിജിറ്റല്‍ ഡേറ്റ, ബൈനെറി രീതിയിലാണ് പൊതുവേ കംപ്യൂട്ടറുകള്‍ കൈമാറ്റം ചെയ്യുന്നത്. എന്നാല്‍ ഡിജിറ്റല്‍ ഡേറ്റ, അനലോഗ് വാര്‍ത്താവിനിമയ സംവിധാനത്തിലൂടെയാണ് കൈമാറ്റം ചെയ്യപ്പെടേണ്ടതെങ്കില്‍, ഒരു മോഡം (modem) ഉപയോഗിച്ച് ആദ്യമേ തന്നെ ഡിജിറ്റല്‍ ഡേറ്റയെ അനലോഗ് ആക്കി മാറ്റുന്നു, ലക്ഷ്യത്തില്‍ എത്തിച്ചേര്‍ന്നതിനു ശേഷം മറ്റൊരു മോഡമുപയോഗിച്ച് അനലോഗ് ഡേറ്റയെ തിരികെ ഡിജിറ്റലാക്കി മാറ്റിയെടുക്കുന്നു.

അനലോഗോ ഡിജിറ്റലോ ആയ ബേസ്ബാന്‍ഡ് സിഗ്നലുകളെ അതിന്റെ യഥാര്‍ഥ ആവൃത്തിയില്‍ തന്നെയാണ് പ്രേഷണം ചെയ്യുന്നത്. ബ്രോഡ്ബാന്‍ഡ് സംവിധാനത്തില്‍ ഒരു വാഹകസിഗ്നലിനെ (carrier signal) ഡേറ്റ സിഗ്നലുപയോഗിച്ച് മോഡുലനം ചെയ്തശേഷം പ്രേഷണം ചെയ്യുന്നു. ആദ്യ കാലങ്ങളില്‍ ടെലിഫോണ്‍ കേബിളുകളിലൂടെയാണ് ഡേറ്റ വിനിമയം ചെയ്യപ്പെട്ടിരുന്നത്. തന്മൂലം മിക്ക ടെലിപ്രോസസ്സിങ് സംവിധാനവും അനലോഗ് രീതിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ പിന്നീട് കംപ്യൂട്ടറുകള്‍ വ്യാപകമായതോടെ ഡിജിറ്റല്‍ രീതിക്ക് പ്രാമുഖ്യം കൂടിവന്നു. ISDN(Integrated Services Digital Network ) വ്യാപകമാകുന്നതോടെ ശബ്ദ കംപ്യൂട്ടര്‍ രീതികള്‍ തമ്മിലുള്ള സമന്വയവും പൂര്‍ണമാകും.

II ടെലിപ്രോസസ്സിങ് രീതികള്‍. ഡേറ്റാ കൈമാറ്റം ഇന്ന് പ്രധാനമായും രണ്ടു രീതികളിലൂടെയാണ് പ്രാവര്‍ത്തികമാക്കിവരുന്നത്- ടെര്‍മിനലില്‍ നിന്ന് കംപ്യൂട്ടറിലേക്കും (terminal-to-computer), കംപ്യൂട്ടറില്‍ നിന്ന് കംപ്യൂട്ടറിലേക്കും (computer-to-computer).

1. ടെര്‍മിനല്‍ - ടു - കംപ്യൂട്ടര്‍ കൈമാറ്റം. ഇവിടെ നിയന്ത്രണം മുഴുവന്‍ നടത്തുന്നത് കേന്ദ്രത്തില്‍ സ്ഥിതിചെയ്യുന്ന ഏതാനും കേന്ദ്രീകൃത ഹോസ്റ്റ് കംപ്യൂട്ടറുകളാണ്. ഇവയാണ് സെന്‍ട്രല്‍ പ്രോസസ്സിങ് യൂണിറ്റ് ആയി പ്രവര്‍ത്തിക്കുന്നത്. കംപ്യൂട്ടറില്‍ നിന്നും വേറിട്ടു സ്ഥിതിചെയ്യുന്ന ടെര്‍മിനലുകളാണ് പെരിഫെറെല്‍ ടെര്‍മിനലുകള്‍ (peripheral terminals) എന്നറിയപ്പെടുന്നത്. സെന്‍ട്രല്‍ പ്രോസസ്സിങ് യൂണിറ്റുമായി ഇവ നേരിട്ട് ബന്ധപ്പെടുന്നത് വളരെ അപൂര്‍വമായി മാത്രമാണ്.

ആദ്യമായി വിദൂരസ്ഥ (remote) കംപ്യൂട്ടറുകളെ തമ്മില്‍ ബന്ധിപ്പിച്ച് ശൃംഖലകള്‍ സൃഷ്ടിക്കുന്നു. ഇത്തരം വിവിധ ശൃംഖലകളെ നേരിട്ട് ടെര്‍മിനല്‍ കണ്‍ട്രോളറുമായി ബന്ധപ്പെടുത്തുകയും ചെയ്യുന്നു.

സെന്‍ട്രല്‍ പ്രോസസ്സിങ് യൂണിറ്റുമായി നേരിട്ടു ബന്ധമുള്ളതും കേന്ദ്രത്തില്‍ തന്നെ സ്ഥിതിചെയ്യുന്നതുമായ കംപ്യൂട്ടറാണ് ഫ്രണ്‍ട്-എന്‍ഡ്-പ്രോസസ്സര്‍ (front-end-processor). ടെര്‍മിനല്‍ കണ്‍ട്രോളറെ ഒരു വാര്‍ത്താവിനിമയ കേബിള്‍ ലൈന്‍ വഴി പ്രസ്തുത പ്രോസസ്സറുമായി നേരിട്ട് ബന്ധിപ്പിക്കുന്നു. ഇവ തമ്മിലുള്ള ഡേറ്റ വിനിമയം നാലു രീതികളില്‍ നടപ്പാക്കാം. ആദ്യത്തേത് ഫുള്‍ ഡ്യൂപ്ളെക്സ് സംവിധാനമാണ്. ഇതില്‍ ഏകകാലത്തില്‍ ഇരു ദിശകളിലേക്കും ഡേറ്റ പ്രേഷണം ചെയ്യാനാകും. രണ്ടാമത്തെ രീതിയായ ഹാഫ്-ഡ്യൂപ്ളെക്സില്‍ ഒരു സമയത്ത് ഒരു ദിശയിലേക്കു മാത്രമേ ഡേറ്റ പ്രേഷണം സാധ്യമാകൂ. ഡേറ്റയെ, പാക്കറ്റ് രൂപത്തില്‍, സമയ-ബന്ധ, ഉള്ളടക്ക-ബന്ധ രീത്യാ പ്രേഷണം ചെയ്യുന്നതാണ് സമകാലിക (synchronous) സംവിധാനം. ഉയര്‍ന്ന വേഗതയുള്ള ഇതിനെ അപേക്ഷിച്ച് സമയ-സ്വതന്ത്ര, ഉള്ളടക്ക-സ്വതന്ത്ര രീത്യാ, പാക്കറ്റ് രൂപത്തിലുള്ള ഡേറ്റ പ്രേഷണത്തിന് (arychronous), വേഗത കുറവാണ്.

2. കംപ്യൂട്ടര്‍ - ടു - കംപ്യൂട്ടര്‍ കൈമാറ്റം. കംപ്യൂട്ടര്‍ ശൃംഖലകളുടെ രൂപീകരണത്തോടെയാണ് ഈ രീതി വ്യാപകമായത്. ഡേറ്റ സംഭരണം, ഡേറ്റ പരതല്‍, മറ്റ് തരത്തിലുള്ള പ്രോസസ്സിങ്ങ് എന്നിവയ്ക്കായി വിദൂരസ്ഥ ടെര്‍മിനലുകളിലൂടെ കേന്ദ്ര കംപ്യൂട്ടറുമായി ബന്ധം സ്ഥാപിക്കുന്നു. അടിസ്ഥാനപരമായി ഇത്തരം സംവിധാനത്തെ എട്ട് ഉപ വിഭാഗങ്ങളായി വര്‍ഗീകരിക്കാം.

കേന്ദ്ര കംപ്യൂട്ടര്‍ സിസ്റ്റത്തെ ഒരു സംഭരണ സംവിധാനം എന്ന മട്ടില്‍ പ്രയോജനപ്പെടുത്തി വിദൂര സ്ഥലത്തുള്ള വര്‍ക്ക്സ്റ്റേഷനുകളിലൂടെ ഉപയോക്താവ് നല്‍കുന്ന ക്വറിക്ക് (വിവരം ആവശ്യപ്പെട്ടുകൊണ്ടുള്ള കമാന്‍ഡ്) മറുപടി ലഭ്യമാക്കുന്ന അന്വേഷണ, പ്രതികരണ സിസ്റ്റമാണ് ഇവയില്‍ ആദ്യത്തെ വിഭാഗം. തീവണ്ടി, വിമാനം തുടങ്ങിയ ഗതാഗത സര്‍വീസുകളിലെ സീറ്റ് റിസര്‍വേഷന്‍, ഹോട്ടല്‍ മുറി ബുക്കിങ് എന്നിവയ്ക്കുപയോഗിക്കുന്ന സിസ്റ്റങ്ങള്‍ ഇതിനുള്ള ഉദാഹരണങ്ങളാണ്.

വര്‍ക്ക് സ്റ്റേഷനുകളില്‍ നിന്ന് ഉപയോക്താവ് നല്‍കുന്ന ഡേറ്റ കൂടാതെ, ഇതര മാര്‍ഗങ്ങളിലൂടെ (ഉദാഹരണമായി പീടികയിലെ ഓണ്‍ലൈന്‍ ക്യാഷ് രജിസ്റ്റര്‍) ലഭിക്കുന്ന വിവരം കൂടി സംഭരിച്ചുവയ്ക്കുന്നവയെ ഡേറ്റ സംഭരണ/ഡേറ്റ സംഗ്രാഹക/ഡേറ്റ എന്‍ട്രി സിസ്റ്റം എന്ന് സൂചിപ്പിക്കുന്നു. ബാങ്കുകളിലെ പണ ഇടപാടുകള്‍, കാലാവസ്ഥ നിരീക്ഷണം മുതലായവയെ സംബന്ധിച്ച ഡേറ്റ സംഭരിച്ചുവയ്ക്കുന്ന സിസ്റ്റങ്ങള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണ്.

മുകളില്‍ സൂചിപ്പിച്ച രണ്ട് ഇനങ്ങളിലും വീദൂരസ്ഥ ടെര്‍മിനലുകളില്‍ നിന്ന് കേന്ദ്ര സിസ്റ്റത്തിലേക്കായിരിക്കും കൂടുതല്‍ അളവിലുള്ള ഡേറ്റ ഒഴുക്ക് നടക്കുക. മറിച്ച് നേര്‍ വിപരീത ദിശയിലേക്ക് - കേന്ദ്ര സിസ്റ്റത്തില്‍ നിന്ന് വര്‍ക്ക് സ്റ്റേഷനുകളിലേക്കും മറ്റും ഉയര്‍ന്ന തോതില്‍ ഡേറ്റ ഒഴുക്ക് അനുഭവപ്പെടുന്ന സംവിധാനമാണ് ഡേറ്റ വിതരണ സിസ്റ്റം. ഇവയില്‍ ഡേറ്റ പുതുക്കപ്പെടുന്നത് തല്‍സമയ രീതിയിലായിരിക്കും. വിമാനം, തീവണ്ടി തുടങ്ങിയവ പുറപ്പെടുന്നതോ, എത്തിച്ചേരുന്നതോ ആയ സമയം സൂചിപ്പിക്കുന്ന സിസ്റ്റങ്ങള്‍ ഇവയ്ക്കുള്ള ഉദാഹരണങ്ങളാണ്.

പരസ്പരം നടത്തുന്ന ക്രിയകളിലൂടെ (interaction) ടൈം ഷെയെറിങ് രീതിയില്‍ ഉപയോക്താക്കളുമായി ബന്ധം സ്ഥാപിക്കുന്നവയാണ് 'സംഭാഷണ' സിസ്റ്റങ്ങള്‍. കംപയിലെര്‍, അസെംബ്ളെര്‍ തുടങ്ങി കേന്ദ്ര കംപ്യൂട്ടര്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വ്യത്യസ്ത സിസ്റ്റം സോഫ്റ്റ്വെയെര്‍/ആപ്ളിക്കേഷന്‍ പാക്കേജ് എന്നിവയെ ഒന്നിലധികം ഉപയോക്താക്കള്‍ക്ക് ടൈം ഷെയെറിങിലൂടെ ലഭ്യമാക്കുന്ന സിസ്റ്റങ്ങളാണിവ.

റിമോട്ട് ജോബ് എന്‍ട്രി (ആര്‍ജെഇ) അഥവാ ബാച്ച് എന്‍ട്രി സിസ്റ്റമാണ് വേറൊരു വിഭാഗം. വിദൂരസ്ഥ വര്‍ക്ക്സ്റ്റേഷനുകളില്‍ നിന്ന് ബാച്ച് രൂപത്തില്‍ 'ജോബുകള്‍' സ്വീകരിച്ച്, കേന്ദ്ര കംപ്യൂട്ടര്‍ അവയെക്കൂടി അതിന്റെ ബാച്ച് ക്യൂവില്‍ ഉള്‍ക്കൊള്ളിക്കുന്നു. 'ജോബുകളുടെ' പ്രോസസ്സിങ് പൂര്‍ത്തിയായി ഔട്ട്പുട്ട് ലഭിക്കുന്ന മുറയ്ക്ക് കേന്ദ്ര സിസ്റ്റം അവയുടേതായ വര്‍ക്ക്സ്റ്റേഷനുകളിലേക്ക് യഥാക്രമം പ്രേഷണം ചെയ്യുന്നു.

ഡേറ്റ സംഭരണ, ഡേറ്റ വിതരണ സിസ്റ്റങ്ങളുടെ, ഒരു പ്രത്യേക ഉപവിഭാഗമായി കണക്കാക്കാവുന്ന മെസേജ് സ്വിച്ചിങ് സിസ്റ്റങ്ങളാണ് ആറാമത്തെ ഇനം. ചില സംവിധാനങ്ങള്‍ വഴി വിവരങ്ങള്‍ ശേഖരിച്ച് സംഭരിച്ച ശേഷം മറ്റ് ഉപകരണങ്ങളിലേക്ക് പ്രസ്തുത ഡേറ്റയെ കൈമാറ്റം ചെയ്യുന്നവയാണിവ. 'സ്റ്റോര്‍ ആന്‍ഡ് ഫോര്‍വേഡ്' സിസ്റ്റം എന്നും ഇവ അറിയപ്പെടുന്നു. ബൃഹത്ത് കംപ്യൂട്ടര്‍ ശൃംഖലകളില്‍ വിവര പ്രേഷണം, ഇലക്ട്രോണിക് മെയില്‍ എന്നിവ പ്രാവര്‍ത്തികമാക്കാന്‍ ഇവ ഉപകരിക്കുന്നു.

അന്വേഷണ പ്രതികരണ സിസ്റ്റത്തിന്റെ രീതിയില്‍ പ്രവര്‍ത്തിക്കുന്ന വെബ് സെര്‍വിങ് സിസ്റ്റമാണ് ഏഴാമത്തെ വിഭാഗം. വേള്‍ഡ് വൈഡ് വെബിലൂടെ ലഭ്യമാക്കപ്പെടുന്ന വിവരങ്ങള്‍ അന്വേഷണ പരതലിലൂടെ കണ്ടെത്താനും വെബ് സെര്‍വെറുകള്‍ ആവശ്യപ്പെടുന്ന ഡേറ്റ അവയിലേക്ക് അയച്ചു കൊടുക്കാനും ഇത്തരം സിസ്റ്റങ്ങള്‍ പ്രയോജനപ്പെടുന്നു.

ഡേറ്റ വെയെര്‍ഹൗസിങ്, ഡേറ്റ മൈനിങ് എന്നിവയ്ക്കുള്ള സംവിധാനങ്ങളാണ് എട്ടാമത്തെ ഇനം. ഡേറ്റ വെയെര്‍ഹൌസില്‍ സൂക്ഷിച്ചിട്ടുള്ള ഡേറ്റയെ ക്വറികള്‍ ഉപയോഗിച്ച് വിശകലനം ചെയ്യുവാനും അവയുടെ അടിസ്ഥാനത്തില്‍ പുതിയതോ അവയുമായി ബന്ധമുള്ളതോ ആയ വിവരങ്ങള്‍ കണ്ടെത്തുവാനും ഇത്തരം സിസ്റ്റങ്ങള്‍ സഹായിക്കുന്നു.

ആവശ്യമെങ്കില്‍ ഒരേ സിസ്റ്റത്തില്‍ തന്നെ ഒന്നിലധികം രീതികളും പ്രാവര്‍ത്തികമാക്കാനാവും. മോണിറ്ററിങ് സിസ്റ്റങ്ങളെ അടിസ്ഥാനപരമായി ഒരു ഡേറ്റ സംഗ്രാഹക സിസ്റ്റമായിത്തന്നെ കണക്കാക്കാവുന്നതാണെങ്കിലും ഇവയിലേയ്ക്ക് ഇന്‍പുട്ട് നല്‍കുന്നത് ടെര്‍മിനലുകളിലൂടെയാവില്ല, മറിച്ച് മറ്റ് ഉപകരണങ്ങളില്‍കൂടി ആയിരിക്കും; ഉദാഹരണമായി രാസപ്രക്രിയകളുടെ പുരോഗതി നിയന്ത്രിക്കുന്ന ട്രാന്‍സ്ഡൂസെറില്‍ നിന്ന് ഇന്‍പുട്ട് സ്വീകരിക്കാം. വ്യത്യസ്ത പ്രവൃത്തികളെ ക്ളോസ്ഡ് ലൂപ്പ് മോണിറ്ററിങ് രീതിയില്‍ നിയന്ത്രിക്കുന്ന പ്രോസസ്സ് കണ്‍ട്രോള്‍ സംവിധാനം (process control system), ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (electronic fund transfer) സംവിധാനം, ഉപയോക്താവ് ആവശ്യപ്പെടുന്ന മുറയ്ക്ക് കേബിള്‍ ടിവി ശൃംഖലകള്‍ വഴി ഡിജിറ്റല്‍ വിഡിയൊ ലഭ്യമാക്കുന്ന വിഡിയൊ സെര്‍വെറുകള്‍, മുതലായവയും ഇത്തരം വര്‍ഗീകരണത്തില്‍ ഉള്‍പ്പെടുന്നവയാണ്.

സവിശേഷതകള്‍. കംപ്യൂട്ടര്‍ ശൃംഖലകളിലെ സിഗ്നലിങ് സാങ്കേതികവിദ്യ, പ്രേഷണ മാധ്യമം, അവയുടെ ടോപ്പോളജി, അവയില്‍ പ്രാവര്‍ത്തികമാക്കപ്പെട്ടിരിക്കുന്ന അക്സെസ് കണ്‍ട്രോള്‍ സംവിധാനം എന്നിവ ടെലിപ്രോസസ്സിങുമായി ബന്ധപ്പെട്ട പ്രധാന ഘടകങ്ങളാണ്.

സിഗ്നലുകള്‍ ബേസ്ബാന്‍ഡ്/ബ്രോഡ്ബാന്‍ഡ്/അനലോഗ്/ഡിജിറ്റല്‍ രീതിയില്‍ കൈമാറ്റം ചെയ്യപ്പെടുന്നു. പ്രകാശ സിഗ്നലുകള്‍ക്ക് ഫൈബെര്‍ ഓപ്പ്റ്റിക് കേബിളുകള്‍, വിദ്യുത് സിഗ്നലുകള്‍ക്ക് പിരിച്ച ഇരട്ട കമ്പി (twisted pair wire) അഥവാ സമാക്ഷകേബിള്‍ (coaxial cable), റേഡിയോ സിഗ്നലുകള്‍ക്ക് (മൈക്രോതരംഗം, എസി റേഡിയൊ തരംഗം) ആന്റിന, കൃത്രിമ ഉപഗ്രഹം എന്നിങ്ങനെ അനുയോജ്യ രീതിയില്‍ വ്യത്യസ്ത വിനിമയ മാധ്യമം തിരഞ്ഞെടുക്കുന്നു.

നെറ്റ് വര്‍ക്ക് ടൊപ്പൊളെജി ആയി ബസ്/റിങ്/സ്റ്റാര്‍ എന്നിവയിലൊന്ന് സ്വീകരിക്കുന്നു. നെറ്റ്വര്‍ക്കിലെ ഏത് അംഗം എപ്പോള്‍ ഡേറ്റ പ്രേഷണം ആരംഭിക്കണം എന്ന് നിശ്ചയിക്കുന്നത് നെറ്റ്വര്‍ക്കിലെ അക്സെസ് പ്രൊട്ടൊക്കോളുകള്‍ (access protocols) ആണ്. സിഎസ്എംഎ/സിഡി (കാരിയര്‍ സെന്‍സ്, മള്‍ട്ടിപ്പിള്‍ അക്സെസ്/കൊളിഷെന്‍ ഡിറ്റക്ഷന്‍) രീതിയും ടോക്കണ്‍ പാസിങ് രീതിയുമാണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന രണ്ടു സംവിധാനങ്ങള്‍. ഒന്നാമത്തെ സംവിധാനത്തില്‍ വിവരം കൈമാറ്റം ചെയ്യാനുള്ള കംപ്യൂട്ടര്‍ ആദ്യമായി, നെറ്റ്വര്‍ക്കിലെ ഏതെങ്കിലും കംപ്യൂട്ടര്‍, ഡേറ്റ പ്രേഷണം ചെയ്യുന്നുണ്ടോ എന്നു ശ്രദ്ധിക്കുന്നു. ഇങ്ങനെ ഡേറ്റ പ്രേഷണം നടക്കുന്നില്ലായെങ്കില്‍, അത് ശ്രദ്ധിക്കുന്നതോടൊപ്പം, ഡേറ്റാ പ്രേഷണവും ആരംഭിക്കുന്നു. പ്രേഷണത്തിനിടയ്ക്ക്, മറ്റേതെങ്കിലും കംപ്യൂട്ടര്‍ ഡേറ്റ പ്രേഷണം ആരംഭിച്ചതായി മനസ്സിലായാല്‍, ആദ്യത്തെ കംപ്യൂട്ടര്‍ പ്രേഷണം അല്പ സമയത്തേക്ക് നിറുത്തിവച്ച ശേഷം വീണ്ടും തുടക്കം മുതല്‍ ഡേറ്റാ പ്രേഷണം ആരംഭിക്കുന്നു. രണ്ടാമത്തെ സംവിധാനത്തില്‍ വിവരങ്ങള്‍ പ്രേഷണം ചെയ്യുന്നതിനു മുന്‍പായി ഒരു ടോക്കണ്‍ നെറ്റ്വര്‍ക്കിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു. വിവരം പ്രേഷണം ചെയ്യാനുള്ള കംപ്യൂട്ടര്‍ മാത്രം ടോക്കണ്‍ പിടിച്ചുവച്ചശേഷം ഡേറ്റ പ്രേഷണം ആരംഭിക്കുന്നു. പ്രേഷണം പൂര്‍ത്തിയായിക്കഴിഞ്ഞാലുടന്‍ ടോക്കണ്‍ നെറ്റ്വര്‍ക്കിലെ തൊട്ടടുത്ത അംഗത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും നെറ്റ്വര്‍ക്കിലൂടെയുള്ള പ്രയാണം ടോക്കണ്‍ പുനരാരംഭിക്കുകയും ചെയ്യുന്നു.

ഒരേ സമയം ആയിരക്കണക്കിന് പ്രാദേശിക, വിദൂരസ്ഥ ഉപയോക്താക്കളുമായി ടെലിപ്രോസസ്സിങ് സിസ്റ്റത്തിന് ബന്ധപ്പെടേണ്ടിവരും. തന്മൂലം അത്തരം പ്രവൃത്തികള്‍ക്ക് യോജിച്ച ഹാര്‍ഡ് വെയറും സോഫ്റ്റ് വെയറും സിസ്റ്റത്തില്‍ ഉപയോഗിക്കേണ്ടതുണ്ട്. ഉയര്‍ന്ന തോതില്‍ ട്രാന്‍സാക്ഷനുകള്‍ ചെയ്യാനാകുന്നതോടൊപ്പം മികച്ച ഫയല്‍ മാനേജ്മെന്റ് സ്വഭാവം, കമ്യൂണിക്കേഷന്‍ അക്സെസ് സൗകര്യം മുതലായവയും സിസ്റ്റത്തിനുണ്ടാവണം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍