This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെലിപ്പതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെലിപ്പതി

Telepathy

സാധാരണ ആശയവിനിമയരീതിയില്‍ നിന്നു വ്യത്യസ്തമായി രണ്ടു മനസ്സുകള്‍ക്കിടയില്‍ സംഭവിക്കുന്ന ആശയവിനിമയം. ഇതിനെ ഇന്ദ്രിയാതീത വിചാരവിനിമയം എന്നു പറയാവുന്നതാണ്. അതീന്ദ്രിയ സംവേദന സിദ്ധാന്തത്തിന്റെ ഒരു ഉപവിഭാഗമായി ഇതിനെ പരിഗണിച്ചുവരുന്നു. കവിയും എഴുത്തുകാരനുമായ ഫ്രെഡറിക് വില്യം ഹെന്റി മയേര്‍സ് എന്ന ബ്രിട്ടീഷുകാരനാണ് 'ടെലിപ്പതി' എന്ന പദം ആദ്യമായി പ്രയോഗത്തില്‍ കൊണ്ടുവന്നത്. അകലെയുള്ള സുഹൃത്ത് നമ്മെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അത് ഏറെക്കുറെ ഗ്രഹിക്കുവാന്‍ സാധിക്കുക, കൂടെയുള്ള വ്യക്തി ചിന്തിച്ചുകൊണ്ടിരിക്കുന്ന കാര്യത്തെക്കുറിച്ച് നാം സ്വമേധയാ സംസാരിച്ചു തുടങ്ങുക എന്നീ പ്രതിഭാസങ്ങള്‍ ടെലിപ്പതിക്കുദാഹരണങ്ങളാണ്.

അന്യചിത്തജ്ഞാനമെന്ന് വിശേഷിപ്പിക്കാവുന്ന ടെലിപ്പതിയെക്കുറിച്ചുള്ള ഗവേഷണം രണ്ടു രീതിയില്‍ നടന്നുവരുന്നു. ദൈനംദിന ജീവിതത്തില്‍ ചില വ്യക്തികള്‍ക്ക് ആകസ്മികമായി അനുഭവപ്പെടുന്ന ടെലിപ്പതിയെക്കുറിച്ച് അന്വേഷണം നടത്തുന്നതാണ് ആദ്യത്തെ രീതി. പെട്ടെന്ന് കണ്‍മുന്നില്‍ തെളിയുന്ന ഒരു ചിത്രമായോ അശരീരിയായോ ഇത് അനുഭവപ്പെടാം. ഇങ്ങനെ ലഭിക്കുന്ന സന്ദേശങ്ങള്‍ വ്യക്തമോ അവ്യക്തമോ ഹ്രസ്വമോ ദീര്‍ഘമോ ആകാം. ടെലിപ്പതിയിലെ അനുഭവങ്ങള്‍ ചിലപ്പോള്‍ ബിംബങ്ങളായി പ്രത്യക്ഷപ്പെടാം; മറ്റു ചിലപ്പോള്‍ ശബ്ദരൂപത്തിലായിരിക്കും അനുഭവപ്പെടുക. ഏതെങ്കിലും ഒരു കൃത്യം നിര്‍വഹിക്കാനുള്ള പ്രേരണയായും ടെലിപ്പതി ബോധഗമ്യമാകാറുണ്ട്. ഇതും ചിലപ്പോള്‍ അറിവിന്റെ രൂപത്തില്‍ ഉണ്ടാകാം; അതിനു പഞ്ചേന്ദ്രിയങ്ങളുമായി ബന്ധമുണ്ടാകണമെന്നില്ല. ഇത്തരം അനുഭവങ്ങള്‍ ചിത്തവിഭ്രാന്തിക്കു സമാനമായിരിക്കും. ചിത്തഭ്രമം പിടിപെട്ടവര്‍ തങ്ങളുടെ അനുഭവങ്ങള്‍ ടെലിപ്പതിയാണെന്നു തെറ്റിദ്ധരിക്കാറുണ്ട്.

വ്യക്തി തന്റെ അനുഭവത്തെ ആദ്യമായി വിശദീകരിച്ചത് എപ്പോഴായിരുന്നു എന്നത് മനസ്സിലാക്കുകയാണ് സ്വാഭാവിക ടെലിപ്പതിയെക്കുറിച്ചു പഠിക്കുന്ന ഗവേഷകര്‍ ആദ്യമായി ചെയ്യുന്നത്. മറ്റു രീതിയില്‍ വിവരങ്ങള്‍ ലഭിക്കുന്നതിനു മുന്‍പുതന്നെ ടെലിപ്പതിയിലൂടെ അറിഞ്ഞു എന്നു പറയുന്ന സംഭവത്തെക്കുറിച്ച് വിവരിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ അതിനു പ്രാധാന്യം നല്‍കാറുള്ളൂ. മാത്രവുമല്ല, ടെലിപ്പതിയിലൂടെ അറിഞ്ഞ സംഭവം യഥാര്‍ഥത്തില്‍ നടന്നിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുകയും ചെയ്യും.

പരീക്ഷണശാലയിലെ നിയന്ത്രിതമായ ചുറ്റുപാടുകളില്‍ വ്യക്തികള്‍ തമ്മില്‍ നടക്കുന്ന മാനസികമായ ആശയവിനിമയത്തെക്കുറിച്ച് പഠിക്കുന്നതാണ് രണ്ടാമത്തെ രീതി. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടുകൂടിയാണ് ടെലിപ്പതിയെക്കുറിച്ച് ശാസ്ത്രീയമായ പരീക്ഷണങ്ങള്‍ നടത്തുവാന്‍ തുടങ്ങിയത്. 1882-ല്‍ ലണ്ടനില്‍ 'സൊസൈറ്റി ഫോര്‍ സൈക്കിക്കല്‍ റിസര്‍ച്ച്' (Society for Psychical Research) രൂപീകരിക്കപ്പെട്ടതോടുകൂടി ടെലിപ്പതിയെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് ആക്കം കൂടി. നെഥര്‍ലന്‍ഡ്സിലെ ഗ്രോണിംഗന്‍ സര്‍വകലാശാല, യു.എസ്.എ.യിലെ ഡ്യൂക്ക് സര്‍വകലാശാല എന്നിവിടങ്ങളില്‍ ടെലിപ്പതിയെക്കുറിച്ചുള്ള പരീക്ഷണപഠനങ്ങള്‍ നടന്നിരുന്നു.

ഏതാണ്ട് എല്ലാ മനുഷ്യര്‍ക്കും വളരെ ദുര്‍ബലമായ തോതില്‍ ടെലിപ്പതി അനുഭവപ്പെടാറുണ്ട് എന്ന് പരീക്ഷണങ്ങള്‍ തെളിയിക്കുന്നു. പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ സന്ദേശം 'അയയ്ക്കുന്ന' വ്യക്തിയെയും 'സ്വീകരിക്കുന്ന' വ്യക്തിയെയും വ്യത്യസ്ത സ്ഥലങ്ങളിലാണ് ഇരുത്തുന്നത്. അവര്‍ തമ്മില്‍ ഇന്ദ്രിയ തലത്തിലുള്ള സമ്പര്‍ക്കം ഇല്ലാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യും. ഒരു വ്യക്തിയില്‍നിന്നുത്ഭവിച്ച സന്ദേശവും മറ്റേ വ്യക്തിക്ക് ലഭിച്ച സന്ദേശവും പ്രത്യേകം രേഖപ്പെടുത്തുന്നു. അപരിചിതരായ വ്യക്തികള്‍ തമ്മില്‍ നടക്കുന്നതിനെക്കാള്‍ കൂടുതലായി പരിചിതരായ വ്യക്തികള്‍ക്കിടയില്‍ ടെലിപ്പതി സംഭവിക്കുന്നു എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വ്യത്യസ്ത മനോഭാവങ്ങള്‍ പുലര്‍ത്തുന്നവര്‍ക്കിടയില്‍ ഉള്ളതിനെക്കാള്‍ കൂടുതലായി സമാന മനോഭാവമുള്ളവര്‍ക്കിടയിലാണ് ടെലിപ്പതി ഉണ്ടാകുന്നത്. അന്തര്‍മുഖരായ വ്യക്തികള്‍ക്കിടയില്‍ ഉള്ളതിനെക്കാള്‍ ബഹിര്‍മുഖരായ വ്യക്തികള്‍ക്കിടയിലാണ് ടെലിപ്പതി ഉണ്ടാകാന്‍ സാദ്ധ്യത കൂടുതലുള്ളത്. അതുപോലെതന്നെ വൈകാരിക സ്വഭാവമുള്ള സന്ദേശങ്ങള്‍ മറ്റു സന്ദേശങ്ങളെക്കാള്‍ എളുപ്പത്തില്‍ അന്യമനസ്സുകളില്‍ എത്തിച്ചേരുന്നു.

ടെലിപ്പതി എങ്ങനെ ഉണ്ടാകുന്നു എന്നത് വിശദീകരിക്കുവാന്‍ ഒരു സിദ്ധാന്തത്തിനും കഴിഞ്ഞിട്ടില്ല. ഒരു വ്യക്തിയുടെ മസ്തിഷ്കതരംഗങ്ങള്‍ മറ്റൊരു വ്യക്തി സ്വീകരിക്കുന്നത് മൂലമാണ് ടെലിപ്പതി അനുഭവപ്പെടുന്നത് എന്നൊരു സിദ്ധാന്തം നിലവിലുണ്ടെങ്കിലും ശാസ്ത്രീയമായി ഇത് തെളിയിക്കപ്പെട്ടിട്ടില്ല.

യോഗാഭ്യാസം അതീന്ദ്രിയ സംവേദന ശക്തിയെ ഉത്തേജിപ്പിക്കുന്നുവെന്നും മഹര്‍ഷിമാര്‍ക്ക് ഇന്ദ്രിയാതീത വിചാരവിനിമയം സ്വായത്തമായിരുന്നു എന്നും ഭാരതീയ പുരാണങ്ങളില്‍ സൂചിപ്പിച്ചിട്ടുണ്ട്. ധീ, ബുദ്ധി, പ്രജ്ഞ, ധിഷണ, പ്രതിഭ എന്നീ പഞ്ചബോധങ്ങള്‍ക്കുമുപരിയായ 'ഭാസ്' അഥവാ 'ജ്യോതിസ്സ്' എന്ന ആറാം ബോധം (ആറാം ഇന്ദ്രിയം) തപസ്സിലൂടെ ഉണരുമ്പോഴാണ് അതീന്ദ്രീയ സംവേദനം സാധ്യമാകുന്നത്. ശങ്കരാചാര്യര്‍, ശ്രീരാമകൃഷ്ണ പരമഹംസര്‍, സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണഗുരു തുടങ്ങിയ മഹാത്മാക്കള്‍ക്ക് ഇന്ദ്രിയാതീത വിചാരവിനിമയസിദ്ധി ഉണ്ടായിരുന്നതായി പല ജീവചരിത്രഗ്രന്ഥങ്ങളിലും പരാമര്‍ശിച്ചുകാണുന്നുണ്ട്. ശങ്കരാചാര്യരുടെ മാതാവ് മരണശയ്യയില്‍ വച്ച് അകലെയുള്ള പുത്രനെക്കുറിച്ച് ചിന്തിക്കുകയും, അദ്ദേഹം അതീന്ദ്രിയശക്തിയിലൂടെ അത് മനസ്സിലാക്കി തല്‍ക്ഷണം അമ്മയുടെ അരികിലെത്തുകയും ചെയ്തു എന്ന ഒരു ഐതിഹ്യം പ്രചാരത്തിലുണ്ട്. ആധുനിക ആധ്യാത്മിക ഗുരുക്കന്മാര്‍ അതീന്ദ്രിയ സംവേദനത്തിലൂടെ ശിഷ്യന്മാരുടെ മനോവിഷമങ്ങള്‍ ഗ്രഹിക്കുകയും അവ ദൂരീകരിക്കുവാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നതിനാലാണ് ജനസമ്മതരാകുന്നത് എന്നൊരു അഭിപ്രായവും നിലവിലുണ്ട്. നോ: അതീത മനഃശാസ്ത്രം; മനസ്സ്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍