This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെലിടൈപ്പ്റൈറ്റര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെലിടൈപ്പ്റൈറ്റര്‍

Teletypewriter

ടെലിഗ്രാഫ് ലൈനിലൂടെയോ ഡേറ്റാ വിനിമയ പരിപഥത്തിലൂടെയോ സന്ദേശങ്ങള്‍ പ്രേഷണം ചെയ്യാന്‍ ഉപയോഗിക്കുന്ന വിദ്യുത് യാന്ത്രിക (electromechanical) ഉപകരണം. ടെലിപ്രിന്റര്‍ എന്ന പേരില്‍ ഇത് പരക്കെ അറിയപ്പെടുന്നു. വിവരം വിനിമയം ചെയ്യുന്നതോടൊപ്പം ആവശ്യാനുസരണം സന്ദേശങ്ങള്‍ തയ്യാറാക്കാനും സൂക്ഷിച്ചു വയ്ക്കാനും ആധുനിക ടെലിടൈപ്പ്റൈറ്ററില്‍ സൗകര്യമുണ്ട്. 1900-കളില്‍ കണ്ടുപിടിക്കപ്പെട്ട ഇതിന്റെ പ്രധാന ശില്പികള്‍ അമേരിക്കക്കാരായ സ്റ്റെര്‍ലിങ് മോര്‍ട്ടണ്‍, ജോയ് മോര്‍ട്ടണ്‍ മാര്‍ലെണ്‍, ചാള്‍സ് സി. ക്രും, എഡ്വേഡ് ഇ. ക്ളെയിന്‍ഷ്മിഡ്റ്റ് എന്നിവരാണ്. മോഴ്സ് ടെലിഗ്രാഫ് ഓപ്പറേറ്ററിനു പകരം ഉപയോഗിക്കാവുന്ന ഈ ഉപകരണം ഒരേ സമയം ടൈപ്പ്റൈറ്ററിന്റെയും ടെലിഗ്രാഫ് കീ സൗണ്ടറിന്റെയും പ്രവര്‍ത്തനം നിര്‍വഹിക്കുന്നു. ഒരു സ്റ്റാര്‍ട്ട് പള്‍സ്, തുല്യദൈര്‍ഘ്യമുള്ള ഏതാനും വിവര പള്‍സുകള്‍, സ്റ്റോപ്പ് പള്‍സ് എന്നിവ ചേര്‍ന്നതാണ് ഇതിലെ ഒരു വാര്‍ത്താ സിഗ്നല്‍.

'കീബോര്‍ഡ് സെന്‍ഡ്-റിസീവ്'ഇനം ടെലിടൈപ്പ്റൈറ്റര്‍

ടെലിടൈപ്പ്റൈറ്ററുകളില്‍ നിന്ന് ടെലിഫോണ്‍, ടെലിഗ്രാഫ് കേന്ദ്ര ഓഫീസിലേക്ക് ലോക്കല്‍ കേബിളിലൂടെ ബന്ധം സ്ഥാപിക്കുന്നതുവഴി സന്ദേശം കേന്ദ്ര ഓഫീസിലെത്തുന്നു. അവിടെനിന്നും അത് നഗരാന്തര വാഹക പരിപഥത്തിലൂടെ (intercity carrier circuit ) വിദൂര സ്ഥലത്തുള്ള കേന്ദ്ര ഓഫീസിലും അവിടെ നിന്ന് വീണ്ടും ലോക്കല്‍ കേബിളിലൂടെ അവിടത്തെ ടെലിടൈപ്പ്റൈറ്ററിലുമെത്തുന്നു. ഈ വാഹക പരിപഥം ഒരു സാധാരണ ടെലിഫോണ്‍ ചാനലില്‍ നിന്ന് ഫ്രീക്വന്‍സി ഡിവിഷന്‍ മള്‍ട്ടിപ്ളക്സ് (FDM) രീതിയില്‍ രൂപപ്പെടുത്തിയ ടെലിഗ്രാഫ് ചാനലാണ്. തന്മൂലം ഇതിലൂടെ ഒരേ സമയം വ്യത്യസ്ത ആവൃത്തികളില്‍ പല സന്ദേശങ്ങള്‍ പ്രവഹിപ്പിക്കാനാകും. കണ്‍ട്രോള്‍ കീകള്‍, പ്രോഗ്രാമബിള്‍ കീകള്‍, ന്യൂമെറിക് കീപാഡ് എന്നിവ പ്രയോജനപ്പെടുത്തി സന്ദേശങ്ങളും മറ്റും തയ്യാറാക്കുന്നു. USART (യൂണിവേഴ്സല്‍ സിങ് ക്രണല്‍സ് - അസിങ് ക്രല്‍സ് റിസീവര്‍ ട്രാന്‍സ്മിറ്റര്‍) വഴി കീകള്‍ അമര്‍ത്തി പ്രേഷണത്തിനാവശ്യമായ വിവരസിഗ്നലുകള്‍ സൃഷ്ടിക്കുന്നു. 45, 50, ..., 4,800, 9,600, 1.92X10&deg4; എന്നിങ്ങനെ ശബ്ദ ചാനല്‍ മുതല്‍ ഡിജിറ്റല്‍ നെറ്റ് വര്‍ക്ക് ബോഡ്റേറ്റ് വരെയുള്ള വ്യത്യസ്ത ആവൃത്തികളില്‍ സിഗ്നല്‍ അയയ്ക്കാനാകും. ബൗഡോറ്റ്, ആസ്കി, എബ്സിഡിക് തുടങ്ങി വിവിധ കോഡുകളും വിവര കോഡിങ്ങിനായി ഉപയോഗിക്കാറുണ്ട്. ബൗഡോറ്റ് കോഡില്‍ 1 സ്റ്റാര്‍ട്ട് ബിറ്റ് + 5 കോഡ് / വിവര ബിറ്റുകള്‍ + 1 അഥവാ 1½ സ്റ്റോപ്പ് ബിറ്റ് രീതിയിലും ആസ്കി, എബ്സിഡിക് എന്നീ കോഡുകളില്‍ ഒരു സ്റ്റാര്‍ട്ട് ബിറ്റ് + 7 കോഡ് ബിറ്റുകള്‍ + 1 പാരിറ്റി ബിറ്റ് + 1 അഥവാ 2 സ്റ്റോപ്പ് ബിറ്റുകള്‍ എന്ന രീതിയിലും വിവരങ്ങള്‍ കോഡു ചെയ്യുന്നു.

ടെലിടൈപ്പ്റൈറ്ററിലെ കാഥോഡ്-റേ ട്യൂബ്

പരീക്ഷണാടിസ്ഥാനത്തില്‍ ടെലിടൈപ്പ്റൈറ്റര്‍ സര്‍വീസ് യു. എസ്. മാധ്യമങ്ങള്‍ക്കായി ആദ്യമായി 1915-ലാണ് നല്‍കപ്പെട്ടത്. 1917-ല്‍ ഇതിനുള്ള സര്‍വീസ് നിരക്കുകള്‍ AT & T ബെല്‍ കമ്പനിക്കാര്‍ നിശ്ചയിച്ചു. 3 സ്വകാര്യ ലൈനുകളുള്ള ടെലിടൈപ്പ്റൈറ്ററിനുള്ള പ്രഥമ കോണ്‍ട്രാക്റ്റ് 1917 ജൂണില്‍ യു. എസ്സിലെ തന്നെ യുണൈറ്റഡ് പ്രസ് (പില്‍ക്കാലത്തെ യുണൈറ്റഡ് പ്രസ് ഇന്റര്‍നാഷണല്‍) ഒപ്പുവച്ചു. ക്രമേണ വാണിജ്യ വ്യവസായ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ടെലിടൈപ്പ്റൈറ്ററുകള്‍ സ്ഥാനം പിടിച്ചു.

വിവരങ്ങള്‍ സൂക്ഷിച്ചുവയ്ക്കാന്‍ സൗകര്യമില്ലാത്ത സെന്‍ഡ് - ആന്‍ഡ് റിസീവ് ഇനം, വിവരങ്ങള്‍ കിട്ടുന്ന മുറയ്ക്ക് പ്രദര്‍ശിപ്പിക്കാവുന്ന റിസീവ് - ഒണ്‍ലി സിസ്റ്റം എന്നിവ ലഭ്യമാണെങ്കിലും ഒരാധുനിക ടെലിടൈപ്പ്റൈറ്ററുടെ പ്രധാന ഭാഗങ്ങള്‍ കീബോര്‍ഡ്, CRT ഡിസ് പ്ലേ, പ്രിന്റര്‍ എന്നിവയാണ്.

കീബോര്‍ഡിലെ അക്ഷര ക്രമം മിക്കപ്പോഴും QWERT രീതിയില്‍ ആയിരിക്കും. ഒരു കോണ്‍ടാക്റ്റ് കപ്പാസിറ്ററെ / അല്ലെങ്കില്‍ ഹാള്‍ പ്രഭാവം മൂലം പ്രവര്‍ത്തിക്കുന്ന ഒരു ഉപകരണത്തെ നിയന്ത്രിക്കുന്ന തരത്തിലാണ് ഓരോ കീയും ഘടിപ്പിക്കുന്നത്. ചിലപ്പോള്‍ ടച്ച് സ്ക്രീനും ഉപയോഗിക്കാറുണ്ട്. കീയുടെ പുറത്ത് അക്ഷരങ്ങളുടെ രൂപം പ്ളാസ്റ്റിക്കില്‍ പ്രത്യേക രീതിയില്‍ തയ്യാറാക്കിയിരിക്കുന്നതിനാല്‍ പെട്ടെന്ന് മാഞ്ഞുപോകാറില്ല. വ്യത്യസ്ത ഭാഷകള്‍ ടൈപ്പു ചെയ്യണമെങ്കില്‍ അതിനനുയോജ്യമായ 'കീ ടോപ്പുകള്‍' ഉപയോഗിക്കണം. പൊതുവേ കീബോര്‍ഡുമായി ബന്ധമുള്ള CRT ഡിസ്പ്ളേയില്‍ 80 കോളങ്ങള്‍ പ്രദര്‍ശിപ്പിക്കാം. 132 കോളം സൗകര്യമുള്ള CRT യും ലഭ്യമാണ്. പക്ഷേ കമ്പ്യൂട്ടറിന്റെ മെമ്മറിയിലേക്ക് CRTയെ നേരിട്ടു ബന്ധപ്പെടുത്തുന്ന സാഹചര്യങ്ങളില്‍ CRT യില്‍ പ്രത്യേക മെമ്മറി ബഫര്‍ കാണില്ല. മറ്റുള്ളവയില്‍ 2-3 പേജ് ഡേറ്റ സംഭരിച്ചുവയ്ക്കാനുള്ള ബഫര്‍ ലഭിക്കുന്നു. ഡേറ്റ വിനിമയം ചെയ്യാനായി ഒരു ഹൈസ്പീഡ് പാക്കറ്റ് ട്രാന്‍സ്മിഷന്‍ പ്രോട്ടോകോളും ഉപയോഗിക്കുന്നു.

ഫാന്‍ഫോള്‍ഡ് / തുടര്‍ പേപ്പര്‍ (continuous stationery) ഉപയോഗിക്കുന്നവയാണ് പ്രിന്റര്‍. ഡെയ്സി വീല്‍, തിംബിള്‍ തുടങ്ങിയ ഇംപാക്റ്റ് ഇനമോ, ഇങ്ക് ജെറ്റ്, തെര്‍മല്‍ പ്രിന്റര്‍ തുടങ്ങിയ നോണ്‍ - ഇംപാക്റ്റ് ഇനമോ ഇതിനായി തിരഞ്ഞെടുക്കാം. സന്ദേശങ്ങളുടെ ഒന്നില്‍ കൂടുതല്‍ കാര്‍ബണ്‍ കോപ്പികള്‍ ഒരേ സമയം ആദ്യത്തേതിലൂടെയേ ലഭിക്കൂ. പ്രിന്റ് ഹെഡ് ഇല്ലാത്തതിനാല്‍ ശബ്ദ രഹിത പ്രവര്‍ത്തനത്തിനുത്തമം തെര്‍മല്‍ ഇനമാണ്. എല്ലാ പ്രിന്ററിലും ഫോണ്‍ട്, ലൈന്‍ വിഡ്ത്, ക്യാരക്ടര്‍ ടൈപ്പ് എന്നിവ തിരഞ്ഞെടുക്കുന്നത് സോഫ്റ്റ് വെയെര്‍ മൂലമാണ്.

ബധിരര്‍ക്കുവേണ്ടിയുള്ള ടെലിടൈപ്പ്റൈറ്റര്‍. മോഡം/ധ്വാനിക കപ്ലര്‍ എന്നിവയിലൂടെ ടെലിഫോണ്‍ ലൈനുമായി ബന്ധപ്പെടാവുന്ന ടെലിടൈപ്പ്റൈറ്ററുകള്‍ സന്ദേശമയക്കാനും സ്വീകരിക്കാനും ബധിരര്‍ക്ക് ഉപയോഗിക്കാം. സന്ദേശം ലഭിക്കുന്നതിന്റെ സൂചനയായി ഇതില്‍ ഒരു അലാറം വിളക്ക് തെളിയുന്നു. പോര്‍ട്ടബിള്‍ ഇനത്തില്‍ കോംപാക്റ്റ് കീബോര്‍ഡും ഡിസ്പ്ളേയും കാണും. ഫോണില്‍ നിന്ന് ഇത്തരത്തിലൊരു ടെര്‍മിനലിലേക്ക് വിളിച്ചാല്‍ ടെര്‍മിനല്‍ സ്റ്റേഷന്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ ഒരു വിസിലിങ് ശബ്ദം കേള്‍ക്കുന്നു. ഒരു ബധിര ടെലിഫോണ്‍ ടെലിടൈപ്പ്റൈറ്റര്‍ സംവിധാനത്തിലേക്കാണ് വിളിച്ചത് എന്നതിന്റെ സൂചനയാണിത്.

ഇന്ന് ഭരണപരമായ ഉത്തരവുകള്‍, വാര്‍ത്തകള്‍, വ്യവസായ ഓര്‍ഡറുകള്‍ തുടങ്ങിയവ വിനിമയം ചെയ്യപ്പെടുന്നത് മിക്കപ്പോഴും ടെലിടൈപ്പ്റൈറ്ററിലൂടെയാണ്. കേന്ദ്ര കംപ്യൂട്ടറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടെലിടൈപ്പ്റൈറ്റര്‍ നെറ്റ് വര്‍ക്കുകള്‍ ഇന്ന് നിലവിലുണ്ട്. ഇവിടെ വ്യത്യസ്ത സ്റ്റേഷനുകളുമായി ടൈം ഷെയേഡ് രീതിയില്‍ കേന്ദ്ര കംപ്യൂട്ടര്‍ ബന്ധം പുലര്‍ത്തിപ്പോരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍