This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെലികമ്യൂണിക്കേഷന്‍ ഉപകരണ വ്യവസായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെലികമ്യൂണിക്കേഷന്‍സ് ഉപകരണ വ്യവസായം

വിദൂരവാര്‍ത്താവിനിമയത്തിനാവശ്യമായ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന വ്യവസായം. ലോകത്തിലെ ഏറ്റവും വലിയ വ്യവസായമേഖലകളിലൊന്നാണ് ഇത്. ആഗോളാടിസ്ഥാനത്തിലുള്ള വന്‍കിട രാഷ്ട്രാന്തരീയ കോര്‍പ്പറേഷനുകളില്‍ മിക്കതും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവയാണ്. ലോകസമ്പദ്വ്യവസ്ഥയുടെ മൊത്തം വ്യവസായഘടനയില്‍ ടെലികമ്യൂണിക്കേഷന്‍സ് ഉപകരണ നിര്‍മാണത്തിന് നിര്‍ണായക സ്ഥാനമാണുള്ളത്.

1960-കളുടെ മധ്യത്തില്‍ ഇലക്ട്രോണിക്സ് രംഗത്തുണ്ടായ സാങ്കേതിക മുന്നേറ്റങ്ങള്‍ സമൂഹത്തില്‍ അഭൂതപൂര്‍വമായ പരിവര്‍ത്തനങ്ങള്‍ക്കു വഴിതെളിച്ചു. വ്യവസായം, വാണിജ്യം, ഭരണനിര്‍വഹണം, ശാസ്ത്ര ഗവേഷണം, വിദ്യാഭ്യാസം, വൈദ്യശാസ്ത്രം, ബഹിരാകാശ ഗവേഷണം തുടങ്ങിയ നാനാരംഗങ്ങളിലും അദ്ഭുതകരമായ മാറ്റങ്ങള്‍ക്ക് കംപ്യൂട്ടര്‍ വിപ്ലവം നാന്ദി കുറിച്ചു. കംപ്യൂട്ടറിന്റെ സ്വാധീനം ഏറ്റവുമധികം പ്രകടമായ ഒരു മേഖലയാണ് ടെലികമ്യൂണിക്കേഷന്‍സ് ഉപകരണ വ്യവസായം. 20-ാം ശ. -ത്തിന്റെ രണ്ടാം പകുതിയില്‍ കേബിള്‍, ഫൈബര്‍ ഓപ്റ്റിക്സ്, ടെലിവിഷന്‍ സിഗ്നലുകളുടെ മൈക്രോവേവ് സംപ്രേഷണം, സാറ്റലൈറ്റ് സാങ്കേതികവിദ്യ എന്നിവയുടെ പ്രചാരത്തോടെയാണ് ടെലികമ്യൂണിക്കേഷന്‍സ് ഉപകരണ വ്യവസായത്തിന് ആഗോള സ്വഭാവം കൈവന്നത്. ആധുനിക ടെലികമ്യൂണിക്കേഷന്‍സ് ഉപകരണ വ്യവസായത്തിന്റെ പ്രധാന ഘടകങ്ങള്‍ താഴെപ്പറയുന്നവയാണ്:

1.കമ്യൂണിക്കേഷന്‍ ടെര്‍മിനല്‍: ടെലിഫോണ്‍, ടെലിടൈപ്പ്റൈറ്റര്‍, ഫാക്സിമിലി യന്ത്രം, കംപ്യൂട്ടര്‍ എന്നിവയില്‍ ഏതെങ്കിലുമൊന്നാകാം ഈ ടെര്‍മിനലിന്റെ സ്ഥാനം വഹിക്കുന്നത്.

2. പ്രാദേശിക ലൂപ്പ്: ഒരു പ്രാദേശിക വാര്‍ത്താവിനിമയകേന്ദ്രവുമായി ടെര്‍മിനലിനെ ബന്ധിപ്പിക്കുന്ന കമ്പികള്‍, കേബിളുകള്‍, മറ്റുപകരണങ്ങള്‍ എന്നിവയുടെ ശൃംഖലയാണ് പ്രാദേശിക ലൂപ്പ് എന്നറിയപ്പെടുന്നത്.

3. സ്വിച്ചിംഗ് ഉപകരണ സംവിധാനം: വിവിധ സ്ഥലങ്ങളിലേക്ക് ടെലിഫോണ്‍ കാളുകള്‍ പ്രവഹിക്കുമ്പോള്‍ അവയെ പരസ്പരം ബന്ധിപ്പിക്കുകയും ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുകയും ചെയ്യുന്നത് സ്വിച്ചിംഗ് ഉപകരണങ്ങളാണ്.

4. പ്രാദേശിക കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ട്രങ്ക് കേബിളുകളും മൈക്രോവേവ് ലിങ്കുകളും.

5. സംപ്രേഷണ ഉപകരണങ്ങള്‍: ഉയര്‍ന്ന ശേഷിയുള്ള കോ - ആക്സിയല്‍ കേബിളുകള്‍, ഫൈബര്‍ ഓപ്റ്റിക് കേബിളുകള്‍ എന്നിവയുടെ സഹായത്തോടെയാണ് സന്ദേശങ്ങള്‍ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്നത്.

ഭൂതലസംപ്രേഷണ കേന്ദ്രം

പരമ്പരാഗതമായി ടെലികമ്യൂണിക്കേഷന്‍സ് ഉപകരണവ്യവസായം സ്വാഭാവിക കുത്തകയായിട്ടാണ് (natural monopoly) പ്രവര്‍ത്തിച്ചുപോന്നത്. ഒരു രാജ്യത്തിലെ ടെലികമ്യൂണിക്കേഷന്‍സ് സേവനത്തിനാവശ്യമായ ഉപകരണങ്ങളുടെ നിര്‍മാണവും പ്രദാനവും ഒന്നോ രണ്ടോ കുത്തകസ്ഥാപനങ്ങളില്‍ കേന്ദ്രീകരിച്ചിരുന്നു. ആദ്യകാലങ്ങളില്‍ ഗവണ്‍മെന്റുതന്നെയാണ് ഈ കുത്തക ഏജന്‍സിയായി പ്രവര്‍ത്തിച്ചിരുന്നത്. മിക്ക വികസിത രാജ്യങ്ങളിലും വന്‍കിട സ്വകാര്യ കമ്പനികള്‍ക്കാണ് ഈ രംഗത്ത് ആധിപത്യം. 1984 വരെ അമേരിക്കയിലെ എ.റ്റി. & റ്റി. (അമേരിക്കന്‍ ടെലിഫോണ്‍ & ടെലിഗ്രാഫ് കമ്പനി) ആയിരുന്നു ടെലികമ്യൂണിക്കേഷന്‍സ് ഉപകരണ വ്യവസായമേഖലയില്‍ ലോകത്തിലെ ഏറ്റവും വലിയ സ്ഥാപനം. അമേരിക്കയിലെ ഏറ്റവും വലിയ ഉപകരണ നിര്‍മാതാവായ വെസ്റ്റേണ്‍ ഇലക്ട്രിക്, എ.റ്റി. & റ്റി.യുടെ ഉപസ്ഥാപനമാണ്.

വാര്ത്താവിനിമയ ഉപഗ്രഹ സംവിധാനം

ലോക സമ്പദ്വ്യവസ്ഥയിലെ ഘടനാപരമായ മാറ്റങ്ങളുടെ ഫലമായി 1960-കളില്‍ ടെലികമ്യൂണിക്കേഷന്‍സ് ഉപകരണ വ്യവസായത്തിലെ കുത്തകാധിപത്യം ചോദ്യം ചെയ്യപ്പെട്ടു. മൈക്രോപ്രോസ്സസറിന്റെ കണ്ടുപിടിത്തത്തോടുകൂടി ടെലിഫോണിയും കംപ്യൂട്ടിംഗും തമ്മിലുള്ള സംയോജനം സാധ്യമായി. ഇത് ടെലിഫോണ്‍, ഇന്റര്‍നെറ്റ്, ടെലിവിഷന്‍ എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന പൊതുവാര്‍ത്താവിനിമയ ശൃംഖലയുടെ ആവിര്‍ഭാവത്തിനു വഴിതെളിച്ചു. അതുപോലെ തന്നെ, അനലോഗ്സംപ്രേഷണ വിദ്യയില്‍നിന്ന് ഡിജിറ്റല്‍ സംപ്രേഷണ വിദ്യയിലേക്കുള്ള പരിവര്‍ത്തനവും ടെലികമ്യൂണിക്കേഷന്‍സ് ഉപകരണ വ്യവസായത്തിന്റെ ഘടനയില്‍ വമ്പിച്ച മാറ്റങ്ങളുണ്ടാക്കി. അതോടെ അനവധി സ്ഥാപനങ്ങള്‍ ഈ മേഖലയിലേയ്ക്ക് കടന്നുവരാന്‍ തുടങ്ങി. ഇത്തരമൊരു സാഹചര്യത്തിലാണ് ടെലികമ്യൂണിക്കേഷന്‍സ് ഉപകരണ വ്യവസായം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനും പുതിയ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കു മാര്‍ഗനിര്‍ദേശം നല്‍കാനും അമേരിക്കയില്‍ ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് കമ്മിഷന്‍ നിലവില്‍ വന്നത്. തുടര്‍ന്ന് വിദൂര വാര്‍ത്താ വിനിമയരംഗത്ത് എ.റ്റി. & റ്റി.യെ അടിസ്ഥാന സ്ഥാപനമായി നിലനിര്‍ത്താനും ബെല്‍-സിസ്റ്റം കമ്പനികള്‍ എന്ന പേരില്‍ 22 ടെലിഫോണ്‍ കമ്പനികളുടെ പ്രവര്‍ത്തനമേഖല 7 പ്രദേശങ്ങളായി വിഭജിക്കാനും അമേരിക്കന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു.

മൈക്രോ ഇലക്ട്രോണിക്സിന്റെ സാധ്യതകള്‍ ടെലികമ്യൂണിക്കേഷന്‍സ് രംഗത്ത് പ്രയോഗിച്ചുതുടങ്ങിയതോടെ, ഉപകരണ വ്യവസായം ആഗോളാടിസ്ഥാനത്തില്‍ മത്സരക്ഷമമായി. 1980-ല്‍ ഇലക്ട്രോണിക് ഡിജിറ്റല്‍ മോഡ് പ്രയോഗത്തില്‍ വന്നതിന്റെ ഫലമായി സ്വിച്ച്ഡ് ടെലികമ്യൂണിക്കേഷന്‍സും ഇതര വിനിമയസങ്കേതങ്ങളും തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഇല്ലാതാവുകയും ആഗോളവ്യാപകമായ ഒരു 'സംയോജിത സേവന ഡിജിറ്റല്‍ ശൃംഖല' (Integrated Services Digital Network-ISDN) നിലവില്‍ വരുകയും ചെയ്തു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള വാര്‍ത്തകളും വിവരങ്ങളും അതിവേഗം പ്രവഹിക്കുന്ന ഒരു ഏകസംയോജിത ബ്രോഡ്ബാന്‍ഡ് പാതയാണ് ഐ.എസ്.ഡി.എന്‍-ന്റെ ലക്ഷ്യം. ആഗോള സമ്പദ്ഘടനയിലെ പുതിയ മാറ്റങ്ങള്‍, രാജ്യങ്ങള്‍ക്കും ബഹുരാഷ്ട്രസ്ഥാപനങ്ങള്‍ക്കുമിടയില്‍ വിവരവിനിമയ സേവനത്തിന്റെ ചോദനം പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചു. ഈ പ്രവണതകളാണ് ടെലികമ്യൂണിക്കേഷന്‍സ് ഉപകരണ വ്യവസായത്തിലെ പരമ്പരാഗത കുത്തക അവസാനിക്കാനും കാര്യക്ഷമവും മത്സരക്ഷമവുമായ വ്യവസായ ബന്ധങ്ങള്‍ വികസിക്കാനും സൗകര്യമുണ്ടാക്കിയത്.

ടെലികമ്യൂണിക്കേഷന്‍സ് രംഗത്ത് പരമ്പരാഗതമായി കുത്തക നിലനിന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്, ഈ രംഗത്തെ ഉയര്‍ന്ന മുതല്‍മുടക്കാണ്. വമ്പിച്ച മൂലധനശേഷി ഇല്ലാത്ത വ്യവസായികള്‍ക്ക് ഈ രംഗത്തേക്ക് കടന്നുവരാന്‍ കഴിയുമായിരുന്നില്ല. മാത്രവുമല്ല, വാര്‍ത്താവിനിമയ ശൃംഖലയിലുള്ള തങ്ങളുടെ മേല്‍ക്കോയ്മ ഉപകരണ നിര്‍മാണമേഖലയിലേക്ക് വ്യാപിപ്പിക്കാനും വന്‍കിട സ്ഥാപനങ്ങല്‍ക്കു കഴിഞ്ഞിരുന്നു. ടെലികമ്യൂണിക്കേഷന്‍സ് ഉപകരണത്തിന്റെ പ്രദാന-ചോദന വിപണികളില്‍ ഒരുപോലെ കുത്തക ഘടന വളരുന്നതിന് ഇത് ഇടയാക്കി. ഇതുമൂലം മിക്ക രാജ്യങ്ങളിലും ഏറ്റവും വലിയ വ്യവസായമായി ടെലികമ്യൂണിക്കേഷന്‍സ് വ്യവസായം വളര്‍ന്നു.

എന്നാല്‍, കുത്തക ഘടനയില്‍നിന്ന് മത്സരാധിഷ്ഠിത കമ്പോളഘടനയിലേക്കുള്ള മാറ്റത്തിന്റെ ഫലമായി ടെലികമ്യൂണിക്കേഷന്‍സ് ഉപകരണ വ്യവസായം വന്‍തോതിലുള്ള പരിഷ്ക്കരണങ്ങള്‍ക്കും വൈവിധ്യവത്ക്കരണത്തിനും വിധേയമായി. കുത്തകകമ്പനികളുടേതിനെക്കാള്‍ മെച്ചപ്പെട്ട ഉത്പന്നങ്ങളും സേവനങ്ങളും പുതിയ മത്സരാധിഷ്ഠിത സ്ഥാപനങ്ങള്‍ നല്‍കിത്തുടങ്ങി. അമേരിക്കയിലെ ഐ.ബി.എം. (ഇന്റര്‍നാഷണല്‍ ബിസിനസ്സ് മെഷീന്‍സ്) എന്ന ബഹുരാഷ്ട്ര കമ്പനി രൂപീകരിച്ച സാറ്റലൈറ്റ് ബിസിനസ്സ് സിസ്റ്റം എന്ന ശൃംഖല ഈ മാറ്റങ്ങളുടെ സൃഷ്ടിയാണ്. പരമ്പരാഗത കുത്തകകളുടെ തകര്‍ച്ച രണ്ടുതരം ഉപഭോക്താക്കളെ സൃഷ്ടിച്ചിട്ടുണ്ട്. ഒന്ന്: അതിസങ്കീര്‍ണമായ വിദൂര-വാര്‍ത്താവിനിമയ സൌകര്യങ്ങളുടെ ഉപഭോക്താക്കളായ വന്‍കിട സ്ഥാപനങ്ങള്‍, രണ്ട്: ചെറുകിട ആഭ്യന്തര ഉപഭോക്താക്കള്‍.

ടെലികമ്യൂണിക്കേഷന്‍സ് രംഗത്തെ അന്താരാഷ്ട്ര പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുവേണ്ടി രൂപീകരിച്ചിരുന്ന 'ഇന്റര്‍നാഷണല്‍ ടെലി കമ്യൂണിക്കേഷന്‍സ് യൂണിയന്‍' (ഐ.റ്റി.യു.) എന്ന സ്ഥാപനത്തിന്റെ സ്വാധീനം, 1980-കളില്‍ ഈ അന്താരാഷ്ട്രമത്സരം ശക്തമായതിനെ തുടര്‍ന്നു ക്ഷയിച്ചുതുടങ്ങി. സാമ്പത്തിക ആഗോളവല്‍ക്കരണത്തിന്റെ ഫലമായി ഓരോ രാജ്യത്തിനകത്തും സ്വതന്ത്രമായ ആഗോളമത്സരവും തുറന്ന വിപണിയും അനുവദിക്കണമെന്ന് ടെലികമ്യൂണിക്കേഷന്‍സ് രംഗത്തെ ബഹുരാഷ്ട്ര കമ്പനികള്‍ വാദിക്കുന്നു.

മള്ട്ടി കോ ആക്സിയല് കേബിള്

ലോക സമ്പദ്ഘടനയിലെ വിവിധ വ്യവസായങ്ങളെ താരതമ്യപഠനത്തിനു വിധേയമാക്കിയാല്‍, ഏറ്റവുമധികം വളര്‍ച്ചാക്ഷമതയുള്ള മേഖല ടെലികമ്യൂണിക്കേഷന്‍സ് ഉപകരണവ്യവസായമാണെന്നു കാണാം. ലോകത്തിലെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ വളര്‍ച്ചാനിരക്കിനെക്കാള്‍ കൂടുതലാണ്, ടെലികമ്യൂണിക്കേഷന്‍സ് വ്യവസായ വളര്‍ച്ചാനിരക്ക്. പക്ഷെ, ഇപ്പോഴും ഈ വ്യവസായത്തിന്റെ 90%-വും ഏതാനും ചില വികസിത രാജ്യങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. ടെലികമ്യൂണിക്കേഷന്‍സ് ഉപകരണവ്യവസായത്തിന്റെ വമ്പിച്ച വളര്‍ച്ചയ്ക്ക് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്നത് താഴെപ്പറയുന്ന ഘടകങ്ങളാണ്: ഒന്ന്, കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കിടയില്‍ പ്രതിഡോളര്‍ കംപ്യൂട്ടിംഗ് ശേഷി പതിനായിരം മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. മൈക്രോ ചിപ്പിന്റെ വേഗവും ട്രാന്‍സ്സിസ്റ്റര്‍ സാന്ദ്രതയും വര്‍ധിക്കുമ്പോള്‍തന്നെ, ഉത്പാദനച്ചെലവ് ഗണ്യമായി കുറയുകയും ചെയ്യുന്നു. രണ്ട്, കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കിടയില്‍ ശബ്ദ സംപ്രേഷണഘടകങ്ങളുടെ ഉത്പാദനച്ചെലവ് പതിനായിരം മടങ്ങ് കുറഞ്ഞു. പ്രധാനമായും ഫൈബര്‍ ഓപ്റ്റിക്സിന്റെയും വയര്‍ലസ് സാങ്കേതികവിദ്യയുടെയും മറ്റും നേട്ടമാണിത്. ചെമ്പു വയറിനെക്കാള്‍ കനം കുറഞ്ഞ ഒരു ഓപ്റ്റിക്കല്‍ ഫൈബറിന് ആയിരക്കണക്കിന് ടെലിഫോണ്‍ സന്ദേശങ്ങള്‍ വഹിക്കാന്‍ കഴിയും. ഇത് ഓരോ ടെലിഫോണ്‍ കാളിന്റെയും ചെലവ് വളരെ കുറയ്ക്കുന്നു. വയര്‍ലസ് സാങ്കേതികവിദ്യയുടെ ഫലമായി ഉയര്‍ന്ന നിക്ഷേപം കൂടാതെതന്നെ കുറഞ്ഞ ചെലവില്‍ കൂടുതല്‍ മെച്ചപ്പെട്ട സേവനം നല്‍കാന്‍ കഴിയും. മൂന്ന്, ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വികാസം.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലിഫോണ്‍ ഉപകരണ വ്യവസായകുത്തകകളുടെ പ്രവര്‍ത്തനം ഫലത്തില്‍ മോശപ്പെട്ട സേവനത്തിനും കേന്ദ്രീകരണത്തിനുമാണ് ഇടയാക്കിയിട്ടുള്ളത്. അതിനാല്‍, മിക്ക രാജ്യങ്ങളിലേയും ടെലികമ്യൂണിക്കേഷന്‍സ് ഉപകരണ വ്യവസായം മത്സരാധിഷ്ഠിതമായ സ്വകാര്യമേഖലയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ലോക വ്യാപാര സംഘടനയുടെ പ്രധാന വ്യവസ്ഥകളിലൊന്ന് ഈ വ്യവസായത്തിന്റെ ഉദാരവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവുമാണ്. സാങ്കേതിക വിപ്ലവത്തിന്റെയും ഉദാരവല്‍ക്കരണ നയങ്ങളുടെയും ഫലമായി ടെലികമ്യൂണിക്കേഷന്‍സ് ഉപകരണ വ്യവസായം ഇന്ന് ലോകത്തെ ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നായി വളര്‍ന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ 100 ബഹുരാഷ്ട്ര കമ്പനികളുടെ നിക്ഷേപ മേഖലകള്‍ പരിശോധിച്ചാല്‍ ഒന്നാം സ്ഥാനം ഇലക്ട്രോണിക്സിനും ടെലികമ്യൂണിക്കേഷന്‍സ് ഉപകരണ വ്യവസായത്തിനുമാണെന്നു കാണാം. ലോകത്തെ ഏറ്റവും വലിയ ടെലികമ്യൂണിക്കേഷന്‍സ് ഉപകരണ നിര്‍മാതാക്കളായ എ.റ്റി. & റ്റി. (യു.എസ്.), കേബിള്‍ ആന്‍ഡ് വയര്‍ലസ് പി.എല്‍.സി. (യു.കെ), ബി.സി.ഇ. ഇന്‍കോര്‍പ്പറേറ്റഡ് (കാനഡ), നോര്‍ത്തേണ്‍ ടെലിക്കോം ലിമിറ്റഡ് (കാനഡ), ജി.റ്റി.ഇ. കോര്‍പ്പറേഷന്‍ (യു.എസ്.) എന്നീ കമ്പനികള്‍ ലോകത്തെ ഏറ്റവും വലിയ 100 ബഹുരാഷ്ട്ര കമ്പനികളുടെ പട്ടികയിലും സ്ഥാനം പിടിച്ചിട്ടുണ്ട്. കൂടാതെ ഇലക്ട്രോണിക്സ് രംഗത്തെ ആഗോള കുത്തകകളായ ജനറല്‍ ഇലക്ട്രോണിക് കമ്പനി (യു.എസ്.), ഐ.ബി.എം. (യു.എസ്.), ഫിലിപ്പ്സ് (നെതര്‍ലെന്‍ഡ്സ്), സീമന്‍സ് (ജര്‍മനി), ആല്‍ക്കാട്ടല്‍ (ഫ്രാന്‍സ്), ഹിറ്റാച്ചി (ജപ്പാന്‍), മറ്റ്സുഷിതാ ഇലക്ട്രിക് (ജപ്പാന്‍), ഇലക്ട്രോളക്സ് (സ്വീഡന്‍), ഫുജിക്സു (ജപ്പാന്‍), തോഷിബ (ജപ്പാന്‍), മോട്ടറോള (യു.എസ്.), കാനന്‍ ഇലക്ട്രോണിക്സ് (ജപ്പാന്‍), എന്‍.ഇ.സി. കോര്‍പ്പറേഷന്‍ (ജപ്പാന്‍), തോംസണ്‍ (ഫ്രാന്‍സ്) എന്നിവയും ടെലികമ്യൂണിക്കേഷന്‍സ് ഉപകരണവ്യവസായരംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

ടെലികമ്യൂണിക്കേഷന്‍സ് ഉപകരണ വ്യവസായം ഇന്ത്യയില്‍.1984 വരെ ഇന്ത്യന്‍ ടെലികമ്യൂണിക്കേഷന്‍സ് ഉപകരണ വ്യവസായമേഖല പൂര്‍ണമായും ഗവണ്‍മെന്റിനുകീഴിലായിരുന്നു. കുറഞ്ഞ നിക്ഷേപവും ഉപകരണങ്ങളുടെ പിന്നോക്കാവസ്ഥയും കുറഞ്ഞ വളര്‍ച്ചാനിരക്കുമായിരുന്നു, ഗവണ്‍മെന്റിന്റെ കുത്തക ഉടമസ്ഥതയുടെ പ്രതികൂല ഫലങ്ങള്‍. 1980-കളുടെ മധ്യത്തില്‍ ആവിഷ്കരിച്ച 'സാങ്കേതിക മിഷ'ന്റെ ഭാഗമായിട്ടാണ്, ഈ രംഗത്ത് പരിഷ്കാരങ്ങള്‍ നടപ്പാക്കിത്തുടങ്ങിയത്. 1984-ലാണ് ആദ്യമായി ഫോണ്‍ നിര്‍മാണരംഗത്ത് സ്വകാര്യ മൂലധന നിക്ഷേപം ഉണ്ടായത്. 1992-ല്‍ സേവനമേഖലയിലും സ്വകാര്യപങ്കാളിത്തം അനുവദിച്ചു. തുടര്‍ന്ന് 1994-ല്‍ 'ദേശീയ ടെലിക്കോം നയം' നടപ്പില്‍ വന്നതോടെ, ടെലികമ്യൂണിക്കേഷന്‍സ് ഉപകരണവ്യവസായം മൌലികമായ മാറ്റങ്ങള്‍ക്കു വിധേയമായി. വാര്‍ത്താവിനിമയ വകുപ്പിനെ ഡിപ്പാര്‍ട്ട്മെന്റ് ഒഫ് ടെലികമ്യൂണിക്കേഷന്‍സ് (ഡി ഒ റ്റി), ഡിപ്പാര്‍ട്ട്മന്റ് ഒഫ് ടെലികമ്യൂണിക്കേഷന്‍ സര്‍വീസസ് (ഡി റ്റി എസ്) എന്നീ രണ്ടു വിഭാഗങ്ങളായി വിഭജിച്ചു. ഗവണ്‍മെന്റ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഉപകരണനിര്‍മാണ കമ്പനികളായ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ് (ഐ.റ്റി.ഐ.), ഹിന്ദുസ്ഥാന്‍ ടെലിപ്രിന്റേഴ്സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളെ പൊതുമേഖലാ കോര്‍പ്പറേഷനുകളാക്കുകയും സ്വകാര്യമൂലധന പങ്കാളിത്തം അനുവദിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പല ബഹുരാഷ്ട്ര കമ്പനികളും ഇന്ത്യന്‍ ടെലികമ്യൂണിക്കേഷന്‍സ് ഉപകരണ വ്യവസായ രംഗത്ത് വന്‍തോതിലുള്ള മൂലധന നിക്ഷേപം നടത്തുന്നുണ്ട്. ഇന്ത്യയിലെ സ്വകാര്യ വ്യവസായികളുമായി ചേര്‍ന്നുള്ള കൂട്ടു സംരംഭങ്ങളും വ്യാപകമായി. ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം വിദേശ സ്വകാര്യ മൂലധനം ആകര്‍ഷിക്കുന്ന ഒരു മേഖലയാണ് ടെലികമ്യൂണിക്കേഷന്‍സ് ഉപകരണ നിര്‍മാണ വ്യവസായം. ബഹുരാഷ്ട്ര കമ്പനികളായ അല്‍ക്കാട്ടല്‍, സീമെന്‍സ്, എ.റ്റി. & റ്റി. നോര്‍ത്തേണ്‍ ടെലിക്കോം, എറിക്സണ്‍, മോട്ടറോള, എന്‍ ഇ സി, ബോസ്ച്, ഫുജിക്സു, ഫിലിപ്പ്സ് തുടങ്ങിയ ബഹുരാഷ്ട്ര സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ആഭ്യന്തര സ്വകാര്യ മേഖലയിലെ വന്‍കിട നിര്‍മാതാക്കളായ ടാറ്റ, ബിര്‍ള, മോഡി, റിലയന്‍സ്, എസ്കോര്‍ട്ട്സ്, ബി.പി.എല്‍. തുടങ്ങിയ കമ്പനികള്‍ ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളുമായി ചേര്‍ന്നുള്ള സഹകരണ സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. നോ: ടെലിഫോണ്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍