This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെലസ്യൊ, ബര്‍ണാഡിനൊ (1509 - 88)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെലസ്യൊ, ബര്‍ണാഡിനൊ (1509 - 88)

Telesio,Bernardino

ഇറ്റാലിയന്‍ തത്ത്വചിന്തകന്‍. നവോത്ഥാന പ്രതിഭ എന്നു പ്രശസ്തിയാര്‍ജിച്ച ഇദ്ദേഹം 1509-ല്‍ ഇറ്റലിയിലെ കൊസന്‍സ (Cosenza)യില്‍ ജനിച്ചു. പാദുവ സര്‍വകലാശാലയില്‍ ചേര്‍ന്നു തത്ത്വശാസ്ര്തം, ഊര്‍ജതന്ത്രം, ഗണിതശാസ്ര്തം തുടങ്ങിയ വിഷയങ്ങള്‍ പഠിച്ചു; 1535-ല്‍ ഇവിടെനിന്ന് ഇദ്ദേഹത്തിനു ഡോക്ടര്‍ ബിരുദം ലഭിച്ചു. പാദുവയില്‍ വച്ച് അരിസ്റ്റോട്ടലിന്റെ സിദ്ധാന്തങ്ങള്‍ പഠിക്കുന്നതിനും അവിറോയിസ്റ്റിക് (Aviroistic), അലക്സാന്‍ഡ്രിസ്റ്റ് (Alexandrist) എന്നീ അരിസ്റ്റോട്ടലിയന്‍ വീക്ഷണരീതികളുമായി ബന്ധപ്പെടുന്നതിനും ഇദ്ദേഹത്തിന് അവസരം സിദ്ധിച്ചു. എന്നാല്‍ കാലഘട്ടത്തിന്റെ പ്രവണത മനസ്സിലാക്കിയ ടെലസ്യൊ അരിസ്റ്റോട്ടലിയന്‍ ചിന്തകളില്‍ ആകൃഷ്ടനാകാതെ പ്രകൃതിയെ തന്റെ പഠനവിഷയമായി തിരഞ്ഞെടുക്കുകയാണുണ്ടായത്. അരിസ്റ്റോട്ടലിയന്‍ ചിന്തകളെ ഇദ്ദേഹം ശക്തിയായി വിമര്‍ശിക്കുകയും ചെയ്തു. പല മാര്‍പാപ്പമാരുമായും ഇദ്ദേഹം മൈത്രീബന്ധം പുലര്‍ത്തിയിരുന്നു. ഗ്രിഗോറി XIII-ാം മാര്‍പാപ്പ ആശയപ്രചാരണത്തിനായി ഇദ്ദേഹത്തെ റോമിലേക്ക് ക്ഷണിച്ചത് അക്കാലത്തെ വലിയൊരു അംഗീകാരമായി കരുതപ്പെടുന്നു.

1586-ല്‍ പ്രസിദ്ധീകരിച്ച ഓണ്‍ ദി നേച്ചര്‍ ഒഫ് തിങ്സ് അക്കോര്‍ഡിംഗ് റ്റു ദെയ്ര്‍ പ്രിന്‍സിപ്പിള്‍സ് എന്ന കൃതിയിലാണ് ടെലസ്യൊയുടെ ആശയങ്ങള്‍ പ്രധാനമായും അടങ്ങിയിട്ടുള്ളത്. അരിസ്റ്റോട്ടലിയന്മാര്‍ ചെയ്തിട്ടുള്ളതുപോലെ മുന്‍വിധിയോടുകൂടി ആവിഷ്കരിച്ചിട്ടുള്ള അമൂര്‍ത്തമായ ആശയങ്ങളുടെ അടിസ്ഥാനത്തിലല്ല പ്രകൃതിയെ വീക്ഷിക്കേണ്ടതെന്നും, മറിച്ച് പ്രത്യക്ഷജ്ഞാനത്തിലൂടെ വേണം അതു നിര്‍വഹിക്കേണ്ടതെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. പ്രകൃതിയെ പ്രകൃതി തത്ത്വങ്ങള്‍ അനുസരിച്ചു തന്നെ പഠിക്കണമെന്നും ദ്രവ്യവും രണ്ടു സജീവ ശക്തികളായ ചൂടും തണുപ്പും ഉള്‍പ്പെട്ടതാണ് പ്രകൃതിയെന്നും ഇദ്ദേഹം സിദ്ധാന്തിച്ചു. ടെലസ്യൊയുടെ ചില പ്രധാന വീക്ഷണങ്ങള്‍: എല്ലാ ഭൗതിക മാറ്റങ്ങള്‍ക്കും അടിസ്ഥാനം ദ്രവ്യമാണ്. അടിസ്ഥാനപരമായി ഇത് എല്ലായിടത്തും ഒന്നുതന്നെയാണ്. ദ്രവ്യം മൂര്‍ത്തവും യഥാര്‍ഥവുമാണ്. അതിനാല്‍ പഞ്ചേന്ദ്രിയങ്ങള്‍ക്ക് അതിനെ നേരിട്ടു മനസ്സിലാക്കാന്‍ സാധിക്കുന്നു. ചൂടും തണുപ്പും രണ്ടു വിരുദ്ധ ശക്തികളാണ്. ഇവയാണ് പ്രകൃതിദത്തമായിട്ടുള്ള എല്ലാവിധ സംഭവങ്ങള്‍ക്കും ഹേതുവായി വര്‍ത്തിക്കുന്നത്. ആകാശം ചൂടിനെയും, ഭൂമി തണുപ്പിനെയും പ്രതിനിധീകരിക്കുന്നു. സസ്യങ്ങളിലും ജന്തുക്കളിലും ജീവന്റെ സ്രോതസ്സാകുന്നത് ചൂടാണ്. എല്ലാവിധ ജൈവ പ്രവര്‍ത്തനങ്ങള്‍ക്കും മനുഷ്യന്റെ ചില ഹീനമായ മാനസിക പ്രവര്‍ത്തനങ്ങള്‍ക്കും കാരണമാകുന്നതും ചൂടു തന്നെയാണ്. താപത്തില്‍ നിന്ന് ശരീരം ഉദ്ഭവിക്കുമ്പോള്‍ അതിനോടൊപ്പം തന്നെ അതിസൂക്ഷ്മമായ 'ചേതന' (spirit)യും ഉണ്ടാകുന്നു. മനുഷ്യരുടെയും മൃഗങ്ങളുടെയും മസ്തിഷ്കത്തിലാണ് ഈ ചേതന സ്ഥിതിചെയ്യുന്നത്. ഇന്ദ്രിയാനുഭൂതികളെ മുന്‍കൂട്ടി പ്രതീക്ഷിക്കുകയും സ്വീകരിക്കുകയുമാണ് ചേതനയുടെ കര്‍ത്തവ്യം.

ശരീരത്തിനും ചേതനയ്ക്കുംപുറമേ 'മെന്‍സ്' (mens) അഥവാ 'അനിമാ സൂപ്പര്‍ അഡിറ്റ' (anima super addita) എന്ന ഒരു പ്രതിഭാസത്തെയും ദൈവം സൃഷ്ടിച്ചു മനുഷ്യനു നല്‍കിയിട്ടുണ്ട്; ഇതിന്റെ സാന്നിധ്യം ശരീരത്തെയും മനസ്സിനെയും ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പ്ലേറ്റോണിക് - അഗസ്റ്റീനിയന്‍ പാരമ്പര്യത്തിലെ ആത്മാവിനു സമാനമായിട്ടാണ് ടെലസ്യൊ മെന്‍സ്' എന്ന സങ്കല്പനം ആവിഷ്ക്കരിച്ചിട്ടുള്ളത്. സ്വയം സംരക്ഷണത്തിനുള്ള വാസന ജീവനുള്ളതും ഇല്ലാത്തതുമായ എല്ലാ വസ്തുക്കളിലും അടങ്ങിയിട്ടുണ്ട്. എന്നാല്‍ മനുഷ്യന്‍ ഇതിനു പുറമേ ദൈവവുമായി ഒത്തുചേര്‍ന്നു പരമമായിട്ടുള്ളതിനെ അനുഭവിച്ചറിയാന്‍ ആഗ്രഹിക്കുന്നു.

ദൈവം ഉണ്ട് എന്നു തെളിയിക്കാനായി ടെലസ്യൊ പ്രത്യേക വാദമുഖങ്ങള്‍ ഒന്നും അവതരിപ്പിച്ചിട്ടില്ല. പ്രപഞ്ചത്തില്‍ കാണുന്ന അടുക്കും ചിട്ടയും തന്നെയാണ് ദൈവ സാന്നിദ്ധ്യത്തിന്റെ മികച്ച ദൃഷ്ടാന്തം എന്നു ഇദ്ദേഹം കരുതി. ആധുനിക ചിന്തയുടെ തുടക്കം കുറിച്ചത് ടെലസ്യൊയാണെന്നു ഫ്രാന്‍സിസ് ബേക്കണ്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അരിസ്റ്റോട്ടലിയന്‍ ചിന്തകള്‍ക്കെതിരെ ആദ്യമായി ശബ്ദം ഉയര്‍ത്തിയതും ടെലസ്യൊയാണ്. ഗലീലിയൊ ഗലീലി (Galileo Galilei), തൊമാസൊ കാംപാനെല്ലാ (Tomaso Campanella), ഫ്രാന്‍സിസ് ബേക്കണ്‍, തോമസ് ഹോബ്സ് തുടങ്ങിയവര്‍ ടെലിസ്യൊയുടെ ചിന്തകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു നൂതന ചിന്താപ്രസ്ഥാനങ്ങള്‍ വളര്‍ത്തിയെടുത്തവരാണ്. 1588-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍