This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെറോബ്രാങ്കിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെറോബ്രാങ്കിയ

Pterobranchia

ഹെമിക്കോര്‍ഡേറ്റ ഉപജന്തുഫൈലത്തിലെ ഒരു വര്‍ഗം. സംഘം ചേര്‍ന്ന് കോളനിരൂപത്തില്‍ ജീവിക്കുന്ന സമുദ്രജല സൂക്ഷ്മ ജീവികളാണ് ഈ വര്‍ഗത്തിലുള്ളത്. കടലിന്റെ അടിത്തട്ടിനോടു ചേര്‍ന്ന് ജീവിക്കുന്ന നിതലസ്ഥ (benthonic) ജീവികളാണിവ. ഈ സൂക്ഷ്മജീവികള്‍ കൈറ്റിന്‍ നിര്‍മിതനാളികളിലാണ് ജീവിക്കുന്നത്. ഈ നാളികള്‍ തമ്മില്‍ സംയോജിച്ച് ശാഖിതരൂപം കൈവരിക്കുന്നു. ഇത്തരം കോളനികള്‍ പാറകളുടെ പുറത്തോ അടിത്തട്ടിനോട് ചേര്‍ന്നോ പടര്‍ന്നുകിടക്കുന്നു. ഒറ്റയ്ക്ക് ഉയര്‍ന്നുനില്‍ക്കുന്ന കോളനികളും അപൂര്‍വമായി കാണപ്പെടുന്നുണ്ട്. കോളനിയുടെ ഘടക-അംഗങ്ങള്‍ സൂക്ഷ്മജീവികളാണെങ്കിലും കോളനിക്ക് നിരവധി സെ.മീ. നീളമുണ്ടാകും.

ടെറോബ്രാങ്കുകള്‍ക്ക് അക്കോണ്‍ വിരകളോട് (acron worms) നേരിയ രൂപസാദൃശ്യമുണ്ട്. പക്ഷേ ഇവയുടെ ശരീരം സമ്മര്‍ദിതം (compressed) ആണ്. കോളര്‍ ഭാഗത്തോടു ചേര്‍ന്ന് ഒന്നോ അതിലധികമോ ജോടി തൂവല്‍സദൃശ ഭുജങ്ങള്‍ കാണപ്പെടുന്നു. ലോഫോ ഫോറുകള്‍ (lophophores) എന്നറിയപ്പെടുന്ന ഈ ഭുജങ്ങള്‍ ശ്വസനക്രിയയ്ക്കും ആഹാരശേഖരണത്തിനും സഹായമേകുന്നു. കോളറിനു താഴെയായി ഒരു പേശീമയഡിസ്ക് കാണപ്പെടുന്നു. ഈ ഡിസ്കില്‍ നിരവധി ഗ്രന്ഥികളുണ്ട്. ഈ ഗ്രന്ഥികള്‍ സ്രവിക്കുന്ന വസ്തുക്കളില്‍ നിന്നാണ് നാളികള്‍ രൂപമെടുക്കുന്നത്. അക്കോണ്‍ വിരകളുടെ ശുണ്ഡിക(proboscis)യോട് ഈ ഡിസ്കിനെ താരതമ്യപ്പെടുത്താം. ശരീരസ്തംഭം (trunk) ചെറുതാണ്. എങ്കിലും വൃന്തം (stalk) സംകുഞ്ചന (contractile) ശീലമുള്ളതും നീളമേറിയതുമാണ്. ഗില്‍-പഴുതുകള്‍ (gill-slits) കാണാറില്ല. ദഹനനാളി ചുരുണ്ടിരിക്കുന്നു. അതിനാല്‍ ഗുദദ്വാരം കോളറിനു പിന്നിലായാണ് കാണപ്പെടുന്നത്.

ടെറോബ്രാങ്കകളുടെ പ്രത്യുത്പാദനം മുകുളനം (budding) വഴിയാണ് നടക്കുന്നത്. മുകുളങ്ങള്‍ വൃന്തത്തില്‍നിന്നും ഉദ്ഭവിക്കുന്നു. മുകുളങ്ങള്‍ വളരുന്ന ഭാഗത്തെ നാളി സുഷിരിതമായി മാറും. ഈ സുഷിരത്തിലൂടെ വെളിയിലേക്കു തള്ളിവരുന്ന മുകുളത്തിനുചുറ്റും സ്രവങ്ങളുണ്ടാവുകയും അതില്‍നിന്നും നാളി രൂപമെടുക്കുകയും ചെയ്യുന്നു. ഇപ്രകാരം ഒരു പുതിയ ജീവി ജന്മമെടുക്കുന്നു. അപൂര്‍വം ടെറോബ്രാങ്കുകളില്‍ ലൈംഗിക പ്രത്യുത്പാദനവും നടക്കുന്നുണ്ട്. ചില ടെറോബ്രാങ്കുകള്‍ സ്വതന്ത്ര ജീവിതം നയിക്കുന്നവയാണ്. ഇവ കോളനിക്ക് രൂപം നല്‍കുന്നുമില്ല.

ടെറോബ്രാങ്കിയ ജന്തുവര്‍ഗത്തില്‍ റാബഡോപ്ലൂറ (Rhabdopleura), സെഫാലോഡിസ്ക്കസ് (Cephalodiscus) എന്നീ രണ്ടു ജീനസ്സുകളിലായി ഏതാണ്ട് ഇരുപതോളം സ്പീഷീസ് മാത്രമേയുള്ളു. മിക്കവയും ദക്ഷിണാര്‍ധഗോളത്തിലെ സമുദ്രങ്ങളിലാണ് കാണപ്പെടുന്നത്.

(ഡോ. ആറന്മുള ഹരിഹരപുത്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍