This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെറി, റിച്ചെഡ് റണ്‍സിമാന്‍ (1865-1938)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെറി, റിച്ചെഡ് റണ്‍സിമാന്‍ (1865-1938)

Terry,Richard Runciman

പാശ്ചാത്യ സംഗീതപ്രതിഭ. നോര്‍തംബര്‍ലാന്‍ഡിലെ എല്ലിംഗ്ടണില്‍ 1865 ജനു. 3-ന് ജനിച്ചു. 1890-ല്‍ ഇദ്ദേഹത്തിന് എല്‍സ്റ്റോവ് സ്കൂളില്‍ ഓര്‍ഗനിസ്റ്റും ഗായകസംഘ അധ്യാപകനുമായി നിയമനം ലഭിച്ചു. 1892 മുതല്‍ 96 വരെ സെന്റ് ജോണ്‍സ് കത്തീഡ്രലില്‍ ഗായകസംഘത്തലവനായി സേവനമനുഷ്ഠിച്ചു. അതിനെത്തുടര്‍ന്ന് 5 വര്‍ഷം ഡൗണ്‍സൈഡ് ആബിയിലാണ് പ്രവര്‍ത്തിച്ചത്. അവിടെവച്ച് ആംഗല ക്രൈസ്തവാരാധനാ സംഗീതത്തിന് പ്രാരംഭം കുറിക്കുന്ന കര്‍മത്തില്‍ പങ്കാളിയായി. തുടര്‍ന്ന്, ബയാര്‍ഡ്, ടാലിസ്, മോര്‍ലി തുടങ്ങിയവരുടെ രചനകളിലേക്ക് ജനശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിച്ചു. 1901 മുതല്‍ 24 വരെ വെസ്റ്റ്മിനിസ്റ്റര്‍ കത്തീഡ്രലില്‍ സംഗീതസേവനമനുഷ്ഠിക്കാന്‍ ഇദ്ദേഹത്തിന് അവസരമുണ്ടായി. വെസ്റ്റ്മിനിസ്റ്റര്‍ ഹിംനാല്‍ എന്ന ഔദ്യോഗിക റോമന്‍ സംഗീതസമുച്ചയത്തിന്റെ എഡിറ്ററായും അക്കാലത്ത് ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1922-ല്‍ 'നൈറ്റ്' ('സര്‍' എന്ന ബിരുദമുള്ള പദവി) ബഹുമതി ലഭിച്ചു.

മാസ്സുകള്‍ക്കും (പ്രാര്‍ഥനാസംഗീതം) മോട്ടറ്റുകള്‍ക്കും പുറമേയുള്ള മുഖ്യ സംഭാവന 48 ഓള്‍ഡ് റൈംസ് വിത്ത് ന്യൂ ട്യൂണ്‍സ് (1934) ആണ്. ഇതിനുപുറമേ ദ് ഷാന്റി ബുക്ക് (1921-2 വാല്യങ്ങള്‍), ഓള്‍ഡ് ക്രിസ്തുമസ് കരോള്‍സ് (1923), ഹിമന്‍സ് ഒഫ് വെസ്റ്റേണ്‍ യൂറോപ്പ് (1927), സാള്‍ട്ട് ഡീ ബലാഡ്സ് (1931) എ മിഡീവല്‍ കരോള്‍ ബുക്ക് (1932), 200 ഫോക് കരോള്‍സ് (1933) എന്നീ സംഗീത ഗ്രന്ഥങ്ങള്‍ എഡിറ്റുചെയ്യുകയും ചെയ്തിട്ടുണ്ട്. കാത്തലിക്ക് ചര്‍ച്ച് മ്യൂസിക് (1907), ഓണ്‍ മ്യൂസിക് ബോര്‍ഡേഴ്സ് (1927), എ ഫര്‍ഗോട്ടന്‍ സാള്‍ട്ടര്‍ ആന്‍ഡ് അമര്‍ എസ്സേയ്സ് (1929), ദ് മ്യൂസിക് ഒഫ് ദ് റോമന്‍ റൈറ്റ് (1931), വൂ ഡൂയിസം ഇന്‍ മ്യൂസിക് ആന്‍ഡ് അദര്‍ എസ്സേയ്സ് (1934) എന്നിവ ഇദ്ദേഹത്തിന്റെ മൗലിക രചനകളാണ്. 1938 ഏ. 18-ന് ടെറി അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍