This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെറിഡോസ്പേമുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെറിഡോസ്പേമുകള്‍

Pteridosperms

വംശനാശം സംഭവിച്ച ഒരു സസ്യവര്‍ഗം. പന്നല്‍ച്ചെടികള്‍ക്കും (Ferns) അനാവൃതബീജികളില്‍പ്പെടുന്ന സൈക്കാഡുകള്‍ക്കും മധ്യേയാണ് സസ്യശാസ്ത്രപരമായി ഇതിനു സ്ഥാനം നല്‍കിയിരിക്കുന്നത്. പന്നല്‍ച്ചെടികളുടേതിനോടു സാദൃശ്യമുള്ള പര്‍ണവ്യൂഹവും സൈക്കാഡുകളുടേതിനോടു സാദൃശ്യമുള്ള വിത്തുകളും ഉണ്ടായിരുന്ന സസ്യങ്ങളാണിവ. വൃക്ഷങ്ങളും മറ്റു വൃക്ഷങ്ങളില്‍ കയറി പടര്‍ന്നു വളരുന്ന വള്ളിച്ചെടികളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. പെന്‍സില്‍വാനിയന്‍ കാലഘട്ടത്തില്‍ ഏറ്റവുമധികം വ്യാപകമായിരുന്ന ഈ സസ്യയിനങ്ങള്‍ ജൂറാസിക് കാലഘട്ടത്തോടെ അപ്രത്യക്ഷമായതായി കണക്കാക്കപ്പെടുന്നു.

നിവര്‍ന്നു വളര്‍ന്നിരുന്ന ടെറിഡോസ്പേമുകള്‍ ഇന്നത്തെ ട്രീഫേണുകളോട് ഏറെ സാദൃശ്യമുള്ളവയായിരുന്നു. 3-6 മീ. വരെ ഉയരവും 20 സെ.മീറ്ററോളം വ്യാസവും ഉള്ള ഇവയുടെ കാണ്ഡം ശാഖിതമായിരുന്നില്ല. കാണ്ഡാഗ്രത്തില്‍ സര്‍പ്പിലമായി ക്രമീകരിച്ചിരുന്ന ഒരു കൂട്ടം പത്രങ്ങള്‍ (fronds) കാണപ്പെട്ടിരുന്നു. ട്രീഫേണുകളെപ്പോലെ ടെറിഡോസ്പേമുകളുടെ ഇലകളും സംയുക്തവും 1-1.6 മീ. വരെ നീളമുള്ളവയുമായിരുന്നു.

1.ടെറിഡോസ്പേം ഇനത്തില് പ്പെട്ട ഒരു സസ്യം 2.ന്യ യൂറോടെറിസിന്റെ വിത്തോടുകൂടിയ പിച്ഛകം

ടെറിഡോസ്പേമുകളെക്കുറിച്ചുള്ള പഠനങ്ങള്‍ സംവഹന സസ്യങ്ങളുടെ പരസ്പര ബന്ധത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സസ്യശാസ്ത്രകാരന്മാര്‍ക്ക് അവസരം നല്‍കി. വിത്തുകളില്ലാത്ത പന്നല്‍ച്ചെടികളും ആവൃതബീജിസസ്യങ്ങളും തമ്മില്‍ യാതൊരുവിധ ബന്ധവുമില്ല എന്നാണ് അതുവരെ ശാസ്ത്രകാരന്മാര്‍ കരുതിയിരുന്നത്. എന്നാല്‍ ടെറിഡോസ്പേമുകളെക്കുറിച്ചുള്ള പഠനങ്ങള്‍, ഇവയ്ക്ക് പന്നല്‍ച്ചെടികളുടേയും ആധുനിക സൈക്കാഡുകളുടേയും സ്വഭാവ സവിശേഷതകളുണ്ടെന്നും, ഇവ രണ്ടും ഒരേ മുന്‍ഗാമിയില്‍ നിന്നും പരിണമിച്ചവയാണെന്നും ഉള്ള നിഗമനത്തിലെത്താന്‍ അവരെ സഹായിച്ചു.

ഇ.സി. ജെഫ്രി അസ്തമിത സംവഹന സസ്യങ്ങളടങ്ങിയ ടെറോപ്സിഡയെ പോളിപോഡിയോപ്സിഡ, പൈനോപ്സിഡ, മഗ്നോളിയോഫൈറ്റ എന്നീ മൂന്നു ക്ലാസ്സുകളായി വര്‍ഗീകരിച്ചു. ഇതില്‍ പൈനോപ്സിഡയിലെ സൈക്കഡോഫൈറ്റയിലാണ് ടെറി ഡോസ്പേമുകളെ ഉള്‍പ്പെടുത്തിയത്. മറ്റൊരു വര്‍ഗീകരണത്തില്‍ ജിനോസ്പേം ക്ലാസ്സിലെ ഒരു ഗോത്രമായിട്ടാണ് ടെറിഡോസ്പേമു കളെ കണക്കാക്കിയിരിക്കുന്നത്. ക്രോണ്‍ക്വിസ്റ്റിന്റെ വര്‍ഗീകരണത്തിലും ടെറിഡോസ്പേമുകളെ സൈക്കഡോഫൈറ്റുകളുടെ ഉപവിഭാഗമായിട്ടുതന്നെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ടെറിഡോസ്പേര്‍മയില്‍ മെഡുല്ലോസേസി, ലിജിനോടെറിഡേസി, കലാമോപിറ്റിയേസി എന്നീ മൂന്നു കുടുംബങ്ങളാണുള്ളത്. ഇവയില്‍ മെഡുല്ലോസകളും ലിജിനോടെറിഡുകളുമാണ് ഏറ്റവും അറിയപ്പെടുന്നവ.

മെഡുല്ലോസ, സട്ക്ലിഫിയ (Sutcliffia) കോള്‍പോസൈലോണ്‍ (Colpoxylon) എന്നിവയാണ് മെഡുല്ലോസേസിയില്‍പ്പെടുന്ന കാണ്ഡയിനങ്ങള്‍. ഇവയില്‍ കോള്‍പോസൈലോണിന് വലുപ്പംകൂടിയ പ്രത്യേക ആകൃതിയൊന്നുമില്ലാത്ത ഏക സ്റ്റീലിക അവസ്ഥയായിരുന്നു. മറ്റു രണ്ടിനങ്ങളിലും പോളിസ്റ്റീലിക അവസ്ഥയും. മൂന്നു ജീനസ്സുകള്‍ക്കും സര്‍പ്പിലമായി ക്രമീകരിച്ചിരിക്കുന്ന വലുപ്പംകൂടിയ പര്‍ണവൃന്ത(petioles)ങ്ങളും അനേകം സംവഹന വ്യൂഹങ്ങളും (vascular bundles) ഉണ്ടായിരുന്നു. മെഡുല്ലോസയില്‍ 2-23 സംവഹനവ്യൂഹങ്ങള്‍വരെ കാണപ്പെട്ടിരുന്നു. ടെറിഡോസ്പേമുകളെല്ലാം തന്നെ ദ്വിതീയ ദാരുവും ഫ്ളോയവും ഉള്ളവയായിരുന്നു.

മെഡുല്ലോസേസിയില്‍ അപസ്ഥാനിക മൂലങ്ങള്‍ (adventitious) മാത്രമേ കാണപ്പെട്ടിരുന്നുള്ളു. ഇവ പര്‍ണാധാരങ്ങള്‍ക്കിടയിലായിട്ടാണ് ഉദ്ഭവിച്ചത്. വിത്തുകള്‍ മൂലമായിരുന്നു പ്രത്യുത്പാദനം നടന്നിരുന്നത്. പ്രത്യുത്പാദനാവയവങ്ങള്‍ 4-6 സെ.മീ. നീളവും 1-2 സെ.മീ. വ്യാസവും ഉള്ളവയായിരുന്നു. ചില ജീവാശ്മങ്ങളില്‍ പര്‍ണങ്ങളുടെ അഗ്രഭാഗത്തുള്ള പിച്ഛകം വിത്ത് ആയി രൂപപ്പെട്ടിരുന്നു; ചിലവയില്‍ പാര്‍ശ്വപിച്ഛകങ്ങളും. ചില പിച്ഛകങ്ങള്‍ക്ക് രൂപഭേദമൊന്നും സംഭവിച്ചിരുന്നില്ല. വിത്തിന് വളരെ കട്ടികൂടിയ ഒരു ആവരണം ഉണ്ടായിരുന്നു. ഇത് പാക്കിടെസ്റ്റ (pachytesta) എന്നറിയപ്പെടുന്നു. പുറന്തോടിന്റെ അഗ്രം മൂന്നു തിട്ടകളോടുകൂടിയതും മൂന്നായി വിഭജിക്കപ്പെട്ടതുമായിരുന്നു. പുറന്തോടിനകത്ത് വലുപ്പംകൂടിയ സവൃന്ത മെഗാസ്പൊറാന്‍ജിയം രൂപപ്പെട്ടിരുന്നു. മെഗാസ്പൊറാന്‍ജിയത്തിന്റെ അഗ്രഭാഗമാണ് പരാഗ അറ (pollen chamber) ആയി രൂപാന്തരപ്പെടാറുള്ളത്. പരാഗ അറയില്‍ പരാഗരേണുക്കളെക്കൂടാതെ ഒറ്റയായ മൈക്രോസ്പോ റോഫൈറ്റും അപൂര്‍വമായി മെഗാസ്പോറോഫൈറ്റും കാണപ്പെട്ടിരുന്നു. അണ്ഡപ്രോട്ടോപ്ളാസ്റ്റിനുള്ളിലാണ് ആര്‍ക്കിഗോണിയ സംരക്ഷിക്കപ്പെട്ടിരുന്നത്. ഇന്നത്തെ സൈക്കാഡുകളുടേയും ജിങ്കോയുടെയും ഘടനയോടു തുല്യമായിരുന്നു മെഗാസ്പോറോഫൈറ്റുകളടങ്ങിയ മെഡുല്ലോസന്‍ വിത്തുകള്‍.

പരാഗങ്ങളുണ്ടാകുന്നത് മണിയുടെ ആകൃതിയിലുള്ള പരാഗ ഉത്പാദന അവയവമായ ഡോളറോത്തീക്ക (Dolerotheca)യിലാണ്. സവൃന്ത ഡോളറോത്തീക്കയുടെ സംവഹനകലകളോടുകൂടിയ ആവരണത്തില്‍നിന്ന് രണ്ടു നിരകളിലായി സംയോജിച്ച സ്പോറാന്‍ജിയങ്ങള്‍ തൂങ്ങിക്കിടക്കുന്നു. ഇവ രേഖീയങ്ങളാണ്. ഇതില്‍നിന്നും 250 മൈക്രോമീറ്റര്‍ വരെ വ്യാസമുള്ള പരാഗരേണുക്കളുണ്ടാകുന്നു. പരാഗങ്ങള്‍ ഒരു ജോടി കൊതയുള്ളതും ദ്വിപാര്‍ശ്വസമമിതവുമായിരിക്കും. ഇവ ഘടനയിലും മറ്റും ആവൃതബീജികളുടെ പരാഗതരികളോടു സാദൃശ്യം പുലര്‍ത്തുന്നവയാണ്.

ലിജിനോടെറിഡേസി കുടുംബത്തില്‍പ്പെടുന്നവയെല്ലാംതന്നെ ഏകസ്റ്റീലിക ടെറിഡോസ്പേമുകളാണ്. ഇവയുടെ പര്‍ണവൃന്തത്തില്‍ ഒന്നോ രണ്ടോ സംവഹന ട്രേസുകള്‍ കാണപ്പെടുന്നു. ഹെറ്റിറാന്‍ജിയവും (Heterangium) ലിജിനോടെറിസും (Liginopteris) ഇതിലുള്‍പ്പെടുന്നു. ലിജിനോടെറിഡേസിയിലെ വിത്തുകള്‍ ചെറുതും 4-8 മി.മീ. മാത്രം നീളമുള്ളതും ആയിരുന്നു.

കലാമോപിറ്റിയേസിയില്‍ വിത്തുകളും പരാഗ ഉത്പാദനാവയവങ്ങളും ഇലകളും കാണ്ഡവും കാണപ്പെട്ടിരുന്നു.

1903-ല്‍ ടെറിഡോസ്പേമുകളെ കണ്ടെത്തിയെങ്കിലും 1950-നുശേഷം മാത്രമാണ് ആധുനിക സൈക്കാഡുകളും സൈക്കഡിയോയിഡുകളും ടെറിഡോസ്പേമുകളില്‍നിന്ന് പരിണമിച്ചതാണെന്ന് മനസ്സിലാക്കപ്പെട്ടത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍