This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെറാ, ഗബ്രിയേല്‍ (1873-1942)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെറാ, ഗബ്രിയേല്‍ (1873-1942)

Terra,Gabriel

ഉറുഗ്വേയുടെ മുന്‍ പ്രസിഡന്റ് (1931-38). 1873-ല്‍ മൊണ്ടെവിഡിയോയില്‍ ജനിച്ചു. മൊണ്ടെവിഡിയോ സര്‍വകലാശാലയില്‍നിന്ന് 1895-ല്‍ നിയമബിരുദം സമ്പാദിച്ചു. പിന്നീട് ഇദ്ദേഹം ഈ സര്‍വകലാശാലയില്‍തന്നെ നിയമാധ്യാപകനായി ജോലി നോക്കി. ഉറുഗ്വേയിലെ ഭരണകക്ഷിയായ കൊളറാഡോ പാര്‍ട്ടിയില്‍ ഇദ്ദേഹം അംഗമായിരുന്നു. നാഷണല്‍ കോണ്‍ഗ്രസില്‍ (നിയമസഭ) ഇദ്ദേഹം നിരവധി വര്‍ഷം അംഗമായിരുന്നിട്ടുണ്ട്.
ഗബ്രിയേല് ടെറാ

1931-ല്‍ ഇദ്ദേഹം ഉറുഗ്വേയുടെ പ്രസിഡന്റായി. അക്കാലത്തുണ്ടായ ഗുരുതരമായ സാമ്പത്തിക ഞെരുക്കത്തെത്തുടര്‍ന്ന് ഇദ്ദേഹം 1933 മാ. 31-ന് നാഷണല്‍ കോണ്‍ഗ്രസിനെയും ദേശീയ ഭരണസമിതിയെയും (എക്സിക്യൂട്ടീവിനെ നിയന്ത്രിക്കാന്‍ 1919-ലെ ഭരണഘടനയനുസരിച്ച് രൂപവത്ക്കരിച്ചിരുന്ന സമിതി) പിരിച്ചുവിട്ട് സ്വന്തം നിലയില്‍ ഭരണം നിയന്ത്രിച്ചുതുടങ്ങി. ഉറുഗ്വേയ്ക്കുണ്ടായിരുന്ന ജനാധിപത്യസ്ഥിരതയ്ക്ക് ഇതോടെ ഭംഗമുണ്ടായി. 1919-ലെ ഭരണഘടന റദ്ദുചെയ്തുകൊണ്ട് പുതിയ ഒരു ഭരണഘടനാസമിതിയെ നിയോഗിക്കുകയും 1934-ല്‍ പുതിയ ഭരണഘടനയുണ്ടാക്കുകയും ചെയ്തു. ഇതനുസരിച്ച് എക്സിക്യൂട്ടീവ് അധികാരം പ്രസിഡന്റില്‍ നിക്ഷിപ്തമായിരുന്നു. പ്രസിഡന്റിനെ സഹായിക്കാന്‍ ഒരു മന്ത്രിസഭയ്ക്കും രുപം നല്‍കി. 1934-ല്‍ രണ്ടാമതു തവണയും ഇദ്ദേഹം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1935-ലെ ഒരു അട്ടിമറി ശ്രമം ഇദ്ദേഹം പരാജയപ്പെടുത്തി. മുന്‍ പ്രസിഡന്റായിരുന്ന ബാറ്റ്ലി വൈ ഒര്‍ദോനെസ് തുടങ്ങിവച്ച ജനക്ഷേമകരമായ സാമൂഹ്യവല്ക്കരണ പരിപാടികള്‍ ഇദ്ദേഹവും തുടര്‍ന്നു. 1938 വരെ ഇദ്ദേഹം പ്രസിഡന്റായിരുന്നു. 1942-ല്‍ മൊണ്ടെവിഡിയോയില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍