This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെറസ്ട്രിയല്‍ ഇക്കോളജി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെറസ്ട്രിയല്‍ ഇക്കോളജി

Terrestrial ecology

വന്‍കരകളിലേയും ദ്വീപുകളിലേയും കരപ്രദേശങ്ങളില്‍ നിവസിക്കുന്ന ജൈവസമൂഹത്തെയും അവയുടെ പരിസ്ഥിതിയെയും പഠനവിധേയമാക്കുന്ന ശാസ്ത്രശാഖ. ജലആവാസ വ്യവസ്ഥകളെയപേക്ഷിച്ച് ജലം കുറച്ചു മാത്രമേ കര ആവാസ വ്യവസ്ഥകള്‍ക്ക് ലഭ്യമാകുകയുള്ളു. അതിനാല്‍ ജല ദൗര്‍ലഭ്യം ഇത്തരം ആവാസ വ്യവസ്ഥകളില്‍ പല പരിമിതികള്‍ക്കും കാരണമാകുന്നു. കടലിനെപ്പോലെ ഒരു തുടര്‍ച്ച കര ആവാസ വ്യവസ്ഥകള്‍ക്കില്ല. ഭൂമിശാസ്ത്രത്തിലെ പല പ്രത്യേകതകളും കര ആവാസ വ്യവസ്ഥകളെ സ്വാധീനിക്കുന്നു. ഇത്തരം ആവാസ വ്യവസ്ഥകളുടെ മറ്റൊരു പ്രത്യേകത വൈവിധ്യമാര്‍ന്ന സസ്യ-ജൈവ പിണ്ഡമാണ്.

ദിനരാത്രങ്ങളിലും ഋതുഭേദങ്ങളിലും ഊഷ്മാവിന്റെ വന്‍തോതിലുള്ള വ്യതിയാനം കര ആവാവ്യവസ്ഥകളപലതരത്തില്‍ സ്വാധീനിക്കുന്നു. കൂടാതെ ഓരോ പ്രദേശത്തെയും ഈര്‍പ്പം, വായുമര്‍ദം, വായുചംക്രമണം, കാറ്റിന്റെ വേഗത, മണ്ണിന്റെ ഘടന, കടല്‍ നിരപ്പില്‍ നിന്നുമുള്ള ഉയരം ഇവയൊക്കെ അവിടെ പരിണമിച്ചുവരുന്ന ആവാസ വ്യവസ്ഥകളുടെ സ്വഭാവം നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങളാണ്. ജലത്തിന്റെ ഉയര്‍ന്ന വിശിഷ്ട ഊഷ്മാവ് (specific heat) കാരണം കാലാവസ്ഥാമാറ്റങ്ങള്‍ ജല ആവാസ വ്യവസ്ഥകളില്‍ കരയിലേതുപോലെ പെട്ടെന്നൊരു വ്യതിയാനം വരുത്തുന്നില്ല.

കര ആവാസ വ്യവസ്ഥകളില്‍ വായുവിന്റെ അളവ് കൂടുതലായിരിക്കും. കാര്‍ബണ്‍ ഡൈ ഓക്സൈഡ്, ഓക്സിജന്‍, നൈട്രജന്‍ എന്നിവയാണ് കരയിലെ ആവാസ വ്യവസ്ഥകളുമായി നേരിട്ട് ഇടപഴകുന്ന വാതകങ്ങള്‍. കാര്‍ബണ്‍ ഡൈ ഓക്സൈഡ് പ്രകാശ സംശ്ലേഷണ (photosynthesis) പ്രക്രിയയുടെ മൂല ഘടകമാണ്. ഓക്സിജന്‍ ജീവജാലങ്ങളുടെ പ്രാണവായുവാണ്. അന്തരീക്ഷത്തിലെ നൈട്രജനില്‍ നിന്നും സസ്യങ്ങളുടേയും മറ്റു ജീവജാലങ്ങളുടേയും നിലനില്പിന് അത്യന്താപേക്ഷിതമായ നൈട്രജന്‍ മണ്ണില്‍ വിലയിപ്പിക്കുകയും നൈട്രജന്‍ ഫിക്സിംഗ് ബാക്ടീരിയകള്‍ ഇത് ചിലയിനം സസ്യങ്ങളുടെ വേരുകളില്‍ നോഡ്യൂളുകളായി മണ്ണില്‍ ഉറപ്പിക്കുകയും ചെയ്യുന്നു.കരയിലെ പരിസ്ഥിതിയെ രണ്ടു ഖണ്ഡങ്ങളായി തിരിക്കാം: ജലവും ലവണങ്ങളും (ions) ലഭിക്കുന്ന മണ്ണും, വാതക നിബദ്ധമായ അന്തരീക്ഷവും. പ്രകാശ സംശ്ലേഷണത്തിലൂടെ സൗരോര്‍ജം ജൈവോര്‍ജമായി മാറുന്നത് അന്തരീക്ഷത്തില്‍ത്തന്നെയാണ്.

ഭൂമിയുടെ മൊത്തം വിസ്തൃതിയുടെ 28 ശ.മാ. മാത്രമാണ് കര ആവാസ വ്യവസ്ഥ. ഇത് ഏകദേശം 144,150,000 ച.കി.മീ. ആണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. കരയിലെ ആദ്യ ജീവജാലങ്ങള്‍ 425 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് സൈലൂറിയന്‍ (silurian) കാലഘട്ടത്തില്‍ പരിണമിച്ചുണ്ടായതാണെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ കര ആവാസവ്യവസ്ഥകള്‍ക്ക് ഭൂമിയുടെ ആകെ പ്രായത്തിന്റെ പത്തു ശ. -ത്തില്‍ താഴെ മാത്രമേ കാലപ്പഴക്കമുള്ളു. സമുദ്രവുമായി തട്ടിച്ചുനോക്കുമ്പോള്‍ കാലപ്പഴക്കത്തില്‍ നന്നേ ഇളപ്പവും വിസ്തൃതിയില്‍ ഏറെ പിന്നിലും ആണെങ്കിലും കര ആവാസ വ്യവസ്ഥ ജൈവ വൈവിധ്യത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ്. ഭൂമിയുടെ ഉപരിതലത്തില്‍ ഏകദേശം 2,75,000 ഇനം സപുഷ്പി സസ്യങ്ങളുണ്ടെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. 500 സൂചിയില (conifer) സ്പീഷീസും 24,000 ഇനം ആദിമസസ്യവര്‍ഗങ്ങളും ഉണ്ടെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്.

കര ആവാസ വ്യവസ്ഥകളിലെ ജീവികള്‍ക്ക് ആന്തര സന്തുലിതാവസ്ഥ നിലനിര്‍ത്താനായി ആവശ്യമാണെങ്കില്‍ വെള്ളം കുടിക്കണമെന്ന തോന്നലുണ്ടാക്കാനും കുടിച്ച വെള്ളം കുടലില്‍ നിന്നും രക്തത്തിലേക്കും, ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വളരെ പെട്ടെന്നു തന്നെ എത്തിക്കാനുമുള്ള അനുകൂലനങ്ങളുണ്ട്. ശരീരത്തില്‍നിന്നും ജലം ബാഷ്പീകരണം മൂലമോ മറ്റുവിധേനയോ നഷ്ടപ്പെടുന്നത് തടയാനും ധാരാളം മാര്‍ഗങ്ങള്‍ കരയിലെ ജീവികള്‍ സ്വായത്തമാക്കിയിട്ടുണ്ട്.

കരയിലെ ജീവികള്‍ക്കു അഭിമുഖീകരിക്കേണ്ടിവരുന്ന മറ്റൊരു പ്രശ്നം ഗുരുത്വാകര്‍ഷണമാണ്. ശക്തങ്ങളായ കൈകാലുകളുടെ സഹായത്താല്‍ അതിനെ നേരിടാനുള്ള അനുകൂലനങ്ങള്‍ ഓരോ ജന്തുവര്‍ഗവും ആര്‍ജിച്ചിട്ടുണ്ട്. കരയിലെ മറ്റു പ്രതിഭാസങ്ങളായ കൊടുംചൂട്, അതിശൈത്യം, കൊടുങ്കാറ്റ്, അതിവൃഷ്ടി, അനാവൃഷ്ടി എന്നിവയേയും ആവാസ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്.

എല്ലാ ജീവജാലങ്ങളേയും പരിസ്ഥിതി ഘടകങ്ങളായ അജൈവ വസ്തുക്കളേയും ഒരുമിച്ചുകോര്‍ത്തിണക്കുന്ന തരത്തിലുള്ള ഊര്‍ജത്തിന്റേയും, വസ്തുക്കളുടേയും, മൂലകങ്ങളുടേയും ചംക്രമണം ഉച്ചാവസ്ഥയിലായിരിക്കുന്നതും ഈ ആവാസ വ്യവസ്ഥയുടെ പ്രത്യേകതയാണ്. ജീവജാലങ്ങളെ ആഹാരസമ്പാദന രീതിക്കനുസരിച്ച് തരംതിരിച്ച് ഒരു ആഹാര-ഊര്‍ജശൃംഖലയുടെ നിര്‍മിതിയും സാധ്യമാണ്. ഭക്ഷിക്കുകയും ഭക്ഷിക്കപ്പെടുകയും ചെയ്യുന്നതാണ് പ്രകൃതിനിയമം. ആഹാരശൃംഖലയുടെ അടിസ്ഥാനം പ്രകാശ സംശ്ലേഷണം നടത്തുന്ന ഹരിതകമുള്ള സസ്യങ്ങളാണ്. മണ്ണില്‍നിന്നും ആഗിരണം ചെയ്ത അജൈവ പോഷകവസ്തുക്കളെ സൗരോര്‍ജമുപയോഗിച്ച് സംശ്ലേഷണം ചെയ്ത് ജൈവതന്മാത്രകളുണ്ടാക്കാന്‍ സസ്യങ്ങള്‍ക്കു മാത്രമേ സാധിക്കുകയുള്ളു. മറ്റു ജീവികള്‍ ആഹാരത്തിനും ഊര്‍ജത്തിനുമായി സസ്യങ്ങളെ ആശ്രയിക്കുന്നു.

സസ്യങ്ങള്‍ മണ്ണില്‍നിന്നും സൂര്യപ്രകാശത്തില്‍നിന്നും സംഭരിക്കുന്ന ആകെ ഊര്‍ജത്തിന്റെ ഒരംശം മാത്രമേ ഇവയെ ആഹാരമാക്കുന്ന ജീവികളില്‍ എത്തിച്ചേരുന്നുള്ളു. ചില ജീവികളെ മറ്റു ജീവികള്‍ ആഹാരമാക്കുന്നു. ഇപ്രകാരം കരയിലെ സസ്യങ്ങളും മറ്റു ജീവജാലങ്ങളും ഒരു വലിയ ഭക്ഷ്യശൃംഖലയുടെ ഭാഗമാണെന്നു കാണാം. ഊര്‍ജവും അതിനനുസരണമായി ആവാസ വ്യവസ്ഥയിലെ ഒരു ഘടകത്തില്‍നിന്നും മറ്റൊരു ഘടകത്തിലേക്ക് ഒഴുകുന്നു. പക്ഷേ ഭക്ഷ്യശൃംഖലയുടെ ഒരു തട്ടില്‍ നിന്നും മറ്റൊരു തട്ടിലേക്ക് ഒഴുകുമ്പോള്‍ ഊര്‍ജത്തിന്റെ ഒരു ഭാഗം നഷ്ടമാകുന്നുമുണ്ട്.

കര ആവാസ വ്യവസ്ഥയിലെ ഭക്ഷ്യശൃംഖലകള്‍ രണ്ടു തരത്തിലുണ്ട്: മേച്ചില്‍ ഭക്ഷ്യജാലവും (grazing food web), അപരദ ഭക്ഷ്യജാലവും (detritious food web). ആദ്യത്തേതില്‍ സസ്യങ്ങളെ സസ്യഭോജികളായ ജീവികള്‍ ആഹാരമാക്കുന്നു. അങ്ങനെ സൗരോര്‍ജത്തില്‍ നിന്നും അന്തരീക്ഷത്തിലേയും മണ്ണിലേയും അജൈവ വസ്തുക്കളില്‍നിന്നും ഉള്‍ക്കൊണ്ട് ഉണ്ടാക്കിയെടുത്ത ജൈവകണികകള്‍ ഭക്ഷ്യശൃംഖലയുടെ മേലേതട്ടിലേക്കു പ്രവേശിക്കുന്നു.

അപരദ ഭക്ഷ്യശൃംഖലയില്‍ ഉണങ്ങിയ സസ്യങ്ങള്‍ അപരദ ആഹാരികള്‍ (detritivores) ഭക്ഷിക്കുന്നു. ഇവയെ ആഹാരമാക്കുന്ന ജീവികള്‍ വഴി ഊര്‍ജം മേലേതട്ടിലേക്ക് ഒഴുകുന്നു. പുല്‍മേടുകളില്‍ മേച്ചില്‍ ഭക്ഷ്യശൃംഖലയാണ് പ്രധാനം. ഇവിടെ ഉത്പ്പാദിതമാവുന്നവയില്‍ 50 ശതമാനവും സസ്യഭോജികള്‍ ആഹാരമാക്കുന്നു. വന ആവാസ വ്യവസ്ഥകളില്‍ അപരദ ഭക്ഷ്യശൃംഖലയ്ക്കാണ് പ്രാധാന്യം. ഇവിടെ സസ്യഭോജികള്‍ ഉത്പാദിതമാവുന്നവയുടെ അഞ്ചു ശതമാനം മാത്രമേ ആഹാരമാക്കുന്നുള്ളൂ.

ഋതുഭേദങ്ങള്‍ കര ആവാസ വ്യവസ്ഥകളെ കാര്യമായി സ്വാധീനിക്കുന്നു. മിത ശീതോഷ്ണമേഖലയിലെ അന്തരീക്ഷ താപ വ്യതിയാനം, ഉഷ്ണമേഖലയിലെ മഴയുടെ ഏറ്റക്കുറച്ചില്‍ ഇവയൊക്കെ ഉത്പാദന ക്ഷമതയേയും ബാധിക്കുന്നു. മരുഭൂമിയില്‍ സസ്യങ്ങള്‍ ഹ്രസ്വകാലത്തിനുള്ളില്‍ത്തന്നെ ജീവിതചക്രം പൂര്‍ത്തിയാക്കുന്നു. ഇലപൊഴിയും വനങ്ങളിലും മിതശീതോഷ്ണമേഖലകളിലും സസ്യങ്ങള്‍ പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാനായി ഇലപൊഴിക്കുന്നു. പ്രതികൂലകാലാവസ്ഥകളില്‍ മൃഗങ്ങളും പക്ഷികളും ഷഡ്പദങ്ങളും മറ്റും ദേശാടനം നടത്തുകയോ സുരക്ഷിതസ്ഥാനങ്ങളില്‍ ദീര്‍ഘനിദ്രയിലേര്‍പ്പെടുകയോ ചെയ്യുന്നു.

തദ്ദേശീയകാലാവസ്ഥ, പാരിസ്ഥിതിക ജൈവ-അജൈവ ഘടകങ്ങള്‍, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ ഇവയൊക്കെ പ്രതിവര്‍ത്തിച്ച് അതിരുകള്‍ മനസ്സിലാക്കാവുന്ന ഭൂപരിധിക്കുള്ളില്‍ ഒരു ജൈവ സമൂഹം (community) രൂപംകൊള്ളുന്നു. കര ആവാസ വ്യവസ്ഥകളിലെ ഇത്തരം ഒരു ഘടകത്തെ പലപ്പോഴും ബയോം (biome) എന്നു വിശേഷിപ്പിക്കാറുണ്ട്. കാലാവസ്ഥാ-ഉച്ചാവസ്ഥയിലെ(climatic climax) ഒരു ബയോമിന് ഒരു ഏകതാഭാവമുണ്ടായിരിക്കും. കാലാവസ്ഥാ ഉച്ചാവസ്ഥയിലെത്തിയ സസ്യങ്ങളുള്‍ക്കൊള്ളുന്ന ബയോമാണ് വനം. തുന്തര, മരുഭൂമി, മീതശീതോഷ്ണ പുല്‍മേടുകള്‍, കുറ്റിക്കാടുകള്‍, ഉഷ്ണമേഖലാസാവന്നകള്‍, മീതശീതോഷ്ണവനങ്ങള്‍, ഉഷ്ണമേഖലാവനങ്ങള്‍, ഉയരംകൂടിയ മലമുകളിലെ പുല്‍മേടുകള്‍ ഇവയൊക്കെയാണ് പ്രകൃതിദത്തമായ ആവാസ വ്യവസ്ഥകള്‍. കൃഷിഭൂമിയും തോട്ടങ്ങളും മനുഷ്യജന്യമായ ആവാസ വ്യവസ്ഥകളായാണ് കണക്കാക്കപ്പെടുന്നത്.

(പ്രൊഫ. ഇ. കുഞ്ഞികൃഷ്ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍