This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെര്‍റ്റൂല്യന്‍, ക്വിന്റസ് സെപ്റ്റിമസ് ഫ്ളോറന്‍സ് (സു. 160 - സു. 230)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെര്‍റ്റൂല്യന്‍, ക്വിന്റസ് സെപ്റ്റിമസ് ഫ്ളോറന്‍സ് (സു. 160 - സു. 230)

Tertullian,Quintus Septimus Florens

ലത്തീന്‍ഭാഷയില്‍ ഗ്രന്ഥരചന നടത്തിയ ആദ്യത്തെ ക്രൈസ്തവമതപണ്ഡിതന്‍. ഒരു റോമന്‍ സൈനികമേധാവിയുടെ പുത്രനായി ഉത്തരാഫ്രിക്കയിലെ കാര്‍ത്തേജില്‍ എഡി.160-ല്‍ ജനിച്ചു. ജനനത്തെക്കുറിച്ചും മരണത്തെക്കുറിച്ചും വ്യക്തമായ രേഖകള്‍ ഇല്ല. നിയമവും പ്രഭാഷണകലയും ഐച്ഛികമായി പഠിച്ച ഇദ്ദേഹം ഗ്രീക്ക്, ലത്തീന്‍ഭാഷകളില്‍ നല്ല അവഗാഹം നേടി. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നു റോമില്‍ പ്രശസ്തമായ നിലയില്‍ അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെട്ടു.

ക്വിന്റസ് സെപ്റ്റിമസ് ഫ്ളോറന്സ് ടെര്റ്റൂല്യന്

എ. ഡി. 195-ല്‍ ടെര്‍റ്റൂല്യന്‍ ക്രിസ്തുമതം സ്വീകരിച്ചതിനുശേഷം ജന്മനാടായ കാര്‍ത്തേജിലേക്ക് മടങ്ങി. മതപരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ക്ക് മതബോധനം നല്‍കുന്നതിലും ഗ്രന്ഥരചനയിലും വ്യാപൃതനായി ഇവിടെ കഴിഞ്ഞുകൂടി. ടെര്‍റ്റൂല്യന്‍ വിവാഹിതനായിരുന്നു. ഇദ്ദേഹം വൈദികനായി വാഴിക്കപ്പെട്ടിരുന്നോ എന്ന കാര്യം അസന്ദിഗ്ധമായി പ്രസ്താവിക്കാന്‍വേണ്ടുന്ന തെളിവുകളില്ല.

കടുത്ത മതനിഷ്ഠ പുലര്‍ത്തിയിരുന്ന 'മോണ്‍ടാനിസ്റ്റ്സ്' (Montanists) എന്ന മതസംഘടനയില്‍ 207-ല്‍ ഇദ്ദേഹം അംഗമായി. തുടര്‍ന്ന്, 'ടെര്‍റ്റൂല്യനിസ്റ്റ്സ്' എന്ന പേരില്‍ ഒരു സംഘടന രൂപീകരിക്കുകയും അതിന്റെ നേതാവായി പ്രവര്‍ത്തിക്കുകയും ചെയ്തു.

ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ എല്ലാവിധ അസാന്മാര്‍ഗിക പ്രവൃത്തികളിലും ഏര്‍പ്പെട്ടു ജീവിച്ചിരുന്ന ടെര്‍റ്റൂല്യന്‍ മതപരിവര്‍ത്തനത്തിനുശേഷമാണ് കടുത്ത സദാചാരിയായി മാറിയത്. വ്യക്തിത്വത്തിന്റെ ഈ രണ്ടു ഭാവങ്ങളും ഇദ്ദേഹത്തിന്റെ കൃതികളില്‍ ദര്‍ശിക്കാവുന്നതാണ്. ലത്തീന്‍ഭാഷയില്‍ രചന നടത്തിയ ആദ്യത്തെ ക്രൈസ്തവ പണ്ഡിതന്‍ എന്ന നിലയില്‍ ക്രിസ്തുമതസംബന്ധിയായ നിരവധി ലത്തീന്‍പദങ്ങള്‍ക്ക് ഇദ്ദേഹം രൂപം കൊടുത്തു. പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും സൂചിപ്പിക്കുവാനായി 'ട്രിനിറ്റാസ്' (ത്രിത്വം) എന്ന പദം ആദ്യമായി പ്രയോഗിച്ചത് ഇദ്ദേഹമാണ്. സു. 900-ത്തോളം പുതിയ പദങ്ങള്‍ ഇദ്ദേഹം ഇപ്രകാരം സൃഷ്ടിച്ചിരുന്നതായി കരുതപ്പെടുന്നു. കടുത്ത മതനിഷ്ഠ പുലര്‍ത്തിയിരുന്ന മൊണ്‍ടാനിസ്റ്റ് സംഘടനയിലെ അംഗമെന്ന നിലയില്‍ എഴുതിയ ചില ഗ്രന്ഥങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ടെര്‍റ്റൂല്യന്റെ രചനകളെല്ലാംതന്നെ യാഥാസ്ഥിതിക ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. 230-ലാണ് ഇദ്ദേഹം അന്തരിച്ചതെന്ന് കരുതപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍