This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെര്‍മിനേറ്റര്‍ ടെക്നോളജി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെര്‍മിനേറ്റര്‍ ടെക്നോളജി

Terminator technology

സസ്യങ്ങളിലെ വിത്തിന്റെ ഭ്രൂണവളര്‍ച്ചയുടെ അവസാന ഘട്ടത്തില്‍ ഭക്ഷ്യ-പോഷക നിലവാരത്തിന് മാറ്റംവരാതെ, വിത്തു മുളയ്ക്കാനുള്ള ശേഷി നഷ്ടമാക്കുന്ന പ്രവിധി. ജീനുകളെ നിദ്രാവസ്ഥയിലാക്കി നിലനിര്‍ത്തി നിശ്ചിത സമയത്ത് പ്രവര്‍ത്തനക്ഷമമാക്കുകയാണ് ടെര്‍മിനേറ്റര്‍ പ്രവിധിയുടെ കാതലായ ഭാഗം. ഇതുമൂലം കൊയ്തെടുത്ത വിത്ത് അടുത്ത വിളയ്ക്കുവേണ്ടി കരുതിവയ്ക്കാറുള്ള പരമ്പരാഗത കൃഷിരീതി സാധ്യമാകുന്നില്ല. രോഗപ്രതിരോധം, ഉയര്‍ന്ന ഉത്പാദനം തുടങ്ങിയ സവിശേഷ ഗുണങ്ങളുള്ളതും ജനിതക എഞ്ചിനീയറിങ്ങിലൂടെ വികസിപ്പിച്ചെടുത്തതുമായ വിത്തുകള്‍ ഓരോ തവണയും കൃഷിയിറക്കുമ്പോള്‍ വാങ്ങാനായി കര്‍ഷകനെ നിര്‍ബന്ധിതനാക്കുന്നു.

യു.എസ്സില്‍ 1998 മാര്‍ച്ച് മൂന്നിന് 'കണ്‍ട്രോള്‍ ഒഫ് പ്ലാന്റ് ജീന്‍ എക്സ്പ്രഷന്‍' എന്ന ശീര്‍ഷകത്തില്‍ (യു. എസ്. പേറ്റന്റ്' നമ്പര്‍ 5723765), ഡെല്‍റ്റ ആന്‍ഡ് പൈന്‍ ലാന്റ് ( D& PL) എന്ന കമ്പനിക്കും യു.എസ് ഡിപ്പാര്‍ട്ട്മെന്റ് ഒഫ് അഗ്രികള്‍ച്ചറിനും (USDA) സംയുക്തമായി ഒരു പേറ്റന്റു നല്‍കുകയുണ്ടായി. ഇത് വിത്ത് ഉത്പാദക കമ്പനികളുടെ അവകാശം സംരക്ഷിക്കുന്നു. എന്നാല്‍ പരമ്പരാഗത കൃഷിരീതിയനുസരിച്ച് വിത്തു ശേഖരിച്ചു കൃഷി ചെയ്യുന്ന രീതിയെ ഇത് തടസ്സപ്പെടുത്തുന്നുമുണ്ട്. ഈ പ്രവിധി കര്‍ഷകരുടെ സ്വാതന്ത്യ്രത്തിനും, വികസ്വര രാജ്യങ്ങളിലെ ചെറുകിട കര്‍ഷകരുടെ ഭക്ഷ്യപരിരക്ഷ (food security)യ്ക്കും തടസ്സമാകാമെന്നതിനാല്‍ കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനയായ റൂറല്‍ അഡ്വാന്‍സ്മെന്റ് ഫൗണ്ടേഷന്‍ ഇന്റര്‍നാഷണ(RAFI)ലിന്റെ ഡയറക്ടറായ ഹോപ്പ് ഷാന്റ് ഈ പ്രവിധിക്ക് ടെര്‍മിനേറ്റര്‍ ടെക്നോളജി (അന്തക സാങ്കേതികവിദ്യ) എന്നു നാമകരണം ചെയ്തു. ഇതിന് മാധ്യമങ്ങള്‍ വന്‍പ്രചാരം നല്‍കുകയും ചെയ്തു.

ടെക്സാസിലെ USDA-ARS മെല്‍വിന്‍ ഒലിവര്‍ D & PL കമ്പനിയുമായി സഹകരിച്ചു നടത്തിയ ഗവേഷണ പ്രവര്‍ത്തനങ്ങളാണ് ഈ പേറ്റന്റിന് ആധാരം. പേറ്റന്റു ലഭിച്ചിട്ടുള്ള സസ്യങ്ങളുടെ ജീന്‍ സംയോഗം കോശങ്ങള്‍ക്കും വിത്തുകള്‍ക്കും ജനിതക വ്യതിയാനം വരുത്തിയിട്ടുള്ള ട്രാന്‍സ്ജീനിക സസ്യങ്ങളുള്‍പ്പെടെ ഒരേ വര്‍ഗത്തില്‍പ്പെട്ട എല്ലാ സസ്യങ്ങള്‍ക്കും, പാരമ്പര്യ കാര്‍ഷിക ഇനങ്ങള്‍ക്കും മാത്രം ബാധകമായിട്ടുള്ളതാണ്. ഈ പേറ്റന്റ് ഇവയുടെ സംരക്ഷണത്തിനു വേണ്ടിയുള്ളതുമാണെന്ന് ഈ കമ്പനി അവകാശപ്പെടുന്നു.

ടെര്‍മിനേറ്റര്‍ പ്രവിധി പേറ്റന്റിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി ടെക്നോളജി പ്രൊട്ടക്ഷന്‍ സിസ്റ്റം വികസിപ്പിച്ചെടുക്കുകയും, മോണ്‍സാന്റോ (monsanto) കമ്പനി ജീന്‍ പ്രൊട്ടക്ഷന്‍ ടെക്നോളജി എന്ന് ഇതിനെ നാമകരണം ചെയ്യുകയും ചെയ്തു. ഏകവര്‍ഷ വിളകളായ പരുത്തി, സോയാബീന്‍, സൂര്യകാന്തി, ചോളം, ഗോതമ്പ്, പുകയില, കാരറ്റ്, തക്കാളി, തണ്ണിമത്തന്‍ തുടങ്ങിയവയ്ക്ക് ഈ പ്രവിധി അനുയോജ്യമാണെന്ന് പേറ്റന്റിനുവേണ്ടി സമര്‍പ്പിച്ച അപേക്ഷയില്‍ സൂചിപ്പിച്ചിരുന്നു. ഇതുപ്രകാരം ജനിതക പരീക്ഷണങ്ങള്‍ നടത്തിയത് പുകയിലയിലും പരുത്തിയിലും മാത്രമാണ്.

ടെര്‍മിനേറ്റര്‍ പ്രവിധിയുടെ പ്രവര്‍ത്തനം. വിത്ത് മുളയ്ക്കുന്നത് തടയുന്ന മാരകമായ ഒരു പ്രോട്ടീന്‍ ഉത്പാദിപ്പിക്കുന്ന ജീനുകളാണ് ഈ പ്രവിധിയുടെ അടിസ്ഥാനം. ഇത്തരത്തിലുള്ള ചില റൈബോസോമല്‍ ഇന്‍ ആക്ടിവേറ്റിംഗ് പ്രോട്ടീന്‍ ജീനുകള്‍ (RIP ജീന്‍) പ്രവര്‍ത്തനക്ഷമമാകുമ്പോഴാണ് മാരകമായ പ്രോട്ടീന്‍ ഉത്പാദനം തടസ്സപ്പെടുന്നത്. ഭ്രൂണരൂപാന്തരണ സമയത്തുമാത്രം പ്രകടമാകുന്ന ഈ ജീനുകളുടെ പ്രവര്‍ത്തനം ചില പ്രമോട്ടറുകളുടെ നിയന്ത്രണത്തിലാണ്. ഇക്കാരണത്താല്‍ ഈ ജീനുകളുടെ പ്രവര്‍ത്തനം ഭ്രൂണത്തിന്റെ വളര്‍ച്ചയെ മാത്രമേ ബാധിക്കാറുള്ളു. മാരകമായ RIP ജീനിനും പ്രമോട്ടറിനുമിടയിലുള്ള സ്പേസര്‍ അഥവാ ബ്ളോക്കിംഗ് അനുക്രമങ്ങള്‍ (blocking sequence) RIP ജീനിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി ഒന്നാം തലമുറയിലെ വിത്തുകള്‍ക്ക് അതിന്റെ പ്രകടഭാവം ഇല്ലാതാക്കുന്നു. സ്പേസറിന് ഇരുവശവുമുള്ള പ്രത്യേക അനുക്രമങ്ങള്‍ (ബാക്ടീരിയോഫേജില്‍നിന്ന് വേര്‍തിരിച്ചെടുത്ത CRE/LOX അനുക്രമം) റീകോംബിനേസ് എന്‍സൈം കൊണ്ട് തിരിച്ചറിയുകയും ബ്ളോക്കിംഗ് അനുക്രമങ്ങളെ ഛേദിച്ചു മാറ്റുകയും ചെയ്യുന്നു. ടെട്രാസൈക്ളിന്‍ പോലുള്ള രാസവസ്തുക്കളോ പെട്ടെന്നുള്ള താപവ്യതിയാനങ്ങളോ റികോംബിനേസ് എന്‍സൈം ഉത്പാദിപ്പിക്കാന്‍ റികോംബിനേസ് ജീനിന് പ്രചോദനം നല്‍കുന്നു. റികോംബിനേസ് എന്‍സൈം ഉത്പാദനത്തിനുവേണ്ടി ക്രോഡീകരിച്ച രണ്ടാമത്തെ ജീന്‍ (റീകോംബിനേസ് ജീന്‍) ഒരു പ്രത്യേക റിപ്രസറിന്റെ ഉത്പാദനത്തിനാവശ്യമായ പ്രമോട്ടറിന്റെയോ ഓപറേറ്ററിന്റെയോ പിന്നിലായിട്ടായിരിക്കും ക്രമീകരിച്ചിരിക്കുന്നത്. റിപ്രസറിന്റെ ഉത്പാദനം മൂന്നാമതൊരു ജീനായ റിപ്രസര്‍ ജീനിന്റെ നിയന്ത്രണത്തിലാണ്. വിത്ത് ഉത്പാദനരീതികളില്‍ ഇത്തരം ജനിതക മൂലഘടകങ്ങള്‍ സങ്കരവര്‍ഗയിനങ്ങളിലും സങ്കരവര്‍ഗമല്ലാത്തവയിലും വ്യത്യസ്തമായിട്ടാണ് കാണപ്പെടുന്നത്.

വിത്ത് ഉത്പാദകര്‍ (breeder) അഥവാ വിത്ത് കമ്പനികള്‍ വിത്ത് ഉത്പാദനം നടത്തുകയും കൊയ്തെടുത്ത വിത്തിനങ്ങള്‍ രാസവസ്തുക്കളും മറ്റുമായി കൂട്ടിയോജിപ്പിച്ച് വിപണിയിലിറക്കി കര്‍ഷകര്‍ക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു. ഈ വിത്തു വിതച്ച് വിളവെടുപ്പ് ആകുമ്പോഴേക്കും മാരകമായ പ്രോട്ടീനിന്റെ ഉത്പാദനംമൂലം ഭ്രൂണം നശിച്ചുപോകുന്നു. ഇത്തരം വിത്തുകളില്‍ ബീജാന്നമുണ്ടെങ്കിലും ഭ്രൂണം നശിച്ചുപോയതിനാല്‍ ധാന്യമായി ഉപയോഗിക്കാനല്ലാതെ അടുത്ത വിളവിനുവേണ്ടി വിത്തായി ഉപയോഗിക്കാന്‍ കര്‍ഷകന് കഴിയുന്നില്ല.

സങ്കരവിത്തിനങ്ങളുടെ ഉത്പാദനത്തിന് രണ്ടു ജീനുകളുടെ പ്രവര്‍ത്തനം മാത്രമേയുള്ളു. ഇതില്‍ ഒരു ജീന്‍ സങ്കരയിനത്തിന്റെ മാതൃസസ്യത്തിന്റേതും മറ്റേത് പിതൃസസ്യത്തിന്റേതും ആണ്. ഇതില്‍ റിപ്രസര്‍ ജീന്‍ എന്ന മൂന്നാമതൊരു ജീനിന്റെ ആവശ്യം വരുന്നില്ല. സങ്കരവിത്തിനം വിപണിയില്‍നിന്നു വാങ്ങി വിതച്ച്, വിത്തു മുളയ്ക്കുമ്പോള്‍ റികോംബിനേസ് ജീന്‍ പ്രവര്‍ത്തനക്ഷമമാകുന്നു. ഇതിന്റെ ഫലമായി സ്പേസര്‍ അഥവാ ബ്ളോക്കിംഗ് അനുക്രമങ്ങള്‍ ഛേദിക്കപ്പെടുകയും പ്രമോട്ടറും ടെര്‍മിനേറ്റര്‍ ജീനും അടുത്തടുത്ത് വരികയും ചെയ്യുന്നു. പ്രമോട്ടര്‍ ഭ്രൂണസംബന്ധിയായതിനാല്‍ വിത്തു രൂപപ്പെടുന്നതുവരെ ടെര്‍മിനേറ്റര്‍ ജീനിന്റെ പ്രവര്‍ത്തനം താമസിപ്പിക്കുന്നു. വിത്തു വികസിക്കുമ്പോള്‍ ഭ്രൂണ വികാസത്തിന്റെ അവസാനഘട്ടങ്ങളില്‍ മാരകമായ ടെര്‍മിനേറ്റര്‍ ജീന്‍ പ്രവര്‍ത്തനക്ഷമമാവുകയും ഭ്രൂണത്തെ നശിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള സങ്കരയിനസസ്യങ്ങളുടെ ആദ്യതലമുറയിലെ വിത്തുകള്‍ സാധാരണ രീതിയിലുള്ളതായിരിക്കുമെങ്കിലും വിതയ്ക്കുമ്പോള്‍ മുളയ്ക്കാറില്ല.

ടെര്‍മിനേറ്റര്‍ പ്രവിധിക്ക് ഏറെ ദൂഷ്യഫലങ്ങളുണ്ട്. വിത്ത് മുളയ്ക്കാത്തതിനാല്‍ കര്‍ഷകരുടെ പരമ്പരാഗത രീതിയിലുള്ള വിത്തു ശേഖരണവും കൃഷിയും അസാധ്യമാകുന്നു. ഉയര്‍ന്ന നിലവാരമുള്ളതും ഗുണമേന്മയേറിയതുമായ സങ്കരവിത്തിനങ്ങള്‍ക്കുവേണ്ടി ബഹുരാഷ്ട്രക്കമ്പനികളെ ആശ്രയിക്കേണ്ട അവസ്ഥ വന്നുചേരുന്നു. ഇത്തരം പ്രവിധി മുഖ്യഭക്ഷ്യവിളകളായ നെല്ല്, ഗോതമ്പ് തുടങ്ങിയവയില്‍ പ്രയോഗിച്ചാല്‍ വിത്തിനുവേണ്ടി സ്വകാര്യകുത്തക കമ്പനികളെ ആശ്രയിക്കേണ്ടിവരുന്ന കര്‍ഷകന് അതൊരു അധികബാധ്യതയാവും. ഈ ടെര്‍മിനേറ്റര്‍ ജീന്‍ മറ്റു വിളകളിലേക്കും പരപരാഗണം വഴി എത്തിച്ചേര്‍ന്നാല്‍ വന്‍തോതിലുള്ള വന്ധ്യതയ്ക്കും മറ്റും കാരണമാകുമെന്നും ഇത് സസ്യസമ്പത്തിനെയെന്നുമാത്രമല്ല പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെത്തന്നെ നശിപ്പിച്ചേക്കുമെന്നും നയതന്ത്രജ്ഞരും ശാസ്ത്രകാരന്മാരും ഭയപ്പെടുന്നു. ഏറെ വിവാദവിധേയമായ ടെര്‍മിനേറ്റര്‍ വിത്ത് (അന്തക വിത്ത്) ഇന്നും നിലവില്‍ വന്നിട്ടില്ല എന്നത് കര്‍ഷകര്‍ക്ക് ആശ്വാസത്തിനു വക നല്‍കുന്നു.

(ഡോ. എ. എന്‍. നമ്പൂതിരി, ഡോ. ലക്ഷ്മി ജി. നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍