This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെയ്ലറിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെയ്ലറിസം

Taylorism

19-ാം ശ.-ത്തിന്റെ അവസാന ദശകങ്ങളില്‍ അമേരിക്കക്കാരനായ ഫ്രെഡറിക് വിന്‍സ്ലൊ ടെയ്ലര്‍ ആവിഷ്കരിച്ച ശാസ്ത്രീയ മാനേജ്മെന്റ് സമ്പ്രദായം. അധ്വാനസംഘാടനത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങളും ശാസ്ത്രീയ മാനേജ്മെന്റുമാണ് ടെയ്ലറിസത്തിന്റെ മുഖ്യ പ്രതിപാദ്യ വിഷയങ്ങള്‍. വന്‍തോതില്‍ വികസിച്ചുകൊണ്ടിരിക്കുന്ന വ്യവസായ സ്ഥാപനങ്ങളിലെ ഉത്പാദന-അധ്വാന പ്രക്രിയകളുടെ സങ്കീര്‍ണപ്രശ്നങ്ങളെ ആധുനികശാസ്ത്രത്തിന്റെ രീതികളുപയോഗിച്ച് നിയന്ത്രിക്കുവാനുള്ള ശ്രമമാണ് ശാസ്ത്രീയ മാനേജ്മെന്റ്. ഒരു തൊഴില്‍ശാലയിലെ തൊഴില്‍സേനയെ തികച്ചും മുതലാളിത്ത കാഴ്ചപ്പാടിലൂടെ സമീപിക്കുന്ന ശാസ്ത്രീയ മാനേജ്മെന്റ് മൂലധനത്തിന്റെ താത്പര്യങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കുന്നത്. സ്ഥാപനത്തിന്റെ ഉത്പാദനക്ഷമതയും ലാഭവും വര്‍ധിപ്പിക്കുവാന്‍ ഉതകുംവിധം തൊഴിലാളി-മുതലാളിബന്ധത്തെ അനുശീലിപ്പിക്കുന്ന തന്ത്രങ്ങളാണ് ശാസ്ത്രീയ മാനേജ്മെന്റ് ആവിഷ്കരിക്കുന്നത്.

ആധുനിക മാനേജ്മെന്റിന്റെ വികാസചരിത്രത്തില്‍ സുപ്രധാന സ്ഥാനമാണ് ടെയ്ലര്‍ ആവിഷ്കരിച്ച സിദ്ധാന്തങ്ങള്‍ക്കുള്ളത്. അധ്വാന പ്രക്രിയയെയും അതിന്‍മേലുള്ള നിയന്ത്രണത്തെയും സംബന്ധിച്ച അടിസ്ഥാന പ്രശ്നങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യാമെന്നു ടെയ്ലറിസം പരിശോധിക്കുന്നു. ഉത്പാദനപ്രക്രിയയുടെ വിവിധ ഘട്ടങ്ങളില്‍ തൊഴിലാളികളെ എങ്ങനെ വിന്യസിക്കാം എന്നതിനെ സംബന്ധിച്ച് വ്യക്തമായ തത്ത്വങ്ങള്‍ ടെയ്ലര്‍ ആവിഷ്കരിച്ചു. തൊഴിലിനെയും തൊഴിലാളിയെയും കുറിച്ച് വ്യക്തമായി പഠിക്കുകയും അതിനനുസൃതമായി അധ്വാനപ്രക്രിയയുടെ വിവിധ ഘട്ടങ്ങള്‍ സൂക്ഷ്മമായി സംവിധാനം ചെയ്യുകയുമെന്നതാണ് ടെയ്ലറിസം ആവിഷ്കരിച്ച മാനേജ്മെന്റ് സമ്പ്രദായം. ആധുനിക മുതലാളിത്ത സമ്പ്രദായത്തിന്റെ വളര്‍ച്ചയുടെ ഭാഗമായി ബ്രിട്ടനിലും അമേരിക്കയിലും പ്രയോഗിക്കപ്പെട്ട ആശയങ്ങളും സങ്കേതങ്ങളും ക്രോഡീകരിക്കുകയും സമഗ്രമായ ഒരു മാനേജ്മെന്റ് ദര്‍ശനമായി അവയെ ഉയര്‍ത്തുകയും ചെയ്തതാണ് ടെയ്ലറുടെ സംഭാവനയെന്ന് മാനേജ്മെന്റ് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

മുതലാളിത്ത സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ അധ്വാനത്തെ കൈകാര്യം ചെയ്യുന്നതിന്റെ ശാസ്ത്രമായിട്ടാണ് ടെയ്ലറിസത്തെ വിദഗ്ധര്‍ നിര്‍വചിക്കുന്നത്. ടെയ്ലറിസത്തിന്റെ മറ്റൊരു സവിശേഷത, തൊഴില്‍ നിയന്ത്രണത്തെക്കുറിച്ചുള്ള അതിന്റെ സങ്കല്പമാണ്. ടെയ്ലറിസത്തിന്റെ പ്രചാരണത്തോടെ തൊഴില്‍ നിയന്ത്രണം എന്നത് ഉത്പാദന പ്രക്രിയയുടെ സുപ്രധാന ഘടകമായിത്തീര്‍ന്നു. തൊഴില്‍ സേനയ്ക്കു മേലുള്ള മാനേജ്മെന്റ് നിയന്ത്രണത്തെ ടെയ്ലര്‍ വിവിധ ഘടകങ്ങളായി തിരിക്കുന്നു:

ഒന്ന്, ഒരു വര്‍ക്ക്ഷോപ്പിലെ തൊഴിലാളികളെ ഏകോപിപ്പിക്കുകയും പ്രവൃത്തി ദിനത്തിന്റെ ദൈര്‍ഘ്യം അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുക.

രണ്ട്, സൂക്ഷ്മവും, തീവ്രവും അനുസ്യൂതവുമായ രീതിയില്‍ അധ്വാനം നിര്‍വഹിക്കുവാന്‍ കഴിയുന്ന തരത്തില്‍ മേല്‍നോട്ടം വഹിക്കുക.

മൂന്ന്, തൊഴില്‍ പ്രക്രിയയെ തടസ്സപ്പെടുത്തുന്ന ഭ്രംശങ്ങള്‍ക്കെതിരെ ചട്ടങ്ങള്‍ കൊണ്ടുവരുകയും അവ പ്രയോഗിക്കുകയും ചെയ്യുക.

നാല്, ഓരോ തൊഴിലാളിയും നിര്‍വഹിക്കേണ്ട ഏറ്റവും കുറഞ്ഞ അധ്വാനം എത്രയെന്ന് വ്യവസ്ഥയുണ്ടാക്കുക.

ഉത്പാദന പ്രക്രിയയുടെ അതീവ ലളിതമായ ഘട്ടം മുതല്‍ ഏറ്റവും സങ്കീര്‍ണമായ ഘട്ടം വരെയും തുടരുന്ന അധ്വാന പ്രക്രിയയ്ക്കും തൊഴില്‍ സേനയ്ക്കും മേല്‍ മാനേജ്മെന്റിന്റെ ഫലപ്രദമായ ആധിപത്യവും നിയന്ത്രണവും സ്ഥാപിക്കുന്നതിലൂടെ മാത്രമേ ഒരു സ്ഥാപനം ശാസ്ത്രീയമായി നടത്തിക്കൊണ്ടുപോവാന്‍ കഴിയുകയുള്ളുവെന്ന് ടെയ്ലര്‍ സിദ്ധാന്തിച്ചു.

1880-കളിലും 1890-കളിലും ടെയ്ലറിന്റെ സിദ്ധാന്തങ്ങള്‍ക്ക് വ്യവസായികള്‍ക്കും മാനേജര്‍മാര്‍ക്കുമിടയില്‍ വമ്പിച്ച പ്രചാരം ലഭിച്ചു. ഫിലാഡെല്‍ഫിയയിലെ ഒരു സമ്പന്ന കുടുംബത്തില്‍ ജനിച്ച ടെയ്ലര്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനുമുമ്പ് ഒരു ഉരുക്കു നിര്‍മ്മാണക്കമ്പനിയില്‍ ജോലി സ്വീകരിച്ചു. ഈ അനുഭവത്തില്‍ നിന്നാണ് ടെയ്ലര്‍ തന്റെ സിദ്ധാന്തങ്ങള്‍ പലതും വികസിപ്പിച്ചെടുത്തത്. തന്റെ വീക്ഷണങ്ങള്‍ പ്രചാരത്തില്‍ വരുന്നതിനുമുമ്പ് നിലനിന്ന മാനേജ്മെന്റ് രീതികളെ 'സാധാരണ മാനേജ്മെന്റ്' എന്നാണ് ടെയ്ലര്‍ നിര്‍വചിക്കുന്നത്. ഷോപ്പ് മാനേജ്മെന്റ് (Shop Management), പ്രിന്‍സിപ്പിള്‍സ് ഒഫ് സയന്റിഫിക് മാനേജ്മെന്റ് (Principles of Scientific Management) തുടങ്ങിയ വിഖ്യാതഗ്രന്ഥങ്ങളിലാണ്, ടെയ്ലര്‍ തന്റെ മാനേജ്മെന്റ് സിദ്ധാന്തങ്ങള്‍ ആവിഷ്കരിച്ചിട്ടുള്ളത്. പാശ്ചാത്യരാജ്യങ്ങളിലെ, പ്രത്യേകിച്ചും അമേരിക്കയിലെ, മുതലാളിമാര്‍ക്കിടയില്‍ ടെയ്ലറിസത്തിന് അംഗീകാരം ലഭിച്ചതോടെ തൊഴിലാളികളോടുള്ള സമീപനം കര്‍ക്കശമായിത്തീര്‍ന്നു. തൊഴിലാളികളെ പണിയെടുക്കുന്ന യന്ത്രങ്ങളായി മാത്രം കാണുന്ന ഈ മാനേജ്മെന്റ് സമ്പ്രദായത്തിനെതിരെ തൊഴിലാളികളുടെ ഭാഗത്തുനിന്നുള്ള പ്രതിരോധവും ശക്തമായിത്തീര്‍ന്നു. മുതലാളിത്ത ഉത്പാദന സമ്പ്രദായത്തിലും തൊഴിലാളിസംഘടനകളുടെ രംഗത്തുമുണ്ടായ മാറ്റങ്ങളെക്കൂടി കണക്കിലെടുക്കുന്ന ഒരു മാനേജ്മെന്റ് സംവിധാനം ആവശ്യമായിത്തീര്‍ന്നതോടെ, ടെയ്ലറിസത്തിന്റെ സ്വാധീനം കുറയുവാന്‍ തുടങ്ങി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍