This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെയ്ലര്‍, സഖാരി (1784-1850)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെയ്ലര്‍, സഖാരി (1784-1850)

Taylor,Zachary

അമേരിക്കയുടെ (യു.എസ്.എ.) 12-ാമത്തെ പ്രസിഡന്റ്. ചുരുങ്ങിയകാലം മാത്രമേ പ്രസിഡന്റുപദവിയില്‍ ഉണ്ടായിരുന്നുള്ളൂ. സൈനികനായാണ് തുടക്കം. മെക്സിക്കന്‍ യുദ്ധത്തില്‍ ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. റിച്ചാര്‍ഡ് ടെയ്ലറുടെയും സാറാ ഡബ്നി സ്റ്റ്രോത്തറുടെയും മൂന്നാമത്തെ പുത്രനായി ഇദ്ദേഹം 1784 ന. 24-ന് വെര്‍ജീനിയയിലെ ഓറഞ്ച് കൗണ്ടിയില്‍ ജനിച്ചു. ഔദ്യോഗികമായ സ്കൂള്‍ വിദ്യാഭ്യാസം പരിമിതമായി മാത്രമേ ലഭിച്ചുള്ളൂ. സൈന്യത്തില്‍ ചേര്‍ന്ന ഇദ്ദേഹം 1808-ല്‍ കാലാള്‍പ്പടയുടെ ഫസ്റ്റ് ലഫ്റ്റനന്റായി. 1810-ല്‍ മാര്‍ഗരറ്റ് മക്ആള്‍ സ്മിത്തിനെ വിവാഹം ചെയ്തു. 1812-ലെ യുദ്ധത്തില്‍ പങ്കെടുത്ത ഇദ്ദേഹത്തിന് വിശിഷ്ട സേവനത്തിനുള്ള അംഗീകാരം ലഭിച്ചു. അല്പകാലം സൈന്യത്തില്‍നിന്നു വിട്ടുനിന്ന ഇദ്ദേഹം 1832-ല്‍ കേണല്‍ പദവിയിലെത്തി.
സഖാരി ടെയ്ലര്

ബ്ലാക്ക് ഹാക്ക് യുദ്ധത്തിലും സെമിനോള്‍ യുദ്ധത്തിലും പങ്കെടുത്തു. 1838-ല്‍ ബ്രിഗേഡിയര്‍ പദവി ലഭിച്ചു. 1845-ഓടെ ടെക്സാസ് അതിര്‍ത്തിയിലെ അമേരിക്കന്‍ സേനയുടെ നിയന്ത്രണത്തിനായി ഇദ്ദേഹത്തെ നിയോഗിച്ചു. 1846-ല്‍ മേജര്‍ ജനറലായി മെക്സിക്കന്‍ യുദ്ധത്തില്‍ (1846-48) അമേരിക്കന്‍ സൈന്യത്തെ പ്രഗല്ഭമായി നയിച്ചു. ഈ യുദ്ധത്തിലെ പ്രകടനം ഇദ്ദേഹത്തിന് ദേശീയ നായക പരിവേഷം നല്‍കി. തുടര്‍ന്ന് വിഗ് പാര്‍ട്ടി (ഡെമോക്രാറ്റിക് പാര്‍ട്ടിക്കെതിരായി രൂപംകൊണ്ട ഈ പാര്‍ട്ടി ഏതാനും വര്‍ഷങ്ങളേ നിലനിന്നുള്ളൂ; 1834-1856) ഇദ്ദേഹത്തെ യു.എസ്. പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കി. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 1849 മാ.5 മുതല്‍ 50 ജൂല. 9 വരെ അധികാരത്തിലിരുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് സ്റ്റേറ്റുകളുടെ സംയോജനം സംബന്ധിച്ച് അമേരിക്കയിലെ രാഷ്ട്രീയ സ്ഥിതി വളരെയധികം കലുഷിതമായി. അടിമസമ്പ്രദായം സംബന്ധിച്ച പ്രശ്നങ്ങള്‍ രൂക്ഷമായ കാലവുംകൂടിയായിരുന്നു ഇത്. മധ്യ അമേരിക്കയിലൂടെ നിര്‍മിക്കുന്ന തോടുകളുടെയും റെയില്‍വേയുടെയും നിയന്ത്രണം സംബന്ധിച്ച് ബ്രിട്ടനുമായി ഒപ്പുവച്ച ക്ലേറ്റണ്‍-ബുള്‍വര്‍ ഉടമ്പടി (1850) ടെയ്ലറുടെ ഭരണനേട്ടമാണെന്ന് അഭിപ്രായമുണ്ട്. പ്രസിഡന്റായിരിക്കെ 1850 ജൂല. 9-ന് ഇദ്ദേഹം വാഷിങ്ടണ്‍ ഡി.സി.യില്‍ മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍