This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെയ്ലര്‍, ഫ്രെഡറിക് വിന്‍സ്ലൊ (1856-1915)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെയ്ലര്‍, ഫ്രെഡറിക് വിന്‍സ്ലൊ (1856-1915)

Taylor,Frederick Winslow

സിസ്റ്റംസ് എന്‍ജിനീയറിങ്ങ്, ശാസ്ത്രീയമായ മാനേജ്മെന്റ് എന്നീ വിജ്ഞാനശാഖകളുടെ ഉപജ്ഞാതാവായ യു.എസ്. എന്‍ജിനീയര്‍. 1856 മാ. 20-ന് ഫിലാഡെല്‍ഫിയായില്‍ ജനിച്ചു. ജര്‍മന്‍ടൗണ്‍ അക്കാദമിയിലെ പ്രാഥമിക വിദ്യാഭ്യാസശേഷം 1872-ല്‍ ന്യൂ ഹാംപ്ഷെയറിലെ ഫിലിപ്സ് എക്സിറ്റെ അക്കാദമിയില്‍ ചേര്‍ന്ന് പഠനം പൂര്‍ത്തിയാക്കി.
ഫ്രെഡറിക് വിന്സ് ലൊ ടെയ്ലര്

1875-ല്‍ ഫിലാഡെല്‍ഫിയായിലെ എന്റര്‍പ്രൈസ് ഹൈഡ്രോളിക് വര്‍ക്സില്‍ അപ്രന്റിസായി ജോലിയില്‍ പ്രവേശിച്ച് പാറ്റേണ്‍ - മേക്കര്‍, മെഷീനിസ്റ്റ് എന്നീ നിലകളില്‍ പ്രാവീണ്യം നേടി. 1878-ല്‍ മിഡ്വെയ്ല്‍ സ്റ്റീല്‍ കമ്പനിയിലെ ഷോപ്പ് ക്ലാര്‍ക്കായി നിയമിതനായശേഷം പടിപടിയായി ഉദ്യോഗക്കയറ്റത്തിലൂടെ 1884-ല്‍ അവിടത്തെ ചീഫ് എന്‍ജിനീയര്‍ പദവി കരസ്ഥമാക്കി. ഇതിനിടയ്ക്ക് 1883-ല്‍ സ്റ്റീവന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും ഇദ്ദേഹം സമ്പാദിച്ചു. ഇദ്ദേഹത്തിന്റെ മാനേജ്മെന്റ് സിദ്ധാന്തത്തിന്റെ അടിത്തറയായ ടൈം സ്റ്റഡി ആദ്യമായി പരീക്ഷിച്ചു നോക്കിയത് മിഡ്വെയ്ലിലെ വ്യവസായശാലയിലാണ്. ഫാക്റ്ററി അഥവാ ഷോപ്പിലെ നിര്‍മാണ ദക്ഷത വളരെയധികം വര്‍ധിപ്പിക്കുവാന്‍ സാധിക്കുന്ന നിര്‍ദേശങ്ങള്‍ ഇദ്ദേഹം സ്വന്തം അനുഭവങ്ങളിലൂടെയും പഠനങ്ങളിലൂടെയും അവതരിപ്പിച്ചു. നാല്‍പ്പത് പേറ്റന്റുകള്‍ കരസ്ഥമാക്കിയ ടെയ്ലറിന് ഉപജ്ഞാതാവ് എന്ന നിലയില്‍ പ്രവര്‍ത്തിക്കാമായിരുന്നെങ്കിലും മാനേജ്മെന്റ് മേഖലയോടുള്ള അതീവ താത്പര്യം കാരണം അദ്ദേഹം മിഡ്വെയ്ലിലെ ജോലി രാജിവച്ചു. 'കണ്‍സള്‍ട്ടിങ് എന്‍ജിനീയര്‍ ഇന്‍ മാനേജ്മെന്റ്' എന്ന നൂതന തൊഴില്‍ മേഖലയ്ക്ക് ജന്മം കൊടുത്ത ടെയ്ലര്‍ 45 വയസ്സായതോടെ ഇതര ജോലികളില്‍നിന്ന് സ്വയം വിരമിച്ച് താന്‍ കണ്ടെത്തിയ ശാസ്ത്രീയ മാനേജ്മെന്റ് വിഷയത്തിന്റെ വികസനത്തിനായി സര്‍വകലാശാലകള്‍, സൊസൈറ്റികള്‍ എന്നിവയില്‍ പ്രഭാഷണം നടത്തിത്തുടങ്ങി. ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതോടൊപ്പം തൊഴിലാളികളുടെ സാമുദായിക സാമൂഹിക വികസനത്തിലും ശ്രദ്ധ വേണമെന്ന് നിഷ്കര്‍ഷിച്ച ടെയ്ലര്‍ ഓരോ തൊഴിലാളിക്കും അവന്റെ കഴിവിന് അനുയോജ്യമായ തൊഴിലുകള്‍ നല്‍കണമെന്നും വാദിച്ചിരുന്നു.

ഹൈ-സ്പീഡ് ഉരുക്കിന്റെ കണ്ടുപിടിത്തം, പച്ചിരുമ്പ് കൈകാര്യം ചെയ്യാനുള്ള നവീന രീതി, ക്രോം-ടങ്സ്റ്റണ്‍ ടൂള്‍ ഉരുക്ക് ചൂടാക്കുവാനുള്ള ടെയ്ലര്‍-വൈറ്റ് സംവിധാനം തുടങ്ങി വിലപ്പെട്ട അനവധി സംഭാവനകള്‍ നല്‍കിയ ടെയ്ലറെ 1906-ല്‍ പെന്‍സില്‍വേനിയ സര്‍വകലാശാല ഓണററി ഡോക്ടറേറ്റ് നല്‍കി ബഹുമാനിച്ചു. അതേ വര്‍ഷം തന്നെ അമേരിക്കന്‍ സൊസൈറ്റി ഒഫ് മെക്കാനിക്കല്‍ എന്‍ജിനീയേഴ്സ് എന്ന സംഘടനയുടെ പ്രസിഡന്റായും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. നോട്ട്സ് ഓണ്‍ ബെല്‍റ്റിങ് (1894), എ പീസ്-റേറ്റ് സിസ്റ്റം (1895), ഷോപ്പ് മാനേജ്മെന്റ് (1903), ഓണ്‍ ദ ആര്‍ട്ട് ഒഫ് കട്ടിങ് മെറ്റല്‍സ് (1906) തുടങ്ങിയ ഇദ്ദേഹത്തിന്റെ വിഖ്യാതങ്ങളായ പുസ്തകങ്ങള്‍ പ്രസ്തുത സൊസൈറ്റിയുടെ 'ട്രാന്‍സാക്ഷന്‍സില്‍' ആണ് ആദ്യമായി പ്രസിദ്ധീകൃതമായത്. 1911-ല്‍ ദ് പ്രിന്‍സിപ്പിള്‍സ് ഒഫ് സയന്റിഫിക് മാനേജ്മെന്റ് എന്ന പുസ്തകവും പുറത്തുവന്നു. ഷോപ്പ് മാനേജ്മെന്റില്‍ ടെയ്ലറുടേയും ഇതര വ്യക്തികളുടേയും സിദ്ധാന്തങ്ങളെ വിലയിരുത്തിയ പ്രത്യേക കമ്മിറ്റിയുടെ മുമ്പാകെ 1912-ല്‍ ഇദ്ദേഹം നല്‍കിയ സത്യപ്രസ്താവന (testimony) ഇദ്ദേഹത്തെ കൂടുതല്‍ പ്രശസ്തനാക്കി. 1915 മാ. 21-ന് ഫിലാഡെല്‍ഫിയായില്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍