This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെയ്ലര്‍, ഡേവിഡ് വാട്ട്സണ്‍ (1864-1948)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെയ്ലര്‍, ഡേവിഡ് വാട്ട്സണ്‍ (1864-1948)

Taylor,David Watson

അമേരിക്കന്‍ നാവിക വാസ്തുശില്പി. കപ്പല്‍ രൂപകല്പനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ കണ്ടുപിടിക്കുകയും യു.എസ്സിലെ ആദ്യത്തെ കപ്പല്‍ പരീക്ഷണശാല (ship-model testing establishment ) നിര്‍മിക്കുകയും ചെയ്തത് ഇദ്ദേഹമാണ്. വെര്‍ജീനിയായിലെ ലൂയീസെ കൗണ്‍ടിയില്‍ (Louisa County) 1864 മാ. 4-ന് ജനിച്ചു. മെരിലാന്റിലെ അനപൊലിസിലുള്ള യു.എസ്. നാവിക അക്കാദമിയില്‍ നിന്നും ബിരുദമെടുത്തശേഷം ഗ്രീന്‍വിച്ചിലെ റോയല്‍ നേവല്‍ കോളജില്‍ ചേര്‍ന്ന് നാവിക നിര്‍മാണത്തിലും (advanced naval construction) മറൈന്‍ എന്‍ജിനീയറിങിലും ഉപരിപഠനം നടത്തി. 1899-ല്‍ 'എക്സ്പിരിമെന്റല്‍ മോഡല്‍ ബേസിന്റെ' ചുമതല ഏറ്റെടുത്ത ടെയ്ലര്‍, കപ്പല്‍ ജലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ അനുഭവപ്പെടുന്ന പ്രതിരോധത്തെ സ്വാധീനിക്കുന്നത് ഹള്ളിന്റെ ഏതെല്ലാം സ്വഭാവവിശേഷങ്ങളാണ് എന്നതിനെക്കുറിച്ചു പഠനം നടത്തി. ഇതിലൂടെ ഇദ്ദേഹം 'ടെയ്ലര്‍ സ്റ്റാന്‍ഡേഡ് സീരീസ് മെത്തേഡ്' (1910) എന്ന വിജ്ഞാനശാഖയ്ക്ക് ജന്മം നല്‍കി. ഈ സിദ്ധാന്തങ്ങളുപയോഗിച്ചു ഒരു കപ്പലിന്റെ ബാഹ്യമാനങ്ങളില്‍ നിന്നും അതിന് ജലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ അനുഭവപ്പെടുന്ന പ്രതിരോധകത എന്തായിരിക്കുമെന്ന് മുന്‍കൂട്ടി കണ്ടുപിടിക്കാനാകും.

1917-ല്‍ റിയര്‍ അഡ്മിറല്‍ സ്ഥാനം ടെയ്ലര്‍ക്കു ലഭിച്ചു. 1914 മുതല്‍ 22 വരെ യു.എസ്. നാവികസേനയുടെ കപ്പല്‍, അന്തര്‍വാഹിനി, വിമാനം എന്നിവയുടെ രൂപകല്പനയ്ക്കും നിര്‍മാണത്തിനും ഇദ്ദേഹമാണ് നേതൃത്വം നല്‍കിയത്. അറ്റ്ലാന്റിക് സമുദ്രത്തിനു കുറുകെ ആദ്യമായി പറന്ന വിമാനം (1919) എന്‍സി-4 നിര്‍മിച്ചത് ടെയ്ലറായിരുന്നു. എയ്റോനോട്ടിക്സ് (യു. എസ്സിലെ) ദേശീയ ഉപദേശക സമിതിയിലെ 15 വര്‍ഷക്കാല സേവനത്തിനിടയില്‍ എയ്റോനോട്ടിക്സിന്റെ വികസനത്തിനും ഇദ്ദേഹം കനത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 1910-ല്‍ ഇദ്ദേഹം പുറത്തിറക്കിയ സ്പീഡ് ആന്‍ഡ് പവര്‍ ഒഫ് ഷിപ്സ് നാവിക വിദ്യയില്‍ ഇന്നും അറിയപ്പെടുന്ന ഒരു അടിസ്ഥാന പുസ്തകമാണ്. വാഷിങ്ടണ്‍ ഡിസിയില്‍ വച്ച് 1948 ജൂല. 28-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍