This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെയ്മിങ് ഒഫ് ദ് ഷ്റൂ, ദ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെയ്മിങ് ഒഫ് ദ് ഷ്റൂ, ദ്

Taming of the Shrew,The

ഇംഗ്ലീഷ് നാടകകൃത്തും കവിയുമായ വില്യം ഷേക്സ്പിയര്‍ (1564-1616) രചിച്ച നാടകം. പില്ക്കാലത്ത് ഹാംലെറ്റിലും, എ മിഡ്സമ്മര്‍ നൈറ്റ്സ് ഡ്രീമിലും നാടകത്തിനുള്ളിലെ നാടകം (play within the play) വിദഗ്ധമായി അവതരിപ്പിക്കുന്ന വിശ്വമഹാകവി ഈ നാടകത്തിന്റെ മുഖ്യകഥതന്നെ നാടകത്തിനുള്ളിലെ നാടകമായി അവതരിപ്പിക്കുകയാണ്. ഇന്നത്തെപ്പോലെ കോപ്പിറൈറ്റ് നിയമങ്ങളൊന്നും നിലവിലില്ലാതിരുന്ന അക്കാലത്ത് പഴയ കൃതികള്‍ പരിഷ്കരിച്ചെഴുതി അവതരിപ്പിക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. ഈ നാടകവും അപ്രകാരം രചിച്ചതാണ്.

1595-നോടടുപ്പിച്ചാണ് പ്രസ്തുത നാടകം ആദ്യമായി അവതരിപ്പിച്ചത്. അതിന് ഏതാനും വര്‍ഷം മുമ്പ് ഷേക്സ്പിയര്‍ ഉള്‍പ്പെട്ട നാടക കമ്പനിയുടെ കൈയില്‍ മൂലനാടകം എത്തിച്ചേര്‍ന്നു. ഈ പഴയ നാടകത്തിന്റെ പുനര്‍രചന നിര്‍വഹിക്കുക മാത്രമാണ് ഷേക്സ്പിയര്‍ ചെയ്തതെന്നു കരുതപ്പെടുന്നു.

'ദ് ടെയ്മിങ് ഒഫ് ഷ്റൂ'എന്ന നാടകത്തിലെ ഒരു രംഗം

ഒരു മദ്യപനെ അയാള്‍ ഒരു പ്രഭുവാണെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് അയാളുടെ മാനസികോല്ലാസത്തിനായി അവതരിപ്പിക്കുന്ന മട്ടില്‍ യഥാര്‍ഥ പ്രഭു ഒരു സംഘം അഭിനേതാക്കളെക്കൊണ്ട് അരങ്ങത്തെത്തിക്കുന്ന മട്ടിലാണ് ഇത് എഴുതിയിരിക്കുന്നത്. മദ്യപനായ ക്രിസ്റ്റഫര്‍ സ്ളൈ, കാതറീന്‍, പിട്രൂക്കിയോ, ബിയാന്‍കാ തുടങ്ങിയവരുടെ സ്വഭാവത്തിലെ പ്രത്യേകതകള്‍ അനാവരണം ചെയ്യുന്ന ശക്തമായ സംഭാഷണങ്ങള്‍ കോര്‍ത്തിണക്കി നാടകത്തെ ഓജസ്സുറ്റതാക്കിയിട്ടുണ്ട് ഷേക്സ്പിയര്‍. അങ്കം തിരിക്കുന്നതിലും മറ്റും മൂലകൃതിയെ ഏതാണ്ട് അപ്പാടെ പിന്തുടര്‍ന്നിരിക്കുകയാണെങ്കിലും ഷേക്സ്പിയറുടെ കരങ്ങളിലൂടെ പുറത്തുവന്നപ്പോള്‍ ദ് ടെയ്മിങ് ഒഫ് ദ് ഷ്റൂ അനന്യസാധാരണമായി കലാഭംഗി നേടി മൂലകൃതിയെ ഒട്ടേറെ ദൂരം പിന്നിലാക്കി.

അക്രമസ്വഭാവിയും മര്യാദകെട്ടവളുമായ ഒരു യുവതിയാണ് കാതറീന. അവളുടെ സഹോദരിയാകട്ടെ ശാന്തസ്വഭാവിയായ ബിയാന്‍കായും. പൗരുഷത്തിന്റെ പ്രതീകമെന്നു വിളിക്കാവുന്ന പിട്രൂക്കിയോ കാതറീനയ്ക്ക് വരനാകുന്നു. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ മത്സരബുദ്ധിയോടെ അരങ്ങേറിയ സംഘട്ടനത്തിന്റെ തുടക്കം വിവാഹത്തോടെ ആരംഭിക്കുന്നു. കാതറീനയിലെ നന്മ പുറത്തുകൊണ്ടുവരുക എന്ന സദുദ്ദേശ്യം മാത്രമേ ഭര്‍ത്താവിനുള്ളൂ, പീഡനം ഒരിക്കലും അയാളുടെ ലക്ഷ്യമല്ല. നിരന്തരമായ പരിഹാസവും വിഡ്ഢിവേഷം കെട്ടിക്കലും ആയുധങ്ങളാക്കി അവളുടെ വജ്റസമാനമായ മനസ്സിനെ അയാള്‍ വെണ്ണപോലെയാക്കിയെടുത്തു. ഹാസ്യവും കോമാളിത്തവും കോര്‍ത്തിണക്കിയ ഈ പ്രണയകലഹം കാണികള്‍ക്ക് ചിരിവരുത്തുന്നതാണ്. കാതറീനയുടെ സ്വഭാവത്തിലെ 'പൌരുഷ'ത്തോട് കിടപിടിക്കുന്നതെങ്കിലും പിട്രൂക്കിയോയുടെ രീതികള്‍ സദുദ്ദേശ്യപരമാണ്. കമിതാക്കളുടെ കലഹങ്ങളുടെയെല്ലാം അവസാനമുണ്ടാകുന്ന പ്രണയനിലാവ് ഇവിടെയും പരക്കുന്നതോടെ കഥയ്ക്കു ശുഭപര്യവസാനമായി. കഥാന്ത്യത്തില്‍ ശാഠ്യക്കാരി (shrew) ഒതുക്കവും സ്നേഹവുമുള്ള ഭാര്യയായി പരിണമിക്കുന്നകാഴ്ച പിട്രൂക്കിയോയുടെ ഉള്ളിലെന്നപോലെ പ്രേക്ഷകന്റെ മനസ്സിലും പുളകമുളവാക്കുന്നു.

മുഖ്യകഥാപാത്രങ്ങളായ കാതറീന-പിട്രൂക്കിയോമാരുടെ കഥയ്ക്ക് കൂടുതല്‍ മിഴിവേകിക്കൊണ്ട് തന്റെ മറ്റെല്ലാ നാടകങ്ങളിലുമെന്നപോലെ ദ് ടെയ്മിങ് ഒഫ് ദ് ഷ്റൂവിലും ഷേക്സ്പിയര്‍ ഒരു ഉപകഥ ഒരുക്കിയിട്ടുണ്ട്. നായികയുടെ സഹോദരിയായ സല്‍സ്വഭാവിയും സൗമ്യയുമായ ബിയാന്‍കായുടെ പ്രണയകഥയാണത്. ജോര്‍ജ് ഗാസ്കോയിന്റെ സപ്പോസസ് എന്ന കഥയാണ് ഉപകഥയുടെ മൂലം. ക്ലാസിക് എന്ന വിശേഷണം നാടകസാഹിത്യചരിത്രത്തില്‍ ഷേക്സ്പിയറുടെ ഒരു ആദ്യകാലകൃതിയായ ദ് ടെയ്മിങ് ഒഫ് ദ് ഷ്റൂവിനു നല്‍കാറില്ലെങ്കിലും എക്കാലത്തും എല്ലായിടത്തുമുള്ള നാടകപ്രേമികളെ ആകര്‍ഷിക്കുന്ന കൃതി എന്ന നിലയില്‍ ഇത് പ്രശംസിക്കപ്പെട്ടുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍