This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെനന്റ്, ഫ്രെഡറിക് റോബര്‍ട്ട് (1866 - 1957)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെനന്റ്, ഫ്രെഡറിക് റോബര്‍ട്ട് (1866 - 1957)

Tennant, Frederick Robert

മതതത്ത്വശാസ്ത്രജ്ഞന്‍, ഈശ്വരജ്ഞാനവിശാരദന്‍ എന്നീ നിലകളില്‍ പ്രശസ്തിയാര്‍ജിച്ച ബ്രിട്ടിഷ് ചിന്തകന്‍. 1866-ല്‍ ജനിച്ച ഇദ്ദേഹം ജീവിതത്തിന്റെ ഏറിയ പങ്കും കേംബ്രിഡ്ജിലാണ് കഴിച്ചുകൂട്ടിയത്. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ടെനന്റ് അവിടെ മതതത്ത്വശാസ്ത്രാധ്യാപകന്‍ എന്ന നിലയില്‍ സേവനം അനുഷ്ഠിച്ചിരുന്നു.

ദൈവശാസ്ത്രത്തെക്കുറിച്ചും മതത്തിന്റെയും ശാസ്ത്രത്തിന്റെയും തത്ത്വചിന്താപരമായ പശ്ചാത്തലത്തെക്കുറിച്ചും ഇദ്ദേഹം ധാരാളം എഴുതിയിരുന്നു. ശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ ആധാരമാക്കിക്കൊണ്ട് ഈശ്വരനാണ് പ്രപഞ്ച കാരണം എന്നു യുക്തിയുക്തം തെളിയിക്കാന്‍ കഴിയുമെന്ന് ഇദ്ദേഹം സിദ്ധാന്തിച്ചു. ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ച് നിലനില്‍ക്കുന്ന മറ്റു സിദ്ധാന്തങ്ങളെക്കാള്‍ ശക്തവും നിലവിലുള്ള വിശ്വാസ പ്രമാണങ്ങളുമായി പൊരുത്തപ്പെടുന്നതുമാണ് തന്റെ സിദ്ധാന്തമെന്നും ഇദ്ദേഹം അവകാശപ്പെട്ടു.

ടെനന്റിന്റെ വീക്ഷണത്തില്‍ ഗണിതശാസ്ത്രവും തര്‍ക്കശാസ്ത്രവും ഒഴിച്ചുള്ള എല്ലാ അറിവുകളും സംഭാവ്യമായ വ്യാഖ്യാന നിഗമനങ്ങളാണ്, മനുഷ്യനു അതു സയുക്തികമായിരിക്കും എന്നുമാത്രം. അങ്ങനെ നോക്കുമ്പോള്‍ ശാസ്ത്രത്തെയും ദൈവശാസ്ത്രത്തെയും ഒരുപോലെ വീക്ഷിക്കാവുന്നതാണ്. ആത്മജ്ഞാനികളുടെ ദൈവസിദ്ധാന്തത്തെ ടെനന്റ് നിഷേധിക്കുകയും ദൈവശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രപഞ്ചത്തിനു കാരണമായ ഒരു ദൈവത്തിന്റെ അസ്തിത്വം ഊട്ടി ഉറപ്പിക്കുകയും ചെയ്തു. തന്റെ സിദ്ധാന്തത്തിന്റെ സാധുത ഉറപ്പിക്കാന്‍ പല വസ്തുതകളും ഇദ്ദേഹം നിരത്തുന്നുണ്ട്. പ്രപഞ്ചത്തിന്റെ ഘടനയും അതിലെ സൃഷ്ടികളും മനുഷ്യനും അവന്റെ ബുദ്ധിവൈഭവവും ധാര്‍മികതയുമൊക്കെ ലക്ഷ്യബോധമില്ലാതെ എങ്ങനെയോ സംഭവിച്ചതാണെന്നുള്ള നിഗമനം യുക്തിക്ക് നിരക്കുന്നതല്ല. ഒരു സൃഷ്ടികര്‍ത്താവിന്റെ ബോധപൂര്‍വ്വമായ പ്രവര്‍ത്തന ഫലമായിട്ടാണ് ഇങ്ങനെ സംഭവിച്ചിട്ടുള്ളത്; അതാണ് ഈശ്വരന്‍ എന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. ടെനന്റിന്റെ വീക്ഷണത്തെ അപ്പാടെ സ്വീകരിക്കാന്‍ തത്ത്വചിന്തകര്‍ വിമുഖതകാട്ടുന്നു. 1957-ല്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍