This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെണ്ടുല്‍ക്കര്‍, സചിന്‍ (1973 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെണ്ടുല്‍ക്കര്‍, സചിന്‍ (1973 - )

ഇന്ത്യന്‍ ക്രിക്കറ്റ് താരം. സചിന്‍ രമേഷ് ടെണ്ടുല്‍ക്കര്‍ എന്നാണ് പൂര്‍ണനാമം. 1973 ഏ. 24-ന് മുംബൈയില്‍ ജനിച്ചു. കൗമാരകാലത്തുതന്നെ അറിയപ്പെടുന്ന ക്രിക്കറ്റ് താരമായി മാറിയ സചിന്‍ സ്കൂള്‍ ക്രിക്കറ്റില്‍ വിനോദ് കാംബ്ലിയുമായി ചേര്‍ന്ന് 664 റണ്‍സ് എടുത്ത് ലോക റിക്കാഡ് സ്ഥാപിക്കുകയുണ്ടായി. പതിനഞ്ചാമത്തെ വയസ്സില്‍ രഞ്ജി ട്രോഫിയില്‍ സെഞ്ച്വറി നേടി. 1989-ല്‍ പതിനാറാമത്തെ വയസ്സില്‍ പാക്കിസ്ഥാനുമായുള്ള എകദിന ക്രിക്കറ്റ് ടെസ്റ്റില്‍ പങ്കെടുത്തു. 19-ാമത്തെ വയസ്സില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 1000 റണ്‍സ് നേടി പുതിയ റിക്കാഡ് സ്ഥാപിക്കുകയും ചെയ്തു.

സചിന്‍ ടെണ്ടുല്‍ക്കര്‍

1000, 2000, 3000, 4000, 5000, 6000, 7000 എന്നീ റേഞ്ചുകളില്‍ റണ്‍സെടുത്ത ഏറ്റവും പ്രായം കുറഞ്ഞ ആദ്യത്തെ ക്രിക്കറ്റ് താരം ടെണ്ടുല്‍ക്കര്‍ ആണ്. ഒരു ദശകത്തിലേറെക്കാലം ശരാശരി തോത് 55 റണ്‍സ് വരെ നിലനിര്‍ത്തുകയും ലോക ക്രിക്കറ്റിലെ പ്രമുഖരായ പലരെയും പിന്നിലാക്കുകയും ചെയ്തു. പ്രമുഖ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരില്‍ ഒരാളായ സചിന്‍ 27-ാമത്തെ വയസ്സില്‍ 46 സെഞ്ച്വറികള്‍ നേടി. 1998 ജൂല. 7-ാം തീയതി ഇന്ത്യയും ശ്രീലങ്കയുമായി കൊളംബൊയില്‍ നടന്ന മത്സരത്തില്‍ ഗാംഗുലിയുമായുള്ള പാര്‍ട്ട്ണര്‍ഷിപ്പില്‍ 252 റണ്‍സ് നേടി. പ്രമുഖ താരങ്ങളായ സുനില്‍ ഗവാസ്കറിന്റെയും വിവിയന്റിച്ചാഡ്സിന്റെയും റിക്കാഡുകള്‍ മറികടക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞു. അനേകതവണ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായും തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. 2002 ആഗ. 23-ന് ലീഡ്സില്‍ ഇംഗ്ലണ്ടു മായുള്ള ക്രിക്കറ്റ് ടെസ്റ്റില്‍ മുപ്പതാം സെഞ്ച്വറി പൂര്‍ത്തിയാക്കിയ സചിന്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്റെ റിക്കാര്‍ഡ് മറികടന്നു.

1998-ലെ രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡ്, അര്‍ജുന അവാര്‍ഡ് എന്നിവ സച്ചിനു ലഭിച്ചു. 2003 മാ.-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരമായി (പ്ലയര്‍ ഒഫ് ദ് ടൂര്‍ണമെന്റ്) സചിന്‍ തിരഞ്ഞെടുക്കപ്പെട്ടു. പതിനൊന്ന് മത്സരങ്ങളില്‍ നിന്ന് 673 റണ്‍സ് നേടിയാണ് അവാര്‍ഡിന് അര്‍ഹനായത്. മുപ്പതു ലക്ഷം രൂപയോളം വിലവരുന്ന സ്വര്‍ണട്രോഫിയാണ് സമ്മാനമായി ലഭിച്ചത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്സ്മാനും ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്സ്മാനും സചിന്‍ ടെണ്ടുല്‍ക്കറാണ്. 2003 ലോകകപ്പിലെ തന്നെ ഉജ്വലപ്രകടനം പരിഗണിച്ച് 'സിയറ്റ് ലോകകപ്പ് ക്രിക്കറ്റര്‍ 2003' അവാര്‍ഡും സചിനു ലഭിച്ചിട്ടുണ്ട്.

അഞ്ചടി നാലിഞ്ച് പൊക്കമുള്ള സചിന്‍ കാലിന്റെ വേഗതയാലാണ് പൊക്കക്കുറവിന്റെ ന്യൂനത നികത്തുന്നത്. കഴിഞ്ഞ അന്‍പതുവര്‍ഷക്കാലത്തെ ക്രിക്കറ്റ് ജീവിതത്തിനിടയില്‍ തന്റെ ശൈലിയോടൊത്തുവരുന്ന കളി സചിന്‍ മാത്രമാണ് കാഴ്ചവച്ചിട്ടുള്ളതെന്ന് വിശ്വപ്രസിദ്ധ ക്രിക്കറ്റ്താരം സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്‍ അഭിപ്രായപ്പെടുകയുണ്ടായി. പരസ്യരംഗത്തും സചിന്‍ പ്രിയപ്പെട്ട താരമായി മാറിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ധനികരായ ഇരുപതുപേരുടെ പട്ടികയില്‍ സചിനും ഉള്‍പ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍