This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെണ്ടുല്‍ക്കര്‍, വിജയ് (1928 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെണ്ടുല്‍ക്കര്‍, വിജയ് (1928 - )

മറാഠി നാടകകൃത്തും തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനും. അന്‍പതോളം കൃതികളുടെ കര്‍ത്താവായ ഇദ്ദേഹം അരങ്ങത്ത് തിളങ്ങിയ നാടകങ്ങളിലൂടെ ഇന്ത്യന്‍ തിയെറ്റര്‍ പ്രസ്ഥാനത്തിനും തിരക്കഥാ രചനയിലൂടെ ന്യൂവേവ് സിനിമയ്ക്കും പുതിയ മാനം നല്‍കി.

വിജയ് ടെണ്ടുല്‍ക്കര്‍ 1928 ജനു. 7-നു മുംബൈയില്‍ ജനിച്ചു. വിജയ് ധൊണ്ടാപാന്ത് ടെണ്ടുല്‍ക്കര്‍ എന്നാണ് പൂര്‍ണമായ പേര്. 1943-ല്‍ ഔപചാരിക വിദ്യാഭ്യാസത്തോട് വിടപറഞ്ഞ് പത്രപ്രവര്‍ത്തനത്തിലും നാടകത്തിലും എത്തിപ്പെട്ടു. നവഭാരത്മറാഠ, ലോകസത്ത എന്നീ പത്രങ്ങളുടെ അസിസ്റ്റന്റ് എഡിറ്ററായിരുന്ന ടെണ്ടുല്‍ക്കര്‍ വസുധ, ദീവാലി എന്നീ മറാഠി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരുമായി. 1960-കളില്‍ മഹാരാഷ്ട്രടൈംസില്‍ ഇദ്ദേഹം കോളമെഴുതിയിരുന്നു. രംഗായന്‍, ഭാരതീയ വിദ്യാഭവന്‍ കേന്ദ്ര, ആവിഷ്കാര്‍ എന്നീ നാടക സംഘങ്ങള്‍ക്കുവേണ്ടിയാണ് ടെണ്ടുല്‍ക്കര്‍ ആദ്യകാലത്ത് നാടകങ്ങള്‍ രചിച്ചത്.

വിജയ് ടെണ്ടുല്‍ക്കര്‍

ശാന്തതാ, കോര്‍ട്ട് ചാലൂ അഹെ (1568) സഖാറാം ബൈന്‍ഡര്‍ (1972) ഘാസിറാം കൊത്വാള്‍ (1973) എന്നീ നാടകങ്ങളാണ് വിജയ് ടെണ്ടുല്‍ക്കറെ അതിപ്രശസ്തനാക്കിയത്. ഇന്ത്യന്‍ നാടകവേദിയില്‍തന്നെ കോളിളക്കം സൃഷ്ടിച്ച ഈ രചനകള്‍ നാടകരംഗത്തെ സാര്‍ഥകമായ പരീക്ഷണങ്ങളായിരുന്നു. വ്യക്തിയുടെ ഒറ്റപ്പെടല്‍, മാനസികസംഘര്‍ഷങ്ങള്‍, സ്വപ്നത്തകര്‍ച്ച എന്നിവ ആധുനിക ജീവിതസാഹചര്യത്തില്‍ ചടുലമായി അവതരിപ്പിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. ഇടത്തരക്കാരന്റെ പ്രശ്ന ജടിലമായ ജീവിതമാണ് ഇവയിലൊക്കെ ചിത്രീകരിക്കപ്പെട്ടത്. താന്‍ പോരിമയുള്ള കഥാപാത്രങ്ങളായ സഖാറാം, ഘാസിറാം എന്നിവര്‍ സ്ഥിതവ്യവസ്ഥയുമായി നിരന്തരസംഘട്ടനത്തിലാണ്. അക്രാമകമായ പെരുമാറ്റ രീതികളും തീക്ഷ്ണമായ ഭാഷയും നാടകപ്രേമികളെ ഏറെ ആകര്‍ഷിച്ചു. സഖാറാംബൈന്‍ഡര്‍ മഹാരാഷ്ട്ര ഗവണ്‍മെന്റ് നിരോധിച്ച നാടകമാണ്. പിന്നീട് നാടകകര്‍ത്താവ് നിയമയുദ്ധത്തിലൂടെ ആവിഷ്കാരസ്വാതന്ത്യ്രം നേടിയെടുക്കുകയും ചെയ്തു. സാമൂഹിക ചലനങ്ങളെ ഒപ്പിയെടുക്കാന്‍ ഇതിവൃത്തത്തില്‍ ഊന്നല്‍ കൊടുക്കുന്നതോടൊപ്പം നാടോടിസംഗീതവും നൃത്തരൂപങ്ങളും കൊണ്ട് നാടകത്തിന്റെ അവതരണം ആകര്‍ഷകമാക്കാനും ടെണ്ടുല്‍ക്കര്‍ എല്ലാ നാടകങ്ങളിലും ശ്രദ്ധിച്ചിട്ടുണ്ട്. ശാന്തത, കോര്‍ട്ട് ചാലൂ അഹെ (ശബ്ദമുണ്ടാക്കരുത്, കോടതികൂടിക്കൊണ്ടിരിക്കുകയാണ്) മറാഠി ഹിന്ദി ഭാഷകളില്‍ സിനിമയുമായിട്ടുണ്ട്. ശ്യാംബനഗലിന്റെ നിശാന്ത്, ജബാര്‍പട്ടേലിന്റെ സാമ്ന, സിംഹാസന്‍, ഗോവിന്ദ്നിഹ്ലാനിയുടെ ആക്രോശ്, അമോല്‍പലേല്‍ക്കറിന്റെ അക്രീത് തുടങ്ങിയ സിനിമകള്‍ക്കാണ് ടെണ്ടുല്‍ക്കര്‍ തിരക്കഥകള്‍ രചിച്ചിട്ടുള്ളത്.

ശ്രീമന്ത്, മാധല്യഭിന്തി ചിമനിചാഘര്‍ഹോതാ മേനചാ, മാനുസ് നിവാചേബേത്, മീജിങ്കാലോ മീ ഹരാലോ കാവല്യാചി ശാല, രാത്ര, അജാഗര്‍ അനി ഗന്ധര്‍വ, ഭേക്കദ്, ആശീപാഖരേ യേതി, മിത്രാചി ഗോശ്ത, കമലാ, കന്യാദാന്‍ തുടങ്ങിയവയാണ് ടെണ്ടുല്‍ക്കറുടെ മറ്റ് നാടക കൃതികള്‍. കാച്പത്രേ, ദ്വന്ദ്വ, ഗാണേ എന്നിവ ഇദ്ദേഹത്തിന്റെ കഥാസമാഹാരങ്ങളും കോവാലി, രാത്റാണി എന്നിവ ഉപന്യാസസമാഹാരങ്ങളുമാണ്. മോഹന്‍ രാകേഷിന്റെ ആധേ അധൂരേ, ഗിരീഷ് കര്‍ണാടിന്റെ തുഗ്ലക്ക് തുടങ്ങിയ കൃതികളും വിവര്‍ത്തനം ചെയ്തിട്ടുമുണ്ട്.

നാഷനല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ വൈസ് പ്രസിഡന്റ്, സാഹിത്യ അക്കാദമി അംഗം, സംഗീതനാടക അക്കാദമി അംഗം, ആകാശവാണി-ദൂരദര്‍ശന്‍ പ്രൊഡ്യൂസര്‍ എമിററ്റ്സ് തുടങ്ങി വിവിധ മണ്ഡലങ്ങളില്‍ സേവനമനുഷ്ഠിച്ച ടെണ്ടുല്‍ക്കര്‍ക്ക് ഒന്‍പത് പ്രാവശ്യം നാടകത്തിനുള്ള മഹാരാഷ്ട്ര ഗവ. പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1970-ല്‍ കേന്ദ്ര സംഗീതനാടക അക്കാദമി അവാര്‍ഡും കമലാദേവി ചട്ടോപാധ്യായ അവാര്‍ഡും നേടിയ ഇദ്ദേഹത്തിന് 1980-ല്‍ സിനിമാതിരക്കഥയ്ക്കുള്ള കേന്ദ്ര ഗവ. അവാര്‍ഡും 1984-ലെ പദ്മഭൂഷണ്‍ ബഹുമതിയും 1998-ലെ സംഗീതനാടക അക്കാദമി ഫെലോഷിപ്പും ലഭിച്ചു.

ഇന്ത്യയിലും വിദേശത്തും വിജയ് ടെണ്ടുക്കല്‍ ഏറെ പ്രശസ്തനുമാണ്. ഇദ്ദേഹത്തിന്റെ പുത്രി പ്രിയാ ടെണ്ടുല്‍ക്കര്‍ പ്രശസ്ത ടെലിവിഷന്‍ അവതാരകയായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍