This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെക്സ്റ്റൈല്‍ കെമിസ്ട്രി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെക്സ്റ്റൈല്‍ കെമിസ്ട്രി

Textile chemistry

ഒരു പ്രയുക്ത രസതന്ത്രശാഖ. തുണിത്തരങ്ങളുടെ ഇഴ, നാര് എന്നിവയുടെ സമഗ്രപഠനമാണ് ഈ ശാസ്ത്രശാഖയുടെ ലക്ഷ്യം.തുണികളുടെ സൗന്ദര്യപരമായ ഗുണങ്ങളിലും പ്രയോഗധര്‍മങ്ങളിലും അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് രസതന്ത്രത്തിന്റെ പല പ്രാഥമിക ശാഖകളിലേയും പ്രവിധികള്‍ പ്രയോജനപ്പെടുത്താറുണ്ട്. പ്രകൃതിജന്യവും കൃത്രിമവും ആയ വ്യത്യസ്ത തുണിനാരുകളുടെ രാസ-ഭൗതിക ഗുണധര്‍മങ്ങള്‍ ഈ ശാസ്ത്ര ശാഖ പഠനവിഷയമാക്കുന്നു. തുണിയുടെ അലക്കു സ്വഭാവം (സോപ്പ്, മറ്റ് അലക്കു പദാര്‍ഥങ്ങള്‍ എന്നിവയോടുള്ള പ്രതികരണം) പഠിക്കുന്നതിനായി പ്രതല രസതന്ത്ര (surface chemistry) തത്ത്വങ്ങള്‍ പ്രയോജനപ്പെടുത്തുന്നു. നാരുകളുടെയും, വസ്ത്ര നിര്‍മാണത്തിനാവശ്യമായി വരുന്ന മറ്റു രാസപദാര്‍ഥങ്ങളുടെയും രാസഘടനയില്‍നിന്ന് തുണിത്തരങ്ങളുടെ സൗന്ദര്യപരവും, രാസികവും ഭൗതികവുമായ ഗുണങ്ങള്‍ പ്രവചിക്കുവാന്‍ ഒരു ടെക്സ്റ്റൈല്‍ കെമിസ്റ്റിന് സാധിക്കും. സൈദ്ധാന്തികവും പ്രായോഗികവുമായ അറിവുകള്‍ വേണ്ടവിധം വിനിയോഗിച്ചാണ് നവീനങ്ങളായ വസ്ത്രങ്ങള്‍ വിപണിയിലെത്തിക്കുന്നത്.

നാരുകള്‍. തുണികളുടെ രസതന്ത്രത്തെക്കുറിച്ചുള്ള പഠനം ആരംഭിക്കുന്നത് നാരുകളില്‍ നിന്നാണ്. നാരുകള്‍ രണ്ടു വിധത്തിലുണ്ട്; പ്രകൃതിജന്യവും കൃത്രിമ നിര്‍മിതവും. പ്രോട്ടീന്‍ നാരുകളായ സില്‍ക്ക്, കമ്പിളി; സെലുലോസ് നാരുകളായ പരുത്തി, ലിനന്‍, റാമി; അത്രതന്നെ പ്രാധാന്യമര്‍ഹിക്കാത്ത മറ്റു ചില സസ്യനാരുകള്‍ എന്നിവ പ്രകൃതിയില്‍ നിന്നു ലഭിക്കുന്നവയാണ്. ചില രാസവസ്തുക്കളുടെ പോളിമറീകരണം വഴിയാണ് കൃത്രിമ നാരുകള്‍ ഉണ്ടാക്കുന്നത്. പോളിഅമൈഡുകള്‍ (നൈലോണ്‍) പോളി അക്രിലേറ്റുകള്‍, പോളിഎസ്റ്ററുകള്‍ എന്നിവയാണ് കൃത്രിമ നാരുകള്‍. ഇവയ്ക്ക് നിരവധി സമാന സ്വഭാവങ്ങളുണ്ടെങ്കിലും വ്യത്യസ്ത രാസപദാര്‍ഥങ്ങളുടെ പോളിമറുകള്‍ ആയതിനാല്‍ ഇവ വ്യത്യസ്ത ഗുണധര്‍മങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.

രാസവസ്തുക്കള്‍. വസ്ത്രനിര്‍മാണത്തിനായി ഉപയോഗിക്കുന്ന രാസവസ്തുക്കളെ രണ്ടായി തരം തിരിച്ചിട്ടുണ്ട്: നാരുകളില്‍തന്നെ അവശേഷിക്കുന്ന രാസപദാര്‍ഥങ്ങള്‍, നാരുകള്‍ നനയ്ക്കുന്നതിനോ വൃത്തിയാക്കുന്നതിനോ മറ്റ് ഏതെങ്കിലും ഘട്ടത്തിലോ താത്ക്കാലികമായി ഉപയോഗിക്കുന്ന രാസപദാര്‍ഥങ്ങള്‍. ചായങ്ങളും, വസ്ത്രത്തില്‍ അവസാനമിനുക്കിനായി ഉപയോഗിക്കുന്ന രാസവസ്തുക്കളും ഒന്നാമത്തെ വിഭാഗത്തിലും പ്രതലത്തില്‍ പ്രവര്‍ത്തനക്ഷമമായ (surface active agents) സര്‍ഫാക്റ്റന്റുകള്‍ രണ്ടാമത്തെ വിഭാഗത്തിലും പെടുന്നു. സര്‍ഫാക്റ്റന്റുകള്‍ പൊതുവായ രാസസ്വഭാവമുള്ളവയാണ്. R-Y എന്നാണ് സര്‍ഫാക്റ്റന്റുകളുടെ ഘടന. തന്മാത്രയുടെ പ്രധാന ഭാഗമായ 'R' എണ്ണയില്‍ ലേയമാണ്, 'Y' ആകട്ടെ ജലത്തില്‍ ലേയവും. ഇവ തമ്മിലുള്ള സന്തുലനമാണ് സര്‍ഫാക്റ്റന്റിന്റെ ഗുണം നിര്‍ണയിക്കുന്നത്. R ഒരു ദീര്‍ഘശൃംഖല ഹൈഡ്രോകാര്‍ബണാണ്. Y ഒരു ധന അയോണോ ഋണ അയോണോ ആകാം. ചില സാധാരണ Y ഗ്രൂപ്പുകള്‍ താഴെ പറയുന്നവയാണ്:

Image:pno230.png

സോഡിയം സ്റ്റിയറേറ്റ് സോപ്പാണ് ആദ്യ സര്‍ഫാക്റ്റന്റ് CH3(CH2)15 CH2-COO-Na+ പ്രയോഗത്തിനനുസൃതമായി സള്‍ഫാക്റ്റന്റിന്റെ രാസഘടന തിരഞ്ഞെടുക്കാം.

രാസപ്രക്രിയകള്‍. എല്ലാ നാരുകളും നിരവധി രാസഭൗതിക പ്രക്രിയകളിലൂടെ കടന്നു പോയതിനുശേഷമാണ് തുണിയായി വിപണിയിലെത്തുന്നത്. ഈ പ്രക്രിയകള്‍ക്ക് നിയതമായ ഒരു രീതിയുണ്ട്. നാരുകള്‍ വരിയായി അടുക്കി നൂല് നൂറ്റെടുക്കുക, നൂല് നെയ്തെടുക്കുക, തുണി പാകപ്പെടുത്തുക, ചായം മുക്കലും മുദ്രണവും നടത്തുക, മിനുക്കുവേലകള്‍ ചെയ്യുക എന്നിവയാണവ. നൂല്‍ നൂല്‍പ്, നെയ്ത്ത്, തുന്നല്‍ എന്നിവയൊക്കെ ഭൗതികപ്രക്രിയകളാണെങ്കിലും നൂലിനും തുണിക്കും കേടു കൂടാതെ സംരക്ഷിക്കുന്നതിനായി രാസപദാര്‍ഥങ്ങളായ സ്നേഹകങ്ങളും പശകളും പ്രയോഗിക്കുന്നുണ്ട്. ഇതു കൂടാതെ തുണിനാരുകളും തുണികളും വസ്ത്രങ്ങളും മറ്റനവധി രാസപ്രക്രിയകള്‍ക്കു വിധേയമാകാറുമുണ്ട്. ഈ രാസപ്രക്രിയകളെക്കുറിച്ചുള്ള പഠനം ആണ് ടെക്സ്റ്റൈല്‍ കെമിസ്ട്രിയിലെ പ്രധാന വിഷയം.

തുണി പാകപ്പെടുത്തല്‍ (preparation). ജലമോ മറ്റു ലായകങ്ങളോ ഉപയോഗിച്ച് തുണിയില്‍ നിന്നു മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രക്രിയയെ പാകപ്പെടുത്തല്‍ അഥവാ പ്രിപ്പറേഷന്‍ എന്നു പറയുന്നു. അവസാന മിനുക്കുപണികള്‍ ചെയ്യാനുതകുംവിധം തുണിക്ക് വൃത്തിയുള്ളതും അവശോഷണക്ഷമവുമായ ഒരു പ്രതലം ലഭിക്കുന്നത് ഈ പ്രക്രിയ മൂലമാണ്. നാരിന് അനുയോജ്യമായ രീതിയിലാണ് പാകപ്പെടുത്തല്‍ നടത്തേണ്ടത്. കൃത്രിമ നാരുകളില്‍ പ്രകൃതിജന്യമാലിന്യങ്ങള്‍ ഒന്നും സ്വാഭാവികമായി ഉണ്ടാകാറില്ല. എന്നാല്‍ ഉത്പാദനസമയത്ത് നാരുകളില്‍ പറ്റിപ്പിടിച്ചിരിക്കാനിടയുള്ള സ്നേഹകങ്ങളും മറ്റ് എണ്ണകളും ജലത്തില്‍ ലേയമായ പശകളും നീക്കം ചെയ്യേണ്ടതായി വരും. എണ്ണയും മെഴുക്കും എമള്‍സ്സീകരിക്കാന്‍ (emulsify) കഴിയുന്ന അപമാര്‍ജകങ്ങള്‍ (detergents) ഉപയോഗിച്ച് ഈ മാലിന്യങ്ങള്‍ കഴുകികളയാം. നൈസര്‍ഗിക നാരുകളില്‍ വളരെയധികം സ്വാഭാവിക മാലിന്യങ്ങള്‍ ഉണ്ടാവാനിടയുണ്ട്; മാത്രമല്ല നീക്കം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള പശകളും ഈ നാരുകളില്‍ ഉണ്ടായിരിക്കും. സോഡിയം ഹൈഡ്രോക്സൈഡുപോലുള്ള ഗാഢ ക്ഷാര ലായനികളില്‍ ഇട്ട് വളരെ നേരം ചൂടാക്കിയാല്‍ പരുത്തിനാരുകളില്‍ നിന്ന് സ്വാഭാവിക മാലിന്യങ്ങള്‍ മാറിക്കിട്ടും. സ്റ്റാര്‍ച്ചും അതുമായി ബന്ധപ്പെട്ട പദാര്‍ഥങ്ങളും നീക്കം ചെയ്യാന്‍ എന്‍സൈമുകളോ പെറോക്സൈഡുകളോ സ്റ്റാര്‍ച്ച് ലയിപ്പിക്കുന്ന ലായനികളോ ഉപയോഗിക്കാം. ഈ രണ്ട് പ്രക്രിയകള്‍ക്കും ശേഷം രാസലായനി ഉപയോഗിച്ച് നന്നായി കഴുകുമ്പോള്‍ അവശേഷിക്കുന്ന എല്ലാ മാലിന്യങ്ങളും മാറിക്കിട്ടും. സള്‍ഫേറ്റുകളും സള്‍ഫോണേറ്റുകളുമാണ് ഇതിനായി സാധാരണ ഉപയോഗിക്കാറുള്ളതെങ്കിലും ഫോസ്ഫേറ്റ് സര്‍ഫാക്റ്റന്റുകള്‍ അടങ്ങുന്ന ചൂടുള്ള ക്ഷാരലായനികള്‍ ആണ് മണ്ണ് വേര്‍പെടുത്തുന്നതിന് അനുയോജ്യം. കമ്പിളിയും പട്ടും കഴുകാന്‍ സള്‍ഫേറ്റു ചെയ്ത ആവണക്കെണ്ണയും വീര്യം കുറഞ്ഞ സോപ്പുകളും ആണ് ഉപയോഗിക്കുന്നത്. കമ്പിളിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ജൈവ പദാര്‍ഥങ്ങള്‍ നീക്കം ചെയ്യുവാന്‍ ഗാഢ സള്‍ഫ്യൂറിക് അമ്ലം ഉപയോഗിച്ച് കാര്‍ബണൈസ് ചെയ്യാറുണ്ട്. നിറമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുവാനായി നാരുകള്‍ ബ്ലീച്ച് ചെയ്യാവുന്നതാണ്. ഹൈഡ്രജന്‍ പെറോക്സൈഡാണ് ഇന്ന് ഏറ്റവും അധികം ഉപയോഗിക്കുന്ന ബ്ലീച്ച്. മിശ്രനാരുകള്‍ക്ക് (ബ്ളെന്‍ഡുകള്‍) അനുയോജ്യമായ പാകപ്പെടുത്തല്‍ക്രമം തിരഞ്ഞെടുക്കുക പ്രയാസമുള്ള ജോലിയാണ്. വൃത്തിയാക്കുവാന്‍ കൂടുതല്‍ പ്രയാസമുള്ള ഘടകത്തിനനുയോജ്യമായ പാകപ്പെടുത്തല്‍ രീതി സ്വീകരിക്കുകയാണ് സാധാരണ ചെയ്യുന്നത്. ഉദാ: പരുത്തി-പോളിഎസ്റ്റര്‍ മിശ്രിതത്തിന് 100 ശ.മാ. പരുത്തി തുണികള്‍ക്ക് സ്വീകരിക്കാറുള്ള രീതി പ്രയോഗിക്കുന്നു.

മെര്‍സിറൈസേഷന്‍. പരുത്തിത്തുണികളില്‍ മാത്രം പ്രയോഗിക്കുന്ന ഒരു സവിശേഷ പ്രക്രിയയാണിത്. തുണി നിവര്‍ത്തി വലിച്ചുകെട്ടിയതിനുശേഷം 20 ശ. മാ. സോഡിയം ഹൈഡ്രോക്സൈഡ് ലായനി ഉപയോഗിച്ചു കഴുകുമ്പോള്‍ നാരുകള്‍ക്ക് രാസപരവും ഭൗതികവും ആയ പല വ്യത്യാസങ്ങളും ഉണ്ടാകുന്നു. ഇഴകള്‍ക്ക് ബലവും തിളക്കവും മാര്‍ദവവും വര്‍ധിക്കുന്നതോടൊപ്പം ചായം കൂടുതല്‍ നന്നായി പിടിക്കുകയും (dye affinity) ഇളകിപോകാതിരിക്കുകയും ചെയ്യുന്നു (stabilization). ക്ഷാരലായനി (caustic soda) ഇഴകള്‍ക്കിടയിലൂടെ ഒരുപോലെ വ്യാപിപ്പിക്കേണ്ടതുണ്ട്. ഈ പ്രക്രിയയ്ക്കുശേഷം ക്ഷാരം പൂര്‍ണമായും കഴുകി കളയേണ്ടതാണ്.

നിറം കൊടുക്കല്‍. ചായം മുക്കിയും മുദ്രണം ചെയ്തും തുണികള്‍ക്ക് നിറം നല്‍കാം. ബ്ലീച്ച് ചെയ്താണ് വെള്ള നിറം വരുത്തുന്നത്. ചായം അടങ്ങുന്ന ലായനിയില്‍ തുണി മുക്കിവയ്ക്കുമ്പോള്‍ വളരെ ചെറിയ കണികകളായി ലായനിയില്‍ വിലയം പ്രാപിക്കുന്ന ചായം നാരുകള്‍ക്കുള്ളിലേക്ക് ലയിച്ച് ചേരുന്നു. ലേയമല്ലാത്ത രഞ്ജകങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പശയോ ബന്ധകങ്ങളോ ചേര്‍ക്കണം.

മുദ്രണം. ചായം മുക്കുമ്പോള്‍ തുണിക്ക് മൊത്തത്തില്‍ നിറം ലഭിക്കുന്നു. മുദ്രണം ആകട്ടെ പ്രത്യേക സ്ഥലങ്ങളില്‍ മാത്രം നിറം നല്‍കുവാന്‍ ഉപയോഗിക്കുന്നു. ചായത്തിന്റേയോ രഞ്ജകത്തിന്റേയോ കൊഴുത്ത ലായനി അഥവാ പേസ്റ്റ് രൂപത്തിലുള്ള ഒരു മിശ്രിതം ചിത്രം പതിച്ച അച്ചുകളിലൂടെ തുണിയില്‍ യഥാസ്ഥാനങ്ങളില്‍ പിടിപ്പിക്കുകയാണ് ചെയ്യുന്നത്. ആവി കൊള്ളിച്ചോ ചൂടു പിടിപ്പിച്ചോ ചായം പേസ്റ്റില്‍ നിന്ന് നാരിന്റെ ഉള്ളിലേക്ക് പ്രവേശിപ്പിക്കുന്നു. പ്രത്യേക തുന്നലിന്റേയോ നെയ്ത്തിന്റേയോ ആവശ്യമില്ലാതെ തന്നെ വിവിധ നിറത്തിലുള്ള സങ്കീര്‍ണങ്ങളായ രൂപമാതൃകകള്‍ തുണികളില്‍ മുദ്രണം ചെയ്യാനാവും.

ചായം. നാരിന്റെ രാസസ്വഭാവത്തിനനുസൃതമായ ചായവസ്തുവാണ് ഉപയോഗിക്കേണ്ടത്. കമ്പിളി, നൈലോണ്‍ നാരുകള്‍ക്ക് ധനചാര്‍ജുള്ള (NH) ഗ്രൂപ്പുകളുണ്ട്. അതിനാല്‍ ഋണ ഗ്രൂപ്പുകള്‍ (SO3) അടങ്ങുന്ന ചായം ആണ് ഈ നാരുകള്‍ക്കനുയോജ്യം. ഋണ സള്‍ഫോണേറ്റ് ഗ്രൂപ്പുകളുള്ള അക്രിലിക്നാരുകള്‍ക്ക് ധനഗ്രൂപ്പുകളുള്ള ചായങ്ങളാണ് ഫലപ്രദം. പോളിഎസ്റ്റര്‍ നാരുകള്‍ അയോണികമല്ലാത്തതിനാല്‍ വളരെ നേര്‍ത്ത കണികകളുടെ രൂപത്തിലുള്ള ചാര്‍ജില്ലാത്ത ചായ വസ്തുക്കളാണ് ഉപയോഗിക്കുന്നത്. ഇവ നാരുകള്‍ക്കുള്ളില്‍ ഖരലായനികളുണ്ടാക്കുന്നു. പരുത്തി നാരുകളിലെ ചായം നിവേശിക്കുന്ന സ്ഥലങ്ങള്‍ ഹൈഡ്രോക്സില്‍ ഗ്രൂപ്പുകളാണ്. അതിനാല്‍ നാരുമായി പ്രതിപ്രവര്‍ത്തിച്ച് സഹസംയോജക ബന്ധങ്ങള്‍ രൂപീകരിക്കുന്നതോ നേരിട്ട് ഹൈഡ്രജന്‍ ബന്ധങ്ങള്‍ രൂപീകരിക്കുന്നതോ ആയ ചായങ്ങളാണ് ഏറ്റവും അനുയോജ്യം. വാറ്റ് (vat), നാഫ്തോള്‍ തുടങ്ങിയ പരുത്തി ചായങ്ങള്‍ നാരുകളില്‍ അലേയമായ വ്യുത്പന്നം ഉണ്ടാക്കുന്നു.

യഥാര്‍ഥ ചായവസ്തു കൂടാതെ മറ്റനവധി രാസപദാര്‍ഥങ്ങളും ചായം മുക്കുവാനായി ഉപയോഗിക്കുന്നുണ്ട്. ചായം ഓരോ നാരിന്റേയും ഉള്ളിലേക്ക് കയറി സമാനമായി വ്യാപിക്കുന്നതിനായി പ്രത്യേക രാസവസ്തുക്കള്‍ ഉപയോഗിക്കാറുണ്ട്. ചില രാസപദാര്‍ഥങ്ങള്‍ ചായം നാരിന്റെ ഉള്ളിലേക്ക് കടക്കുന്നത് മന്ദഗതിയിലാക്കുന്നു (retardders). ചായത്തിന്റെ തന്മാത്രകള്‍ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് വ്യാപരിക്കാന്‍ സഹായിക്കുന്ന മൈഗ്രേറ്റിങ് ഏജന്റുകളും ചായം മുക്കുമ്പോള്‍ ഉപയോഗിക്കുന്നുണ്ട്. ചായം വ്യാപിക്കുന്നത് ത്വരിതപ്പെടുത്തുന്ന പെനിട്രന്റുകള്‍, സര്‍ഫാക്റ്റന്റുകളോ സ്വെലിങ് ഏജന്റുകളോ ആയിരിക്കും. ചായത്തിന്റേതിനേക്കാള്‍ വളരെ ചെറിയ തന്മാത്രകളുള്ള രാസപദാര്‍ഥങ്ങളായിരിക്കും റിറ്റാര്‍ഡന്റുകള്‍. ഈ തന്മാത്രകള്‍ ചായവസ്തു നിവേശിക്കുന്ന സ്ഥലങ്ങളില്‍ സ്ഥാനം പിടിക്കും. ഇവയെ സാവധാനത്തില്‍ ചായവസ്തു പ്രതിസ്ഥാപിക്കുന്നു. ഉദാ: അക്രിലിക് നാരുകളില്‍ RN+(CH3)3 റിറ്റാര്‍ഡര്‍ ആയി പ്രവര്‍ത്തിക്കുന്നു. അക്രിലിക് നാരുകളുടെ ചായവസ്തു ധനചാര്‍ജുള്ള വലിയ തന്മാത്രകളാണ്.

നനയ്ക്കുമ്പോഴും മറ്റും ചായം ഇളകിപ്പോകാതിരിക്കാനായി ചില രാസപദാര്‍ഥങ്ങള്‍ പ്രയോഗിക്കാറുണ്ട്. മുദ്രണത്തിനും ഇതേ രാസപദാര്‍ഥങ്ങള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. നാരിന് അനുയോജ്യമായ സാന്ദ്രീകരണ ദ്രവ്യങ്ങളാണ് (thickener) മുദ്രണത്തിനുവേണ്ട കൊഴുത്ത ലായനി ഉണ്ടാക്കാന്‍ തിരഞ്ഞെടുക്കേണ്ടത്.

മിനുക്കുപണികള്‍ (finishing). തുണിക്ക് ആത്യന്തികമായി ഉണ്ടായിരിക്കേണ്ട സകല ഗുണങ്ങളും നല്‍കുന്ന യാന്ത്രിക രാസപ്രക്രിയകളെ ഈ വിഭാഗത്തില്‍ പെടുത്തിയിരിക്കുന്നു. വസ്ത്രം ചുരുങ്ങുന്നത് തടയുന്നതിനായി തുണിയെ സങ്കോചിപ്പിക്കുക (compress), തുണി മിനുസപ്പെടുത്തുക, പരുപരുത്തതാക്കുക

തുടങ്ങിയ പ്രക്രിയകള്‍ക്കെല്ലാം പ്രത്യേക യന്ത്രസംവിധാനങ്ങളുണ്ട്. തുണിക്ക് മിനുസം നല്‍കാന്‍ ഉപയോഗിക്കുന്ന രാസപദാര്‍ഥങ്ങളാണ് സോഫ്നറുകള്‍. ലേയ സ്വഭാവമുള്ള ഗ്രൂപ്പുകളടങ്ങുന്ന ദീര്‍ഘശൃംഖലാ കൊഴുപ്പമ്ലങ്ങളാണ് ഇവ. പോളി എതിലീന്‍ ഗ്ളൈക്കോള്‍ മോണോസ്റ്റിയറേറ്റ് (അയോണികമല്ല) ഡൈമീതൈല്‍ ടാലോ അമോണിയം ക്ളോറൈഡ് (ധന ചാര്‍ജ്) എന്നിവ ഉദാഹരണങ്ങളാണ്. എണ്ണ, വാക്സ്, പോളി എതിലീന്‍ എന്നിവയുടെ എമള്‍ഷനുകളും സോഫ്നറുകളായി ഉപയോഗിക്കാറുണ്ട്. സോഫ്നറുകള്‍ മികവോടെ പ്രയോഗിച്ചാല്‍ തുണിക്ക് പളപളപ്പും മൃദുലതയും മേന്മയും ഉണ്ടാവും. പോളിവിനൈല്‍ അസറ്റേറ്റ്, യൂറിയ - ഫോര്‍മാല്‍ഡിഹൈഡ്റൈഡിന്റെ പോളിമര്‍ എന്നിവ പ്രയോഗിച്ച് പ്രത്യേകവടിവും ചുരുളും സൃഷ്ടിക്കാന്‍ കഴിയും.

തീയും വെള്ളവും ചെറുക്കാന്‍ കഴിയുന്ന (fire retardant and water repellent) സവിശേഷ ഫിനിഷുകളുമുണ്ട്. ഫോസ്ഫറസ്, നൈട്രജന്‍, ക്ളോറിന്‍, ആന്റിമണി, ബ്രോമിന്‍ എന്നിവയിലേതെങ്കിലും ഉയര്‍ന്ന അനുപാതത്തിലടങ്ങിയിട്ടുള്ള മിശ്രിതമാണ് അഗ്നി പ്രതിരോധ ഫിനിഷായി ഉപയോഗിക്കുന്നത്. ഉദാ: ടെട്രാകിസ്ഹൈഡ്രോക്സി മീതൈല്‍ ഫോസ്ഫോണിയംക്ളോറൈഡ് (THPC), ടെട്രാമെതിലോള്‍ മെലാമിന്‍ (TMM) മിശ്രിതം ഫലപ്രദമായ ഒരു അഗ്നി പ്രതിരോധ ഫിനിഷാണ്. ബര്‍ അല്ലെങ്കില്‍ വിനൈല്‍ പൂശിയാണ് ജലരോധവസ്ത്രങ്ങള്‍ ഉണ്ടാക്കുന്നത്. മെഴുകുകള്‍, സിലിക്കോണുകള്‍, ലോഹ സോപ്പുകള്‍ എന്നീ ഹൈഡ്രോഫോബിക് പദാര്‍ഥങ്ങളും വെള്ളം പിടിക്കാത്ത വസ്ത്രങ്ങളുടെ നിര്‍മാണത്തിനുപയോഗിക്കുന്നു. സെലുലോസ് അടങ്ങുന്ന വസ്ത്രങ്ങളില്‍ സെലുലോസുമായി പ്രതിപ്രവര്‍ത്തിച്ച് ക്രോസ്ലിങ്കുകള്‍ ഉണ്ടാക്കുന്ന പദാര്‍ഥങ്ങള്‍ തുണി ചുരുങ്ങുന്നതും ചുളിവുകള്‍ വീഴുന്നതും തടയുന്നു. N,N ഡൈമെതിലോള്‍ കാര്‍ബമേറ്റ്, ഡൈ മെതിലോള്‍ ഡൈ ഹൈഡ്രോക്സില്‍ എതിലീന്‍ യൂറിയ എന്നിവയാണ് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ക്രോസ്ലിങ്കിങ് ഏജന്റുകള്‍. അടുത്തടുത്തുള്ള സെലുലോസ് ശൃംഖലകളുമായി സഹസംയോജകബന്ധങ്ങള്‍ രൂപീകരിച്ചാണ് ക്രോസ് ലിങ്കുകളുണ്ടാവുന്നത്.

യന്ത്രങ്ങളുടെ ഉപയോഗം. സാധാരണയായി പാഡിങ് എന്ന പ്രക്രിയയിലൂടെയാണ് ഫിനിഷുകള്‍ പ്രയോഗിക്കുന്നത്. ഫിനിഷിങ്ങിനുപയോഗിക്കുന്ന രാസപദാര്‍ഥം ഒരു ജലീയ ലായനിയില്‍ നിന്ന് തുണി വലിച്ചെടുക്കും. പിന്നീട് അധിക ലായനി നീക്കം ചെയ്യുന്നതിനായി റോളറുകള്‍ക്കിടയിലൂടെ (squeeze rolls) കടത്തിവിടുന്ന പ്രക്രിയയാണ് പാഡിങ് എന്നറിയപ്പെടുന്നത്. പാഡിങ് ലായനിയില്‍ ഈര്‍പ്പം വരുത്തുന്ന പദാര്‍ഥവും (wetting agents) പെനിട്രന്റും ഉള്‍പ്പെടുത്താറുണ്ട്. പാഡിങ് ലായനിയുടെ സാന്ദ്രതയും റോളറുകളുടെ മര്‍ദവും നിയന്ത്രിക്കുക വഴി വസ്ര്തത്തിലുണ്ടായിരിക്കേണ്ട രാസപദാര്‍ഥങ്ങളുടെ തോത് ക്രമീകരിക്കാനാവും. 50-100 ശ. മാ. വരെ ലായനി വസ്ത്രത്തില്‍ നിലനില്‍ക്കുന്നതായി കാണാം. ഇതില്‍ അധികവും ബാഷ്പീകരിച്ചുപോകും. ബാഷ്പീകരിച്ചുകളയേണ്ടതായ ജലത്തിന്റെ തോത് കഴിയുന്നതും കുറച്ചായിരിക്കുന്നതാണ് ലാഭകരം. ഇതിനായി പല സങ്കേതങ്ങളും പ്രയോഗിച്ചു നോക്കുന്നുണ്ട്. രാസപദാര്‍ഥത്തിന്റെ ഒരു ഗാഢ ലായനി വസ്ത്രത്തില്‍ സ്പ്രേ ചെയ്യുക വഴി ജലത്തിന്റെ അളവ് കുറയ്ക്കാനാവുമെങ്കിലും സമാനമായ ഒരു വിതരണം ലഭിക്കുക പ്രയാസമാണ്. ഫോം ഫിനിഷിങ്ങാണ് ഏറ്റവും നല്ല പ്രതിവിധി. രാസപദാര്‍ഥത്തിന്റെ ഒരു ഗാഢ ലായനിയും ഒരു ഫോമിങ് ഏജന്റും അടങ്ങുന്ന മിശ്രിതത്തിലൂടെ വായു കുത്തിവച്ച് യന്ത്രമുപയോഗിച്ച് നന്നായി പതപ്പിച്ച് (mechanical beating) നിശ്ചിത ആപേക്ഷിക സാന്ദ്രതയും ഈര്‍പ്പവുമുള്ള ഒരു ഫോം ആയി മാറ്റുന്നു. ഇപ്രകാരം, രാസപദാര്‍ഥം നേര്‍പ്പിക്കുന്ന ജലത്തിനെ വായു കൊണ്ട് പ്രതിസ്ഥാപിക്കാം.

ടെക്സ്റ്റൈല്‍ കെമിസ്ട്രിയുടെ രംഗത്ത് അനവധി ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വസ്ത്രങ്ങള്‍ക്ക് ആകര്‍ഷണീയതയും മറ്റ് സവിശേഷ ഗുണങ്ങളും ഉണ്ടാക്കുന്നതോടൊപ്പം വസ്ത്രനിര്‍മാണത്തിന് ലാഭകരവും ലളിതവുമായ രാസപ്രക്രിയകള്‍കൂടി കണ്ടെത്തുകയാണ് പ്രധാന ഗവേഷണ ലക്ഷ്യങ്ങള്‍.

നോ: ചായങ്ങള്‍, ചായം മുക്കലും മുദ്രണവും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍