This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെംപെറിങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെംപെറിങ്

Tempering

ഉരുക്ക്, ലോഹം, കൂട്ടുലോഹം, ഗ്ലാസ് എന്നിവയില്‍ ദ്രുതശീതനം (quenching) സൃഷ്ടിക്കുന്ന ഭംഗുരതയെ (brittleness) നീക്കം ചെയ്ത് അത് വീണ്ടും ദൃഢീകരിക്കുവാനായി (toughening) പ്രയോജനപ്പെടുത്തുന്ന പ്രക്രിയ.

ഉരുക്കിന്റെ നിര്‍മാണവേളയില്‍ ഉപയോഗിക്കുന്ന ദ്രുതശീതനം അതില്‍ മാര്‍ടെന്‍സൈറ്റിന് (martensite) രൂപം നല്‍കുന്നതിനാല്‍ ഉരുക്കിനകത്ത് ആന്തരികപ്രതിബലങ്ങള്‍ (stresses) സൃഷ്ടിക്കപ്പെടുന്നു. ഇത് ഉരുക്കിനെ ഭംഗുരമാക്കും. ദ്രുതശീതനം നടത്താന്‍ ആരംഭിച്ച സമയത്തുണ്ടായിരുന്ന താപനിലയിലും താഴ്ന്ന താപനില വരെ ഉരുക്കിനെ വീണ്ടും ചൂടാക്കിയശേഷം എണ്ണ/ജലം/വായു എന്നിവയിലേതെങ്കിലുമൊരു മാധ്യമത്തില്‍ വച്ച് അതിനെ തണുപ്പിച്ചാല്‍ മാര്‍ടെന്‍സൈറ്റ് വിഘടിച്ച് ആന്തരിക പ്രതിബലം മാറുകയും അയണ്‍ കാര്‍ബൈഡ് കണികകള്‍ വിന്യസിക്കപ്പെട്ട് ദൃഢീകൃത ഉരുക്ക് ലഭിക്കുകയും ചെയ്യും. പൊതുവേ 373811 കെല്‍വിന്‍ പരിധിക്കുള്ളിലായിരിക്കും ടെംപെറിങ് താപനിലയെങ്കിലും താപനില ഉയരുന്നതിനനുസൃതമായി ഉരുക്കിന്റെ ദൃഢത കുറയുന്നതായി കാണപ്പെടാറുണ്ട്. അതിനാല്‍ ഉരുക്കിന്റെ ഇനം, അതിനു ലഭിക്കേണ്ട സ്വഭാവവിശേഷങ്ങള്‍, ഉപയോഗാവശ്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് ടെംപെറിങ് താപനിലയും ശീതീകരണ നിരക്കും തിരഞ്ഞെടുക്കുന്നത്.

ലോഹങ്ങളില്‍ അവയിലെ ആന്തരിക പ്രതിബലങ്ങള്‍ മാറ്റി ആവശ്യമായ ദൃഢതയും അടിച്ചു നീട്ടാവുന്ന സ്വഭാവവും (ductile) ടെംപെറിങ് കൊണ്ട് സൃഷ്ടിക്കാനാവും.

ദ്രുതശീതനത്തിനു വിധേയമാക്കപ്പെട്ട കൂട്ടുലോഹത്തില്‍ അതിപൂരിത (supersaturated) ഖര ലായനി കാണുക പതിവാണ്. ഇത് ലോഹ സങ്കരത്തെ ഭംഗുരമാക്കുന്നു. അതിപൂരിത ലായനിയിലെ അളവില്‍ക്കൂടിയ ലേയം (solute) പുറത്തുവരുന്ന താപനില വരെ കൂട്ടുലോഹത്തെ ചൂടാക്കിയശേഷം തരികള്‍ (grains) രൂപപ്പെടുന്നതിനുമുമ്പ് അതിനെ പെട്ടെന്ന് തണുപ്പിക്കുന്നു. ഈ ടെംപെറിങ് അതിന് ദൃഢമായ സൂക്ഷ്മഘടന പ്രദാനം ചെയ്യുന്നു.

ഗ്ലാസിനെ വഴങ്ങുന്ന സ്ഥിതി വരെ ചൂടാക്കിയ ശേഷം, അതിലൂടെ വായു ധാര കടത്തിവിട്ടോ അതിനെ ദ്രാവകത്തില്‍ മുക്കിയോ തണുപ്പിക്കുന്നു. ഈ ടെംപെറിങ് പ്രക്രിയ ഗ്ലാസിന്റെ ദൃഢത അഞ്ചു മടങ്ങോളം വര്‍ധിപ്പിക്കാന്‍ പര്യാപ്തമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍