This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൂളൂസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടൂളൂസ്

Toulose

ദക്ഷിണ ഫ്രാന്‍സിലെ ഒരു നഗരം. ഗാരോണ്‍ നദിയുടെയും മിഡികനാലിന്റെയും തീരത്തായി വ്യാപിച്ചിരിക്കുന്ന ഈ നഗരം ബോര്‍ഡാക്സിനു (Bordeaux) 200 കി.മീ. തെ.കിഴക്കായി സ്ഥിതിചെയ്യുന്നു. ഹാട്ടെ-ഗാരോണ്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ (HauteGoronne Department) തലസ്ഥാനംകൂടിയാണ് ടൂളൂസ്. നഗര ജനസംഖ്യ 35,86,88 (1990), നഗര സമൂഹ ജനസംഖ്യ 6,503,36 (1990).

ഫ്രാന്‍സിലെ ഒരു മുഖ്യ വാണിജ്യ-ഗതാഗത-ഉത്പാദക കേന്ദ്രമാണ് ടൂളൂസ്. വിമാന-ബഹിരാകാശ സാമഗ്രികളുടെ നിര്‍മാണ കേന്ദ്രം എന്ന നിലയിലാണ് ടൂളൂസ് പ്രസിദ്ധമായിട്ടുള്ളത്. യുദ്ധോപകരണങ്ങള്‍, രാസവസ്തുക്കള്‍, പാദരക്ഷകള്‍, ലോഹ നിര്‍മിത വസ്തുക്കള്‍, തുണിത്തരങ്ങള്‍, വൈദ്യുതോപകരണങ്ങള്‍, കാര്‍ഷികോപകരണങ്ങള്‍ തുടങ്ങിയവയും ഇവിടെ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കുന്നുണ്ട്.

ഒരു മുഖ്യ പ്രസിദ്ധീകരണ-ബാങ്കിങ് കേന്ദ്രം കൂടിയാണ് ടൂളൂസ്. നിരവധി മധ്യകാല സൗധങ്ങള്‍ ടൂളൂസിലുണ്ട്. റോമന്‍ വാസ്തുശില്പ മാതൃകയില്‍ പണിത സെന്റ്-സെര്‍നിന്‍ ദേവാലയമാണ് (11-ാം ശ.) ഇതില്‍ പ്രധാനം. ടൂളൂസിലെ മുഖ്യ ആകര്‍ഷണകേന്ദ്രവും ഈ ദേവാലയംതന്നെ. ഫ്രാന്‍സിലെ മുഖ്യ ദേവാലയങ്ങളില്‍ ഒന്നുകൂടിയാണിത്. മധ്യകാല തത്ത്വചിന്തകനും മതപണ്ഡിതനുമായിരുന്ന സെന്റ് തോമസ് അക്വിനന്റെ ശവകുടീരം സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. ഗോഥിക് മാതൃകയില്‍ നിര്‍മിച്ച സെന്റ് എറ്റീനീ ദേവാലയം (12-ാം ശ.), 16-ാം ശ.-ല്‍ പുതുക്കിപ്പണിത ചര്‍ച്ച് ഒഫ് നോത്രെദാം ലാ ബ്ളാന്‍ഷെ (Church of Notre Dame la Blanche) എന്നിവയാണ് നഗരത്തിലെ ശ്രദ്ധേയമായ മറ്റ് ആകര്‍ഷണ കേന്ദ്രങ്ങള്‍. റോമന്‍ വാസ്തുശില്പ മാതൃകയില്‍ നിര്‍മിച്ച മറ്റു ചില കെട്ടിടങ്ങളും ഇവിടെ കാണാം. ഹോട്ടല്‍ ഫെല്‍സിന്‍സ് (Hotel Felzins), മെയ്സണ്‍ ദ പീയറെ (Maisan de pierre), ഹോട്ടല്‍ ദ ഏസാത്യെത് ദ ക്ലമന്‍സ് ഇസോറി (Hotel d' Asse'zatet - de clemence) എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടവ. 1323-ല്‍ സ്ഥാപിച്ച സാഹിത്യ സംഘടനയായ 'അക്കാദമിഡെസ് ജാക്സ് ഫ്ളോറാക്സ്' (Acadamidex jeux Floraux)ന്റെ ആസ്ഥാനമാണ് ഹോട്ടല്‍ ദ എസാത്യെത് ദ ക്ലമന്‍സ് - ഇസോറി. ധാരാളം മ്യൂസിയങ്ങളും ആര്‍ട് ഗ്യാലറികളും ലൈബ്രറികളും ടൂളൂസില്‍ കാണാം. കാപ്പിറ്റോള്‍ മന്ദിരം (18-ാം ശ.), ടൂളൂസ് സര്‍വകലാശാല (1229), റോമന്‍ കത്തോലിക്ക ഇന്‍സ്റ്റിറ്റ്യൂട്ട് (1970) ഫൈന്‍ ആര്‍ട്സ് മ്യൂസിയം (14-ാം ശ.), എന്നിവ ഇവിടത്തെ പ്രധാന വിദ്യാഭ്യാസ-സാംസ്ക്കാരിക സ്ഥാപനങ്ങളാണ്. ഒരു വാന നിരീക്ഷണകേന്ദ്രവും (1733) ഇവിടെയുണ്ട്. 16-17 ശ.-ല്‍ നിര്‍മിച്ച ഒരു പാലം ടൂളൂസിനെ സെന്റ് സൈപ്രിയനിന്റെ (St.Cyprien) പടിഞ്ഞാറന്‍ നഗര പ്രാന്തവുമായി ബന്ധിപ്പിക്കുന്നു. 10 കി.മീ. നീളമുള്ള ഒരു മെട്രോ പാതയും ടൂളൂസിലുണ്ട്. ഫ്രാന്‍സിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഒന്നായ ബ്ളാഗ്നാക് (Blagnac) ടൂളൂസിലാണ്.

ബി.സി. 106-ല്‍ റോമാക്കാര്‍ ടൂളൂസിനെ തങ്ങളുടെ കോളനിയാക്കി. ടോളോസ് (Tolose) എന്നാണ് റോമാക്കാര്‍ നഗരത്തെ വിളിച്ചിരുന്നത്. മധ്യകാലഘട്ടത്തില്‍ ഫ്രാന്‍സിലെ പ്രധാന കലാസാഹിത്യകേന്ദ്രമായി ടൂളൂസ് പ്രശോഭിച്ചു. 419-ല്‍ വിസ്സിഗോത്തുകളുടെയും, 506-ല്‍ അക്വിടൈനിന്റെയും (acquitaine) തലസ്ഥാനമായിരുന്നു ടൂളൂസ്. 781 മുതല്‍ 843 വരെ കാരലിന്‍ജിയന്‍ സാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്ന ടൂളൂസ്, 843-ല്‍ ഒരു പ്രത്യേക കൗണ്ടിയായി വികസിച്ചു.

13-ാം ശ. -ന്റെ ആദ്യഘട്ടത്തില്‍ ആല്‍ബിജെന്‍സസിനെതിരെ നടന്ന കുരിശു യുദ്ധത്തില്‍ ടൂളൂസ് നഗരം കൊള്ളയടിക്കപ്പെട്ടു. 1271-ല്‍ ടൂളൂസ് ഫ്രാന്‍സിന്റെ അധീനതയിലായെങ്കിലും ഫ്രഞ്ചു വിപ്ലവത്തിന്റെ ആരംഭം വരെ നിര്‍ണായകമായ സ്വയംഭരണാവകാശം ഈ നഗരത്തിനുണ്ടായിരുന്നു. പുനരുദ്ധാരണ കാലഘട്ടത്തില്‍ ധാരാളം പ്രൊട്ടസ്റ്റന്റുകാര്‍ ടൂളൂസില്‍ വാസമുറപ്പിച്ചു. 16-ാം ശ. -ന്റെ അവസാനത്തില്‍ ഉണ്ടായ മതയുദ്ധങ്ങളില്‍ റോമന്‍ കത്തോലിക്കാ പക്ഷത്തായിരുന്നു ടൂളൂസ്. 1562-ല്‍ നഗരവാസികളായ നാലായിരത്തോളം പ്രൊട്ടസ്റ്റന്റ് വിശ്വാസികള്‍ കൊല്ലപ്പെടുകയുണ്ടായി. 1814-ല്‍ ടൂളൂസിനെ വെല്ലിങ്ടണ്‍ പ്രഭുവിന്റെ അധീനതയിലുള്ള ബ്രിട്ടീഷ്സേന പിടിച്ചെടുത്തു. 19-ാം ശ.-ന്റെ മധ്യത്തോടെ ഇത് ഒരു വ്യാവസായിക നഗരമായി വികാസം നേടി. രണ്ടാംലോകയുദ്ധകാലത്ത് ടൂളൂസ് നഗരം (1942-1944) ജര്‍മന്‍ അധീനതയിലായിരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%82%E0%B4%B3%E0%B5%82%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍