This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൂലറിമിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:19, 23 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടൂലറിമിയ

Tularemia

ഒരു ജന്തുജന്യരോഗം. ഫ്രാന്‍സിസെല്ലാ ടൂലറെന്‍സിസ് (Francisella tularensis) എന്ന ബാക്ടീരിയമാണ് രോഗ ഹേതു. രോഗം ബാധിച്ച മൃഗത്തില്‍നിന്ന് നേരിട്ടോ ഈച്ചകള്‍ (deer fly) മുഖേനയോ മനുഷ്യര്‍ക്ക് രോഗം പകര്‍ന്നുകിട്ടാറുണ്ട്.

അണ്ണാന്‍, മുയല്‍, എലി, പെരുച്ചാഴി, മാന്‍, പട്ടി, പൂച്ച, ചെമ്മരിയാട് എന്നീ മൃഗങ്ങളേയും ചില പക്ഷികളേയും ഈ രോഗം ബാധിക്കാറുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുമായുള്ള സമ്പര്‍ക്കംകൊണ്ടും ശരിയായ വിധത്തില്‍ പാകം ചെയ്യാതെ മാംസം ആഹരിക്കുന്നതുവഴിയും മൃഗങ്ങളുടെ വിസര്‍ജ്യങ്ങള്‍കൊണ്ട് മലിനമായ ജലം കുടിക്കുന്നതുകൊണ്ടും മൃഗങ്ങളെ കടിച്ച പ്രാണികളുടെ കടിയേല്‍ക്കുക വഴിയും രോഗം മനുഷ്യനിലേക്ക് സംക്രമിക്കാറുണ്ട്.

രോഗം ബാധിച്ച് 3-10 ദിവസത്തിനകം ലക്ഷണങ്ങള്‍ പ്രകടമാകും. അസഹ്യമായ തലവേദന, കുളിര്, പനി, ഛര്‍ദി, ശരീരവേദന, മൂത്രശങ്ക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ചര്‍മത്തിലൂടെയാണ് ബാക്ടീരിയം ശരീരത്തില്‍ പ്രവേശിക്കുന്നതെങ്കില്‍ വിരലുകളിലും കൈകളിലും വ്രണങ്ങളും ലസികാ ഗ്രന്ഥിവീക്കവും ഉണ്ടാവും. നേത്രഗ്രന്ഥികളെ ബാധിക്കുമ്പോള്‍ കണ്‍പോളകളുടെ അഗ്രത്ത് വ്രണങ്ങള്‍ ഉണ്ടാകാറുണ്ട്. ടുലറീമിയയ്ക്കൊപ്പം ന്യുമോണിയ കൂടി ബാധിച്ച് രോഗം സങ്കീര്‍ണമാകാറുണ്ട്.

രക്ത പരിശോധനയിലൂടെ രോഗനിര്‍ണയം സാധ്യമാണെങ്കിലും പലപ്പോഴും ദുഷ്കരമാവാറുണ്ട്. ടെട്രാസൈക്ലിന്‍, സ്ട്രെപ്റ്റോമൈസിന്‍ തുടങ്ങിയ ആന്റിബയോട്ടിക്കുകളാണ് പ്രത്യൗഷധങ്ങള്‍. ചെള്ള്, പ്രാണികള്‍ മുതലായവയെ നശിപ്പിക്കുക, രോഗം ബാധിച്ച മൃഗങ്ങളെ സൂക്ഷിച്ചു കൈകാര്യം ചെയ്യുക തുടങ്ങിയ മുന്‍കരുതലുകളെടുത്താല്‍ രോഗത്തെ ഒരു പരിധിവരെ തടയാനാവും. പ്രതിരോധ കുത്തിവയ്പുകളും ഇന്ന് ലഭ്യമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍