This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൂര്‍ണമെന്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടൂര്‍ണമെന്റ്

Tournament

കായികമത്സരപരമ്പര. മധ്യകാലത്ത് സൈനികരുടെ കഴിവു പരിശോധിക്കുന്നതിനും പ്രഭുക്കന്മാരുടെ വിനോദത്തിനുംവേണ്ടി നടത്തിയിരുന്ന അശ്വാരൂഢ സൈനിക മത്സരങ്ങളായിരുന്നു ടൂര്‍ണമെന്റ് എന്ന പേരില്‍ അറിയപ്പെട്ടിരുന്നത് പിന്നീട് സൈനികര്‍ക്കായി നടത്തപ്പെട്ട വിനോദാഭ്യാസപരമ്പരകള്‍ക്കെല്ലാം ഈ പേരു ലഭിച്ചു. ഇന്ന് കായികമത്സരപരമ്പരകളാണ് പ്രധാനമായും ടൂര്‍ണമെന്റ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഇവയില്‍ ഗെയിമുകളുടെയും അത് ലാറ്റിക് മത്സരങ്ങളുടെയും ചാമ്പ്യന്‍ഷിപ്പ് പരമ്പരകളാണ് മുഖ്യമായും ഉള്‍പ്പെടുന്നത്. നിരവധി കളിക്കാരോ കായികസംഘങ്ങളോ പല ഘട്ടങ്ങളിലായി ഏറ്റുമുട്ടുകയും അവയിലെ വിജയികള്‍ തമ്മില്‍ തുടര്‍ന്ന് മത്സരിക്കുകയും ചെയ്ത് അവസാനവട്ടം രണ്ടു വിജയികള്‍ തമ്മിലുള്ള പോരാട്ടത്തിലെത്തുന്ന തരം കായികമത്സരപരമ്പരകളെയാണ് ഇന്ന് ടൂര്‍ണമെന്റ് എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നത്.

11-ാം ശ. -ത്തിന്റെ ഉത്തരാര്‍ധത്തില്‍ ഫ്രാന്‍സിലാണ് ടൂര്‍ണമെന്റ് രൂപംകൊണ്ടത്. ജ്യോഫ്രോയ് ഡി. പ്രൂല്ലി എന്ന ഫ്രഞ്ചു പ്രഭുവാണ് ഇതിന്റെ പ്രാരംഭകന്‍ എന്നു കരുതപ്പെടുന്നു. ആരംഭകാലത്ത് ഇതൊരു സൈനികാഭ്യാസപ്രദര്‍ശനമായിരുന്നു. സൈനികവേഷമണിഞ്ഞ പടയാളികള്‍ കുതിരപ്പുറത്തിരുന്ന് കുന്തവും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് യുദ്ധാഭിനയം നടത്തുകയായിരുന്നു പ്രധാന ഇനം. അതു പില്ക്കാലത്ത് പരിശീലനത്തിന്റെ ഭാഗമെന്ന നിലയില്‍നിന്ന് വിനോദമത്സരമെന്ന നിലയിലേയ്ക്ക് ഉയരുകയായിരുന്നു. അതോടെ ഒരു പ്രഭുവിന്റെ കീഴിലുള്ള ഭടന്മാര്‍ തമ്മില്‍ നടന്നിരുന്ന മത്സരം വിഭിന്ന സൈനികസംഘങ്ങള്‍ തമ്മിലുള്ള മത്സരമായി മാറി.

പ്രാചീന ടൂര്‍ണമെന്റും പങ്കാളികളുടെ വേഷവും - 15-ാം ശ.-ത്തിലെ രേഖാ ചിത്രങ്ങള്‍

12-ാം ശ. -ത്തില്‍ ഫ്രാന്‍സില്‍ ടൂര്‍ണമെന്റ് വളരെയേറെ പ്രചാരം നേടിയെടുത്തു. രാജാക്കന്മാരോ പ്രഭുക്കന്മാരോ മാടമ്പിമാരോ വര്‍ഷംതോറും ടൂര്‍ണമെന്റ് സംഘടിപ്പിക്കുകയും പതിവായി. അതിനായി സംഘാടകരുടെ അടുത്തേക്കു പല ദിക്കില്‍നിന്നും സൈനികസംഘങ്ങള്‍ എത്തി തമ്പടിച്ചു താമസിക്കുമായിരുന്നു. മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ പങ്കാളികള്‍ സംഘാടകനായ പ്രഭുവിന്റെ കുലചിഹ്നം ധരിക്കണം എന്നു വ്യവസ്ഥയുണ്ടായിരുന്നു. നിരവധി പ്രഭുക്കന്മാര്‍ക്കും രാജകുടുംബാംഗങ്ങള്‍ക്കും പുറമേ സാധാരണക്കാരും പ്രേക്ഷകരായി എത്തിയിരുന്നു. ഇന്ന് ഗ്യാലറികള്‍ എന്നറിയപ്പെടുന്ന പല തട്ടുകളുള്ള ഇരിപ്പിടങ്ങളുടെ ആദ്യ മാതൃകകള്‍ ഇക്കാലത്താണുണ്ടായത്. ആഭിജാത്യ മാനദണ്ഡങ്ങളനുസരിച്ച് കളിക്കളത്തിന് ഏറ്റവുമടുത്ത് പ്രഭുക്കന്മാരും പിന്നിലേക്കു സാധാരണ പ്രേക്ഷകരും എന്ന രീതി അക്കാലത്ത് ഏര്‍പ്പെടുത്തിയിരുന്നു. ദീര്‍ഘചതുരാകൃതിയിലായിരുന്നു കളിക്കളം ഒരുക്കിയിരുന്നത്.

ആയുധധാരിയായി രണ്ട് ഭടന്മാര്‍ കുതിരപ്പുറത്തു കയറി കളിക്കളത്തിലിറങ്ങുന്നതോടെ കളി ആരംഭിക്കും. നിശ്ചിത വ്യവസ്ഥകളോടെ അവര്‍ പരസ്പരം പോരാടുകയും എതിരാളിയുടെ ആയുധം തെറിപ്പിക്കുകയുമാണ് ആദ്യ ഘട്ടം. തുടര്‍ന്ന് എതിരാളിയെ കുതിരപ്പുറത്തുനിന്നു വീഴ്ത്തണം. അതില്‍ വിജയിക്കുന്ന ആള്‍ അടുത്ത പങ്കാളിയോട് മത്സരിക്കേണ്ടതാണ്. അങ്ങനെ അവസാനമത്സരത്തില്‍ വിജയിക്കുന്നയാളെയാണ് യഥാര്‍ഥ വിജയിയായി കണക്കാക്കുന്നത്. ഈ മത്സരത്തോടൊപ്പം ഒരു സൗന്ദര്യറാണി മത്സരവും നടത്താറുണ്ടായിരുന്നു. അതില്‍ സൗന്ദര്യറാണിയായി തെരഞ്ഞെടുക്കപ്പെടുന്ന സ്ത്രീയാണ് ടൂര്‍ണമെന്റ് വിജയിയെ കിരീടമണിയിക്കുന്നത്.

12-ാം ശ. -ത്തില്‍ത്തന്നെ ഫ്രാന്‍സില്‍ നിന്നും ഇത് ജര്‍മനിയിലേക്കും തുടര്‍ന്ന് ഇംഗ്ലണ്ടിലേക്കും വ്യാപിച്ചു. വൈകാതെ യൂറോപ്പിലാകമാനം ടൂര്‍ണമെന്റ് നിലവില്‍വന്നു. തുടക്കത്തില്‍ കര്‍ശനമായ വ്യവസ്ഥകള്‍ ഇല്ലാതിരുന്നെങ്കിലും ക്രമേണ എല്ലാ രാജ്യങ്ങളിലും ടൂര്‍ണമെന്റ് വ്യവസ്ഥകള്‍ നടപ്പിലാക്കിത്തുടങ്ങി. 1292-ല്‍ ഇംഗ്ലണ്ടില്‍ നടപ്പിലാക്കിയ സ്റ്റാറ്റ്യൂട്ട് ഒഫ് ആര്‍മ്സ് ഫോര്‍ ടൂര്‍ണമെന്റ് എന്ന നിയമമാണ് ഇവയില്‍ ആദ്യത്തേതായി കരുതപ്പെടുന്നത്. കുതിരപ്പുറത്തുനിന്ന് വീഴുന്നവരെ ആര്, എങ്ങനെ പിടിച്ചെഴുന്നേല്പിക്കണം, പങ്കാളികള്‍ തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ ആര്, എങ്ങനെ പരിഹരിക്കണം എന്നീ കാര്യങ്ങളെല്ലാം ആ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. 14-15 ശതകങ്ങളില്‍ മിക്കവാറും എല്ലാ രാജ്യങ്ങളിലും കൃത്യമായ ടൂര്‍ണമെന്റ് വ്യവസ്ഥകള്‍ പ്രാബല്യത്തില്‍വന്നിരുന്നു.

ഫുഡ്ബാള്‍ ടൂര്‍ണമെന്റില്‍ നിന്നൊരു ദൃശ്യം

15-ാം ശ. -ത്തോടെ ടൂര്‍ണമെന്റുകള്‍ വന്‍ ഉത്സവങ്ങളുടെ സ്വഭാവം കൈവരിച്ചു. ഇംഗ്ലണ്ടില്‍ എലിസബത്ത് 1-ന്റെ കാലത്ത് ടൂര്‍ണമെന്റുകള്‍ മഹാമേളകള്‍ തന്നെയായിരുന്നു. അവയില്‍ കായികമത്സരത്തോടൊപ്പം സംഗീതമത്സരങ്ങളും കാവ്യരചനാമത്സരങ്ങളും നൃത്തമത്സരങ്ങളുംവരെ ഉള്‍പ്പെടുത്തിയിരുന്നു. അക്കാലത്ത് നടത്തപ്പെട്ടിരുന്ന നൃത്തങ്ങള്‍ പില്ക്കാല ഓപ്പറയുടെ ആദ്യ മാതൃകകളായാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

15-ാം ശ.ത്തിന്റെ അന്ത്യമായപ്പോഴും മഹിളാരാധനാപ്രധാനമായ ഒരു സൈനികമത്സരമായി ഇതു തരംതാണു. സ്ത്രീകളാല്‍ ആദരിക്കപ്പെടുന്നു എന്നതിനാല്‍ വിജയികള്‍ക്ക് സ്ത്രീകളുടെ പ്രീതി പിടിച്ചുപറ്റാനുള്ള ഒരു മാര്‍ഗമായി പലരും ഇതിനെ ഉപയോഗിച്ചുതുടങ്ങിയതായിരുന്നു ഇതിനു കാരണം. ഇത് ടൂര്‍ണമെന്റിനെ വിനോദമത്സരമെന്ന നിലയില്‍നിന്ന് അക്രമാസക്തമായ ഒരു മത്സരമാക്കി മാറ്റി. 16-ാം ശതകത്തോടെ പങ്കാളികള്‍ കൊല്ലപ്പെടുക സാധാരണമായിത്തുടങ്ങി. 1559-ല്‍ ഫ്രാന്‍സിലെ ഹെന്റി-കക ഒരു ടൂര്‍ണമെന്റില്‍വച്ച് എതിരാളിയുടെ കുന്തമുനയേറ്റ് മരിച്ചു. അതോടെ ഫ്രാന്‍സിലെന്നല്ല, യൂറോപ്പിലാകമാനം ടൂര്‍ണമെന്റ് അസ്തമിക്കാനും തുടങ്ങി. 1663-ല്‍ ഹേഗില്‍ നടന്ന ടൂര്‍ണമെന്റാണ് ഏറ്റവും അവസാനത്തേതായി കണക്കാക്കപ്പെടുന്നത്. അതില്‍ ഇംഗ്ലണ്ടിലെ അശ്വാരൂഢസേനയുടെ തലവന്‍ പ്രിന്‍സ് റൂബര്‍ട്ട് നടത്തിയ പ്രകടനം ടൂര്‍ണമെന്റുകളിലെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്നായി കരുതപ്പെടുന്നു.

ആദ്യകാല ടൂര്‍ണമെന്റുകളെക്കുറിച്ചുള്ള വിശദമായ വിവരണം സര്‍ വാള്‍ട്ടര്‍ സ്കോട്ടിന്റെയും ട്രോയ്സിന്റെയും ഡിസ്രേലിയുടെയും ചരിത്രാഖ്യായികകളിലും ഴാങ് ഫ്രൊയ്സാറ്റിന്റെ ചരിത്രക്കുറിപ്പുകളിലുമുണ്ട്. എങ്കിലും ടൂര്‍ണമെന്റുകളുടെ അതിബൃഹത്തായ ലോകം തുറന്നുകിട്ടുന്നത് സ്കോട്ടിന്റെ ഐവാന്‍ഹോ എന്ന ആഖ്യായികയിലാണ്.

ആധുനിക ടൂര്‍ണമെന്റ് മുഖ്യമായും രണ്ടു തരത്തിലാണുള്ളത് - നോക്ക് ഔട്ട് ടൂര്‍ണമെന്റുകളും ലീഗ് മത്സരങ്ങള്‍ അഥവാ റൗണ്ട് റോബിന്‍ ടൂര്‍ണമെന്റുകളും. നോക്ക് ഔട്ട് ടൂര്‍ണമെന്റുകളില്‍ ഒരിക്കല്‍ തോല്‍ക്കുമ്പോള്‍ത്തന്നെ ആ ടീമിനെ മത്സരത്തില്‍നിന്ന് ഒഴിവാക്കുകയാണു പതിവ്. കളിയുടേതല്ലാത്ത മറ്റേതെങ്കിലും കാരണത്താല്‍ അവര്‍ക്ക് ആ ഒരവസരം നഷ്ടപ്പെടുകയാണെങ്കില്‍, ചിലപ്പോള്‍ മറ്റൊരവസരം കൂടി നല്‍കാറുണ്ട്. അതിനെ 'കണ്‍സൊലേഷന്‍ ടൂര്‍ണമെന്റ്' എന്നാണു വിളിക്കുക. രണ്ടു തവണ തോല്‍ക്കുന്ന ടീമിനെ മാത്രം ഒഴിവാക്കുന്ന തരം നോക്ക് ഔട്ട് ടൂര്‍ണമെന്റുമുണ്ട്. ഡബിള്‍ എലിമിനേഷന്‍ ടൂര്‍ണമെന്റ് എന്നാണ് അവ അറിയപ്പെടുന്നത്. റൗണ്ട് റോബിന്‍ ടൂര്‍ണമെന്റുകളില്‍ അഥവാ ലീഗു മത്സരങ്ങളില്‍ ഓരോ ടീമിനും മറ്റെല്ലാ ടീമിനോടും കളിക്കേണ്ടതായി വരുന്നു. മറ്റു ടീമുകളോട് ഒരു തവണ മാത്രം കളിക്കേണ്ടുന്നവ സിംഗിള്‍ ലീഗ് എന്നും രണ്ടു തവണ കളിക്കേണ്ടുന്നവ ഡബിള്‍ ലീഗ് എന്നും അറിയപ്പെടുന്നു. ഇവയ്ക്കു പുറമേ കോംബിനേഷന്‍ ടൂര്‍ണമെന്റുകളും ഇപ്പോള്‍ നിലവിലുണ്ട്. ഒരു നോക്ക് ഔട്ടിനെ തുടര്‍ന്ന് വീണ്ടും ഒരു നോക്ക് ഔട്ട് ടൂര്‍ണമെന്റ്, ഒരു ലീഗിനെത്തുടര്‍ന്ന് വീണ്ടും ഒരു ലീഗ്, ഒരു നോക്ക് ഔട്ടിനെത്തുടര്‍ന്ന് ഒരു ലീഗ്, ഒരു ലീഗിനെത്തുടര്‍ന്ന് ഒരു നോക്ക് ഔട്ട് ഇങ്ങനെ നാലു തരത്തിലാണ് കോംബിനേഷന്‍ ടൂര്‍ണമെന്റുകള്‍ നടത്താറുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍