This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടില്‍ഡന്‍, വില്യം ടാറ്റെം-11 (1893 - 1953)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടില്‍ഡന്‍, വില്യം ടാറ്റെം-II (1893 - 1953)

Tilden,William Tatem

അമേരിക്കന്‍ ടെന്നിസ് താരം. 'ബിഗ്ബിന്‍' എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള, ലോകത്തിലെ എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളാണ് ഇദ്ദേഹം. 1893 ഫെ. 10-ന് പെന്‍സില്‍വാനിയയിലെ ജര്‍മന്‍ ടൗണില്‍ ജനിച്ചു.
വില്യം ടാറ്റെം ടില്‍ഡന്‍

ചെറുപ്പത്തിലേതന്നെ ടെന്നിസ് കളിയിലെ ബാലപ്രതിഭ എന്ന ഖ്യാതി നേടി. 8-ാം വയസ്സില്‍ തന്റെ പട്ടണത്തിലെ ചാമ്പ്യന്‍പദവി കരസ്ഥമാക്കുകയും ചെയ്തു. 1913-ല്‍ മേരി കെ. ബ്രൗണുമൊത്ത് ദേശീയ മിക്സഡ് ചാമ്പ്യന്‍ഷിപ്പ് നേടിക്കൊണ്ട് ശ്രദ്ധപിടിച്ചുപറ്റി. പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ പഠിക്കവേ വിന്‍സന്റ് റിച്ചാര്‍ഡ്സുമൊത്ത് ദേശീയ ഡബിള്‍സ് ചാമ്പ്യന്‍ പദവി പങ്കിട്ടു (1918). 1919-ല്‍ ദേശീയസിംഗിള്‍സില്‍ റണ്ണര്‍അപ് ആയി. 1920 ആയപ്പോള്‍ സിംഗിള്‍സ് കിരീടം സ്വന്തമാക്കുകയും ചെയ്തു. ഇതിനിടയില്‍ പഠനം തുടരുകയും 1922-ല്‍ ബിരുദധാരിയാവുകയും ചെയ്തു. 1920, 21, 30 എന്നീ വര്‍ഷങ്ങളില്‍ വിംബിള്‍ഡന്‍ ചാമ്പ്യനായി. 1921 മുതല്‍ 25 വരെ തുടര്‍ച്ചയായും പിന്നീട് 1929-ലും ദേശീയചാമ്പ്യന്‍ഷിപ്പ് നേടി. 1920 മുതല്‍ 30 വരെ അമേരിക്കയിലെ ഒന്നാം നമ്പര്‍ കളിക്കാരന്‍ ടില്‍ഡന്‍ ആയിരുന്നു. ഡേവിസ് കപ്പിനുവേണ്ടി കളിച്ച 22 സിംഗിള്‍സ് മത്സരങ്ങളില്‍ 17-ലും വിജയിക്കുകയുമുണ്ടായി.

അസാധാരണമായൊരു ടെന്നിസ് ശൈലിയുടെ ഉടമയായിരുന്നു ടില്‍ഡന്‍. ബേസ്ലൈനില്‍ നിന്നായിരുന്നു ഇദ്ദേഹം മിക്കപ്പോഴും കളിച്ചിരുന്നത്. വെടിയുണ്ടകളെന്നപോലെ ഉതിരുന്ന സര്‍വീസുകള്‍, ഓടിക്കൊണ്ടുള്ള ബാക്ക്ഹാന്‍ഡ് ഡ്രൈവുകള്‍, പ്രതിയോഗിയുടെ ദൗര്‍ബല്യങ്ങളെ ചൂഷണം ചെയ്യുന്ന നീക്കങ്ങള്‍ എന്നിവ ടില്‍ഡന്‍ ശൈലിയുടെ സവിശേഷതകളായിരുന്നു.

ടെന്നിസ്താരം എന്നതിനു പുറമേ പരിശീലകനും പ്രചാരകനും കൂടിയായിരുന്നു ഇദ്ദേഹം. ടെന്നിസ് പരിശീലനത്തിനു സഹായകമായ തരത്തില്‍ ഒരു ഹ്രസ്വചിത്രവും നിര്‍മിച്ചിട്ടുണ്ട്. ഏയ്സസ്, പ്ലെയ്സസ് ആന്‍ഡ് ഫാള്‍ട്സ് (1936) എന്ന പുസ്തകവും മൈ സ്റ്റോറി (1948) എന്ന ആത്മകഥാപരമായ ഗ്രന്ഥവും ടില്‍ഡന്റെ മറ്റു സംഭാവനകളാണ്.

1937-ല്‍ കോഷെ, റമിയോണ്‍, ബെര്‍ക് എന്നിവരോടൊപ്പം ഇന്ത്യ സന്ദര്‍ശിച്ച ടില്‍ഡന്‍ തിരുവനന്തപുരത്തും കളിക്കുകയുണ്ടായി. 1953 ജൂണ്‍ 25-ന് ഹൃദയാഘാതംമൂലം ഹോളിവുഡില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍