This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടിറിഡേറ്റ്സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:05, 22 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടിറിഡേറ്റ്സ്

Tiridates

പാര്‍ഥിയയിലും അര്‍മീനിയയിലും ഭരണം നടത്തിയിരുന്ന ഏതാനും രാജാക്കന്മാര്‍.

ടിറിഡേറ്റ്സ് I (പാര്‍ഥിയ). പാര്‍ഥിയയിലെ രാജാവായിരുന്ന ഇദ്ദേഹത്തെപ്പറ്റിയും ഭരണകാലത്തെപ്പറ്റിയും ആധികാരിക വിവരങ്ങളൊന്നും ലഭ്യമല്ല. പാര്‍ഥിയയിലെ അര്‍സാസിദ് വംശ (ഭ.കാ. ബി.സി. 3-ാം ശ. - എ.ഡി. 3-ാം ശ.)ത്തിലെ രണ്ടാമത്തെ രാജാവാണ് ഇദ്ദേഹം എന്നു വിശ്വസിക്കപ്പെടുന്നു. അര്‍സാസിദ് വംശ സ്ഥാപകനായ അര്‍സാസെസിന്റെ സഹോദരനാണെന്നുംബി.സി. 3-ാം ശ.-ത്തിലാണ് ഇദ്ദേഹം ഭരണം നടത്തിയിരുന്നതെന്നും അഭിപ്രായമുണ്ട്.

ടിറിഡേറ്റ്സ് II (പാര്‍ഥിയ). പാര്‍ഥിയയിലെ രാജകുമാരനായിരുന്ന ഇദ്ദേഹം അവിടത്തെ ഫ്രേറ്റസ് IV രാജാവിനെതിരായി വിപ്ലവം സംഘടിപ്പിച്ച് അദ്ദേഹത്തെ സിതിയന്മാരുടെ (Scythians) ഇടയിലേക്കു നാടുകടത്തി (ബി.സി. 32). ബി.സി. 31-ല്‍ ഫ്രേറ്റസ് മടങ്ങിയെത്തി സിതിയന്‍ നാടോടികളുടെ സഹായത്തോടെ ടിറിഡേറ്റ്സിനെ പുറന്തള്ളി. ഫ്രേറ്റസിന്റെ മകനെ ജാമ്യത്തടവുകാരനാക്കിക്കൊണ്ട് ടിറിഡേറ്റ്സ് സിറിയയിലേക്കു പാലായനം ചെയ്തു (ബി. സി. 29). റോമിലെ അഗസ്റ്റസ് ചക്രവര്‍ത്തി ടിറിഡേറ്റ്സിന്റെ പക്കല്‍നിന്നു ഫ്രേറ്റസിന്റെ പുത്രനെ മോചിപ്പിച്ച് ഫ്രേറ്റസിനു മടക്കിക്കൊടുത്തു. സിറിയയില്‍ നിന്നുകൊണ്ട് ടിറിഡേറ്റ്സ് മെസപ്പൊട്ടേമിയയില്‍ ആക്രമണം നടത്തുകയും (ബി.സി. 26-25) അവിടെ നാണയം ഇറക്കുകയും ചെയ്തതായി കരുതപ്പെടുന്നു. ഈ ആക്രമണം വിജയപ്രദമാകാതിരുന്നതിനാല്‍ അഗസ്റ്റസിനെ അഭയം പ്രാപിച്ചതായും വീണ്ടും മെസപ്പൊട്ടേമിയ ആക്രമിച്ചതായും തെളിവുകളുണ്ട്.

ടിറിഡേറ്റ്സ് III (പാര്‍ഥിയ). പാര്‍ഥിയയിലെ രാജാവ്. രാജാവായിരുന്ന ഫ്രേറ്റസ് IV-ന്റ പൗത്രനാണ് ഇദ്ദേഹം. അഭയാര്‍ഥിയായി റോമില്‍ കഴിഞ്ഞകാലത്ത് വിദ്യാഭ്യാസവും അവിടെനിന്നു ലഭിച്ചു. റോമിലെ ടൈബീരിയസ് ചക്രവര്‍ത്തിയാണ് ഇദ്ദേഹത്തെ പാര്‍ഥിയയിലെ രാജാവാകാന്‍ സഹായിച്ചത്. ഈ ഉദ്ദേശ്യത്തോടെ ടൈബീരിയസ്, സിറിയയിലെ ഗവര്‍ണറായിരുന്ന ലൂഷ്യസ് വിറ്റേലിയസിന്റെ കീഴിലുള്ള റോമന്‍ സേനയോടൊപ്പം ടിറിഡേറ്റ്സിനെ പാര്‍ഥിയയിലെ ആര്‍ട്ടാബാനസ് IIIന് എതിരായി അയച്ചു (എ.ഡി. 35). റോമാക്കാര്‍ ടിറിഡേറ്റ്സിനെ സിംഹാസനത്തിലെത്തിച്ചു (എ. ഡി. 36). എന്നാല്‍ അതേ വര്‍ഷംതന്നെ ആര്‍ട്ടാബാനസ് തിരിച്ചെത്തുകയും ടിറിഡേറ്റ്സ് സിറിയയിലേക്ക് പലായനം ചെയ്യുകയും ഉണ്ടായി.

ടിറിഡേറ്റ്സ് I (അര്‍മീനിയ). അര്‍മീനിയയിലെ രാജാവ് (അര്‍സാസിദ് വംശം). ഇദ്ദേഹത്തിന്റെ സഹോദരനും പാര്‍ഥിയയിലെ രാജാവുമായിരുന്ന വൊളൊഗോസസ് I ആണ് ഇദ്ദേഹത്തിന് രാജ്യാധികാരം നല്‍കിയത്. റോമിലെ നീറോ ചക്രവര്‍ത്തി തന്റെ സേനാനായകനായിരുന്ന കോര്‍ബുലോയുടെ നേതൃത്വത്തില്‍ സു. എ.ഡി. 59-ല്‍ പാര്‍ഥിയ ആക്രമിച്ചപ്പോള്‍ ഇദ്ദേഹം അധികാരത്തില്‍ നിന്നു പുറത്തായി. പിന്നീട് നീറോ തന്നെ ഇദ്ദേഹത്തെ എ. ഡി. 66-ല്‍ അര്‍മീനിയയില്‍ ഭരണാധികാരിയായി അവരോധിക്കുകയുണ്ടായി.

ടിറിഡേറ്റ്സ് II (അര്‍മീനിയ). അര്‍മീനിയയിലെ രാജാവ് (അര്‍സാസിദ് വംശം). റോമിലെ മാക്രിനസ് ചക്രവര്‍ത്തിയില്‍നിന്ന് ഇദ്ദേഹം കിരീടം സ്വീകരിച്ചതായി കരുതപ്പെടുന്നു. 217 മുതല്‍ 222 വരെ ഭരണം നടത്തിയിരുന്നതായി അഭിപ്രായമുണ്ട്.

ടിറിഡേറ്റ്സ് III (അര്‍മീനിയ). അര്‍മീനിയയിലെ രാജാവ്. പ്രായപൂര്‍ത്തിയാകാത്ത ഇദ്ദേഹത്തെ 252-ല്‍ പേര്‍ഷ്യക്കാര്‍ രാജ്യത്തുനിന്നും പുറത്താക്കി. നിരവധി വര്‍ഷം അന്യദേശങ്ങളില്‍ കഴിഞ്ഞശേഷം റോമാക്കാരുടെ സഹായത്തോടെ ഇദ്ദേഹം അര്‍മീനിയ കീഴടക്കിയതായി കരുതപ്പെടുന്നു. പേര്‍ഷ്യക്കാരും, റോമന്‍ സംരക്ഷണം അംഗീകരിച്ചതോടെ റോമാക്കാരും ഇദ്ദേഹത്തിന്റെ ഭരണത്തിന് അംഗീകാരം നല്‍കി. വിശുദ്ധ ഗ്രിഗറി ഇദ്ദേഹത്തെ ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യിച്ചു. ഇതോടെ ക്രിസ്തുമതം രാജ്യത്തെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കപ്പെട്ടു. ഇദ്ദേഹം 314-ല്‍ മരണമടഞ്ഞു. നോ: അര്‍മീനിയ, ഇറാന്‍, പാര്‍ഥിയ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍