This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാവര്‍ണര്‍, ജോണ്‍ (സു. 1495 - 1545)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടാവര്‍ണര്‍, ജോണ്‍ (സു. 1495 - 1545)

Taverner,John

ആംഗലേയ സംഗീതജ്ഞന്‍. സു. 1495-ല്‍ ജനിച്ചു. ലിങ്കണ്‍ഷയറിലെ ടാറ്റര്‍ഷാല്‍ 'കൊളിജീയേറ്റ് ചര്‍ച്ചി'ലായിരുന്നു ആദ്യകാല സംഗീതപഠനം. അവിടത്തെ ബിഷപ്പിന്റെ നിര്‍ദേശമനുസരിച്ച് ഇദ്ദേഹം കാര്‍ഡിനല്‍ വോള്‍സിയുടെ ദേവാലയഗാനാലാപനസംഘത്തില്‍ ഗായകനായി. 1526 കാലയളവില്‍ അങ്ങനെ ടാവര്‍ണര്‍ അതിപ്രസിദ്ധനായി. എങ്കിലും മൂന്നു വര്‍ഷത്തോളം മാത്രമേ ഇദ്ദേഹം വോള്‍സിയുടെ സംഘത്തില്‍ തുടര്‍ന്നുള്ളൂ. പിന്നീട് സ്വന്തമായി നടത്തിയ സംഗീതസപര്യയിലൂടെ നിരവധി ഭാവഗംഭീരങ്ങളായ 'മാസു'കളും 'മോട്ടറ്റു'കളും സൃഷ്ടിച്ചു. 'മാസ്റ്റര്‍ ഒഫ് ദ് ചില്‍ഡ്രന്‍ ഒഫ് കത്തീഡ്രല്‍ കോളജ് '(ഓക്സ്ഫോഡ്) ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വോള്‍സിയായിരുന്നു അതിന്റെ സ്ഥാപകന്‍. പില്ക്കാലത്ത് ആരോപണവിധേയനായ ടാവര്‍ണര്‍ സ്ഥാപകാചാര്യനാല്‍ത്തന്നെ തടവറയിലാക്കപ്പെടുകയുണ്ടായി. എങ്കിലും പ്രതിഭാധനനായ സംഗീതജ്ഞന്‍ എന്ന നിലയില്‍ ഇദ്ദേഹത്തിനു മാപ്പു ലഭിച്ചു. ഓക്സ്ഫഡിലെ ഈ സംഭവബഹുലമായ ജീവിതത്തിനു ശേഷം ഇദ്ദേഹം ബോസ്റ്റണിലേക്കു മടങ്ങി. അവിടെ പറയത്തക്ക സംഗീതസേവനമൊന്നും നടത്താതെ ജീവിതാന്ത്യം വരെ കഴിഞ്ഞു. ക്രൈസ്തവാരാധനാഗാനശാഖയ്ക്ക് ടാവര്‍ണര്‍ നല്‍കിയ സംഭാവനകള്‍ ചരിത്രപ്രാധാന്യമുള്ളവയാണ്. ഇദ്ദേഹത്തിന്റെ രചനകള്‍ ട്യൂഡര്‍ ചര്‍ച്ച് മ്യൂസിക്കില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫ്ളമിഷ് ശൈലിയിലെ സാങ്കേതികനിബന്ധനകളെ അനുവര്‍ത്തിക്കാത്തവയെങ്കിലും ഓജസ്സുറ്റ ഒരു മൗലികഭാവം ഇദ്ദേഹത്തിന്റെ രചനകള്‍ നിലനിര്‍ത്തിയിരുന്നു. 1545 ഒ. 25-ന് ടാവര്‍ണര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍