This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാര്‍ഡ്, ഗബ്റിയേല്‍ (1843 - 1904)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടാര്‍ഡ്, ഗബ്റിയേല്‍ (1843 - 1904)

Tarde,Gabriel

ഫ്രഞ്ചു സാമൂഹികചിന്തകനും ക്രിമിനോളജിസ്റ്റും. 1843 മാ. 12-നു ഫ്രാന്‍സിലെ സലത്തില്‍ ജനിച്ചു. ദോദോണില്‍ മജിസ്ട്രേറ്റായി ഔദ്യോഗിക ജീവിതമാരംഭിച്ച ടാര്‍ഡ് 1893-ല്‍ മിനിസ്ട്രി ഒഫ് ജസ്റ്റീസിനു കീഴിലുള്ള ക്രിമിനല്‍ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോയുടെ ഡയറക്ടറായി നിയമിതനായി. 1900 മുതല്‍ കോളജ് ദ് ഫ്രാന്‍സില്‍ തത്ത്വചിന്താവകുപ്പ് പ്രൊഫസ്സറായി പ്രവര്‍ത്തിച്ചു.

'സാമൂഹിക സമ്പര്‍ക്കം' എന്ന സിദ്ധാന്തത്തിന്റെ ആവിഷ്ക്കാരത്തിലൂടെയാണ് ടാര്‍ഡ് സാമൂഹികശാസ്ത്രരംഗത്ത് ശ്രദ്ധേയനായിത്തീര്‍ന്നത്. വ്യക്തിയെ അടിസ്ഥാനഘടകമായി കാണുന്ന ഒരു രീതിശാസ്ത്രമാണ് ടാര്‍ഡ് അവലംബിച്ചത്. വ്യക്തികളുടെ വിശ്വാസങ്ങളും അഭിലാഷങ്ങളുമാണ് സാമൂഹിക ബന്ധങ്ങളെ നിര്‍ണയിക്കുന്നതെന്ന് ഇദ്ദേഹം സിദ്ധാന്തിക്കുന്നു. വ്യക്തികളെയും അവരുടെ മനോവ്യാപാരങ്ങളെയും അപഗ്രഥിക്കുന്നതിലൂടെ മാത്രമേ, സമൂഹത്തെ മനസ്സിലാക്കാനാവുകയുള്ളൂവെന്ന് ടാര്‍ഡ് വാദിച്ചു.

കണ്ടുപിടിത്തങ്ങളിലേക്കു നയിക്കുന്ന പ്രതിഭയാണ് സാമൂഹിക പുരോഗതിയുടെ ചാലകശക്തിയെന്നും നൂറിലൊരാള്‍ വീതം അത്തരം പ്രതിഭാശാലിയായിരിക്കുമെന്നും ടാര്‍ഡ് വിശ്വസിച്ചു. കണ്ടുപിടിത്തം, ആവര്‍ത്തനം, സംഘര്‍ഷം, അനുകൂലനം എന്നിവയുടെ ക്രമാനുഗതവികാസത്തെ വിശകലനം ചെയ്തുകൊണ്ട് സാമൂഹികവികാസപ്രക്രിയകളെ വിശദീകരിക്കാമെന്ന സിദ്ധാന്തം ടാര്‍ഡ് ആവിഷ്ക്കരിച്ചു. വൈയക്തിക പ്രതിഭകളുടെ വൈരുധ്യങ്ങള്‍ സംഘര്‍ഷങ്ങളിലേക്കും ഒടുവില്‍ അനുകൂലനത്തിലേക്കും നയിക്കുമെന്ന് ഇദ്ദേഹം സമര്‍ഥിക്കുന്നു. വ്യക്തിയുടെ ഒരു സര്‍ഗാത്മകപ്രവൃത്തിയായിട്ടാണ് ടാര്‍ഡ് അനുകൂലനത്തെ വിശേഷിപ്പിക്കുന്നത്. അനുകൂലനം സാമൂഹിക പുരോഗതിയെ പ്രതിഫലിപ്പിക്കുന്നുവെന്നും ഇദ്ദേഹം വിശ്വസിച്ചു.

ദ് ലോസ് ഒഫ് ഇമിറ്റേഷന്‍ (The Laws of Imitation, 1890), സോഷ്യല്‍ ലോസ് (Social Laws, 1898) എന്നിവയാണ് ടാര്‍ഡിന്റെ മുഖ്യകൃതികള്‍. മനുഷ്യന്റെ കുറ്റവാസനയേയും അതിനു നല്‍കേണ്ട ശിക്ഷയേയും കുറിച്ച് മൗലികമായ പല നിരീക്ഷണങ്ങളും ടാര്‍ഡ് നടത്തിയിട്ടുണ്ട്. കുറ്റവാളിയുടെ സ്വഭാവരൂപീകരണത്തില്‍ പാരിസ്ഥിതികഘടകങ്ങള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ ശ്രദ്ധേയങ്ങളാണ്. ഇദ്ദേഹത്തിന്റെ ആശയങ്ങള്‍ വിഖ്യാതസാമ്പത്തിക ശാസ്ത്രജ്ഞരായ ജോണ്‍ ഹോബ്സനെയും തോര്‍സ്തീന്‍ വെബ്ലനെയും വളരെയേറെ സ്വാധീനിച്ചിരുന്നു. 1904 മേയ് 13-ന് പാരിസില്‍ നിര്യാതനായി.

(എസ്. കൃഷ്ണയ്യര്‍, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍