This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാണി, ആര്‍. എച്ച്. (1880 - 1962)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടാണി, ആര്‍. എച്ച്. (1880 - 1962)

Tawney,R.H

ബ്രിട്ടിഷ് സാമൂഹിക-സാമ്പത്തിക ചരിത്രകാരന്‍. 1880 ന. 30-നു കല്‍ക്കത്ത (കൊല്‍ ക്കൊത്ത)യില്‍ ജനിച്ചു. കൊല്‍ ക്കൊത്തയിലെ പ്രസിഡന്‍സി കോളജ് പ്രിന്‍സിപ്പലായിരുന്ന പിതാവ് ഒരു സംസ്കൃതപണ്ഡിതനുമായിരുന്നു. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ടാണി, 1913-ല്‍ ലണ്ടന്‍ സ്കൂള്‍ ഒഫ് ഇക്കണോമിക്സില്‍ രത്തന്‍ ടാറ്റാ ഫൗണ്ടേഷന്റെ ഡയറക്ടര്‍ ആയി നിയമിതനായി. പിന്നീട് അവിടെ സാമ്പത്തികചരിത്രവിഭാഗം റീഡറായും പ്രൊഫസ്സറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കിഴക്കന്‍ ലണ്ടനിലെ ചേരിനിവാസികളുടെ ജീവിതത്തെ ക്കുറിച്ചു വിശദമായി പഠിച്ച ടാണി, തൊഴിലാളികളുടെയും സാധാരണക്കാരുടെയും ജീവിതദുരിതങ്ങളില്‍ ഉത്ക്കണ്ഠാകുലനായിരുന്നു. സാമൂഹികനീതി എന്ന ആദര്‍ശത്തോടു പ്രതിബദ്ധത പുലര്‍ത്തിയ ടാണി, തൊഴിലാളികള്‍ക്കു മെച്ചപ്പെട്ട വിദ്യാഭ്യാസാവസരങ്ങള്‍ നല്‍കണമെന്ന് ശക്തമായി വാദിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പുരോഗമനാശയങ്ങള്‍ 20-ാം ശ. -ത്തിലെ ബ്രിട്ടിഷ് തൊഴിലാളി പ്രസ്ഥാനത്തെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്.

സാമ്പത്തികചരിത്രരചനാ ശാഖയ്ക്കു നല്‍കിയിട്ടുള്ള സംഭാവനകളുടെ പേരിലാണ് ടാണി അവിസ്മരണീയനായിത്തീര്‍ന്നത്. 1912-ല്‍ പ്രസിദ്ധീകരിച്ച ദി അഗ്രേറിയന്‍ പ്രോബ്ളം ഇന്‍ ദ് സിക്സ്റ്റീന്‍ത് സെഞ്ചുറി എന്ന കൃതി ബ്രിട്ടിഷ് സാമ്പത്തികചരിത്ര രചനാരംഗത്തു പുതിയൊരു പ്രവണതയ്ക്കു തുടക്കം കുറിച്ചു. ഉത്പ്പന്ന വിലയിലെ മാറ്റങ്ങളുടെയും ജനസംഖ്യാ വിപ്ലവത്തിന്റെയും ഫലമായി സാമൂഹിക-സാമ്പത്തിക ബന്ധങ്ങളിലുണ്ടാകുന്ന ദൂരവ്യാപക പരിവര്‍ത്തനങ്ങളാണ് ഈ കൃതി ചര്‍ച്ച ചെയ്യുന്നത്. പരമ്പരാഗത ഭൂവുടമാ വര്‍ഗത്തിന്റെ ക്രൂരമായ ചൂഷണ സമ്പ്രദായങ്ങളെ ശക്തമായ ഭാഷയില്‍ അപഗ്രഥിക്കുന്ന ഈ കൃതി, ഭൂമിക്കുമേലുള്ള പാരമ്പര്യാവകാശം നിരോധിക്കണമെന്നും സ്വതന്ത്ര്യ വിപണിയുടെ നിയമങ്ങള്‍ നടപ്പാക്കണമെന്നും വാദിക്കുന്നു. 1924-ല്‍ എയ്ലീന്‍ പവറുമൊത്ത് (Eileen Power) എഡിറ്റു ചെയ്ത റ്റ്യൂഡര്‍ ഇക്കണോമിക് ഡോക്യുമെന്റ്സ് എന്ന കൃതി, 16-ാം ശ. -ത്തിലെ ബ്രിട്ടിഷ് സാമ്പത്തിക ചരിത്രത്തിന്റെ ഏറ്റവും നല്ല രേഖയായി പരിഗണിക്കപ്പെടുന്നു.

1926-ലാണ് ടാണിയുടെ മുഖ്യകൃതിയായ റിലീജിയണ്‍ ആന്‍ഡ് ദ് റൈസ് ഒഫ് ക്യാപിറ്റലിസം പ്രസിദ്ധീകരിച്ചത്. സാമ്പത്തിക ചരിത്ര രചനാശാഖയിലെ ഒരു ക്ലാസിക് ആയിട്ടാണ് ഈ കൃതി പരിഗണിക്കപ്പെടുന്നത്. വിഖ്യാത സാമൂഹിക ചിന്തകനായ മാക്സ് വെബറുടെ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിന്റെ സാമ്പത്തിക ചരിത്രത്തെ ഈ കൃതി വിലയിരുത്തുന്നു. ആധുനിക വ്യവസായ വിപ്ലവത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് സമ്പാദ്യശീലം, കഠിനാധ്വാനസന്നദ്ധത, വ്യക്തിത്വവാദം തുടങ്ങിയ മൂല്യങ്ങളാണെന്ന് ടാണി സമര്‍ഥിക്കുന്നു. വ്യാവസായിക ഉത്പ്പാദനസമ്പ്രദായത്തിന്റെ വികാസത്തില്‍, കാര്യക്ഷമമായ തൊഴില്‍ശക്തി ചെലുത്തിയ സ്വാധീനതയെക്കുറിച്ചുള്ള നിഗമനങ്ങള്‍ അക്കാലത്ത് വളരെയേറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. പക്ഷേ, ടാണിയുടെ വിപ്ലവകരമായ ഇത്തരം സിദ്ധാന്തീകരണങ്ങള്‍ പില്ക്കാലത്ത് മതവും സാമ്പത്തിക ശാസ്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുണ്ടായ പഠനങ്ങള്‍ക്കു വളരെയേറെ പ്രേരകമായിത്തീര്‍ന്നു.

17-ാം ശ. -ത്തിലെ ബ്രിട്ടിഷ് ആഭ്യന്തരയുദ്ധത്തെക്കുറിച്ചു മൗലികമായ പല നിരീക്ഷണങ്ങളും ടാണി ആവിഷ്ക്കരിച്ചു. വിലയിലുണ്ടായ വമ്പിച്ച മാറ്റങ്ങളും ഉപഭോഗശീലങ്ങളിലെ വ്യതിയാനങ്ങളും ഭൂവരുമാനം കൊണ്ടു ജീവിക്കുന്ന ജന്മിവര്‍ഗത്തിന്റെ അധികാരത്തെ സാരമായി ബാധിച്ചു. ഇത് പരമ്പരാഗത ജന്മിവര്‍ഗവും പുതിയ മധ്യവര്‍ഗ ജന്മി വിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തിനിടയാക്കി. പരമ്പരാഗതമായ ഫ്യൂഡല്‍ ഭരണസമ്പ്രദായത്തിന്റെ തകര്‍ച്ചയ്ക്കും ആഭ്യന്തരയുദ്ധത്തിനും ഇടയാക്കിയത് ഈ പരിവര്‍ത്തനങ്ങളാണ്. ആഭ്യന്തരയുദ്ധത്തെത്തുടര്‍ന്ന് രാജവാഴ്ചയും പൗരോഹിത്യാധിപത്യവും തകരുകയും ജനാധിപത്യവിപ്ലവത്തിനു നാന്ദികുറിക്കുകയും ചെയ്തു. ബ്രിട്ടിഷ് ആഭ്യന്തരയുദ്ധത്തെ ടാണി വിലയിരുത്തുന്നത് ഫ്യൂഡല്‍ ശക്തികളും പുരോഗമന മുതലാളിത്ത ശക്തികളും തമ്മിലുള്ള സംഘര്‍ഷമായിട്ടാണ്.

സാമ്പത്തികചരിത്ര രചനാരംഗത്ത് പുതിയ പ്രമേയങ്ങളും അന്വേഷണവിഷയങ്ങളും ആവിഷ്ക്കരിച്ചു എന്നതാണ് ടാണിയുടെ മുഖ്യസംഭാവന. 1540-നും 1640-നും ഇടയ്ക്കുള്ള ബ്രിട്ടിഷ് ചരിത്രം അറിയപ്പെടുന്നതു തന്നെ 'ടാണിയുടെ ശതകം' എന്നാണ്. മതതത്ത്വങ്ങളും ധാര്‍മിക ചിന്തയും സാമ്പത്തിക വളര്‍ച്ചയും തമ്മിലുള്ള പരസ്പരബന്ധങ്ങള്‍ ചര്‍ച്ചാവിഷയമാക്കിയ ടാണി, ആധുനിക സാമ്പത്തികചരിത്ര വിജ്ഞാനീയത്തിനു പുതിയ മാനങ്ങള്‍ നല്‍കിയവരില്‍ പ്രധാനിയാണ്.

ദി അസ്സസ്മെന്റ് ഒഫ് വേജസ് ഇന്‍ ഇംഗ്ലണ്ട്' (1913), ദി അക്വിസിറ്റീവ് സൊസൈറ്റി (1920), ഈക്ക്വാളിറ്റി (1931), ലാന്‍ഡ് ആന്‍ഡ് ലേബര്‍ ഇന്‍ ചൈന (1932) എന്നിവയാണ് ടാണിയുടെ ഇതര കൃതികള്‍. ഒന്നാം ലോകയുദ്ധത്തില്‍ പങ്കെടുക്കുകയും മാരകമായി മുറിവേല്‍ക്കുകയും ചെയ്ത ടാണി, യുദ്ധാനുഭവങ്ങളെ ആസ്പദമാക്കി 1953-ല്‍ ദി അറ്റാക്ക് ആന്‍ഡ് അതര്‍ എസ്സേയ്സ് എന്നൊരു കൃതിയും രചിച്ചിട്ടുണ്ട്. ഇദ്ദേഹം 1962 ജനു. 16-ന് ലണ്ടനില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍