This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാഗൂര്‍, ഷര്‍മിള (1944 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടാഗൂര്‍, ഷര്‍മിള (1944 - )

ഹിന്ദി ചലച്ചിത്ര നടി. 1944-ല്‍ കൊല്‍ ക്കൊത്തയില്‍ ടാഗൂര്‍ കുടുംബത്തില്‍ ജനിച്ചു. വിശ്വപ്രസിദ്ധ ചലച്ചിത്രകാരനായ സത്യജിത് റേ ആണ് ഇവരെ ചലച്ചിത്ര രംഗത്തെത്തിച്ചത്. റേയുടെ അപുര്‍ സന്‍സാര്‍ (1959) ആണ് ഷര്‍മിളയുടെ ആദ്യചിത്രം. തുടര്‍ന്നു റേയുടെ ദേവി (1963) എന്ന ചിത്രത്തില്‍ നായികയായി. ആ ചിത്രത്തോടൊപ്പം ഷര്‍മിളയും വിശ്വചലച്ചിത്ര ലോകത്ത് ഇടം നേടുകയായിരുന്നു. പക്ഷേ കലാമൂല്യമാര്‍ന്ന ചിത്രങ്ങളിലെ പങ്കാളി എന്നതില്‍ നിന്നു വാണിജ്യ സിനിമകളിലെ ഗ്ലാമര്‍ താരങ്ങളിലൊരാളായി ഇവര്‍ മാറിയത് പെട്ടെന്നായിരുന്നു. ശക്തി സാമന്തയുടെ കാശ്മീര്‍ കി കലി (1964)യില്‍ ഷമ്മി കപൂറിന്റെ നായികയായിട്ടാണ് അതിനു തുടക്കം കുറിച്ചത്. 1966-ല്‍ ആന്‍ ഈവനിങ് ഇന്‍ പാരിസ് എന്ന ചിത്രത്തില്‍ ഒരു കാബറേ നര്‍ ത്തകിയുടെ വേഷം അവതരിപ്പിച്ചു കൊണ്ട് ഇവര്‍ വി വാദങ്ങളുയര്‍ത്തി. മൗസം (1975) ആണ് ഷര്‍മിളയുടെ മറ്റൊരു ഗ്ലാമര്‍ ചിത്രം. ഇവരുടെ ഗ്ലാമര്‍ വേഷങ്ങളുടെ പ്രതീകപദവി കൈവരിച്ച ചലച്ചിത്ര ഗാനമാണ് രാജേഷ് ഖന്നയും ഇവരും ചേര്‍ന്നു ചിത്രീകരിക്കപ്പെട്ട രൂപ് തേരാ മസ്താനാ ....!

ഷര്‍മിള ടാഗൂര്‍

1969-ല്‍ ആരാധന എന്ന ചിത്രത്തില്‍ രാജേഷ് ഖന്നയുടെ അമ്മ, ഭാര്യ എന്നീ വേഷങ്ങളവതരിപ്പിച്ചു കൊണ്ട് ഇവര്‍ തന്റെ താര പദവിയെത്തന്നെ പുനര്‍നിര്‍വചിച്ചു. തുടര്‍ന്നു കുറേക്കാലം ഹിന്ദിസിനിമയിലെ ജനപ്രിയ താരജോഡികളായി അവരിരുവരും നിലനിന്നു. സഫര്‍, അമര്‍ പ്രേം തുടങ്ങിയവ ഇക്കാലചിത്രങ്ങളാണ്.

ഗ്ലാമര്‍ വേഷങ്ങള്‍ക്കിടയിലും റേ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഇവര്‍ തയ്യാറായിരുന്നു. നായക് (1966) അരണ്യേര്‍ ദിന്‍ രാത്രി (1970) സീമാബദ്ധ (1971) എന്നിവയാണ് ഇവരഭിനയിച്ച മറ്റു റേ ചിത്രങ്ങള്‍. ഇതിനുപുറമേ ഋഷികേശ് മുഖര്‍ജി, ബസു ഭട്ടാചാര്യ, തപന്‍ സിന്‍ഹ എന്നിവരുടെ ഗൗരവമേറിയ ചലച്ചിത്ര സംരംഭ ങ്ങളിലും ഇവര്‍ അഭിനേത്രിയായിട്ടുണ്ട്. പ്രശസ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം മന്‍സൂര്‍ അലിഖാന്‍ പട്ടൗഡിയെയാണ് ഇവര്‍ വിവാഹം കഴിച്ചത്. മകന്‍ സെയ്ഫ് അലിഖാന്‍ ഹിന്ദി ചലച്ചിത്ര താരമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍